Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 14, 2020

4അഗസ്ത്യമഹർഷി

*അഗസ്ത്യമഹർഷി*

മഹാശിവനിൽനിന്നും നേരിട്ടു ദീക്ഷനേടിയ അഗസ്ത്യമഹർഷി ആദ്യത്തെ സിദ്ധനെന്ന പേരിലാണ്  അറിയപ്പെടുന്നത് .  സപ്തർഷികളിൽ ഒരാളായ അദ്ദേഹം നാലു യുഗങ്ങളും 48  ദിവസവും സ്വശരീരത്തിൽ  ജീവിച്ചിരുന്നു.  തിരുവനന്തപുരം  ശ്രീപദ്മനാഭക്ഷേത്രത്തിൽ ആണ് അദ്ദേഹത്തിന്റെ    സമാധി എന്നാണ്  വിശ്വസിയ്ക്കപ്പെടുന്നത്.

കുംഭകോണത്ത് ആദികുംഭേശ്വരക്ഷേത്ര മുൾപ്പെടെ തമിഴ്നാട്ടിൽ നിരവധി ക്ഷേത്രങ്ങളിൽ അഗസ്ത്യരുടെ പ്രതിഷ്ഠയുണ്ടത്രെ . ചതുരഗിരിയിലും , പൊതിഗൈമലയിലും അഗസ്ത്യകൂടത്തിലും അനേകകാലം അദ്ദേഹം സമാധിയിലിരുന്നുവെന്നു പറയപ്പെടുന്നു.

ദ്രോണരുടെ ഗുരുവായ അഗ്നിവേശൻപോലും അഗസ്ത്യരുടെ  ശിഷ്യനായിരുന്നുവെന്ന് മഹാഭാരതം ആദിപർവ്വത്തിൽ പറയുന്നു .  വിദർഭരാജാവിന്റെ പുത്രിയായ ലോപാമുദ്രയായിരുന്നു അദ്ദേഹത്തിന്റെ പത്നി . ദ്യഡസ അഥവാ ഇല്ലവാഹൻ എന്ന മഹർഷിയായിരുന്നു ഇവരുടെ മകൻ .

ശ്രീരമചന്ദ്രനു ആദിത്യഹൃദയമന്ത്രം ഉപദേശിച്ചത് അഗസ്ത്യമഹർഷിയായിരുന്നുവത്രെ .

തമിഴ് വ്യാകരണം , വൈദ്യം ജോതിഷം , ധർമ്മം , രസ വാത പ്രയോഗം, യോഗ, മായാ വാദം, ഇന്ദ്രജാലം എന്നീ വിഷയങ്ങളിൽ അനവധി  ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.  സാധാരക്കാരായവർക്കുകൂടി  ശാസ്ത്രരഹസ്യങ്ങൾ മനസ്സിലാകാൻ  പാകത്തിൽ   കഠിനമായ പദപ്രയോഗങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിലാണ്   അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചത്. 

ശ്രീമുരുകനാണു അഗസ്ത്യമഹർഷിയെ തമിഴ്ഭാഷപഠിപ്പിച്ചതെന്നും  തമിഴ് വ്യാകരണ ഗ്രന്ഥമായ അകത്തീയം ഇദ്ദേഹത്തിന്റേതാണെന്നും , മറ്റൊരു വ്യാകരണ ഗ്രന്ഥമായ " തൊല്കാപ്പിയം " എഴുതിയത് അഗസ്ത്യ ശിഷ്യനായ തൊല്കാപിയർ ആണെന്നും പറയപ്പെടുന്നു . തമിഴ് സംഘം രൂപീകരിച്ചത് അഗസ്ത്യമഹർഷിയാണത്രെ .

വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സർഗ്ഗത്തിൽ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വർണ്ണിക്കുന്നുണ്ട് . രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യൻ അനുഗമിച്ചിരുന്നു . അതുപോലെ , മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട് . അഗസ്തീശൻ , അകത്തീശ്വരൻ , അകത്തീശൻ , ആദിമുനി , കുംഭമുനി , ഗുരുമുനി , കുറുമുനി , തമിഴ്കോമൻ , പോർമുനി , മത്തംഗ തമിഴ്നിവർ , പൈന്തമിഴ് മുനിവർ , കുറിയോർകൾ , ചെന്തമിഴ് തന്തവർ , വൻ തമിഴുമുനിവർ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു .
തമിഴ് സാഹിത്യത്തിൽ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തിൽ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യൻ ഉണ്ടായിരുന്നുവെന്ന് ഐതീഹ്യമുണ്ട് .

ഹ്രസ്വകായൻ ആയിരുന്നതിനാൽ തമിഴ് കൃതികളിൽ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു .

കമ്പരാമായണത്തിൽ കമ്പർ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട് . വില്ലിപുത്തൂരൻ എന്ന തമിഴ് മഹാകവി അഗസ്ത്യൻ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് പ്രസ്താവിക്കുന്നു . വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത , പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത , സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത , ശിവസംഹിത , ഭാസ്കരസംഹിതയിലെ വൃതനിർണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായയി കണക്കാക്കുന്നു.

ചട്ടമുനി , ഭോഗർ , ഉരോമഹർഷി , തൊൽകാപ്യർ , കൊങ്കണൻ , കോരകർ , അഗ്നിവേശൻ , പുലിപാണി സിദ്ധർ , അഴുകണ്ണർ , തിരുമൂലർസിദ്ധർ , ഇടയ്ക്കാട്ടർ , പുണ്ണാക്കീശൻ , പാമ്പാട്ടിസിദ്ധൻ , പാശമുനി , സാരമുനി , കടുവള്ളി സിദ്ധർ , ബ്രഹ്മമുനി , സുതീഷ്ണൻ എന്നിവരൊക്കെയാണ് അഗസ്ത്യശിഷ്യന്മാർ എന്ന് കരുതിപോരുന്നത്.

No comments:

Post a Comment