Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 5, 2020

ശിവന്റെ ഭൂതഗണങ്ങള്

അറിയാം  ശിവന്റെ ഭൂതഗണങ്ങളെ 

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.

വീരഭദ്രൻ

      ഹിന്ദു വിശ്വാസപ്രകാരം, ‘വീരഭദ്രൻ’ ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

 വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
 
  വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്. കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്.

     പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു. സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : “ദക്ഷയാഗം മുടക്കുക!” തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി . ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : “എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്”. ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി

 സ്കന്ധപുരാണം,
 
*കാലഭൈരവൻ*

      ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്. രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്.

*ഭദ്രകാളി*
 
    ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി . ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ . പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

        ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.
ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി – അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം

കടപ്പാട്  - ശ്രീ വശ്യമോഹിനി ഭൈരവസേവാ മഠം