*നന്ദികേശ കഥകള്‍*
=========================
*ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. നന്ദി, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണ് നന്ദിയെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരനും ആരാധ്യനാണ്*.
*നന്ദി ശിശുവായിരിക്കുമ്ബോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്‍കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. നാല് കൈകളുള്ള ശിരസ്സില്‍ ജടാമകുടങ്ങളുള്ള ശിശു. ശിലാദന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലഭിച്ചു. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹം അഭ്യര്‍ത്ഥിച്ചു.'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ*',
*എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി. 'ദീര്‍ഘായുസ്സ് നല്‍കണം' എന്ന് അഭ്യര്‍ത്ഥിച്ചു. 'ദീര്‍ഘായുസ്സ് മാത്രമല്ല, കൈലാസത്തില്‍ വന്ന്് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു*.
*നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചി മഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി, ഗുരു തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ടു. ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി. ശിവനെ അഭയം പ്രാപിച്ചു*.
*കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്തന്‍ അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു*. *നന്ദിയുടെ അനേകം അദ്ഭുത ചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്*.
*ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു*.
*അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധ വാരിധിയാക്കി മാറ്റി. രുദ്രന്‍ തൃക്കണ്ണ് തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്ര വര്‍ണങ്ങളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവര്‍ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നുകണ്ടു. ശിവനെ ഇത് കൂടുതല്‍ ക്രുദ്ധനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി*.
*തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു*. *ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്ബോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു*.
*മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്‌നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്*.
*നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയ മുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു*.
*ശിവന്റെ വാഹനമായ നന്ദിയെ എല്ലാ ശിവക്ഷേത്രങ്ങളിലും കാണാം. തൊഴുതു നില്‍ക്കുന്ന വിധത്തിലും നന്ദിയുടെ വിഗ്രഹമുണ്ട്*.
*ശിവന്റെ അനുഗ്രഹത്താല്‍ ഒരു മഹര്‍ഷിയുടെ പുത്രനായി നന്ദികേശ്വരന്‍ ജനിച്ചു. പിന്നെ ഗണങ്ങളുടെ നാഥനായി. രാമായണത്തിലും ഭാഗവതത്തിലും നന്ദിയെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നുണ്ട്. ശൈവപുരാണത്തിലും ഈദേവനെ പറ്റി പറയപ്പെടുന്നുണ്ട്. തിരുമൂല മുനിവരുടെ തിരുമന്ത്രത്തില്‍ ശിവനും നന്ദിയും ഒന്നാണന്നത്രേ കുറിയ്ക്കപ്പെടുന്നത്. കാളയുടെ മുഖത്തോടു കൂടിയ രൂപവുമുണ്ട്. മരുത്തുക്കളുടെ പുത്രിയായ സുയസയാണ് ഈദേവന്റെ പത്‌നി*.
*വില്ലിവാക്കത്തെ കിരാതമാര്‍ജ്ജാരേശ്വര ക്ഷേത്രം*
======================
*തമിഴ്‌നാട്ടിലെ ചിങ്കല്‍പേട്ട് ജില്ലയിലെ വില്ലിവാക്കം എന്ന ഗ്രാമത്തിലാണ് കിരാതമാര്‍ജ്ജാരേശ്വര ക്ഷേത്രം*. *ശിവനാണ് മുഖ്യ പ്രതിഷ്ഠ. ദേവി മുക്താംബിക. പണ്ട് ഈ സ്ഥലം കിരാതമാര്‍ജ്ജാരപുരം എന്നും ഗംഗൈകൊണ്ട ചോഴപുരം എന്നും അറിയപ്പെട്ടിരുന്നു*.
*ഒരിക്കല്‍ ഗംഗാദേവി ശ്രീപരമശിവനെ തന്റെ സങ്കടം ഉണര്‍ത്തിച്ചു*.
*നിത്യവും എണ്ണമറ്റ ജനങ്ങള്‍ വന്ന് തന്റെ പരിപാവനജലത്തില്‍ മുങ്ങിനിവര്‍ന്ന് അവരുടെ പാപഭാരങ്ങള്‍ മുഴുവന്‍ തന്നില്‍ ലയിപ്പിക്കുക മൂലം തന്നില്‍ അന്യരുടെ പാപഭാരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പാപങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒരു പോംവഴി പറഞ്ഞുതരണമെന്നുമായിരുന്നു ആവശ്യം. ഗംഗൈകൊണ്ട ചോഴപുരത്തെ കിരാതമാര്‍ജ്ജാരേശ്വരര്‍ എന്ന ശിവനെ ഭജിച്ചാല്‍ എല്ലാ പാപവും നശിക്കുമെന്നായിരുന്നു ഭഗവാന്റെ മറുപടി. ഭഗവാന്റെ പുതുമയുള്ള പേരുകേട്ട് അദ്ഭുതംകൂറിയ ദേവി പേരിന്റെ പ്രത്യേകതകള്‍ വിശദീകരിക്കാന്‍ ഭഗവാനോട് ആവശ്യപ്പെട്ടു*.
*കൈലാസത്തില്‍ നന്ദികേശ്വരന് കാന്ത എന്നും മഹാകാന്ത എന്നും പേരുള്ള രണ്ട് ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. ഒരുനാള്‍ ശിവപൂജയ്ക്ക് പുഷ്പങ്ങള്‍ ശേഖരിക്കാന്‍ നന്ദികേശ്വരന്‍ ഇവരെ നിയോഗിച്ചു. പൂക്കള്‍ ശേഖരിക്കാന്‍ കാട്ടിനകത്തെത്തിയ അവര്‍ അവിടെ ഒരു കുളവും കുളക്കരയില്‍ വെള്ളപ്പൂക്കള്‍ തിങ്ങിനില്‍ക്കുന്ന കൊന്നമരവും കണ്ടു*. *ആ കാഴ്ച കണ്ട് ആഹ്ലാദചിത്തരായ അവരില്‍ ഒരാള്‍ പൂ പറിക്കാന്‍ മരത്തില്‍ കയറി, മറ്റേയാള്‍ മുകളില്‍നിന്ന് പറിച്ചിടുന്ന പൂക്കള്‍ ശേഖരിക്കാന്‍ മരത്തിനുചുവട്ടില്‍ നില്‍പ് ഉറപ്പിക്കുകയും ചെയ്തു. ചുവട്ടിലേക്കിട്ട പൂക്കളില്‍ ചിലത് കുളത്തിലെ വെള്ളത്തില്‍ വീണു, വീണ ഉടന്‍ അവയെല്ലാം മത്സ്യങ്ങളായി രൂപാന്തരം പ്രാപിച്ചു. കൈയില്‍നിന്ന് വഴുതി മണ്ണില്‍ വീണ പൂക്കളൊക്കെയും തത്തകളായി പരിണമിച്ചു*.
*ഈ നിഗൂഢ സംഭവങ്ങളും അദ്ഭുത പ്രതിഭാസങ്ങളും കണ്ട് പൂ പറിക്കാനെത്തിയ ഇരുവരുടെയും ശ്രദ്ധ മാറിപ്പോയി*.
*ഒരുവേള തങ്ങള്‍ അവിടെ എത്തിയത് എന്ത് ഉദ്ദേശ്യത്തോടെയാണെന്നുതന്നെ അവര്‍ മറന്നുപോയി. അങ്ങനെ ശിവപൂജയ്ക്കായുള്ള പൂക്കള്‍ എത്തിക്കുന്നതിലും താമസം നേരിട്ടു. അക്ഷമനായ നന്ദികേശ്വരന്‍ ശിഷ്യന്മാരെ തേടി അവര്‍ പോയ വഴിയേ ഇറങ്ങിത്തിരിച്ചു*.
*സ്വന്തം ചുമതലകള്‍ മറന്ന് പ്രകൃതിയുടെ വിസ്മയങ്ങളില്‍ പകച്ചിരിക്കുന്ന ശിഷ്യരെ കണ്ട നന്ദികേശ്വരന്‍ കോപാവേശത്താല്‍ അവരെ ശപിച്ചു-ഒരാള്‍ വേട്ടക്കാരനാകട്ടെ എന്നും മറ്റേയാള്‍ പൂച്ചയാകട്ടെ എന്നും. ദുഃഖിതരായ ശിഷ്യര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ചു*, *മാപ്പപേക്ഷിച്ചു, ശാപമോചനം നല്‍കണമെന്നും നന്ദികേശ്വരനോട് അഭ്യര്‍ത്ഥിച്ചു. ശിഷ്യരുടെ പ്രാര്‍ത്ഥനയില്‍ അലിവു തോന്നിയ നന്ദികേശ്വരന്‍ വില്ലിവാക്കം എന്ന സ്ഥലത്തുള്ള ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചാല്‍ ഇരുവര്‍ക്കും ശാപത്തില്‍നിന്ന് മോചനം നേടാന്‍ കഴിയും എന്നറിയിച്ചു*.
*ശാപഗ്രസ്തരായ അവരിലൊരാള്‍ കിരാതരൂപം പൂണ്ട് അമ്ബും വില്ലുമെടുത്ത് വില്ലിവാക്കം എന്ന ദേശം അന്വേഷിച്ചിറങ്ങി. മാര്‍ജ്ജാര രൂപംപൂണ്ട മറ്റേയാളും അതേ ലക്ഷ്യംതേടി ഇറങ്ങി. കാടുകളും ഗ്രാമങ്ങളും പുണ്യസ്ഥലങ്ങളും താണ്ടി മാര്‍ജ്ജാരന്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ വില്ലിവാക്കം ഗ്രാമത്തിലെത്തി, അവിടുത്തെ ശിവക്ഷേത്രത്തില്‍ കയറി. പരസ്പരം അറിയില്ലെങ്കിലും അതേ സമയത്തുതന്നെ കിരാതനും ക്ഷേത്രത്തിനകത്തെത്തി*.
*കിരാതനെ അരികില്‍ കണ്ട് പേടിച്ചുവിറച്ച പൂച്ച ഒറ്റക്കുതിപ്പിന് ചാടി ശിവലിംഗത്തിനെ ആലിംഗനം ചെയ്ത് നില്‍പായി. തനിക്ക് ശിവലിംഗം കാണുവാനും ശ്രദ്ധാപൂര്‍വം ഭജിക്കുവാനും തടസ്സമായ മാര്‍ജ്ജാരനെ അവിടെനിന്ന് അകറ്റുവാന്‍ വേണ്ടി കിരാതന്‍ അമ്ബെയ്തു. ശിവലിംഗത്തിന്റെ വലതുവശത്താണ് അമ്ബ് കൊണ്ടത്, ആ മാത്രയില്‍ തന്നെ അവിടെ ചോര കിനിയുകയും ചെയ്തു. ചോര കണ്ട ഭീതിയകറ്റാന്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങിയ മാര്‍ജ്ജാരന്‍ വെള്ളം കുടിക്കാന്‍ ക്ഷേത്രക്കുളത്തിലെത്തി. തീര്‍ത്ഥജലം സ്പര്‍ശിച്ച ഉടന്‍ മാര്‍ജ്ജാര രൂപം വെടിഞ്ഞ് പഴയ നന്ദിശിഷ്യന്റെ രൂപംകൈവന്നു*.
*മാര്‍ജ്ജാരനെ ലക്ഷ്യം വച്ച അമ്പ് ശിവലിംഗത്തില്‍ തട്ടിയതില്‍ പരിതപിച്ച് പാപമോചനത്തിനായി, തപസ്സാരംഭിക്കുവാന്‍ വേട്ടക്കാരനും തീര്‍ത്ഥക്കുളത്തില്‍ മുങ്ങി*. *മുങ്ങിയ ഉടന്‍ രൂപമാറ്റം സംഭവിച്ചതില്‍ പരിഭ്രാന്തനായി നിവര്‍ന്ന് ചുറ്റും നോക്കി*.
*മറുകരയില്‍ തന്റെ ചിരകാല സുഹൃത്ത് അദ്ഭുതം കൂറി നില്‍ക്കുന്നതാണ് അയാള്‍ കണ്ടത്*. *പുനഃസമാഗമത്തില്‍ ആഹ്ലാദംപൂണ്ട അവര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നു. അവരെ ഇരുവരെയും കണ്ട് സംപ്രീതനായ ഭഗവാന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി അനുഗ്രഹിച്ചു*. *കൈലാസത്തില്‍ ചെന്ന് നന്ദികേശ്വരനോടൊപ്പം കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മടങ്ങിപ്പോകും മുന്‍പ് തങ്ങളുടെ മൂന്ന് ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന വാഗ്ദാനം വേണമെന്നായി നന്ദിശിഷ്യന്മാര്‍. ഒന്ന് ക്ഷേത്രതീര്‍ത്ഥമായ പുണ്ഡരിക പുഷ്‌കരണിയില്‍ മുങ്ങിക്കുളിക്കുന്നവരുടെ മുഴുവന്‍ പാപവും നിര്‍മാര്‍ജനം ചെയ്യണം*.
*രണ്ട്-തങ്ങളുടെ പാപമോചനത്തിലേക്ക് നീണ്ട സംഭവങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവിടെ ഭഗവാന്‍ കിരാതമാര്‍ജാരേശ്വരന്‍ എന്നറിയപ്പെടണം*. *ശ്രീപരമശിവന്‍ പ്രാര്‍ത്ഥനകള്‍ നിറവേറ്റുമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് കാന്തയും മഹാകാന്തയും കൈലാസത്തിലേക്ക് മടങ്ങിപ്പോയി*.
*ഇതുകേട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയ ഗംഗാദേവി മനുഷ്യര്‍ തന്നില്‍ വിലയിപ്പിച്ച പാപഭാരങ്ങള്‍ ഇല്ലാതാക്കുന്നതിനായി വില്ലിവാക്കത്തെത്തി പുണ്ഡരിക പുഷ്‌കരണിയില്‍ പുണ്യസ്‌നാനം നടത്തി*. *കിരാതമാര്‍ജാരേശ്വരനെ തൊഴുതു മടങ്ങി. ഏതു കൊടും വേനലിലും ഈ തീര്‍ത്ഥക്കുളത്തിലെ വെള്ളം വറ്റുകയില്ലത്രെ*.
*നന്തി പ്രതിഷ്‌ഠയില്ലാത്ത ലോകത്തിലെ ഒരേയൊരു ശിവക്ഷേത്രത്തെ കുറിച്ചറിയാം, കാരണവും*
======================
*ശിവപ്രതിഷ്‌ഠയ്‌ക്ക് മുമ്പിലുള്ള നന്തി വിഗ്രഹത്തിൽ തൊഴുതശേഷമാണ് ഭക്തർ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കുക പതിവ്*. *തങ്ങളുടെ പ്രശ്‌നങ്ങൾ നന്തിയുടെ കാതിൽ പറയുന്നവരും കുറവല്ല. നന്തിയോട് പറഞ്ഞാൽ പെട്ടെന്ന് തന്നെ ഭഗവാൻ ശിവന്റെ അടുത്തേക്ക് കാര്യങ്ങളെത്തുമെന്നാണ് ഭക്തരുടെ വിശ്വാസം*.
*ശിവനിൽ ഇത്രയ്ക്കും സ്വാധീനമുള്ള നന്തി ആരാണെന്നറിയുമോ*?
*ശിവന്റെ വാഹനമായ കാളയാണ് നന്തി. ശിവഗണങ്ങളിൽ പ്രധാനിയായ നന്തി നന്തികേശ്വരൻ,നന്തികേശൻ,നന്തി പാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മാർകണ്ഡേയമുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്ത ജ്ഞാനിയായും, രാവണനെ മനുഷ്യൻ കൊല്ലുമെന്ന് ശപിച്ച തപസ്വിയായുമൊക്കെയായി നന്തിയെ ചിത്രീകരിയ്ക്കാറുണ്ട്*.
*കൈലാസനാഥന് അത്രയ്ക്ക് പ്രിയങ്കരനായ നന്തിയുടെ വിഗ്രഹമില്ലാത്ത ശിവക്ഷേത്രങ്ങൾ വളരെ കുറവാണ്. അവിടെയാണ് മഹാരാഷ്ട്രയിലെ നാസികിലുള്ള പഞ്ചവടിയിലെ കപാലേശ്വർ മഹദേവ ക്ഷേത്രം വ്യത്യസ്തമാകുന്നത്. ഈ ക്ഷേത്രത്തിൽ നന്തിയുടെ വിഗ്രഹമില്ലാതായതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്*.
ഐതീഹ്യം
*ഒരിക്കൽ ഇന്ദ്രസഭയിൽ വച്ച് ശിവനും ബ്രാഹ്മാവും തമ്മിൽ തർക്കമുണ്ടായി. അന്ന് ബ്രഹ്മാവിന് അഞ്ച് തലയുണ്ടായിരുന്നു. തർക്കം മൂത്തപ്പോൾ ഒരു തല ശിവൻ വെട്ടിക്കളഞ്ഞു. ബ്രഹ്മഹത്യാപാപത്തിൽ നിന്ന് മുക്തനാകാൻ വഴി തേടി ലോകം മുഴുവൻ ശിവൻ സഞ്ചരിച്ചു*.
*അതിനിടയിലാണ് ഒരു പശുക്കുട്ടിയെ കാണുന്നത്*.
*അത് തള്ളപശുവിനോട് ബ്രഹ്മഹത്യാ താപത്തിൽ നിന്ന് മുക്തി നേടാനുള്ള വഴി തനിക്കറിയാമെന്ന് പറഞ്ഞു*. *ബ്രാഹ്മണനെ കൊന്ന പാപഭാരം കൊണ്ട് അതിന്റെ ശരീരം നീല നിറമായി*. *ശേഷം സമീപത്തുള്ള ഗോദാവരീ നദിയിലെ രാമകുണ്ഠത്തിൽ മുങ്ങിക്കുളിച്ചപ്പോൾ പാപമോക്ഷം ലഭിച്ച് പഴയ നിറം തിരിച്ച് കിട്ടി. ഇത് കണ്ട് ശിവനും ഇത് അനുകരിച്ചു. പപഭാരം കഴുകിക്കളഞ്ഞ ശിവൻ കാളക്കിടാവിനോട് നീ എനിയ്ക്ക് ഗുരു തുല്യനാണെന്നും മുന്നിൽ ഇരിക്കരുതെന്നും പറഞ്ഞു. അതിനാലാണ് ഈ ക്ഷേത്രത്തിൽ നന്ദി പ്രതിഷ്ഠ ഇല്ലാത്തതെന്നാണ് ഐതീഹ്യം*.
സന്ദർശിക്കാൻ അനുയോജ്യമായ സമയം
*ശിവരാത്രി സമയത്താണ് ഈ ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. തിങ്കളാഴ്ചകളിലും ഇവിടെ ഭക്തജനത്തിരക്ക് ഉണ്ടാകാറുണ്ട്*.
എങ്ങനെ എത്തിപ്പെടാം...
*രാമകുണ്ഠിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമേ ഈ ക്ഷേത്രത്തിലേക്കുള്ളു. സിറ്റിയിൽ നിന്ന് ബസിലോ ടാക്സിയിലോ ഇവിടേക്കെത്താം*.
*കാരിക്കോട്ടമ്മ -22-12-19*