ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്ടിക്കാനെത്തിയ സ്റ്റീഫൻ പോലീസിനോട് വെളിപ്പെടുത്തിയ കഥയിൽ പറയുന്നുണ്ട് പാതിരാത്രി രണ്ടര മണി സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം വയ്ക്കുന്ന ഒരാളെക്കുറിച്ച്.ക്ഷേത്രം മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ നാലമ്പലത്തിൽ പ്രദിക്ഷണം വച്ച് മോഷ്ടിക്കാനെത്തിയ ആ പെരുങ്കള്ളന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത് തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം തന്നെയാണ്. ഏറ്റുമാനുരപ്പന്റെ ചൈതന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.മനസ്സറിഞ്ഞ് വിളിക്കുന്ന ഭക്തനൊപ്പം എന്നും ഉണ്ടാവും ആ ചൈതന്യം. ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഒരു ഭക്തന് കൈയ്യിലുള്ള ഒരു നാണയമെങ്കിലും ഭഗവാന് കാണിക്ക അർപ്പിക്കാതെ കടന്നു പോകാനാവില്ല. അങ്ങനെ പോയാൽ ഞാൻ ഭഗവാന് ഒന്നും കൊടുത്തില്ലല്ലോയെന്നൊരു സങ്കടം മനസ്സിനെ അലട്ടുന്നുണ്ടാവും.മനസ്സിൽ വലിയ സങ്കടം തോന്നുമ്പോൾ ഭഗവാന്റെ നടയിൽ പോയി നിന്ന് ഒന്ന് പ്രാർത്ഥിച്ചു നോക്ക്. തനിച്ചല്ല ആരോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നലുണ്ടാകും. ഉള്ളറഞ്ഞു വിളിച്ചാൽ അരുകിലുണ്ട് ഭഗവാൻ. ആ ചൈതന്യം മനസ്സിൽ നിറയ്ക്കുന്ന ശക്തി വാക്കുകൾക്കതീതമാണ്. എന്റെ ഏറ്റുമാനൂരപ്പാ എന്റെ കൂടെ ഉണ്ടാവണേ.ലോകത്ത് ഏതു കോണിലായാലും മനസ്സറിഞ്ഞ് വിളിച്ചാൽ ഭഗവാൻ നമ്മുടെ അരുകിലുണ്ടാവും. ഒരിക്കലും കൈവെടിയില്ല. എറ്റുമാനൂരപ്പൻ ഉഗ്രമൂർത്തിയാണ്. അവിടുന്ന് ശരഭമുർത്തിയാണ്. ആഘോരമൂർത്തിയാണ്. പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ഭഗവാന്റെ ഉഗ്രത കുറച്ചത് വില്വമംഗലം സ്വാമിയാരാണത്രേ. വില്വം മംഗലം സ്വാമി പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് കിഴക്കോട്ട് ഭഗവാനെ നോക്കി ഇരിക്കുന്നത്. ഭഗവാനെ ശാന്തനാക്കാനാണ് സ്വാമിയാര് ക്ഷേത്രത്തിനു സമീപം ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയത്.ഏതൊരു ഒഴിയാബാധയെയും ഒഴിപ്പിക്കാൻ ശക്തിയുണ്ട് ഏറ്റുമാനൂരപ്പന്. ഏറ്റുമാനൂര് വന്ന് ഭജന ഇരുന്ന് ഭഗവാനെ യഥാവിധി പ്രാർത്ഥിച്ചാൽ പ്രേതഭൂത പിശാചക്കളൊക്കെ പമ്പ കടക്കും. ഏതൊരു ദുഷ്ടശക്തിയെയും നിഗ്രഹിക്കാൻ ശക്തിയുള്ള ഭഗവാന്റെ നടയിൽ വന്ന് വിളിച്ചാൽ ആ വിളി കേൾക്കാതെയിരിക്കാൻ ഭഗവാനാവില്ല. ഒരു കാലത്ത് എറ്റുമാനൂർ ക്ഷേത്രത്തിൽ ദൂരെദേശങ്ങളിൽ നിന്നു പോലും ധാരാളം ആളുകൾ ഭജനക്കായി എത്തിയിരുന്നു. ആ ശക്തിയും ചൈതന്യവും കേട്ടറിഞ്ഞ് എത്രയോ അകലെ നിന്നു പോലും ഭക്തർ ഏറ്റുമാനൂരിൽ എത്തിയിരുന്നു. (സമ്പാ: അനൂപ് കോതനല്ലൂർ)