Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 16, 2019

ആനന്ദവല്ലീശ്വരം ക്ഷേത്രം

*ആനന്ദവല്ലീശ്വരം ക്ഷേത്രം...*

വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം.  ആനന്ദവല്ലീ സമേതനായ ശ്രീപരമശിവനാണ്  ഇവിടെ കുടികൊള്ളുന്നത് .ഇവിടെ പാർവ്വതിദേവി ആനന്ദവല്ലിയായി ദർശനം നൽകുന്നു. പത്നിസമേതനായ പരമശിവനെ പടിഞ്ഞാറേക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തില്‍ , രണ്ടു തട്ടായി നിർമ്മിച്ചിരിക്കുന്ന വട്ടശ്രീകോവിലില്‍ പടിഞ്ഞാറു ദർശനം നൽകി പരമശിവനേയും കിഴക്കു ദർശനം നൽകി ആനന്ദവല്ലിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പടിഞ്ഞാറും കിഴക്കുമായി ചതുരാകൃതിയിൽ പണിതിർത്ത രണ്ടു നമസ്കാര മണ്ഡപങ്ങൾ ഇവിടെയുണ്ട്. നാലമ്പലവും ആനക്കൊട്ടിലും എല്ലാം കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗമായ പടിഞ്ഞാറുവശത്ത് നേരെ മുൻപിലായി കുളം നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രേശന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാവാം മുൻപിലായി ക്ഷേത്രക്കുളം നിർമ്മിച്ചിരിക്കുന്നത്.

അതുപോലെതന്നെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ക്ഷേത്രഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. വിശാലമായ ക്ഷേത്രവളപ്പ് ചുറ്റുമതിലിനാൽ സംരക്ഷിച്ചിരിക്കുന്നു. നാൽമ്പലവും നമസ്കാരമണ്ഡപങ്ങളും, ബലിക്കൽപ്പുരയും, തിടപ്പള്ളിയും ധ്വജപ്രതിഷ്ഠയും ക്ഷേത്രഗോപുരങ്ങളും എല്ലാം ഒരു മഹാക്ഷേത്രത്തിനനുശ്രിതമായി മനോഹരമായി പണിതീർത്തിരിക്കുന്നു.
കൊല്ലം ഭരിച്ചിരുന്ന തമിഴ് രാജാവ് തന്‍റെ മകള്‍ക്ക് കുളിച്ചു തൊഴാന്‍ വേണ്ടിയാണ് ശിവക്ഷേത്രം വിപുലമായി പണി തീര്‍ത്തത് എന്ന് പറയപ്പെടുന്നു . പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. ആകാലത്ത് വേണാട് രാജാവിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഇത് . പിന്നീട് തിരുവിതാംകൂറിന്‍റെ ഭരണത്തിലായി . ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് വേലുത്തമ്പിദളവ ഈ ക്ഷേത്രം പുതുക്കി പണിഞ്ഞു .
വിശേഷങ്ങള്‍:-:-
പൈങ്കുനി ഉത്സവം,ശിവരാത്രി,നവരാത്രി,മണ്ഡലപൂജ
വർഷം തോറും മീനമാസത്തിൽ പത്തുദിവസം കൊടിയേറി ഉത്സവം കൊണ്ടാടുന്നു. മീനത്തിലെ ചോതി നക്ഷത്രം ആറാട്ട് വരത്തക്ക വിധമാണ് കൊടിയേറ്റ് നടത്തുന്നത്.താന്ത്രികവിധി ചെങ്ങന്നൂര്‍ താഴമണ്‍ ഇല്ലക്കാര്‍ക്കാണ്

*ഉപക്ഷേത്രങ്ങൾ:-*
ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ,നാഗദൈവങ്ങൾ
ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, ശ്രീകൃഷ്ണൻ

ഓം നമഃ ശിവായ

തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം

*തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം...*

"ചാറ്റുകുളം" എന്ന തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് .
ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്കടുത്ത് പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. ശ്രീപരമശിവൻ "വടുതലേശൻ" എന്ന പേരിൽ കിഴക്കു ദർശനമായി വാഴുന്നു .
പാണ്ഡവര്‍ ദേശാടനത്തിനിടയില്‍ വളരെ നാള്‍ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ പാണ്ഡവര്‍വെളിയായി അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം.
കേരളതനിമയിൽ പണിതീർത്തിട്ടുള്ള നാലമ്പലവും ബലിക്കൽപ്പുരയും ദാരുശില്പങ്ങളാൽ സമ്പന്നമാണ്.

ചതുരാകൃതിയിൽ രണ്ടു തട്ടിലായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ ചെമ്പുപാളികളാൽ മേഞ്ഞിട്ടുണ്ട്. വലിപ്പമേറിയ ആനക്കൊട്ടിലും അതിനു ചേർന്ന് കിഴക്കേനടയിൽ ഗോപുരവും പണിതീർത്തിട്ടുണ്ട്. വടക്കുഭാഗത്തായി ഈശാനകോണിൽ ക്ഷേത്രക്കുളം നിർമ്മിച്ചിട്ടുണ്ട്...
1978-ൽ ദേവപ്രശ്ന വിധി പ്രകാരം ഭഗവതിയെ നാലമ്പലത്തിൽ കുടിയിരുത്തിയിട്ടുണ്ട് . അതുപോലെതന്നെ വടക്കുപടിഞ്ഞാറേ മൂലയിലായി നാഗയക്ഷിയുടെ പ്രതിഷ്ഠയുമുണ്ട്. ഭഗവതി, ഗണപതി, നാഗയക്ഷി എന്നിവര്‍ക്ക് കിഴക്കു ദർശനത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
അഞ്ചുപൂജകളും മൂന്നുശീവേലികളും നിത്യേന പതിവു കല്പിച്ചിട്ടുള്ള മഹാശിവക്ഷേത്രമാണിത്.

തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു കോടി കയറുന്നതിന് മൂന്നുമാസങ്ങൾക്കുമുമ്പ്  'ദേശമുറുക്ക്' എന്ന ആചാരം നിലനിന്നിരുന്നു. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അരൂക്കുറ്റിയിലെത്തി തെള്ളിക്കാട്ട്, അങ്ങാടി, ചൌക്ക, കുളപ്പുര, മാത്താനം, പതിയങ്കാട്ട് എന്നീ സ്ഥലങ്ങളിൽ പാലക്കമ്പുകുത്തി തൃച്ചാറ്റുകുളത്തപ്പന്‍റെ അധീനശക്തി ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്...
പ്രധാന വഴിപാടുകളിൽ പ്രമുഖമായത് വെടി വഴിപാടാണ്. വെടി വഴിപാടിൽ ഗോപുരത്തിങ്കൽ വെടി എന്ന വഴിപാട് ക്ഷേത്രേശന് പ്രിയങ്കരമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഈ വഴിപാടിനെതിരെ ധാരാളം പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
ശിവരാത്രി കലശാഭിഷേക സഹിതം ഗംഭീരമായി ആഘോഷിക്കാറുണ്ട്. മകരമാസത്തിൽ മകരഭരണിക്ക് (ജനു-ഫെബ്രുവരി) ഇവിടെ കൊടിയേറി പത്തുനാൾ ഉത്സവമായി ആഘോഷിക്കുന്നു .

ഓം നമഃ ശിവായ

*കൈനൂർ മഹാദേവക്ഷേത്രം

*കൈനൂർ മഹാദേവക്ഷേത്രം.*

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ ,പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108  ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

തൃശ്ശൂർ ജില്ലയിൽ കൈനൂർ ഗ്രാമത്തിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്...

കിഴക്ക് ദര്‍ശനമായി മഹാദേവന്‍ ഇവിടെ വാണരുളുന്നു...

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ കൂടാതെ നിത്യേന  മുറജപം നടന്നിരുന്നത് ഇവിടെ മാത്രമാണ്....

പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ്‌ മുറജപം.രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ്‌ മുറജപം നടത്തിയിരുന്നത്‌.

മുൻപ് നിത്യേന മുറജപം നടത്താറുണ്ടായിരുന്നു ഇവിടെ. ഇടയ്ക്കെപ്പൊഴോ അതു നിന്നുപോയി.മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ ഒത്തു ചേർന്നിരുന്നു. മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണർത്ഥം. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ്‌ മുറജപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്...

ഓം നമഃ ശിവായ