Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 16, 2019

തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം

*തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം...*

"ചാറ്റുകുളം" എന്ന തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് .
ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്കടുത്ത് പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. ശ്രീപരമശിവൻ "വടുതലേശൻ" എന്ന പേരിൽ കിഴക്കു ദർശനമായി വാഴുന്നു .
പാണ്ഡവര്‍ ദേശാടനത്തിനിടയില്‍ വളരെ നാള്‍ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ പാണ്ഡവര്‍വെളിയായി അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം.
കേരളതനിമയിൽ പണിതീർത്തിട്ടുള്ള നാലമ്പലവും ബലിക്കൽപ്പുരയും ദാരുശില്പങ്ങളാൽ സമ്പന്നമാണ്.

ചതുരാകൃതിയിൽ രണ്ടു തട്ടിലായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ ചെമ്പുപാളികളാൽ മേഞ്ഞിട്ടുണ്ട്. വലിപ്പമേറിയ ആനക്കൊട്ടിലും അതിനു ചേർന്ന് കിഴക്കേനടയിൽ ഗോപുരവും പണിതീർത്തിട്ടുണ്ട്. വടക്കുഭാഗത്തായി ഈശാനകോണിൽ ക്ഷേത്രക്കുളം നിർമ്മിച്ചിട്ടുണ്ട്...
1978-ൽ ദേവപ്രശ്ന വിധി പ്രകാരം ഭഗവതിയെ നാലമ്പലത്തിൽ കുടിയിരുത്തിയിട്ടുണ്ട് . അതുപോലെതന്നെ വടക്കുപടിഞ്ഞാറേ മൂലയിലായി നാഗയക്ഷിയുടെ പ്രതിഷ്ഠയുമുണ്ട്. ഭഗവതി, ഗണപതി, നാഗയക്ഷി എന്നിവര്‍ക്ക് കിഴക്കു ദർശനത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
അഞ്ചുപൂജകളും മൂന്നുശീവേലികളും നിത്യേന പതിവു കല്പിച്ചിട്ടുള്ള മഹാശിവക്ഷേത്രമാണിത്.

തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു കോടി കയറുന്നതിന് മൂന്നുമാസങ്ങൾക്കുമുമ്പ്  'ദേശമുറുക്ക്' എന്ന ആചാരം നിലനിന്നിരുന്നു. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അരൂക്കുറ്റിയിലെത്തി തെള്ളിക്കാട്ട്, അങ്ങാടി, ചൌക്ക, കുളപ്പുര, മാത്താനം, പതിയങ്കാട്ട് എന്നീ സ്ഥലങ്ങളിൽ പാലക്കമ്പുകുത്തി തൃച്ചാറ്റുകുളത്തപ്പന്‍റെ അധീനശക്തി ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്...
പ്രധാന വഴിപാടുകളിൽ പ്രമുഖമായത് വെടി വഴിപാടാണ്. വെടി വഴിപാടിൽ ഗോപുരത്തിങ്കൽ വെടി എന്ന വഴിപാട് ക്ഷേത്രേശന് പ്രിയങ്കരമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഈ വഴിപാടിനെതിരെ ധാരാളം പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
ശിവരാത്രി കലശാഭിഷേക സഹിതം ഗംഭീരമായി ആഘോഷിക്കാറുണ്ട്. മകരമാസത്തിൽ മകരഭരണിക്ക് (ജനു-ഫെബ്രുവരി) ഇവിടെ കൊടിയേറി പത്തുനാൾ ഉത്സവമായി ആഘോഷിക്കുന്നു .

ഓം നമഃ ശിവായ

No comments:

Post a Comment