Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 27, 2021

അഷ്ടമി ദർശനം

*അഷ്ടമി ദർശനം*

ഉത്സവത്തിന്റെ പത്താം ദിവസമായ വൃശ്ചികത്തിലെ അഷ്ടമി ആണ് വൈക്കത്തഷ്ടമി ആയി ആഘോഷിക്കുന്നത്. മുനിവര്യനായ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യ മുഹൂർത്തമാണ് അഷ്ടമി ദർശനം.

വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദർശനത്തിന് തലേദിവസം മുതൽ പതിനായിരങ്ങൾ ആണ് എത്തിച്ചേരുന്നത്. എന്നാൽ ഈ വർഷം കൊറോണ വ്യാപനം കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുള്ളൂ. അഷ്ടമി ഉത്സവ ദിനത്തിൽ കർശന നിയന്ത്രണം ആണ് ദേവസ്വം ഭാരവാഹികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അഷ്ടമി ദിനം 351 പറയുടെ പ്രാതൽ സദ്യ ആണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പക്ഷെ ഭഗവാന് അന്ന് നേദ്യമില്ല. അഷ്ടമി ദർശനം കഴിഞ്ഞാൽ ഭഗവാൻ കിഴക്കേ നടപന്തലിലേക്കിറങ്ങി നിൽക്കും. താരകാസുര നിഗ്രഹത്തിന് ശേഷം പ്രിയ പുത്രൻ കാർത്തികേയൻ (ഉദയനാപുരത്തപ്പൻ) ആപത്തൊന്നും കൂടാതെ തിരികെ വരുന്നതും നോക്കി താളമേളങ്ങൾ ഒന്നുമില്ലാതെ നിരാഹാരനായിട്ടാണ് ആ നിൽപ്പ്. അസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി സർവ്വ വിധ ആഡംബരത്തോടെ പിതാവിനെ കാണാനുള്ള ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി ദിവസത്തിലെ മറ്റൊരു ആകർഷണം.

12 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ഭക്തിനിർഭരമായ ഉത്സവാണ് വൈക്കഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് വൈക്കത്തഷ്ടമി ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ സമാപന ദിനമാണ് അഷ്ടമി.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. മറ്റൊരു ക്ഷേത്രത്തിലും കേട്ടുകേൾവി ഇല്ലാത്ത ഒരു ചടങ്ങാണ് വൈക്കത്ത് നടക്കുന്ന കൂടി പൂജ. മറ്റൊരു ക്ഷേത്രത്തിലെ ചൈതന്യം ഒരു ക്ഷേത്രത്തിന്റെയും പ്രധാന ശ്രീകോവിലിൽ സാധാരണ പ്രവേശിപ്പിക്കാറില്ല. എന്നാൽ അഷ്ടമി ദിനം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉദയനാപുരത്തപ്പന്റെ ശീവേലി തിടമ്പ് കയറ്റി കൂടി പൂജയും നേദ്യവും നടക്കുന്നു.

പിതാവിന്റെ മടിയിൽ പുത്രനെ ഇരുത്തിയാണ് പൂജകൾ. കൂടി പൂജ ദർശനം സകല സൗഭാഗ്യവും തരുന്നതാണെന്നാണ് പറയപ്പെടുന്നത്.

ഉത്സവത്തിന്റെ 12ാം ദിനം വൈക്കത്തപ്പന്റെ ആറാട്ട് നടക്കുന്നത് ഉദയനാപുരം ക്ഷേത്ര കുളത്തിലാണ്. അന്നും ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജ ഉണ്ട്. പിതാവിന്റെ പുറകിൽ ദാസനായിട്ടാണ് പുത്രന്റെ നിൽപ്പ്. കുടി പൂജക്ക് ശേഷം വിട പറയൽ ആണ്. അതീവ ഹൃദയഭേദകമാണ് ഈ ചടങ്ങ്.

ഒറ്റ നാദസ്വരത്തിൽ ദു:ഖഘണ്ഡാര രാഗം ആലപിക്കുമ്പോൾ കണ്ടുനിൽക്കുന്ന ഭക്തരും എഴുന്നള്ളിച്ച ആനകൾ വരെ കണ്ണീർ വാർക്കും. ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുൻപോട്ട് നടന്ന് തിരികെ പിതാവിനടുക്കലേക്ക് വരും. ഒടുവിൽ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയാവുന്ന ആലിന്റെ ഇലകൾ പോലും കണ്ണീർ വാർക്കുന്നുവെന്നാണ് വിശ്വാസം.
*****************

https://youtu.be/k30vfKGW-qs


ദുഃഖകണ്ഠാരം


ഉദയനാപുരത്തപ്പന്റെ യാത്രയയപ്പിന് നാഗസ്വരത്തിൽ 

വായിക്കുന്ന അപൂർവരാഗമാണ് ദുഃഖകണ്ഠാരം.നാഗസ്വര വിദ്വാനായിരുന്ന വൈക്കം കുഞ്ഞുപിള്ള 

പണിക്കരാണ് ഈ അപൂർവ്വരാഗം ചിട്ടപ്പെടുത്തിയത്.വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങിൽ 

ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വിടപറഞ്ഞുപോകുന്ന 

സന്ദർഭത്തിൽ വൈക്കത്തപ്പന്റെ ദുഃഖത്തിന്റെ തീവ്രതയെ

 പ്രതിഫലിപ്പിക്കുന്നതാണ് ഈ രാഗം.വൈക്കം ക്ഷേത്രത്തിൽ മാത്രമാണ് ഈ

 അപൂർവ്വരാഗം ഉപയോഗിക്കൂന്നത്

*******************


*കടപ്പാട്*