Followers(ഭഗവാന്‍റെ ഭക്തര്‍ )
Saturday, September 19, 2020
ആറും നീറുമെലിമ്പു തുമ്പ മലരും
ചെങ്ങന്നൂർ ശ്രീ പാർവ്വതി
*ചെങ്ങന്നൂർ ശ്രീ പാർവ്വതി*
നൂറ്റെട്ട് ശിവാലയ സ്തോത്രത്തിലും നൂറ്റെട്ട് ദുർഗ്ഗാലയ സ്തോത്രത്തിലും ചെങ്ങന്നൂർ ക്ഷേത്രം പ്രതിപാദിക്കുന്നുണ്ട്. ചെങ്ങന്നൂർ മഹാ ക്ഷേത്രം ഒരു ശിവാലയം ആണെങ്കിലും ദേവനു അനഭിമുഖമായി വാഴുന്ന ശ്രീപാർവ്വതി ദേവിയുടെ അപദാനങ്ങളാണ് കേരളമൊട്ടുക്കു പുകൾകൊണ്ടത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ഉത്പത്തിയും ചെങ്ങന്നൂർ ഭഗവതിയുടെ മാഹാത്മ്യ കഥകളും ഒട്ടുവളരെ പറഞ്ഞിട്ടുള്ളതും തദ്വാര മലയാളികൾക്ക് അധികവും സുപരിചിതവുമാണ്. പത്തേക്കറിൽ വിസ്തരിച്ചു നിൽക്കുന്ന ചെങ്ങന്നൂർ മതിലകം കേരളീയ വാസ്തു ശൈലിക്കെന്നും മകുടോദാഹരണമാണ്. ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം തിരുവിതാംകൂർ മഹാരാജാവ് തഞ്ചാവൂരിൽ നിന്നുള്ള പ്രഗത്ഭരായ ശില്പികളെ വരുത്തി സുദീർഘമായ കാലയളവുകൊണ്ട് പണികഴിപ്പിച്ചിട്ടുള്ളതാണ്. ചെങ്ങന്നൂരിലെ ആദ്യ ക്ഷേത്ര സമുച്ചയം നിർമിക്കുന്നത് പെരുന്തച്ചനായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തെ നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാക്കന്മാർ മേൽനോട്ടം നിർവ്വഹിച്ചു.അതിനെ കുറിച്ചുള്ള കഥ ഇപ്രകാരം ആകുന്നു. അന്ന് കാടു പിടിച്ചു കിടന്നിരുന്ന ക്ഷേത്രമിരിക്കുന്ന പ്രദേശം നായനാര് പിള്ള എന്നൊരാൾക്കു വഞ്ഞിപ്പുഴ നാടു വാഴി ഒറ്റിയായി നൽകി. നായനാര് പിള്ളയുടെ തൊഴിലാളികൾ കാടു വെട്ടി തെളിക്കുന്ന വേല ചെയ്തുകൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ ഒരു സ്ത്രീയുടെ പണിയായുധം കൊണ്ട് അടുത്തുള്ള ശിലയിൽ നിന്നും നിണമൊഴുകുവാൻ തുടങ്ങി. തൊഴിലാളികൾ ഈ വിവരം നായനാര് പിള്ളയേയും പിള്ള അത് വഞ്ഞിപ്പുഴ മഠത്തിലും അറിയിച്ചു. സമീപസ്ഥരായിരുന്ന താഴമൺ കുടുംബവും വഞ്ഞിപ്പുഴ നാടുവഴിക്കൊപ്പം പ്രസ്തുത സ്ഥലത്തു വന്ന് ചേർന്നു. രക്തം വാർന്നൊഴുകുന്ന ശില മഹാദേവ സാന്നിധ്യമുള്ള സ്വയംഭൂ ലിംഗമാണെന്നു കണ്ടെത്തിയ അവർ അവിടെ പ്രൗഢ ഗംഭീരമായ ഒരാലയം പണിതീർക്കുവാൻ തീരുമാനിച്ചു. അതിന് സാക്ഷാൽ പെരുംതച്ചനെ തന്നെ വരുത്തിക്കുകയും ചെയ്തു. മഹാദേവ സാന്നിധ്യമുള്ളപ്പോൾ ശ്രീപാർവ്വതിയുടെ സാന്നിധ്യവും അവിടെയുണ്ടാകുമെന്നു തീർച്ചയുള്ളതുകൊണ്ടു ദേവിയുടെ പ്രതിഷ്ഠയും തുല്യ പ്രാധാന്യത്തോടെ അവിടെ പ്രതിഷ്ഠിക്കണം എന്ന് നാടുവാഴികളും മറ്റു കാര്യക്കാരും ആഗ്രഹം പ്രകടിപ്പിക്കുകയും ആ വിവരം പെരുന്തച്ചനെ ധരിപ്പിക്കുകയും ചെയ്തു. ദേവിയുടെ ചൈതന്യ പൂർണമായ ഒരു ബിംബം ആ പ്രദേശത്തു മറഞ്ഞു കിടപ്പുണ്ടെന്നു പെരുംതച്ചന് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹം സ്ഥാനം കാണിച്ചു കൊടുത്ത പ്രദേശത്തു നിന്ന് വിഗ്രഹം കണ്ടെത്തുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ദേവീ ഭക്തന്മാർക്ക് അതില്പരം ആനന്ദം വേറൊന്നില്ലായിരുന്നു. മഹാദേവന്റെയും ദേവിയുടേയും സാന്നിധ്യം അവിടെ ഉണ്ടായതിനു പല ഐതീഹ്യങ്ങളും പറഞ്ഞു പോരുന്നുണ്ട്. അതിൽ ഒന്ന് അഗസ്ത്യ മാമുനിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശിവ പാർവ്വതി മംഗലം നടക്കുന്ന വേളയിൽ അഗസ്ത്യ മഹർഷിയെ ശിവൻ തെക്ക് ദിക്കിലേക്ക് അയച്ചിരുന്നു. വിവാഹാനന്തരം ശിവ പാർവ്വതിമാർ അഗസ്ത്യ മഹർഷിക്ക് ചെങ്ങന്നൂരിൽ ദർശനം നൽകി എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു ഐതീഹ്യം കരുനാഗപ്പള്ളിയിലെ ആലപ്പാട് തീര പ്രദേശം ഭരിച്ചിരുന്ന വലിയ ആദിച്ച മുത്ത് അരയൻ എന്ന അരയ വംശ രാജാവിന്റെ മകളായി പാർവ്വതി ദേവി ജനിച്ചു. ആ മുക്കുവതരുണിയെ വിവാഹം ചെയ്യാൻ മഹാദേവനും അവതരിച്ചത്രേ. അതിനെ കുറിച്ചുള്ള കഥ ഇവിടെ വിസ്തരിക്കുന്നില്ല. ശിവനും പാർവ്വതിയും ചെങ്ങന്നൂർ വന്ന് കുടികൊണ്ടു അരയ രാജാവിനു തിരു സ്വരൂപ ദർശനം നൽകി എന്നാണ് കഥ. ഈ വിശ്വാസത്തിന്റെ പേരിൽ ആലപ്പാട്ട് ഉള്ളവർ നൂറ്റാണ്ടുകളായി ചെങ്ങന്നൂർ ഉത്സവത്തിനു വലിയ സംഖ്യ കാണിക്കയായി സമർപ്പിച്ചിരുന്നു. 'ചെങ്ങന്നൂർ ക്ഷേത്ര മാഹാത്മ്യം 'എന്നപേരിൽ കല്ലൂർ നാരായണ പിള്ള എഴുതിയിട്ടുള്ള ഗ്രന്ഥത്തിൽ മധുരാപുരി ചുട്ടെരിച്ച കണ്ണകി വൈഗയാറും കടന്നു പമ്പാ നദിയുടെ ഗതി നോക്കി വന്ന് കുടികൊണ്ടത് ചെങ്ങന്നൂരാണെന്നു ചിലപ്പതികാര തെളിവുകൾ നിരത്തി സമര്ഥിക്കുന്നുണ്ടു്. ആ ഗ്രന്ഥത്തിന് ആവതാരിക എഴുതിയിട്ടുള്ള മഹാകവി ഉള്ളൂർ ആവതാരികയിൽ തന്നെ ആ വാദത്തെ ഖണ്ഡിക്കുന്നുണ്ടെങ്കിലും കല്ലൂർ വീണ്ടും തെളിവുകൾ നിരത്തി ആ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. അതുകൊണ്ട് ചെങ്ങന്നൂർ ഭഗവതിക്ക് കണ്ണകിയുടെ പരികല്പനയും നല്കപ്പെടുന്നുണ്ട്. സതീ വിരഹത്താൽ വിഷണ്ണനും ഉഗ്രരൂപനുമായിരിക്കുന്ന ശൈവ ഭാവമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. അതിനാൽ സതിയായും ദേവിയെ കരുതുന്നു.
പെരുംതച്ചൻ നിർമ്മിച്ച മഹാക്ഷേത്രം കാലാന്തരത്തിൽ അഗ്നിക്കിരയാകുമെന്നു അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അഗ്നിബാധയിൽ സ്വയംഭൂവായ ശിവലിംഗം സംരക്ഷിക്കപ്പെടും എന്നും ദേവിയുടെ വിഗ്രഹം നശിച്ചുപോകാൻ ഇടയാകുമെന്നും നേരത്തേ തിരിച്ചറിഞ്ഞ തച്ചൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുവാനുള്ള ദേവിയുടെ വിഗ്രഹത്തെ രൂപ കല്പന ചെയ്ത് താഴമൺ തന്ത്രിയെ ഏല്പിച്ചു. പെരുംതച്ചൻ കരുതിയതുപോലെ സംഭവിച്ചു അഗ്നിക്കിരയായ ക്ഷേത്രത്തിൽ നനഞ്ഞ ചെമ്മണ്ണ് വാരിമൂടി ശിവലിംഗം സംരക്ഷിച്ചു. ദേവി ബിംബം നഷ്ടമായി. ചെമ്മണ്ണ് കുന്നുപോലെ മൂടി ദേവസ്ഥാനം സംരക്ഷിച്ചതുകൊണ്ടു ചെങ്കുന്നൂർ എന്ന പേരുണ്ടായെന്നും കാലാന്തരത്തിൽ ചെങ്ങന്നൂർ ആയെന്നുമാണ് പറയപ്പെടുന്നത്. ചെങ്കുന്നൂർ ആണ് ചെങ്ങന്നൂർ ആയതെന്നതിൽ തർക്കമില്ല പക്ഷേ അങ്ങനെ ഒരു നാമം ഈ പ്രദേശത്തു കൈവന്നത് ഭൂപ്രകൃതിയുടെ മാനദണ്ഡത്തിലാവണം. പിന്നീട് ക്ഷേത്രം പുനർനിർമ്മിച്ചു ദേവിയുടെ പുതിയ ബിംബം പ്രതിഷ്ഠ ചെയ്തു. ക്ഷേത്രം പുനര്നിര്മ്മിക്കുന്നതിനു മുൻപേ തന്നെ ദേവി ബിംബം രജസ്വലയായി കാണാറുണ്ടായിരുന്നു. ഒരിക്കൽ മേൽശാന്തി നിർമ്മാല്യത്തിനു ഉടയാടയും മറ്റും വിഗ്രഹത്തിൽ നിന്ന് മാറ്റുമ്പോഴാണ് അങ്ങനെ ഒരു അടയാളം കാണുന്നത്. അത് വഞ്ഞിപ്പുഴ മഠത്തിലെ സ്ത്രീകളെയും താഴമൺ മഠത്തിലെ സ്ത്രീകളേയും കാട്ടി ഉറപ്പു വരുത്തിച്ചു. പ്രശ്നവിധിയിൽ ദേവി രജസ്വലയാകാറുണ്ട് എന്ന് കണ്ടു. പുനഃപ്രതിഷ്ഠ നടത്തിയതിനു ശേഷവും അങ്ങനെ ഒരു അടയാളം പ്രതിഷ്ഠയിൽ കണ്ടു തുടങ്ങി. അതിന് പ്രത്യേകമായ ആചാരങ്ങൾ ക്ഷേത്രത്തിൽ പാലിക്കാൻ തുടങ്ങി. അടയാളം കണ്ടത് വഞ്ഞിപ്പുഴയിലേയും താഴമണ്ണിലേയും സ്ത്രീകൾ സ്ഥിരീകരിച്ചാൽ ഉടയാട മണ്ണാത്തിയെ ഏൽപ്പിക്കും. ക്ഷേത്ര ശ്രീ കോവിലിൽ നിന്ന് ദേവീ ചൈതന്യത്തെ അർച്ചന ബിംബത്തിൽ ആവാഹിച്ചു നാലുനാൾ ക്ഷേത്രത്തിലെ വായു കോണിലുള്ള അറയിലേക്കു മാറ്റും. നാലാം നാൾ പമ്പയാറ്റിൽ സ്നാനം നടത്തും. ഈ വിശേഷത്തിനു തൃപ്പൂത്ത് എന്നാണ് പറയാറുള്ളത്. പണ്ട് കാലത്ത് ഒട്ടേറെ ചടങ്ങുകളോടെയാണ് ഇത് നടത്തിപോന്നിരുന്നത്. വിഗ്രഹം ആറാടിക്കുന്നതും ഉടയാട മാറ്റുന്നതും തീണ്ടാനാഴി അരച്ച് പുരട്ടുന്നതും ഓരോ തന്ത്രികുടുംബങ്ങളിൽ പെട്ടവരായിരുന്നു. ഇപ്പോൾ പഴയ ചടങ്ങുകളിൽ ഭേദം വന്നിട്ടുണ്ട്. തൃപ്പൂത്തു കാലത്ത് ഹരിദ്രാ പുഷ്പാഞ്ജലി എന്ന വിശേഷപ്പെട്ട പുഷ്പാഞ്ജലിയാണ് ദേവിക്ക് പ്രധാനമായി നടത്തിവരാറുള്ളത്. ഒരിക്കൽ തിരുവിതാംകൂറിൽ റെവന്യൂ ഉദ്യോഗസ്ഥനായിരുന്ന മൺറോ സായിപ്പ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ വരവ് ചെലവ് കണക്ക് പരിശോധിക്കുന്ന കൂട്ടത്തിൽ തൃപ്പൂത്തു വിശേഷത്തിനു അസംഖ്യം പണം ചെലവിട്ടതായി കണ്ട് അതിനെ പറ്റി ക്ഷേത്രം കാര്യക്കാരോട് ചോദിച്ചു. തൃപ്പൂത്തു വിശേഷം എന്താണെന്നു അവരിൽ നിന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം "ഇത്തരം വിഡ്ഢിത്തങ്ങൾക്കു മേലിൽ പണം ചെലവാക്കരുത് " എന്ന് താക്കീതു നൽകി.മൺറോ സായിപ്പ് ശകാരവും പരിഹാസവും തുടരെ ചൊരിഞ്ഞു കൊണ്ടേ ഇരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൺറോയുടെ പത്നിക്ക് നിലക്കാത്ത രക്തപ്രവാഹമുണ്ടായി. അതിലേക്കു പല വൈദ്യവും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മൺറോയുടെ കാര്യസ്ഥൻ ജ്യോത്സ്യവിധി തേടിയതിൽ നിന്നും ദേവിയുടെ കോപം നിമിത്തം സംഭവിച്ചതാണ് അതെന്നു മനസ്സിലാക്കി. കാര്യം അറിഞ്ഞ മൺറോ സായിപ്പ് ക്ഷേത്രത്തിലെത്തി പരിഹാര കർമ്മം നടത്തി. ഭാര്യയുടെ രോഗം ഭേദമായതിന്റെ നന്ദിസൂചകമായി സ്വർണത്തിൽ തീർത്ത ഒരു കാപ്പു ദേവിക്ക് സമർപ്പിച്ചു. അത് ഇപ്പോഴും ദേവി വിഗ്രഹത്തിൽ അലങ്കാരമായി ശോഭിക്കുന്നു.
63 നയനാരിൽ പെട്ട വിരൽമിണ്ട നായനാരുടെ ജന്മദേശം ചെങ്ങന്നൂർ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷേത്രത്തിൽ പ്രത്യേകമായ അവകാശങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
വലിയ വട്ട ശ്രീകോവിലിൽ മഹാദേവന്റെ സ്വയംഭൂ ശില കിഴക്കോട്ടു ദർശനമായി നിലകൊള്ളുന്നു. ശ്രീ പാർവ്വതി അതേ ശ്രീകോവിലിൽ ദേവന് അനഭിമുഖമായി വാഴുന്നു. പഞ്ചലോഹത്തിലുള്ള ചാരുതയാർന്ന ബിംബം നിൽക്കുന്ന രൂപത്തിലുള്ളതാണ്. രണ്ടു കൈകൾ ഉള്ളതിൽ ഒന്നിൽ അഭയ മുദ്രയും മറ്റൊന്നിൽ വരദ മുദ്രയും. ദേവിക്കും മഹാദേവനും നമസ്‌കാര മണ്ഡപങ്ങൾ പ്രത്യേകമുണ്ട്. ആനക്കൊട്ടിലും കിഴക്കും പടിഞ്ഞാറുമായി രണ്ടെണ്ണമുണ്ട്. പടിഞ്ഞാറെ നടയിൽ ഭജനമിരിക്കലും സത്യം ചെയ്യലും വളരെ പ്രസിദ്ധമായിരുന്നു. രോഗശാന്തിക്കും ആഗ്രഹ സാഫല്യത്തിനുമായി ധാരാളം ഭക്തർ ദേവി നടയിൽ ഭജനമിരിക്കാറുണ്ട്. വിവാഹം, അന്നപ്രാശനം തുടങ്ങിയ കർമ്മങ്ങൾ നടത്തുന്നതും പടിഞ്ഞാറെ നടയിലാണ്. നൂറടിയോളം ഉയരമുള്ള സ്വർണ ധ്വജവും അണ്ഡാകൃതിയിലുള്ള കൂത്തമ്പലവും ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളാണ്. പ്രൗഢമായ മതിൽക്കകം. ഗണപതി, നീലഗ്രീവൻ, ചണ്ഡേശ്വരൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാ ദേവി, ശാസ്താവ്, നാഗങ്ങൾ എന്നീ ഉപദേവകൾ ഉണ്ട്.
ധനുമാസത്തിലെ തിരുവാതിരക്കു കൊടികയറി മകരമാസത്തിലെ തിരുവാതിരക്കു അവസാനിക്കുന്ന ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ചെങ്ങന്നൂർ ഉത്സവം. ഉത്സവ കാലത്ത് ദേവി രജസ്വലയായാൽ ഉത്സവാഘോഷങ്ങൾ മാറ്റി വയ്ക്കാറുണ്ട്.