Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, December 29, 2019

പഞ്ചഭൂത സ്ഥലങ്ങള്‍ പഞ്ചഭൂത ശിവക്ഷേത്രങ്ങള്‍*

*പഞ്ചഭൂത സ്ഥലങ്ങള്‍ പഞ്ചഭൂത ശിവക്ഷേത്രങ്ങള്‍*

*1-തിരുവണ്ണാമലൈ.*

*ഇവിടെ ശിവന്‍ അഗ്‌നിരൂപന്‍*

 ആദിമധ്യാന്ത ഹീനനായ മഹാദേവന്‍ തന്നെയാണ് അരുണാഗ്നി വര്‍ണ്ണത്തില്‍ പ്രഭപൂണ്ട അരുണാചലം  എന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മടിയില്‍ ഇരുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഗാംഭീരമാര്‍ന്ന അരുണാചല ക്ഷേത്രവും നഗരവും. 
 രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരം കാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്. ആയിരം കാല്‍ മണ്ഡപത്തിലെ ഗര്‍ഭത്തിലാണ് രമണമഹർഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്‍ക്കു മുന്നില്‍ മുരുകന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും അങ്കണത്തിലാണ്
ക്ഷേത്ര ഗോപുരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. അരുണാചലനായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്.

*2-ഏകാംബരേശ്വരന്‍..*

*ഇവിടെ ശിവന്‍ ഭൂമിയാകുന്നു*

ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് പ്രാക്തനഗംഭീരമായ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിയാണിവിടെ ഭഗവാന്‍. കാഞ്ചിയിലെ ആകാശ ഉയരങ്ങളെ കീഴടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഗോപുരം കടന്നാല്‍ തന്നെ പുരാതനമായ ഏതോ ലോകത്തെത്തും. ക്ഷേത്രാങ്കണത്തിലുള്ള മനോഹരമായ ശിവഗംഗാതീര്‍ഥത്തിന്റെ കല്‍ക്കെട്ടുകളില്‍ നിന്നും നോക്കിയാല്‍ ക്ഷേത്രം ഒരു കവിത പോലെ ജലത്തില്‍ പ്രതിബിംബിക്കുന്നതു കാണാം.....

 ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന്‍ ഏകാംബരേശ്വരനായി. വാരണാസി കഴിഞ്ഞാല്‍ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചി.
വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില്‍ ശിവശക്തീപുന:സംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളിലും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ കായ്ക്കുന്നത്. ......
പൃഥ്വിലിംഗ സങ്കല്പമായതിനാല്‍ ഇവിടെ ജലാഭിഷേകമില്ല. 

*3-ശ്രീകാളഹസ്തി*.

*ഇവിടെ ശിവന്‍ വായുരൂപനാണ്*

 കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം. വലിയൊരു കല്‍കുന്നിന്റെ പാര്‍ശ് ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും. പഞ്ചഭൂത സ്ഥലങ്ങളില്‍ മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴകത്താണ്. കാളഹസ്തി ആന്ധ്രയിലും. ചിലന്തിയും(ശ്രീ), സർ‍പ്പവും (കാള), ഹസ്തിയും (ആന) ചേര്‍ന്ന് ആരാധിച്ച മൂര്‍ത്തിയാണ് ശ്രീ കാളഹസ്തീശ്വരൻ ......
 
വായുകടക്കാത്ത ഗര്‍ഭഗൃഹത്തില്‍ എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. മുക്തിദായകനായ ഭഗവാന്റെ വായു സാന്നിധ്യം. 

*4-തിരുവാനൈക്കാവല്‍* (ജംബുകേശ്വരം)
(ജല ലിംഗം)
*ഇവിടെ ശിവന്‍ ജലരൂപി*

 പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നു.  മുനിയുടെ ശിരസ്സില്‍ നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ദേവി, അഖിലാണ്ഡേശ്വരി, നിത്യവും അര്‍ച്ചന നടത്തിയത്. ജലലിംഗമായ ജമ്പുലിംഗത്തില്‍. ......

*5-ചിദംബരം.*
(ആകാശ ലിംഗം)
*മഹാദേവന്‍ ഇവിടെ ചിദാകാശമാണ്*

 ആകര്‍ഷണ കാരണം ആനന്ദനടനമാടുന്ന നടരാജ വിഗ്രഹം തന്നെ. ഇതര ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിവലിംഗത്തിനു പകരം നടരാജവിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ്യ ബിംബം. ബോധമണ്ഡലത്തിനെ അപ്രസക്തമാക്കുന്ന നിത്യസത്യത്തിന്റെ അപാരആനന്ദാവസ്ഥയില്‍ ആകാശലിംഗമായി, ചിദാകാശമായി ഭഗവാന്‍ ഇവിടെ വര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പ്പം.

🕉🕉കടപ്പാട്.