*ആലിംഗനപുഷ്പാഞ്ജലി*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പൂജ കൊട്ടിയൂർ വൈശാഖോത്സവത്തിലെ രോഹിണി ആരാധനയുടെ ഭാഗമായ ആലിംഗന പുഷ്പാഞ്ജലി ആണ്.
സതീ ദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് അതികുപിതനായി തീർന്നു മുച്ചൂടും മുടിക്കുന്ന ശ്രീ പരമേശ്വരനെ ശ്രീ മഹാവിഷ്ണു മുറുക്കെ കെട്ടിപിടിച്ചു സാന്ത്വനിപ്പിച്ചു താപം ശമിപ്പിക്കുന്ന പുരാണ സന്ദർഭം ആണതിന്റെ സങ്കല്പം.
കുറുമത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനമുള്ള മൂത്ത നമ്പൂതിരിക്കാണ് ആ പൂജ നടത്താനുള്ള അധികാരം.
കർമ്മത്തിൽ കുറുമത്തൂർ നായ്ക്കന് സാക്ഷാൽ ശ്രീ മഹാവിഷ്ണുവിന്റെ സ്ഥാനമാണ്.
സ്വയംഭൂവായ കൊട്ടിയൂർ ശിവലിംഗത്തെ കെട്ടിപിടിച്ചു അദ്ദേഹം കിടക്കും.
ഒന്നോ രണ്ടോ അഞ്ചോ മിനിറ്റല്ല, എത്രയോ നേരം.
യഥാർത്ഥത്തിൽ ആ കിടപ്പിൽ അദ്ദേഹം മരിച്ചു പോയോ എന്ന് പോലും കണ്ടു നിൽക്കുന്ന നമുക്ക് ശങ്ക തോന്നും.
അത്ര നേരം കടുകിട ചലിക്കാതെ ശ്രീമഹാവിഷ്ണുവായി അദ്ദേഹം ശിവലിംഗത്തെ കെട്ടിപ്പുണർന്നു കിടക്കും.
എന്നിട്ടദ്ദേഹം എഴുന്നേൽക്കുന്ന നേരത്ത് ഉയരുന്നൊരു ആരവുമുണ്ട്.
ദേവതാ വൃന്ദം നടത്തിയ പുഷ്പ വൃഷ്ടിയെ അനുസ്മരിപ്പിക്കുന്നൊരു പുഷ്പാഞ്ജലിയും.
അതാണ് ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരവും ഹൃദ്യവുമായ ആരാധന.
ശ്രീപരമശിവനും ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഗാഢസൗഹൃദവും സ്നേഹവും ആണതിന്റെ സൗന്ദര്യം.
ശിവസ്യ ഹൃദയം വിഷ്ണുർ
വിഷ്ണുചാ ഹൃദയം ശിവ
ശിവന്റെ ഹൃദയമാണ് വിഷ്ണു.
ആ വിഷ്ണുവിന്റെ ഹൃദയമോ,
ആ ശിവൻ തന്നെയും
.