Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, May 17, 2022

കൊട്ടിയൂര്‍ അമ്പലം.

ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. രോഗ ശാന്തിയ്ക്കായും മനസമാധാനത്തിനായും ഈശ്വര ഭജന നടത്തുന്നവരാണ് ഭക്തര്‍. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമ്മളാല്‍ കഴിയുന്നരീതിയില്‍ പൂവ്, എണ്ണ തുടങ്ങിയവ കാണിക്കയായി കൊണ്ട് പോകാറുണ്ട്. അതിനൊപ്പം ചില ക്ഷേത്രങ്ങളില്‍ ആള്‍ രൂപങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. സര്‍വ്വ രോഗങ്ങളും അതിലൂടെ മാറുമെന്നാണ് വിശ്വാസം. അത്തരം ഒരു ക്ഷേത്രമാണ് കൊട്ടിയൂര്‍ അമ്പലം.

കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്ത് അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കൊട്ടിയൂര്‍ എന്ന് വിശ്വാസം. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയെന്നു ഐതീഹ്യം. ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവം ആഘോഷിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു. #🙏ക്ഷേത്രങ്ങൾ 

*ആലിംഗനപുഷ്പാഞ്ജലി*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ  പൂജ കൊട്ടിയൂർ വൈശാഖോത്സവത്തിലെ രോഹിണി ആരാധനയുടെ ഭാഗമായ ആലിംഗന പുഷ്പാഞ്ജലി ആണ്.

സതീ ദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് അതികുപിതനായി തീർന്നു മുച്ചൂടും മുടിക്കുന്ന ശ്രീ പരമേശ്വരനെ ശ്രീ മഹാവിഷ്ണു മുറുക്കെ കെട്ടിപിടിച്ചു സാന്ത്വനിപ്പിച്ചു താപം ശമിപ്പിക്കുന്ന പുരാണ സന്ദർഭം ആണതിന്റെ സങ്കല്പം.

കുറുമത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനമുള്ള മൂത്ത നമ്പൂതിരിക്കാണ് ആ പൂജ നടത്താനുള്ള അധികാരം.
കർമ്മത്തിൽ കുറുമത്തൂർ നായ്ക്കന് സാക്ഷാൽ ശ്രീ മഹാവിഷ്ണുവിന്റെ സ്ഥാനമാണ്.
സ്വയംഭൂവായ കൊട്ടിയൂർ ശിവലിംഗത്തെ കെട്ടിപിടിച്ചു അദ്ദേഹം കിടക്കും.
ഒന്നോ രണ്ടോ അഞ്ചോ മിനിറ്റല്ല, എത്രയോ നേരം.
യഥാർത്ഥത്തിൽ ആ കിടപ്പിൽ അദ്ദേഹം മരിച്ചു പോയോ എന്ന് പോലും കണ്ടു നിൽക്കുന്ന നമുക്ക് ശങ്ക തോന്നും.

അത്ര നേരം കടുകിട ചലിക്കാതെ ശ്രീമഹാവിഷ്ണുവായി അദ്ദേഹം ശിവലിംഗത്തെ കെട്ടിപ്പുണർന്നു കിടക്കും.
എന്നിട്ടദ്ദേഹം എഴുന്നേൽക്കുന്ന നേരത്ത് ഉയരുന്നൊരു ആരവുമുണ്ട്.

ദേവതാ വൃന്ദം നടത്തിയ പുഷ്പ വൃഷ്ടിയെ അനുസ്മരിപ്പിക്കുന്നൊരു പുഷ്പാഞ്ജലിയും.

അതാണ്‌ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരവും ഹൃദ്യവുമായ ആരാധന.
ശ്രീപരമശിവനും ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഗാഢസൗഹൃദവും സ്നേഹവും ആണതിന്റെ സൗന്ദര്യം.

ശിവസ്യ ഹൃദയം വിഷ്ണുർ
വിഷ്ണുചാ ഹൃദയം ശിവ

ശിവന്റെ ഹൃദയമാണ് വിഷ്ണു.
ആ വിഷ്ണുവിന്റെ ഹൃദയമോ,
ആ ശിവൻ തന്നെയും

.                                      

കടപ്പാട്
സോഷ്യൽ മീഡിയ

No comments:

Post a Comment