Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, February 19, 2020

മഹാമൃത്യുഞ്ജയ മന്ത്രം


മഹാമൃത്യുഞ്ജയ മന്ത്രം

-----------------------------


ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്
ഋഗ്‌വേദത്തിലെ ധാതു-മൂല-മന്ത്രത്തിൽ നിന്നുൽഭവിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം. മരണഭയത്തിൽ നിന്നും രക്ഷനേടാൻ ഉപദേശിച്ചുവരുന്നത്.
പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

 മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത്  ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.

ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത്

മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌..

നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം

പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ്

മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008  ആവൃത്തിയാണ് ഈ മന്ത്രം

ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന്


ആചാര്യന്മാർ പറയുന്നു.

മന്ത്രവും അതിന്റെ അര്‍ത്ഥവും :

ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

    ॐ, ഓം = ഓംകാരം, പ്രണവമന്ത്രം

    ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ

    യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു


    സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

    പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

    വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്


    ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)

    ഇവ = പോലെ

    ബന്ധനാന് = ബന്ധനത്തിൽ നിന്ന്


(വെള്ളരിയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും


വിവക്ഷിക്കപ്പെടുന്നു.)


    മൃത്യോഃ = മരണത്തിൽ നിന്ന്

    മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

    മാ = അല്ല

    അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്


( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)

മന്ത്രാര്‍ത്ഥം :

വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
മൃത്യുഞ്ജയ മന്ത്രം ഗുരു ഉപദേശത്തോടെ ചൊല്ലേണ്ടതാണ് എന്നാണ് ശാസ്ത്രം. എന്നാല്‍ അക്ഷര തെറ്റു ഇല്ലാതെ ജപിക്കാന്‍ കഴിയുന്നവര്‍ക്ക് ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ചു ജപിച്ചു തുടങ്ങാം. ചൊല്ലിയ ശേഷം അറിഞ്ഞും അറിയാതെയും വന്ന തെറ്റുകള്‍ക്ക് ഭഗവാനോട് ക്ഷമ ചോദിക്കുകയും വേണം.

ശിവരാത്രി വ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

🔥ശിവരാത്രി വ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്🔥

ശിവരാത്രി വ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. ശിവരാത്രി ദിവസം ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല). ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്. (സ്തോത്രങ്ങളോ അഷ്ടോത്തരമോ അറിയാത്തവർ വേണ്ടവ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാവുന്നതാണ്) ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. വൈകിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട് , രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു...
ഓം നമ ശിവായ ..🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

9 സിദ്ധർ ചട്ടമുനി

*സിദ്ധർ ചട്ടമുനി*

ചട്ടമുനി ഒരു സിംഹള സ്ത്രീക്ക് ഉണ്ടായ കുട്ടിയാണെന്നും ശ്രിരംഗം ക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും പറയപ്പെടുന്നു . നന്ദിദേവർ , ഭോഗർ എന്നിവർ അദ്ദേഹത്തിന്റെ  ഗുരുക്കന്മയിരുന്നുവെന്നും അഗസ്ത്യമുനിയിൽ നിന്നും അദേഹം ദീക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും വിശ്വസിയ്ക്കപ്പെടുന്നു .

മറ്റു പേരുകൾ - സട്ടൈനാഥർ , കൈലാസസട്ടൈമുനി , കമ്പിളിസട്ടൈ മുനി .

അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ്  ധരിക്കുന്നതിനാലാണ് ' സട്ടൈ മുനി ' എന്ന് പേരുകിട്ടിയത് . ഈ വിവരങ്ങൾ ലഭ്യമായത് - ' കൊങ്കണർ കടൈകാണ്ഡം ' - എന്ന ഗ്രന്ഥത്തിൽനിന്നുമാണ് .

കരുവൂരർ , കൊങ്കണർ , രോമഋഷി തുടങ്ങിയവർ  ഇദ്ദേഹത്തിന്റെ  സമകാലീനരായിരുന്നു . 10-  11നൂറ്റാണ്ടുകൾക്കിടയിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്നു കരുതുന്നു .

ദക്ഷിണമൂർത്തിയും , നന്ദിയും അദ്ദേഹത്തിന്റെ  ഗുരുക്കന്മാരായി പറയപ്പെടുന്നു . ശിഷ്യൻ ' സുന്ദരനന്ദർ ', പാമ്പാട്ടി സിദ്ധർ തുടങ്ങിയവർ  ആയിരുന്നു .

കൃതികൾ : സട്ടെമുനി വാതകാവ്യം 1000 -
സട്ടെമുനി വാതസൂത്രം - 200 . ( ഇതുരണ്ടും രസ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് )
lസട്ടെമുനി നിഘണ്ടു
സട്ടെമുനി - 20 -
സട്ടെമുനി ശിവജ്ഞാന വിളക്കം - 51
സട്ടെമുനി തണ്ടകം
സട്ടെമുനി മൂലസൂത്രം
സട്ടെമുനി വാക്യം
സട്ടെമുനി ദീക്ഷാവിധി -
സട്ടെമുനി കർപ്പവിധി .

ദീക്ഷാവിധിയും കർപ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ് . തിരുമൂലർ ഈഗ്രന്ധങ്ങൾ  നശിപ്പിച്ചുകളഞ്ഞു . അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങൾ സാധാരണക്കാരൻറെ കയ്യിൽ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത് .

ശിവാലയഓട്ടം

മഹാശിവരാത്രിയോടനുബന്ധിച്ച്‌ ശിവഭക്തർ  നടത്തുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ്‌ ശിവാലയഓട്ടം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻ‌കോട്, കൽക്കുളം താലൂക്കിലുള്ള പന്ത്രണ്ട്  ശിവാലയങ്ങളില്‍ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട്‌ ഓടിയെത്തി ദര്‍ശനം നടത്തി ശിവപ്രീതി നേടുന്നതാണ്  ഈ അനുഷ്ഠാനം. 

വിഷ്ണുനാമം ജപിച്ച്‌ ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ചടങ്ങാണിത്‌. 'ഗോവിന്ദാ.... ഗോപാല...' എന്ന നാമം ഉറക്കെ ജപിച്ചാണ്‌ ഭക്തര്‍ ഓടുന്നത്‌. രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങ്. ശിവക്ഷേത്രങ്ങളില്‍ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കര്‍മ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്. 

#അനുഷ്ടാനം:

പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ. തിരുമല, മുനിമാര്‍തോട്ടം, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങള്‍. 

ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ "ഗോവിന്ദന്‍മാര്‍' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. 

ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ചക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു. "ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്. 

വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു. 

ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.