Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, October 2, 2019

ശിവനെ അറിയാം വേദങ്ങളിലൂടെ

*🔱🔥ശിവനെ അറിയാം വേദങ്ങളിലൂടെ...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

''രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ ഘോരാന്യാ ശിവാന്യാ'' (തൈത്തിരീയ സംഹിത 5.7.2.3)

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും.

1) ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി)

2) ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്)

3) ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്).

ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്. ''രുദ്രാ അധി ഭൂമ്യാം. തേഷാം സഹസ്രയോജനേളവ ധന്വാനി തന്മസി.'' (യജു.16.54) ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം.

രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ 'ഗിരിശ' (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, 'ഗിരിശയഃ' (യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, 'ഗിരിചരഃ' (യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് - നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്. (1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു. മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. 'വര്‍ഷണാദ് വൃഷഭഃ' എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. 'വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും (6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം.

ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ. എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? 'അഹി' എന്നത് സംസ്‌കൃതത്തില്‍ 'സര്‍പ്പ'ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ 'അഹി' നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി. 'യോ രോദയതി സ രുദ്രഃ' എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. 'രുദിര് അശ്രുവിമോചനേ' എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്. എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ 'സ്വ'ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു.

ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു. സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. 'പശൂനാം പതയേ നമഃ' (16.17) 'പശുപതയേ ച നമഃ' (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍. ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. 'നീലഗ്രീവോ വിലോഹിതഃ' (യജു.16.7,58), 'നമോളസ്തു നീലഗ്രീവായ' (യജു. 16.8), 'നീലഗ്രീവാ ശിതികണ്ഠാ' (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു. എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

നന്തി

നന്തി .......

നന്തികേശ മഹാഭാഗ ശിവധ്യാന പരായണ
ഗൗരീശങ്കര സേവാർത്ഥം അനുജ്ഞാം ധാതുമർഹസി.

പരമേശ്വരന്റെ അംശമാണ് നന്തിദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാൽ നന്തിഎന്നു പേര് വന്നു..

സദാശിലയായി നിലകൊള്ളുന്നതിനാൽ നിലയായി ഇരിക്കൽ എന്നും നന്തിയ്ക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്തികേശൻ. അഹോരാത്രം ശിവനേ! എന്ന് ധ്യാനിച്ചുകൊണ്ടാണ് നന്തി കിടക്കുന്നത്.

ദൃഢമായി മുഴച്ചു നില്ക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും, തടിച്ചുകൊഴുത്ത പിൻഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്തികേശന്റെ രണ്ടു കൊമ്പുകൾക്കിടയിലൂടെ നോക്കിയാൽ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ – ശിവലിംഗത്തെ കാണാം..

കാതോർത്തു കിടക്കുന്ന ആ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങൾ പറയാം ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങൾ നിമിഷങ്ങൾക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്തി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്തി , ബ്രഹ്മ നന്തി , ആത്മ നന്തി , ധർമ്മ നന്തി എന്നിവയാണ്.

ഇന്ദ്രനന്തി ഭോഗവാനാണ്. ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലിൽ നോക്കിയാണ് ഇന്ദ്ര നന്തിയുടെ കിടപ്പ്.

ബ്രഹ്മ നന്തി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്തി എന്നും ഇതിന് പേരുണ്ട്. ഇത് നിർമ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്തിയെ കാണാം...

കൊടിമരത്തിന്റെ ചുവട്ടിൽ കാണുന്ന നന്തിയാണ് ആത്മ നന്തി . പ്രദോഷ കാലത്ത് നന്തിക്ക് പൂജ ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്.

പരമശിവന്റെ അരികിലായി മഹാമണ്ഡപത്തിൽ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധർമ്മ നന്തിയുടേത്. പ്രളയത്തിൽ എല്ലാം നശിച്ച്, എല്ലാം പരമശിവനിൽ ഒടുങ്ങുന്ന സമയത്ത് ധർമ്മം നില നിർത്താൻ പരമശിവനു സഹായഹസ്തവുമായി അരികിൽ തന്നെ ധർമ്മനന്തി കാത്തു കിടക്കുന്നു.

ഇതു കൂടാതെ ദേശ കാലങ്ങൾക്കനുസൃതമായി ഗോപുരവാതിൽക്കൽ വടക്കുനോക്കി ശയിക്കുന്ന അധികാര നന്തി, ഗർഭഗൃഹത്തിനു പിൻവശം കാണുന്ന വൃഷഭഗണപതി എന്നീ നന്തികേശന്മാരും നമുക്ക് അനുഗ്രഹം നൽകുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്.

കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ദൈവം മനുഷ്യനു മാത്രമല്ല ശിവാലയങ്ങൾക്കും സംരക്ഷകനാണ്..

ആബാലവൃദ്ധം ജനങ്ങൾക്കും ഏതു സമയത്തും ആ ഉയർന്നു വിടർന്നു നിൽക്കുന്ന കർണങ്ങളിൽ സങ്കടമുണർത്തിക്കാം. വായയുടെ ഒരു പകുതിയും നന്തിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച് കാറ്റിൽ പോലും അലിഞ്ഞു പോകാതെ വിഷമങ്ങൾ സ്വകാര്യമായി പറയാം.
രൂപം ഉഗ്രമാണെങ്കിലും ശാന്തമാണ് ആ മനസ്.

നന്തികേശന് മഹാദേവനോടുള്ള അചഞ്ചലമായ ഭക്തി നമുക്കേവർക്കും ഭഗവൻ ശ്രീപരമേശ്വരനോട് തോന്നുമാറാകട്ടെ...