Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, November 15, 2019

തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം

⚜♥⚜♥⚜♥⚜♥⚜♥⚜
             *ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜


*നമസ്‍തേ സജ്ജനങ്ങളെ .....  🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*


*തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയത് എന്ന്  വിശ്വസിക്കുന്ന  നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ക്ഷേത്രമാണിത്.

മലപ്പുറം ജില്ലയിൽ തിരൂരിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് തിരൂർ തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം.ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. ഒരേ ദിവസം മൂന്നു പ്രതിഷ്ഠകള്‍ ശ്രീ പരശുരാമന്‍  പ്രതിഷ്ഠിച്ചു. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കില്‍ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് മൂന്ന് പ്രതിഷ്ഠകള്‍. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകള്‍ നടന്ന നേരങ്ങളില്‍ ഒരേ ദിവസം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ്വകാര്യ സിദ്ധിയുണ്ടാകുമെന്ന് ഫലശ്രുതിയുണ്ട്.
എ.ഡി. 823-ല്‍ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.3 ഏക്കര്‍ വിസ്തൃതിയുണ്ട് ക്ഷേത്രപറമ്പിന്. ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയ ക്ഷേത്രപറമ്പിന്‍റെ നാല് ഭാഗത്തും പ്രവേശന കവാടങ്ങളുണ്ട്‌.
കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തില്‍ സ്വയംഭൂലിംഗമാണ് . മഹാദേവന്‌ ഇവിടെ ധ്യാനവസ്ഥയിലുള്ള ഭാവമാണ് ..ഗജ പ്രതിഷ്ഠ ആകൃതിയില്‍ ആണ് ശ്രീകോവിലില്‍ .സോപാനത്തിലും മണ്ഡപത്തിലും നന്ദികേശനുമുണ്ട്‌. ക്ഷേത്രത്തിന്‌ മുന്നില്‍ അതിവിശാലമായ ചിറ കാണാം.വടക്കുഭാഗത്ത് മഹാവിഷ്ണു. ചതുര്‍ബാഹുവായി പ്രതിഷ്ഠ. മഹാവിഷ്ണു ഇവിടെ പ്രധാന ദേവനാണ്. ക്ഷേത്ര പ്രതിഷ്ഠ നടത്തിയ പരശുരാമനെ ചുറ്റമ്പലത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി ആരാധിച്ചുവരുന്നു.പ്രതിഷ്ഠ നടന്നത് പ്രദോഷ കാലത്തായതിനാലായിരിക്കണം ദേവന്‍ പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുവഴി പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു.  പ്രദോഷ സമയത്ത് ശിവങ്കല്‍ അഭിഷേകം നടത്തുന്നതും കൂവളാര്‍ച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തില്‍ ഉണ്ടാവുമെന്നാണ് വിശ്വാസം. തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ നന്ദികേശ്വരന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്.  ചുറ്റമ്പലത്തിന് പുറത്ത് അല്പം മാറി തെക്കുഭാഗത്ത്‌ അന്തിമഹാകാള പ്രതിഷ്ഠ. ശിവഭൂത ഗണങ്ങളില്‍ വരുന്ന ഈ അന്തിമഹാകാളനാണ് ക്ഷേത്രത്തിന് സ്ഥാനം കണ്ടെത്തിയതും സംരക്ഷിക്കുന്നതുമെല്ലാം.പുലര്‍ച്ച രണ്ടരയ്ക്കാണ്‌ നടതുറക്കുന്നത്‌.അഞ്ചുപൂജകള്‍ പടിത്തരമയിട്ടുണ്ട്..
മൂന്നര മുതല്‍ നാലവരെയുള്ള സമയത്താണ്‌ അടച്ചുപൂജ. വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നു. ഇത്തരം പൂജ ക്ഷേത്രങ്ങളില്‍  അപൂര്‍വമാണ്‌..പാര്‍വ്വതി പരമേശ്വരന്മാര്‍ക്ക്‌ ഒന്നിച്ചുള്ള പായസനിവേദ്യം ഉണ്ടാകും.നാഴിയരിയ്ക്ക്‌ അഞ്ചുകിലോ ശര്‍ക്കരകൊണ്ട്‌ ഉണ്ടാക്കുന്ന ഈ അത്യപൂര്‍വ്വ നേദ്യത്തിന്‌ ശര്‍ക്കരപൂജയെന്ന്‌ പറയും.ഇവിടെ പടഹാദി ഉത്സവമാണ്‌...തുലാം മാസത്തില്‍ കറുത്ത സപ്തതി മുതല്‍ കറുത്തവാവു വരെ എട്ടുദിവസം കേരളത്തിലെ പ്രശസ്തവാദ്യക്കാരെല്ലാം തൃക്കണ്ടിയൂരപ്പന്‌ മുമ്പില്‍ കൊട്ടാന്‍ എത്തും. ഇവിടത്തെ ഉത്സവത്തിന്‌ ആന പതിവില്ല.
ഗണപതി, വിഷ്ണു, പരശുരാമന്‍, അതിമഹാകാളന്‍, നാഗങ്ങള്‍,വേട്ടക്കാരന്‍, പത്നീസമേതനായി ധര്‍മശാസ്താവ്‌ എന്നിവരുടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്‌. .

കിളിപ്പാട്ട് രാമായണത്തിന്‍റെ കര്‍ത്താവുമായ തുഞ്ചത്തെഴുത്തച്ഛന് ജന്മം നല്‍കിയ മണ്ണാണ് തൃക്കണ്ടിയൂര്‍.
ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയ പണ്ഡിതനായിരുന്ന  അച്യുതപ്പിഷാരടിയുടെ (1545-ൽ)ജന്മദേശം കൂടിയാണ് തൃക്കണ്ടിയൂർ.. എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു 

*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം*  🙏
*വിനയപൂർവം നന്ദി* 
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

*കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം...*

108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..കൊല്ലം രാമേശ്വരത്തെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.

കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം.

കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ആണ് കേരള ചരിത്രത്തിൽ ശിലാലിഖിതങ്ങളുടെ സംഭാവനയാൽ ഇടം നേടിയ ക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം.

പടിഞ്ഞാറേക്ക് ദർശനമുള്ള ശിവക്ഷേത്രമാണിത്. കേരള തനിമയിൽ പണിതീർത്തതാണ് ഇവിടുത്തെ ശ്രീകോവിലും നമസ്കാരമണ്ഡപവും, നാലമ്പലവും. പ്രധാന കവാടമായ പടിഞ്ഞാറു വശത്ത് ഗോപുരം പണിതീർത്തിട്ടുണ്ട്.

രാമേശ്വരം ക്ഷേത്രം ശിലാലിഖിതങ്ങളാൽ സമ്പന്നമാണ്. വട്ടെഴുത്ത് ലിപിയിൽ കൊത്തിയിട്ടുള്ള എല്ലാ ശിലാ ലിഖിതങ്ങളുടെയും ഭാഷ തമിഴ് ആണ്. ശ്രീ കോവിലിന് തെക്കുവശത്ത് നാട്ടിയിട്ടുള്ള കരിങ്കൽ സ്തംഭത്തിലെ രേഖ വളരെ പഴക്കം ചെന്നതാണ്. ഇത് കൊല്ലവർഷം 278-ാമാണ്ട് (എ.ഡി.1103) ചിങ്ങം ഒൻപതാം തീയതി നടന്ന ഒരു ആധാരരേഖ. അക്കാലത്ത് കൊല്ലത്തിന്‍റെ പേര് കുരക്കേണി കൊല്ലം എന്നായിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അന്ന് നാടുവാണ രാമവർമ്മ കുലശേഖര ചക്രവർത്തി പ്രായശ്ചിത്തമായി രാമേശ്വരം ക്ഷേത്രത്തിലേക്ക് കുറേ ഭൂമിയും സ്വത്തുകളും ദാനം ചെയ്തതായി രേഖയിൽ കാണുന്നു. ഈ ശിലാലിഖിതത്തിൽ കാണുന്ന രാമർ തിരുവടികളും രാമവർമ്മ കുലശേഖരനും ഒനാണന്നാണ് അനുമാനം. എന്നാൽ രേഖയിൽ പ്രതിപാദിച്ചിരിക്കുന്ന കുമാര ഉദയവർമ്മൻ ആരെന്ന് ചരിത്രകാരമാർക്കും അറിയില്ല.

കൊല്ലവർഷം 513-ാമാണ്ടത്തെ (എ.ഡി.1338) ഒരു രേഖ ശ്രീ കോവിലിന്‍റെ  അടിത്തറയുടെ വടക്കുവശം കാണാം. രാമേശ്വരം ക്ഷേത്രത്തിലെ രക്ഷാധികാരികൾ, കായലിൽ ചാത്തൻ മരുതപ്പിള്ളയുടെ ചെലവിൽ ബാദ്ധ്യതകൾ തീർത്ത് വീണ്ടെടുത്ത മൂന്നു പുരയിടങ്ങളെപ്പറ്റി ഈ രേഖ പ്രതിപാദിക്കുന്നു. കൊല്ലവർഷം 516 -ലെ (എ.ഡി. 1341) ക്ഷേത്രത്തിന്‍റെ മുൻവാതിലിന്‍റെ കരിങ്കൽ കട്ടിളയുടെ അടിഭാഗത്തു കാണുന്ന രേഖയിലും കറുത്ത ചായം അടിച്ചെങ്കിലും കൊത്തിയിരിക്കുന്നത് ആഴത്തിൽ ആയതിനാൽ ഇപ്പോഴും വായിച്ചെടുക്കാം. പ്രസ്തുത വാതിലും പടിയും പണിയിച്ചത് മയിലാടൻ തിരുവോത്തമ ചാമമഴകായാർ ആയിരുന്നുവെന്ന് രേഖയിൽ പറയുന്നു. ശ്രീ കോവിലിന്‍റെ വടക്കുവശത്തെ മുറ്റത്ത് നാട്ടിയിരിക്കുന്ന സ്തംഭത്തിലെ ആദ്യവശത്തിലെ അക്ഷരങ്ങൾ തേഞ്ഞുപോയി. അതിനാൽ ഈ രേഖയുടെ കാലഗണന സാദ്ധ്യമല്ലാതായിരിക്കുന്നു. കൊല്ലവർഷം 513-ാമാണ്ടിലെ രേഖയിൽ കാണുന്ന മൂന്നു പുരയിടങ്ങളെക്കുറിച്ച് ഈ രേഖയിലും പരാമർശമുണ്ട്. കൊല്ലവർഷം 513 നു ശേഷമുള്ള രേഖയാണിതെന്ന് കരുതാം. കൊല്ലവർഷം 278-ാമാണ്ടിൽ ക്ഷേത്രം നിലനിന്നിരുന്നുവെന്നും 516-ാമാണ്ടിൽ പുതുക്കിപ്പണിതുവെന്നും അനുമാനം.

ഒരിക്കൽ ഉത്സവത്തിന് ക്ഷേത്രം ചായം തേച്ച് മോടി പിടിപ്പിച്ചപ്പോൾ ശിലാലിഖിതങ്ങളുടെ പ്രാധാന്യം ആരും കണ്ടില്ല. സ്തംഭങ്ങളിലും ഭിത്തികളിലും കറുത്ത ചായം പൂശി. കൃഷ്ണശിലയിൽ കൊത്തിയെടുത്ത കൊല്ലത്തിന്‍റെ  ഈ ചരിത്ര ലിഖിതങ്ങളിൽ പൂശിയ കറുത്ത ചായം മായ്ക്കാനാവുന്നില്ല. അങ്ങനെ ശിലാലിഖിതങ്ങൾ അവ്യക്തമായതോടെ രാമേശ്വരം ക്ഷേത്രത്തിന്‍റെയും കൊല്ലത്തിന്‍റെയും ചരിത്ര അവശേഷിപ്പുകൾ മെല്ലെ മെല്ലെ വിസ്മൃതിയാലാഴുന്നു.

എങ്കിലും അതിനുമുൻപായി ക്ഷേത്രത്തിലെ നാല് ശിലാ ലിഖിതങ്ങൾ ട്രാവൻകൂർ എപ്പിഗ്രാഫി ശേഖരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രേഖകളുടെ തമിഴ് രൂപവും ഇംഗ്ലീഷിലുള്ള സംക്ഷിപ്ത വിവരണവും ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരിസിൽ കാണാം. കറുത്ത ചായം വീഴുന്നതിനു വളരെ വർഷങ്ങൾക്കു മുമ്പേ ശിലാലിഖിതങ്ങളെല്ലാം പുരാവസ്തു വകുപ്പ് രേഖപ്പെടുത്തിയിരുന്നു. 2000-ത്തിലും  പുരാവസ്തുവകുപ്പ് അധികൃതർ ഇവിടം സന്ദർശിച്ച് വിവരശേഖരണം നടത്തിട്ടുണ്ട്. പക്ഷേ നാലു രേഖകളിൽ കൂടുതലൊന്നും അവർക്ക് കണ്ടെത്താൽ കഴിഞ്ഞില്ല.

ഇവിടുത്തെ പ്രധാന പൂജയാണ് രുദ്രാഭിഷേകം.

*ഉപദേവന്മാർ:-*

ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ,നാഗദൈവങ്ങൾ,ബ്രഹ്മരക്ഷസ്സ്
നവഗ്രഹങ്ങൾ,ശ്രീകൃഷ്ണൻ.

ഓം നമഃ ശിവായ

ഉളിയന്നൂർ മാടത്തിലപ്പന്‍ മഹാദേവക്ഷേത്രം

*ഉളിയന്നൂർ മാടത്തിലപ്പന്‍ മഹാദേവക്ഷേത്രം...*

പെരിയാറ്റിൻ കരയിലുള്ള ഈ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്...
എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തില്‍ ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ  ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രണ്ടു ക്ഷേത്രങ്ങള്‍ ഉള്ള സമുച്ചയം ആണ് ഉളിയന്നൂർ മഹാദേവക്ഷേത്രം ..BC 525-ൽ തദ്ദേശീയ ബ്രാഹ്മണരുടെ നിർദ്ദേശാനുസരണം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള മാടത്തിലപ്പന്‍ ക്ഷേത്രവും , മറ്റൊന്ന് പെരുന്തച്ചനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രവും...
പെരുന്തച്ചന്‍റെ സ്വന്തം ഗ്രാമവും ഇതുതന്നെയായിരുന്നുവത്രേ. തന്മൂലം ഉളിയന്നൂർ പെരുന്തച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്..പെരുന്തച്ചൻ തന്‍റെ മകനെ ഉളി എറിഞ്ഞുകൊലപ്പെടുത്തിയ സ്ഥലമായതിനാലാണ് ഉളിയന്നൂർ എന്ന പേരു വന്നത് എന്നും ഒരു വിശ്വാസമുണ്ട്. ഈ ക്ഷേത്രത്തിന്‍റെ മുഖ മണ്ഡപം പണിയുംമ്പോഴാണ് കുടം പിടിപ്പിച്ച് കൊണ്ടിരുന്ന പെരുന്തച്ചന്‍ താഴെ കഴുക്കോല് തട്ടി കയറ്റി കൊണ്ടിരുന്ന മകനെ അസൂയ മൂലം ഉളിയെറിഞ്ഞ് കൊന്നതെന്ന് പഴമ.

പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം.
പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗപ്രതിഷ്ഠയിൽ നിന്നും 20 മീറ്ററോളം ദൂരെമാറിയാണ് പെരുന്തച്ചൻ ക്ഷേത്രം നിർമ്മിച്ചത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച മാടത്തിലപ്പന്‍ ക്ഷേത്രം കൂടി ഉള്‍ക്കൊള്ളുന്നതാണ് ഉളിയന്നൂര്‍ ക്ഷേത്ര സമുച്ചയം.
ഏകദേശം 18 അടി ഉയരമുള്ള ശ്രീകോവിലില്‍ ആണ് മാടത്തിലപ്പന്‍ വാഴുന്നത്.
ക്ഷേത്രം നിൽക്കുന്നത് വളരെ ഉയർന്ന സ്ഥലത്താണ്. പെരിയാറ്റിൽ നിന്നും ഇത്രയും സ്ഥലം ക്ഷേത്രത്തിനുവേണ്ടി ഉയർത്തിയെടുത്തതാണന്നാണ് വിശ്വാസം.

ഇവിടുത്തെ പ്രധാന മൂര്‍ത്തി ശ്രീ പരമശിവനാണ് .കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍ ഒരേ ശ്രീകോവിലിൽ തന്നെ അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു.
കേരളത്തില്‍ അപൂര്‍വ്വമായ തെക്കോട്ട്‌ ദര്‍ശനത്തില്‍ ഉള്ള മഹാഗണപതിയുടെ സ്വയംഭൂ മൂര്‍ത്തിയായുള്ള ക്ഷേത്രവും ഇവിടെയുണ്ട്.
പെരുന്തച്ചന്‍റെ അസാമാന്യമായ ഭാവനയും കരവിരുതും ആവോളം കാണാനുമുണ്ട് ക്ഷേത്ര നിര്‍മിതിയില്‍ .കേരളതനിമയിൽ പെരുന്തച്ചൻ നിർമ്മിച്ച ഇവിടുത്തെ വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ വളരെ വിസ്തൃതിയുള്ളതാണ്. 64 കലകളെയും 4 വേദങ്ങളെയും പ്രതിനിധീകരിയ്ക്കുന്ന 68 കഴുക്കോലുകള്‍ ഒരു ആരുന്ധത്തില്‍ ബന്ധിപ്പിച്ചു ,ഏകദേശം 42 മീറ്റർ  ചുറ്റളവില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീകോവില്‍ പെരുംതച്ചന്‍റെ തച്ചുശാസ്ത്ര വൈഭവം മുഴുവനും പ്രതിഫലിപ്പിക്കുന്നു..
വളരെ മനോഹരമായിത്തന്നെയാണ് ക്ഷേത്ര മതിൽക്കെട്ടും പണിതീർത്തിരിക്കുന്നത്.ഒറ്റ രാത്രി കൊണ്ട് ഭൂതഗണങ്ങള്‍ പണിതീര്‍ത്തു എന്ന് വിശ്വസിക്കുന്ന , ചുവന്ന വെട്ടുകല്ലിനാൽ പടുതൂയർത്തിയ 12 അടി ഉയരമുള്ള കൂറ്റൻ മതിൽക്കെട്ടാണ് ക്ഷേത്രത്തിനു ചുറ്റും നിലകൊള്ളുന്നത്. ക്ഷേത്രത്തിലെ പല നിർമ്മാണശൈലികളും വളരെ വൈദഗ്ധ്യമേറിയ രീതിയാലായിരുന്നു പണിതീർത്തതെങ്കിലും പലതും ഇന്ന് നാശോന്മുഖമായി തീർന്നിരിക്കുന്നു. മൈസൂർ സുൽത്താനായ ടിപ്പുവിന്‍റെ പടയോട്ട കാലത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളും കുറച്ചൊന്നുമല്ല ഈ ക്ഷേത്രത്തിനു പറയാനുള്ളത്.
ഈ ശ്രീകോവിലിനുള്ളിലായി അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു.ആക്രമകാരിയായ ടിപ്പുവിന്‍റെ പടയോട്ട കാലത്ത് സോപാനത്തിനരികിലുള്ള ദ്വാരപാലകരുടെ പ്രതിഷ്ഠകൾക്കും നാശങ്ങൾ ഉണ്ടായിട്ടുണ്ട്...കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഒരു കാളകൂറ്റന്‍റെ വലിപ്പമുള്ള നന്ദികേശ്വര പ്രതിഷ്ഠയേയും ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഈ നന്ദികേശ്വര പ്രതിഷ്ഠ പിച്ചളയിൽ പൊതിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ നശിക്കാതെ കാക്കുന്നു.
ഐതിഹ്യകഥകളില്‍ ഏറ്റവും അധികം പരാമര്‍ശിക്കുന്ന പെരുന്തച്ചന്റെ കുളം നിര്‍മാണം നടന്നത് ഇവിടെയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . പാങ്കുളം എന്ന പേരിലാണത്ര ഈ കുളം അറിയപ്പെടുന്നത്.

*ഉപദേവതകള്‍:-*

സ്വയംഭൂവായ മഹാഗണപതി ,വലിയമ്പലത്തില്‍ ഭഗവതി .
മകരത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം നടത്താറുണ്ട്‌.

ഓം നമഃ ശിവായ

വൈക്കത്തപ്പന്‍

*ഏറ്റവും കാരുണ്യമൂര്‍ത്തിയായ ഭാവത്തിലാണ് വൈക്കത്തപ്പന്‍ കുടികൊള്ളുന്നത്*.

വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ചു പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച വീരാളിയായ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ചാല്‍ ശത്രുദോഷങ്ങളും തടസ്സങ്ങളും നീങ്ങി സര്‍വകാര്യവിജയവും വിശേഷപ്പെട്ട അനുഗ്രഹങ്ങളും ലഭിക്കുമെന്നാണു വിശ്വാസം.

വൈകുന്നേരം ലോകമാതാവായ പാര്‍വതി ദേവിയോടു കൂടി സകുടുംബം വിരാജിക്കുന്ന മംഗളരൂപത്തിലാണു ഭക്തര്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത്. പാര്‍വതി ദേവിയെ മടിയില്‍ ഇടതുഭാഗത്തിരുത്തി മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലുമായി ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ എല്ലാ ദേവഗണങ്ങളാലും യക്ഷകിന്നര ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി സങ്കല്‍പ്പിച്ചു ദര്‍ശനം നടത്തുന്നതു ശ്രേയസ്‌കരമെന്നാണു വിശ്വാസം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണു വൈകുന്നേരമെന്നാണു പഴമക്കാര്‍ പറയുന്നത്.

ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള്‍ ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്‍താഴികക്കുടം ചൂടിയ പുണ്യസങ്കേതം. വൈക്കത്തമ്പലത്തിന്റെ പ്രശസ്തിക്കു വര്‍ഷങ്ങളുടെ അനുഭവ സാക്ഷ്യം. മിത്തുകളിലും ഐതിഹ്യങ്ങളിലുമുറങ്ങുന്ന ക്ഷേത്രക്കെട്ടുകള്‍ക്ക് പറയാനേറെ കഥകള്‍. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവ, രേഖപ്പെടുത്താന്‍ വിട്ടുപോയവ.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍. മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ കൈലാസനാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി, കൂടെ ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും. മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദ മഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

ക്ഷേത്ര രൂപവര്‍ണന

എട്ട് ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ട് ദര്‍ശനമായുള്ള വൈക്കം ക്ഷേത്രം. കിഴക്കെ ഗോപുരത്തിനടുത്തായി പ്രത്യേകം മതിലും തറയും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്നു. ,

സര്‍പ്പ സാന്നിധ്യങ്ങള്‍

ക്ഷേത്രമതിലിനകത്ത് തെക്കുവശത്തായി പ്രത്യേക ആല്‍ത്തറയില്‍ സര്‍പ്പചൈതന്യങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പബലിയും പൂജകളും നടത്തും.

വൈക്കത്തെ ഭസ്മം

ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രസാദം ഭസ്മമാണ്. തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമാണ് വിശിഷ്ടമായ ഈ പ്രസാദം. ഇതിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്നു ഭക്തര്‍ വിശ്വസിക്കുന്നു. വിഷബാധ, ഭയം, അപസ്മാരം, വ്രണം മുതലായ രോഗങ്ങള്‍ക്ക് ആശ്വാസമായി ഈ ഭസ്മം ഉപയോഗിക്കുന്നു.

വരുണജപം

നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്താണ് പശ്ചിമ ദിക്കിന്റെ അധിപനായ വരുണന്റെ പ്രതിഷ്ഠ. ചുറ്റിലും കരിങ്കല്ലു കൊണ്ട് രണ്ടടിയോളം വിസ്താരത്തില്‍ തളം പോലെയുണ്ടാക്കി മദ്ധ്യഭാഗത്താണ് വരുണന്റെ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. കഠിനമായ വരള്‍ച്ചയുണ്ടാകുന്ന സമയത്ത് ഈ തളത്തില്‍ ശുദ്ധജലം നിറച്ച് വരുണദേവനെ പൂജിച്ച് ആ ശുദ്ധജലം തൊട്ട് വരുണമന്ത്രം ജപിച്ചാല്‍ മഴ പെയ്യുമെന്നാണു വിശ്വാസം.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ദാനങ്ങളിലെ ഉത്തമദാനമാണത്രെ പ്രാതല്‍. വാതില്‍ മാടങ്ങളിലും തിരുമുറ്റം, മണ്ഡപം, ചുറ്റമ്പലം എന്നീ സ്ഥലങ്ങളിലും ഇലവച്ച് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു. സര്‍വ്വാണി സദ്യയും ഇതിന്റെ ഭാഗമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ഇതില്‍ ഏറ്റവും അടുത്തകാലത്തായി പ്രചാരത്തില്‍ വന്നവഴിപാടാണ് ആലുവിളക്ക് തെളിയിക്കല്‍. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും അശ്വത്ഥവൃക്ഷത്തിന്റെ രൂപത്തോടു കൂടിയതുമായ ഈ വിളക്ക് കരിങ്കല്‍ പാകിയ തിരുമുറ്റത്താണുള്ളത്.

വൈക്കത്തഷ്ടമി: പ്രധാന ചടങ്ങുകള്‍

വ്യാഘ്രപാദമഹര്‍ഷിക്ക് ദിവ്യദര്‍ശനം ലഭിച്ച വൃശ്ചിക മാസത്തിലെ കറുത്തപക്ഷ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം. കോപ്പുതൂക്കല്‍, സന്ധ്യവേല, ഋഭഷഭവാഹനം എഴുന്നള്ളിപ്പ്, അഷ്ടമി ദര്‍ശനം, കീഴേടങ്ങളും അഷ്ടവിളക്കും, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, കൂടിപ്പൂജ, മുക്കുടി നിവേദ്യം, കുംഭാഷ്ടമി, വടക്കുപുറത്ത് പാട്ട്, തെക്കുപുറത്ത് പാട്ട്, ചിറപ്പ് എന്നിവയെല്ലാം പ്രധാന ചടങ്ങുകളാണ്. (കടപ്പാട്)