*ഏറ്റവും കാരുണ്യമൂര്‍ത്തിയായ ഭാവത്തിലാണ് വൈക്കത്തപ്പന്‍ കുടികൊള്ളുന്നത്*.
വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.
വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.
അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ചു പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച വീരാളിയായ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ചാല്‍ ശത്രുദോഷങ്ങളും തടസ്സങ്ങളും നീങ്ങി സര്‍വകാര്യവിജയവും വിശേഷപ്പെട്ട അനുഗ്രഹങ്ങളും ലഭിക്കുമെന്നാണു വിശ്വാസം.
വൈകുന്നേരം ലോകമാതാവായ പാര്‍വതി ദേവിയോടു കൂടി സകുടുംബം വിരാജിക്കുന്ന മംഗളരൂപത്തിലാണു ഭക്തര്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത്. പാര്‍വതി ദേവിയെ മടിയില്‍ ഇടതുഭാഗത്തിരുത്തി മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലുമായി ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ എല്ലാ ദേവഗണങ്ങളാലും യക്ഷകിന്നര ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി സങ്കല്‍പ്പിച്ചു ദര്‍ശനം നടത്തുന്നതു ശ്രേയസ്‌കരമെന്നാണു വിശ്വാസം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണു വൈകുന്നേരമെന്നാണു പഴമക്കാര്‍ പറയുന്നത്.
ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള്‍ ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്‍താഴികക്കുടം ചൂടിയ പുണ്യസങ്കേതം. വൈക്കത്തമ്പലത്തിന്റെ പ്രശസ്തിക്കു വര്‍ഷങ്ങളുടെ അനുഭവ സാക്ഷ്യം. മിത്തുകളിലും ഐതിഹ്യങ്ങളിലുമുറങ്ങുന്ന ക്ഷേത്രക്കെട്ടുകള്‍ക്ക് പറയാനേറെ കഥകള്‍. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവ, രേഖപ്പെടുത്താന്‍ വിട്ടുപോയവ.
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍. മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ കൈലാസനാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി, കൂടെ ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും. മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദ മഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.
ക്ഷേത്ര രൂപവര്‍ണന
എട്ട് ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ട് ദര്‍ശനമായുള്ള വൈക്കം ക്ഷേത്രം. കിഴക്കെ ഗോപുരത്തിനടുത്തായി പ്രത്യേകം മതിലും തറയും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്നു. ,
സര്‍പ്പ സാന്നിധ്യങ്ങള്‍
ക്ഷേത്രമതിലിനകത്ത് തെക്കുവശത്തായി പ്രത്യേക ആല്‍ത്തറയില്‍ സര്‍പ്പചൈതന്യങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പബലിയും പൂജകളും നടത്തും.
വൈക്കത്തെ ഭസ്മം
ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രസാദം ഭസ്മമാണ്. തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമാണ് വിശിഷ്ടമായ ഈ പ്രസാദം. ഇതിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്നു ഭക്തര്‍ വിശ്വസിക്കുന്നു. വിഷബാധ, ഭയം, അപസ്മാരം, വ്രണം മുതലായ രോഗങ്ങള്‍ക്ക് ആശ്വാസമായി ഈ ഭസ്മം ഉപയോഗിക്കുന്നു.
വരുണജപം
നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്താണ് പശ്ചിമ ദിക്കിന്റെ അധിപനായ വരുണന്റെ പ്രതിഷ്ഠ. ചുറ്റിലും കരിങ്കല്ലു കൊണ്ട് രണ്ടടിയോളം വിസ്താരത്തില്‍ തളം പോലെയുണ്ടാക്കി മദ്ധ്യഭാഗത്താണ് വരുണന്റെ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. കഠിനമായ വരള്‍ച്ചയുണ്ടാകുന്ന സമയത്ത് ഈ തളത്തില്‍ ശുദ്ധജലം നിറച്ച് വരുണദേവനെ പൂജിച്ച് ആ ശുദ്ധജലം തൊട്ട് വരുണമന്ത്രം ജപിച്ചാല്‍ മഴ പെയ്യുമെന്നാണു വിശ്വാസം.
അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ദാനങ്ങളിലെ ഉത്തമദാനമാണത്രെ പ്രാതല്‍. വാതില്‍ മാടങ്ങളിലും തിരുമുറ്റം, മണ്ഡപം, ചുറ്റമ്പലം എന്നീ സ്ഥലങ്ങളിലും ഇലവച്ച് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു. സര്‍വ്വാണി സദ്യയും ഇതിന്റെ ഭാഗമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ഇതില്‍ ഏറ്റവും അടുത്തകാലത്തായി പ്രചാരത്തില്‍ വന്നവഴിപാടാണ് ആലുവിളക്ക് തെളിയിക്കല്‍. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും അശ്വത്ഥവൃക്ഷത്തിന്റെ രൂപത്തോടു കൂടിയതുമായ ഈ വിളക്ക് കരിങ്കല്‍ പാകിയ തിരുമുറ്റത്താണുള്ളത്.
വൈക്കത്തഷ്ടമി: പ്രധാന ചടങ്ങുകള്‍
വ്യാഘ്രപാദമഹര്‍ഷിക്ക് ദിവ്യദര്‍ശനം ലഭിച്ച വൃശ്ചിക മാസത്തിലെ കറുത്തപക്ഷ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം. കോപ്പുതൂക്കല്‍, സന്ധ്യവേല, ഋഭഷഭവാഹനം എഴുന്നള്ളിപ്പ്, അഷ്ടമി ദര്‍ശനം, കീഴേടങ്ങളും അഷ്ടവിളക്കും, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, കൂടിപ്പൂജ, മുക്കുടി നിവേദ്യം, കുംഭാഷ്ടമി, വടക്കുപുറത്ത് പാട്ട്, തെക്കുപുറത്ത് പാട്ട്, ചിറപ്പ് എന്നിവയെല്ലാം പ്രധാന ചടങ്ങുകളാണ്. (കടപ്പാട്)
No comments:
Post a Comment