Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, August 29, 2020

നാമജപത്തിന്‍റെ ഫലമെന്ത് ?

ശിവ ശംഭോ 🙏

നാമജപത്തിന്‍റെ ഫലമെന്ത് ?

പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. 

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല.

നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.

ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല.

ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.

എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും.

ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപ, ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.
ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
ഓം: നമ:ശിവായ

ഐരാവതേശ്വരന്‍

ഐരാവതേശ്വരന്‍ എന്ന ഐരാവതം ഉപാസിച്ച ശിവന്‍

കലയുടെയും വാസ്തുവിദ്യാചാതുര്യത്തിന്റെയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വരക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള മുമ്പിലെ മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്.
ഇന്ദ്രന്റെ ആനയായ ഐരാവതം എന്ന വെളുത്ത ആന ശിവനെ ഈ ക്ഷേത്രത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാ ദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതീഹ്യം. ക്ഷേത്രത്തിലെ പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു.
പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്പങ്ങള്‍ കാണാനാകുന്നത്, ഭൂമിയില്‍ നിന്ന് ഒരടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍.
മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഭരതനാട്യത്തിന്റെ വിവിധ രൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.
ആന തേരു വലിക്കുന്ന രൂപത്തിലുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു. ഒരു തുറന്ന താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്പമാണ് മുഖ്യശില്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക.
രാവണന്‍ കൈലാസമെടുത്തു നില്‍ക്കുന്ന ശില്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യിലില്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതമുതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും.
നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്പിച്ചിട്ടാണുപോല്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രീകോവിലില്‍ ഗണപതി വിഗ്രഹമുണ്ട്.
മുഖ്യ ദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ സപ്തമാതൃക്കളുടെ രൂപങ്ങളുമുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം.
  ❁✿