Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, May 30, 2022

തിരുനക്കര ശ്രീ മഹാദേവക്ഷേത്രം കോട്ടയം

*🌞തിരുനക്കര ശ്രീ       മഹാദേവക്ഷേത്രം കോട്ടയം*🌞 
കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം(9°35′25.64″N 76°31′7.17″E). 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിക്കുന്നു . നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ  ദേവൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം.  തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് 'തിരുനക്കര തേവർ' എന്നറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ. പാർവ്വതീസമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ശിവപുത്രന്മാരുടെ സന്നിധികളും ക്ഷേത്രത്തിലുണ്ട്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും വലുത്. കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
 *പ്രധാന പ്രതിഷ്ഠ::* 
 *തിരുനക്കര തേവർ* 
 *പ്രധാന ഉത്സവങ്ങൾ:* 
 *അല്പശി, പൈങ്കുനി,* *ആനി* 

 *ഐതിഹ്യം* 
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് അല്പദൂരം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം. ഏതൊരു രാജാവിനെയും പോലെ അവരും തങ്ങളുടെ രാജധാനിയ്ക്കുചുറ്റും കോട്ടകൾ പണിതു. ഇങ്ങനെ കോട്ടയ്ക്കകത്തിരിയ്ക്കുന്ന സ്ഥലങ്ങൾ 'കോട്ടയ്ക്കകം' എന്നും പിൽക്കാലത്ത് 'കോട്ടയം' എന്നും അറിയപ്പെട്ടു.

ക്ഷേത്ര ഉത്പത്തി
തിരുത്തുക
തെക്കുംകൂർ രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയ്ക്കുപിന്നിൽ. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള കഥയാണിത്. അതിങ്ങനെ:

ഒരിയ്ക്കൽ, തൃശ്ശിവപ്പേരൂർ വടക്കുംനാഥനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന ഒരു തെക്കുംകൂർ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയ്ക്കടുത്ത് അന്ന് തളിക്കോട്ട ക്ഷേത്രമുണ്ടായിരുന്നു. അവിടെ അദ്ദേഹം നിത്യവും പോയി തൊഴുകയും ചെയ്തിരുന്നു. എന്നാൽ, വടക്കുംനാഥനെ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച തൃശ്ശൂരിൽ പോയിത്തൊഴുതില്ലെങ്കിൽ അദ്ദേഹത്തിന് തൃപ്തിയാകുമായിരുന്നില്ല. ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ലാത്ത അക്കാലത്ത് തോണിയിലും നടന്നുമാണ് അദ്ദേഹം പോയിരുന്നത്. ഏകദേശം മൂന്നുദിവസമെടുക്കുമായിരുന്നു അന്ന് കോട്ടയത്തുനിന്നും തൃശ്ശൂരിലെത്താൻ. എന്നാൽ, തമ്പുരാന് പ്രായമായതോടെ വടക്കുംനാഥനെ പോയിത്തൊഴാൻ നിർവ്വാഹമില്ലാതെയായി. അദ്ദേഹം മനമുരുകി വടക്കുംനാഥനോട് പ്രാർത്ഥിച്ചു. ഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ട് തമ്പുരാൻ തന്നെത്തേടി ഇനി തൃശ്ശൂർ വരെ വരേണ്ടെന്നും തമ്പുരാന്റെ നാട്ടിൽ തന്നെ താൻ കുടികൊള്ളുന്നതാണെന്നും അരുൾ ചെയ്തു. അങ്ങനെ, രാജാവ് നാട്ടിലേയ്ക്ക് മടങ്ങി. മടങ്ങുംവഴി വൈക്കത്തും അദ്ദേഹം വന്നു. അവിടെ ദർശനം നടത്തുന്ന സമയത്ത് അദ്ദേഹം ഒരു ദരിദ്രബ്രാഹ്മണനെ കണ്ടു. ദേഹമാസകലം ഭസ്മം പൂശി, രുദ്രാക്ഷമാലകൾ ധരിച്ച്, താടിയും മുടിയും നീട്ടിവളർത്തിയ ആ മഹാബ്രാഹ്മണനെ കണ്ട തമ്പുരാൻ ഉടനെ അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ ഞാൻ ഇവിടെയുള്ള പേരേപ്പറമ്പ് ഇല്ലത്തെ ഒരു നമ്പൂതിരിയാണ്. പന്ത്രണ്ടു വർഷങ്ങളായി ഈ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുകയാണ്. കുടുംബത്തിൽ വല്ലാത്ത പ്രശ്നമാണ്. എന്റെ ഭജനം കഴിഞ്ഞിട്ട് രണ്ടുമൂന്ന് ദിവസമായി. പുരനിറഞ്ഞുനിൽക്കുന്ന മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ. അവരെ എങ്ങനെയെങ്കിലും വേളി കഴിപ്പിച്ചയയ്ക്കണം. പക്ഷേ എന്തുചെയ്യാൻ? എന്റെ കയ്യിൽ കാലണയില്ല. എന്തെങ്കിലും വഴി കിട്ടിയാലേ വേളികൾ നടക്കൂ. ”
ഇതറിഞ്ഞ തമ്പുരാൻ നമ്പൂതിരിയോട് തന്റെ കൂടെ വന്നാൽ എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞു. അങ്ങനെ നമ്പൂതിരി തമ്പുരാനോടൊപ്പം തളിക്കോട്ടയിൽ താമസമാക്കി. അടുത്ത ഭജനദിവസത്തിനുള്ള ദിവസമാകാറായപ്പോൾ ചില രാജഭടന്മാർ പ്രതിനിധിയെ വിട്ട് വടക്കുംനാഥന് വഴിപാട് നടത്തിയ്ക്കാൻ തമ്പുരാനോട് പറഞ്ഞു. എന്നാൽ, അദ്ദേഹത്തിനത് ഇഷ്ടമായില്ല. ഒരു ദിവസം രാത്രിയിൽ തമ്പുരാന് ഭഗവാന്റെ സ്വപ്നദർശനമുണ്ടായി. ഭഗവാൻ അതിൽ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:
അല്ലയോ ഭക്താ, നിന്റെ അതിർത്തിയ്ക്കുള്ളിലെ നക്കരക്കുന്നിൽ സ്വയംഭൂവായി ഞാൻ അവതരിയ്ക്കാം. എന്റെ വാഹനമായ നന്ദി എന്റെ മുന്നിലും, വെളുത്ത ചെത്തിച്ചെടി എന്റെ പിന്നിൽ അല്പം ഇടതുമാറിയും കാണാം. അവിടെ നീ എനിയ്ക്കൊരു ക്ഷേത്രം പണിയുക. കാലാന്തരത്തിൽ, അത് പ്രശസ്തമാകും.'

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന നക്കരക്കുന്ന്, അന്ന് കാടുപിടിച്ചുകിടക്കുകയായിരുന്നു. വന്യജന്തുക്കൾ അതുവഴി സ്വൈരവിഹാരം നടത്തിപ്പോന്നു. ആനയെ തളയ്ക്കാനായി ഈ കാട് ഉപയോഗിച്ചിരുന്നുവെന്നും, അതുവഴി 'ആനക്കരക്കുന്ന്' എന്ന് സ്ഥലത്തിന് പേരുവന്നുവെന്നും അതാണ് നക്കരക്കുന്നായതെന്നുമാണ് വിശ്വാസം. അക്കാലത്ത് ക്ഷേത്രത്തിന് വടക്കുകിഴക്കുഭാഗത്ത് ഒരു സ്വാമിയാരുമഠമുണ്ടായിരുന്നു. അവിടത്തെ ചില പണിക്കാർ ഒരുദിവസം കാടുതെളിയ്ക്കാനായി കുന്നിലെത്തിയപ്പോൾ മൂർച്ച കൂട്ടാനായി അടുത്തുകണ്ട ഒരു കല്ലിൽ തങ്ങളുടെ അരിവാളുകൾ ഉരച്ചു. അപ്പോൾ ആ കല്ലിൽ നിന്ന് രക്തപ്രവാഹമുണ്ടായി. അവർ ഉടനെ പ്രശ്നം വച്ചുനോക്കി. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് അവർ കണ്ടെത്തി. തുടർന്ന് രാജധാനിയിലേയ്ക്ക് ഓടിപ്പോയ അവർ രാജാവിനെയും വിവരമറിയിച്ചു. അദ്ദേഹം ഭടന്മാർക്കൊപ്പം സന്തോഷാധിക്യത്താൽ ശിവലിംഗത്തിനടുത്തേയ്ക്ക് നടന്നുവന്നു. അപ്പോഴേയ്ക്കും കാട് മുഴുവൻ വെട്ടിത്തെളിച്ചിരുന്നു. സ്വപ്നത്തിൽ കണ്ടപോലെ അവിടെ ശിവലിംഗത്തിന് നേരെമുന്നിൽ നന്തിയും പിന്നിൽ അല്പം ഇടതുമാറി വെളുത്ത ചെത്തിച്ചെടിയുമുണ്ടായിരുന്നു. തമ്പുരാന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അദ്ദേഹം, തന്റെ രാജ്യത്തെയും പ്രജകളെയുമെല്ലാം ഭഗവദ്പാദങ്ങളിൽ സമർപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന്, തന്റെ രാജ്യത്തെ ഏറ്റവും വലിയൊരു ക്ഷേത്രം തമ്പുരാൻ അവിടെ തന്റെ ഇഷ്ടദേവന് പണികഴിപ്പിച്ചു. നാലുഭാഗത്തും ഗോപുരങ്ങൾ, കൂത്തമ്പലം, ശ്രീകോവിൽ, ഉപദേവതാലയങ്ങൾ, നമസ്കാരമണ്ഡപം - അങ്ങനെ മഹാക്ഷേത്രലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു ക്ഷേത്രമായിരുന്നു അത്. പേരേപ്പറമ്പ് നമ്പൂതിരിയെ അവിടത്തെ ശാന്തിക്കാരനാക്കി. തരണനല്ലൂർ നമ്പൂതിരിയായിരുന്നു തന്ത്രി. തുടർന്ന്, തമ്പുരാൻ അവിടെ വന്നുതൊഴുത് മുക്തിയടഞ്ഞു.

 *തിരുനക്കരയിലെ നന്ദി* 

ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവവാഹനമായ നന്ദിയുടെ പ്രതിഷ്ഠയുണ്ടാകും. ശിവക്ഷേത്രങ്ങളിലെ കൊടിമരത്തിന് മുകളിലും നന്ദിയുടെ രൂപമുണ്ടാകാറുണ്ട്. ശിവനെ തൊഴുന്നതിനുമുമ്പ് നന്ദിയെ തൊഴണമെന്നാണ് ചിട്ട. നന്ദിയുടെ ചെവിയിൽ ഭക്തർ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ അടുത്തുചെന്ന് പറയുമെന്നാണ് വിശ്വാസം. എങ്കിലും നന്ദിയ്ക്ക് വിശേഷാൽ പ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ ശിവലിംഗത്തോടൊപ്പം ഉദ്ഭവിച്ചതാണ് ഇവിടത്തെ നന്ദിവിഗ്രഹവും. മാത്രവുമല്ല, നന്ദിയെ ഒരു ദേവനായിത്തന്നെ ഇവിടെ ആരാധിച്ചുവരുന്നു. നന്ദിയ്ക്ക് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇത്തരത്തിൽ വരാൻ കാരണമായ ഒരു സംഭവമുണ്ട്. മേല്പറഞ്ഞ ഐതിഹ്യത്തിന്റെ തുടർച്ചയായി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്ന കഥയാണിത്. അതിങ്ങനെ:

തിരുനക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അന്നാട്ടുകാർക്ക് ഒരു വലിയ ഉപദ്രവമുണ്ടായി. തിരുനക്കരയിലും അടുത്തുള്ള സ്ഥലങ്ങളിലും നെല്ലോ സസ്യലതാദികളോ കൃഷിചെയ്താൽ എത്രയൊക്കെ വേലികെട്ടി വച്ചാലും അവയെല്ലാം പൊളിച്ചുകൊണ്ട് രാത്രിയിൽ ഒരു വെളുത്ത കാള കടന്നുവന്ന് അവയെല്ലാം തിന്നാൻ തുടങ്ങി. ഈ കാള ആരുടേതാണെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. നല്ല നിലാവുള്ള രാത്രികളിൽ ദൂരെനിന്ന് നോക്കിയാൽ അവനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ, അടുത്തെത്തുമ്പോഴേയ്ക്കും അവൻ അപ്രത്യക്ഷനായിക്കളയും! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചപ്പോൾ ജനങ്ങൾ കഷ്ടപ്പെട്ടു. അവർ രാജാവിനടുത്ത് പരാതി പറയുകയും രാജാവ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിയ്ക്കേ നല്ല നിലാവുള്ള ഒരു രാത്രിയിൽ, തിരുനക്കരയിൽ നിന്ന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന 'വേളൂർ' എന്ന സ്ഥലത്ത് ഒരു പാടത്ത് മേല്പറഞ്ഞ കാള പ്രത്യക്ഷപ്പെടുകയും വിളകൾ തിന്നാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കാഴ്ച കണ്ട അവിടത്തെ പണിക്കാരനായ ഒരു പറയൻ, കാളയ്ക്കുനേരെ കല്ലെറിയുകയും അതിനെ ആട്ടിയോടിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ രാജാവിന് ഒരു സ്വപ്നദർശനമുണ്ടായി. ഒരു വെളുത്ത കാള തന്റെയടുത്തുവന്ന് ഇങ്ങനെ പറയുന്നതായായിരുന്നു സ്വപ്നം:

മഹാരാജൻ, അങ്ങ് ഭഗവാന് വേണ്ടതെല്ലാം ഒരുക്കിവയ്ക്കുന്നുണ്ടല്ലോ. ഉപദേവതകൾക്കും ആവശ്യത്തിനുണ്ടാകുന്നുണ്ടല്ലോ. എന്താണ് എനിയ്ക്കുമാത്രം ഇല്ലാത്തത്? ഞാൻ ഭഗവാന്റെ വാഹനമല്ലേ? എനിയ്ക്കൊന്നും കിട്ടാത്തതുകൊണ്ടല്ലേ ഞാൻ നാട്ടുകാരുടെ വിളവുമുഴുവൻ തിന്നുതീർക്കുന്നത്. അതുമൂലം എനിയ്ക്കിന്ന് ഒരു പറയന്റെ കല്ലേറ് കൊള്ളുകയും ചെയ്തു. ഇങ്ങനെയൊക്കെയായാൽ എന്തുചെയ്യും? കഷ്ടം തന്നെ!

പിറ്റേന്ന് രാവിലെ, സ്ഥലത്തെ പ്രധാന ജ്യോത്സ്യരെ വിളിപ്പിച്ച രാജാവ് തനിയ്ക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത്, സ്വപ്നത്തിൽ കണ്ട കാള, ശിവവാഹനമായ നന്ദി തന്നെയാണെന്നും അതിനുകൂടി നിവേദ്യം വേണമെന്നാണ് ദേവഹിതമെന്നുമാണ്. തുടർന്ന് രാജാവ്, വേളൂരിൽ കാളയ്ക്ക് ഏറുകൊണ്ട സ്ഥലം തിരുനക്കര ദേവസ്വം വകയാക്കുകയും, അവിടത്തെ നെല്ലുകൊണ്ട് നിവേദ്യമുണ്ടാക്കണമെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് നന്ദിയ്ക്ക് നിവേദ്യം തുടങ്ങിയത്.

ഈ നന്ദിവിഗ്രഹത്തിൽ ഇടയ്ക്ക് ചില വ്രണങ്ങളുണ്ടാകാറുണ്ട്. ഇത് മറ്റൊരു അത്ഭുതമാണ്. എന്നാൽ, ഇത്തരം വ്രണങ്ങളുണ്ടാകുന്നത് ഒരു അപശ്ശകുനമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് വലിയ അത്യാഹിതങ്ങൾ നടക്കുമ്പോഴാണ് വ്രണമുണ്ടാകുന്നതും അവ പൊട്ടുന്നതും എന്നാണ് കഥ. തിരുവിതാംകൂർ രാജാക്കന്മാർ നാടുനീങ്ങിയ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ വൻ ദുരന്തങ്ങൾക്കുമുമ്പും ഇത്തരത്തിൽ വന്നിരുന്നു. ഇപ്പോൾ ഈ നന്ദിവിഗ്രഹം പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ടെങ്കിലും വ്രണമുണ്ടാകുന്നത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.

ബ്രഹ്മരക്ഷസ്സ്
തിരുത്തുക
കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും ഉപപ്രതിഷ്ഠയാണ് ബ്രഹ്മരക്ഷസ്സ്. വേദപുരാണശാസ്ത്രാദികളിൽ പ്രാവീണ്യം നേടിയവരും അപമൃത്യുവിനിരകളായവരുമായ ബ്രാഹ്മണരുടെ പ്രേതങ്ങളാണ് ബ്രഹ്മരക്ഷസ്സ് എന്നാണ് വ്യാഖ്യാനം. എന്നാൽ, ചരിത്രപരമായി ഇത്തരം മൂർത്തികളുടെ ആരാധന ആദിദ്രാവിഡസംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്. രക്തം കുടിയ്ക്കുന്ന പ്രേതത്തിനാണ് 'രക്ഷസ്സ്' എന്ന് പറയുക. ഒരുപാട് ക്ഷേത്രങ്ങളിൽ ഉപപ്രതിഷ്ഠയായി ഉണ്ടാകാറുണെങ്കിലും ബ്രഹ്മരക്ഷസ്സിന് സവിശേഷപ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ അപൂർവ്വമാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്താണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന മടപ്പള്ളി നമ്പൂതിരിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസ്സായി ആരാധിയ്ക്കപ്പെടുന്നത്. ഈ പ്രതിഷ്ഠ ഇവിടെ വരാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഒരുകാലത്ത് തിരുനക്കര ക്ഷേത്രമടക്കം കേരളത്തിലെ മിയ്ക്ക ക്ഷേത്രങ്ങളിലും ശീവേലിയ്ക്ക് എഴുന്നള്ളിച്ചിരുന്നത് മൂത്തതുമാരാണ്. നമ്പൂതിരിമാരുടെ ഒരു ഉപവിഭാഗമാണ് ഇവരെങ്കിലും ഇവർക്ക് വേദാദ്ധ്യായനമില്ല. ക്ഷേത്രങ്ങൾ വകയായി ഇവർക്ക് ധാരാളം ഭൂസ്വത്തുക്കളുമുണ്ടായിരുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം തുടങ്ങി ചില ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശവും ഇവർക്കായിരുന്നു. തിരുനക്കര ക്ഷേത്രത്തിൽ ഇവർക്ക് ഉടമസ്ഥാവകാശമുണ്ടായിരുന്നില്ലെങ്കിലും വലിയ സ്ഥാനമായിരുന്നു. ചെങ്ങഴശ്ശേരി, പുന്നശ്ശേരി എന്നീ രണ്ട് കുടുംബക്കാരാണ് ക്ഷേത്രത്തിൽ ശീവേലിയ്ക്ക് എഴുന്നള്ളിച്ചിരുന്നത്. ഇവർ ഓരോ ദിവസവും മാറിമാറി അവകാശം കൈകാര്യം ചെയ്തുവന്നു. അവരിലെ പുന്നശ്ശേരി കുടുംബത്തിൽ പെട്ട ഒരു മൂത്തതുമായി ബന്ധപ്പെട്ടാണ് താഴെപ്പറയുന്ന സംഭവമുണ്ടാകുന്നത്.

ഒരു തെക്കുംകൂർ രാജാവിന് അന്നത്തെ പുന്നശ്ശേരി മൂത്തതുമായി അഗാധമായ ആത്മബന്ധമുണ്ടായിരുന്നു. ക്ഷേത്രജോലി കഴിഞ്ഞുവരുന്ന അവസരങ്ങളിൽ മിയ്ക്കവാറും താമസം താഴത്തങ്ങാടിയിലെ രാജകൊട്ടാരത്തിലായിരുന്നു. ഇരുവരും തമ്മിൽ പല കാര്യങ്ങളും സംസാരിച്ചിരിയ്ക്കും രാജാവ് കാഴ്ചയിൽ അതിവിരൂപനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പത്നി അതിസുന്ദരിയായിരുന്നു. കാഴ്ചയിൽ സുന്ദരനായിരുന്ന മൂത്തതിൽ രാജപത്നിയ്ക്ക് കണ്ണുടക്കുകയും, തുടർന്ന് ഇരുവരും പ്രേമബന്ധത്തിലാകുകയും ചെയ്തു. രാജാവില്ലാത്ത സമയങ്ങളിൽ ഇവർ തമ്മിൽ ചില രഹസ്യവേഴ്ചകൾ പോലുമുണ്ടായി. ഇത് ഒടുവിൽ രാജാവ് അറിയാനിടവരികയും, മൂത്തതിനെ വധിയ്ക്കാൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തു. പരിഭ്രാന്തനായ മൂത്തത് ക്ഷേത്രസങ്കേതത്തിൽ തന്നെ താമസിയ്ക്കാൻ തീരുമാനിച്ചു. ഇത് രാജാവിനെ ഒന്നുകൂടി കോപാസക്തനാക്കി. ക്ഷേത്രത്തിൽ വച്ചായാലും മൂത്തതിനെ വധിയ്ക്കാൻ തന്നെ അദ്ദേഹം ഭടന്മാർക്ക് കല്പന കൊടുത്തു. ഈ സംഭവം മൂത്തത് അറിയുകയും അയാൾ വ്യാജ തലവേദന അഭിനയിച്ച് ക്ഷേത്രത്തിൽ കിടക്കുകയും ചെയ്തു. അന്നത്തെ ശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കാനുള്ള അവകാശം മൂത്തത് മടപ്പള്ളി നമ്പൂതിരിയെ ഏല്പിച്ചു. ഈ സംഭവവികാസങ്ങളൊന്നുമറിയാതിരുന്ന മടപ്പള്ളി ഇത് പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും ചെയ്തു. മടപ്പള്ളി തിടമ്പുമായി പുറത്തുകടന്നതിന് പിന്നാലെ മൂത്തത് സ്ഥലം വിടുകയും ചെയ്തു.

ഈ സമയം, മൂത്തതിനെ വധിയ്ക്കാനുള്ള സന്നാഹങ്ങളുമായി രാജഭടന്മാർ ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് കാത്തുനിൽക്കുകയായിരുന്നു. ശീവേലി എഴുന്നള്ളിപ്പ് വടക്കേ നടയിലെത്തിയപ്പോൾ അവർ മൂത്തതാണെന്ന് തെറ്റിദ്ധരിച്ച് മടപ്പള്ളിയെ വെടിവച്ചുകൊന്നു [a]. ആ സമയത്ത് അകമ്പടിയായി ചെണ്ട കൊട്ടിക്കൊണ്ടിരുന്ന മാരാർ തന്റെ ചെണ്ടകൊണ്ട് വെടിയുണ്ട തടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉണ്ട നെഞ്ചത്തുതറച്ച മടപ്പള്ളി തത്ക്ഷണം മരിച്ചുവീണു. ഈ വിവരമറിഞ്ഞ് അലറിക്കരഞ്ഞുകൊണ്ട് ഓടിവന്ന അദ്ദേഹത്തിന്റെ പത്നിയായ അന്തർജനം, ശ്രീകോവിലിന് മുന്നിൽ നിന്ന് താൻ പതിവ്രതയാണെങ്കിൽ ഈ കൊടുംപാപത്തിന്റെ ഫലം തെക്കുംകൂർ അനുഭവിയ്ക്കുമെന്ന് പറയുകയും തന്റെ കഴുത്തിലുണ്ടായിരുന്ന താലിമാല വലിച്ചൂരി സോപാനപ്പടിയിൽ തല മുട്ടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. വധിയ്ക്കപ്പെട്ട കീഴ്ശാന്തിയുടെ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറുകയും ക്ഷേത്രത്തിൽ വിവിധ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. പലതവണ പൂജകൾ മുടങ്ങിപ്പോകുന്നതും ക്ഷേത്രവളപ്പിൽ അപകടങ്ങളുണ്ടാകുന്നതും പതിവായി. പിന്നീട് ബ്രഹ്മരക്ഷസ്സിനെ ഓടുകൊണ്ടുള്ള ഒരു വിഷ്ണുവിഗ്രഹത്തിൽ ആവാഹിച്ച് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഇപ്പോൾ ഏതൊരു ശുഭകർമ്മവും ഈ ബ്രഹ്മരക്ഷസ്സിനെ പ്രീതിപ്പെടുത്തിയേ നടത്താറുള്ളൂ.

ഇതിനിടയിൽ തെക്കുംകൂർ രാജാവ്, ക്ഷേത്രത്തിൽ അന്തർജനങ്ങൾക്ക് പ്രവേശനമില്ലെന്നും ശീവേലിയ്ക്ക് മൂത്തതുമാർ എഴുന്നള്ളിയ്ക്കരുതെന്നും നിർദ്ദേശങ്ങൾ വച്ചു. എങ്കിലും അന്തർജനത്തിന്റെ ശാപം ഒടുവിൽ ഫലിച്ചു. എ.ഡി. 1750-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നടത്തിയ യുദ്ധത്തിൽ തെക്കുംകൂർ തോൽക്കുകയും തുടർന്ന് അത് തിരുവിതാംകൂറിന്റെ ഭാഗമാകുകയും ചെയ്തു.

ചരിത്രം
തിരുത്തുക
തിരുനക്കര ക്ഷേത്രത്തിന്റെ ചരിത്രം, കോട്ടയം നഗരത്തിന്റെ ചരിത്രത്തോട് ചേർന്നുകിടക്കുന്നു. കോട്ടയത്തെക്കുറിച്ച് വിവരിയ്ക്കുമ്പോൾ തിരുനക്കര ക്ഷേത്രത്തെ ഒഴിവാക്കാൻ സാധിയ്ക്കുന്നതല്ല. അത്രമേൽ ഇഴുകിച്ചേർന്നുകിടക്കുന്നതാണ് തിരുനക്കര ക്ഷേത്രവും കോട്ടയം നഗരവും. ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കുന്ന ഉത്സവം കോട്ടയത്തിന്റെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള പകൽപ്പൂരം പ്രസിദ്ധമാണ്. നിരവധി ആളുകളാണ് ഇത് കാണാനായി കോട്ടയത്തെത്തുന്നത്.

ക്ഷേത്രത്തിന്, മേൽ വിവരിച്ച ഐതിഹ്യമനുസരിച്ച് ഏകദേശം അഞ്ഞൂറു വർഷം പഴക്കം കാണും. എങ്കിലും, അതിനെക്കാളുമൊക്കെ പഴക്കം ക്ഷേത്രത്തിനുള്ളതായി പറയപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പേരുള്ളതാണ് മേൽ വിവരിച്ച കാരണം. അതനുസരിച്ചുനോക്കുമ്പോൾ കുറഞ്ഞത് അയ്യായിരം വർഷത്തെ പഴക്കമെങ്കിലും ക്ഷേത്രത്തിനുണ്ട്. പിന്നീടൊരു കാലത്ത് ക്ഷേത്രം നശിച്ചുപോയതാകാമെന്നും ഇത് സൂചിപ്പിയ്ക്കുന്നു. എങ്കിലും, ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ചരിത്രം ഐതിഹ്യവുമായി ചേർന്നുകിടക്കുന്നു. തിരുനക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് തെക്കുംകൂർ രാജാക്കന്മാർ കോട്ടയം എന്ന നഗരം തന്നെ സൃഷ്ടിച്ചെടുത്തത്. അക്കാലത്തെ മാതൃകാ നഗരങ്ങളിലൊന്നായിരുന്നു അത്. കോട്ടയത്തെ പ്രധാനപ്പെട്ട ഭരണസ്ഥാപനങ്ങൾ പലതും ഒരുകാലത്ത് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിരുന്നത്. സബ് ജയിൽ, ജില്ലാ ജയിൽ, ജില്ലാ കോടതി, കളക്ടറേറ്റ്, അങ്ങനെ പോകുന്നു ആ നിര. കാലാന്തരത്തിൽ, താഴത്തങ്ങാടിയിലെ തളിക്ഷേത്രത്തിന് പ്രാധാന്യം നഷ്ടമാകുകയും തിരുനക്കര ക്ഷേത്രം എല്ലാ പ്രൗഢിയോടും കൂടി വാഴുകയും ചെയ്തു. തെക്കുംകൂർ രാജാക്കന്മാർ ക്ഷേത്രത്തെ ഭക്തിപൂർവ്വം ആചരിച്ചുപോന്നു.

എന്നാൽ, തെക്കുംകൂർ തിരുവിതാംകൂറിന്റെ ഭാഗമായതോടെ കോട്ടയത്തിന്റെ പ്രാധാന്യം ഇല്ലാതാകുകയും തിരുനക്കര ക്ഷേത്രം, തിരുവിതാംകൂറിലെ എണ്ണം പറഞ്ഞ ക്ഷേത്രങ്ങളിലൊന്നായി ഒതുക്കപ്പെടുകയും ചെയ്തു. പേരുകേട്ട വാണിജ്യകേന്ദ്രം എന്ന പദവിയും കോട്ടയത്തിന് നഷ്ടമായി. 1880 വരെ ഈ സ്ഥിതി തുടർന്നു. തിരുവിതാംകൂറിൽ വന്ന ശേഷമുള്ള ആദ്യകാലങ്ങളിൽ, ചേർത്തല ആസ്ഥാനമായിരുന്ന വടക്കൻ ഡിവിഷനിൽ പെട്ട ഒരു താലൂക്ക് മാത്രമായിരുന്നു കോട്ടയം. 1879-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന നാണുപിള്ള, വടക്കൻ ഡിവിഷന്റെ ആസ്ഥാനമാകാൻ എന്തുകൊണ്ടും യോഗ്യത കോട്ടയത്തിനാണെന്ന് പറയുകയുണ്ടായി. എന്നാൽ, അന്ന് നാടുവാണിരുന്ന ആയില്യം തിരുനാൾ രാമവർമ്മ രാജാവിന് ഇത് സമ്മതമായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം സ്ഥാനമേറ്റ വിശാഖം തിരുനാൾ രാമവർമ്മയുടെ കാലത്താണ് വടക്കൻ ഡിവിഷന്റെ ആസ്ഥാനം കോട്ടയത്തേയ്ക്ക് മാറ്റിയത്. ഇത് കോട്ടയത്തിനും, അതുവഴി തിരുനക്കര ക്ഷേത്രത്തിനും ഒരു പുത്തൻ ഉണർവ് നൽകി. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലായി. 1950-കളിൽ ക്ഷേത്രത്തിൽ വൻ തോതിൽ മാറ്റങ്ങൾ നടന്നു. ചുവർച്ചിത്രങ്ങൾ പുതുതായി വരച്ചുചേർത്തതും, ഗോപുരങ്ങൾ പുതുക്കിപ്പണിതതും, പുതിയ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചതുമെല്ലാം ഈ കാലയളവിലാണ്. അന്നത്തെ ബോർഡ് മെമ്പറായിരുന്ന വേലുപ്പിള്ളയാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്ന് തിരുനക്കരയാണ്. വൻ ഭക്തജനത്തിരക്കാണ് ദിവസവും ക്ഷേത്രത്തിലുണ്ടാകുന്നത്. തിങ്കളാഴ്ച, ശിവരാത്രി, പ്രദോഷവ്രതം, ഉത്സവം തുടങ്ങിയ അവസരങ്ങളിൽ ഇത് ഇരട്ടിയാകും. ശബരിമല തീർത്ഥാടനകാലത്ത് കോട്ടയത്തെത്തുന്ന ഭക്തർ തിരുനക്കര ക്ഷേത്രത്തിൽ തൊഴാതെ പോകാറില്ല.