Followers(ഭഗവാന്‍റെ ഭക്തര്‍ )
Wednesday, November 6, 2019
പറമ്പന്തളി മഹാദേവക്ഷേത്രം
*ചടയമംഗലം ശ്രീമഹാക്ഷേത്രം
*ചടയമംഗലം ശ്രീമഹാക്ഷേത്രം ......*
കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ ചടയമംഗലം മഹാദേവക്ഷേത്രം.
റോഡില്‍ നിന്നും ഉയര്‍ന്നുകാണുന്ന ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ നിന്നുള്ള കാഴ്ചയ്ക്കുമുണ്ട് അസുലഭ സൗകുമാര്യം. വലതുവശത്ത് താഴ്ചയില്‍ കുളം. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ബലിക്കല്ല്. അറ്റത്ത് കത്തുന്ന കെടാവിളക്ക്, മണ്ഡപത്തില്‍ നന്ദിവാഹനം. ശ്രീകോവിലില്‍ പരമശിവന്‍ കിഴക്കോട്ടും പിന്നില്‍ പാര്‍വ്വതി പടിഞ്ഞാറോട്ടും ദര്‍ശനമേകുന്നു. നാലമ്പലത്തിന് പുറത്ത് ഗണപതി. ഇടതുവശത്ത് ഭഗവാന്റെ ആഭരണമായ നാഗം. നാലമ്പലത്തിന് പുറത്ത് കിഴക്കുഭാഗത്തായി ജടായു വിഗ്രഹം.
ജടായുവിന് പ്രത്യേകം ശ്രീകോവിലില്ല. സംരക്ഷണഭിത്തി തീര്‍ത്തിരിക്കുന്നു. ഇടായു കൊണ്ടുവന്ന ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചുവെന്നും പവിത്രമായ ജടായുമംഗലമാണ് ചടയമംഗലമെന്നും ഐതിഹ്യം. ക്ഷേത്രത്തിന് ഒരു കി.മീ. തെക്കുഭാഗത്തായി ജടായു പാറ. പാറയിലെത്താന്‍ വഴിയുണ്ട്. പാറയുടെ മുകളില്‍ വലിയ ശ്രീരാമ വിഗ്രഹം. ഇവിടെ ശ്രീരാമസങ്കല്‍പമുണ്ടെന്ന് പഴമ. ഏതാണ്ട് ഇരുന്നൂറോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പാറ. ദിവ്യമായ ഈ ശിലയ്ക്ക് രണ്ടായിരം അടി ഉയരം വരും.
രാവണന്‍ സീതാദേവിയെയും കൊണ്ട് പുഷ്പക വിമാനത്തില്‍ ലങ്കയിലേക്ക് പോകുമ്പോള്‍ സീതയുടെ കരച്ചില്‍ കേട്ട് ജടായു ആ വിമാനത്തിന്റെ ഗതിയെ തടഞ്ഞു. ഇതോടെ ജടായുവും രാവണനും തമ്മില്‍ യുദ്ധമായി, പൊരിഞ്ഞ യുദ്ധം. അവരുടെ പോര് നടന്ന സ്ഥലം പോരേടം എന്നറിയപ്പെടുന്നു. പോരേടം ചടയമംഗലത്തിന് തൊട്ടടുത്ത സ്ഥലമാണ്. വെളിപ്പെടുത്തുന്ന ചില അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. പേരിനൊടുവില്‍ ജടായു വീണത് ഈ പാറയിലാണെന്ന് ഐതിഹ്യം. അത് നീലംപതിച്ച സ്ഥലം ഒരു കുളമായി. ഒരു കാലത്തും വറ്റാത്ത കുളം. ജടായുവിന്റെ ശേഷക്രിയകള്‍ നടത്താന്‍ രാമലക്ഷ്മണന്മാര്‍ ഇവിടെ എത്തിയതായും പറയപ്പെടുന്നു. ജടായുവിന്റെ ചുണ്ടുരത്തെ പാടും ശ്രീരാമന്റെ കാല്‍പാടും പാറയിലുണ്ട്. ഇതെല്ലാം ഇവിടെ എത്തുന്ന ഭക്തരില്‍ ദിവ്യ അനുഭൂതിയും സഞ്ചാരികളില്‍ കൗതുകമുണര്‍ത്തും.
ക്ഷേത്രത്തില്‍ വഴിപാടായി പായസവും വെള്ളയും അര്‍ച്ചനയും ഹോമവും ഉണ്ട്. കുംഭമാസത്തിലെ ശിവരാത്രി ഉത്സവമായി ആഘോഷിക്കുന്നു. കൊടിയേറ്റ് ഉത്സവമല്ല. ശ്രീഭൂതബലിയും കാഴ്ച ശീവേലിയും ഉണ്ട്...
ഓം നമഃ ശിവായ
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം (കണ്ണൂര്‍)*
*പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം (കണ്ണൂര്‍)*
ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രം. പ്രധാനമൂര്‍ത്തിയായ മുത്തപ്പന്‍ കിരാതവേഷം ധരിച്ച ശിവന്‍റെ അംശാവതാരമാണെന്ന് വിശ്വസിക്കുന്നു. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദികരയില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഈ ക്ഷേത്രത്തില്‍ മദ്യവും മാംസവും മത്സ്യവും നിവേദിക്കും. മദ്യം ശ്രീകോവിലില്‍ കയറ്റാറില്ല. സംക്രമത്തിനും വിശേഷ ദിവസങ്ങളിലും ബ്രാഹ്മണപൂജ.
ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലാതാണ് മുത്തപ്പന്റെ ബാല്യകാലം.അവിടത്തെ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദു:ഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി.ഒടുവിൽ ഒരു ദിവസം പാടിക്കുറ്റിഅമ്മ തിരുവൻചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു,ഒടുവിൽ ഭക്തർക്ക് അനുഗ്രഹം നൽകുന്നതിനു വേണ്ടി മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നു. ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റെത്.ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്.സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപിച്ചു .കട്ടുംരിഗങ്ങളെ വെട്ടയാടിപിടിച്ചും മത്സ്യ മാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പയിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജ്ജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു.ഒടുവിൽ നിവിർത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ അവിശ്യപെടുകയും ചെയ്തു.അപ്പോൾ മുത്തപ്പൻ തന്റെ വിശ്വരൂപം കാട്ടികൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു.ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്ന്നു പൊയ്ക്കണ്ണ് ധരിക്കണം എന്നാവിശ്യപെടുകയും ചെയ്തു .
മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്.
ഓം നമഃ ശിവായ
ഐരാണിക്കുളം മഹാദേവക്ഷേത്രം
*ഐരാണിക്കുളം മഹാദേവക്ഷേത്രം...*
പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിൽ മാളയിൽ നിന്നും
ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
1500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഐരാണിക്കുളം ക്ഷേത്രം..കേരളത്തിലെ ഏറ്റവും വലിയ ഇരുനിലവട്ട ശ്രീകോവിലും ബലിക്കല്ലുകളും ഇവിടെയുണ്ട്.
ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണ് സങ്കല്പം.തെക്കേടത്തപ്പനും വടക്കേടത്തപ്പനും.
സമീപകാലത്തു നടന്ന പുനരുദ്ധാരണത്തിൽ തകർന്ന വിഗ്രഹം മാറ്റി പഞ്ചലോഹത്തിൽ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പൻ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ്. തെക്കേടത്ത് പ്രതിഷ്ഠാസ്ഥാനം പണ്ട് ത്രേതായുഗത്തില്‍ പരശുരാമന്‍ ധ്യാനത്തിലിരുന്ന സ്ഥലമായിരുന്നു എന്ന ഐതിഹ്യമുണ്ട്.
വടക്കേടത്തപ്പന്റെ ശ്രീകോവിലിൽ ശിവനും പാർവ്വതിയും സുബ്രഹ്മണ്യനും ഒരേ പീഠത്തിൽ വസിക്കുന്നു. മൂന്നും പഞ്ചലോഹ വിഗ്രഹങ്ങളാണ്.വടക്കേടത്ത് ഒരു പീഠത്തില്‍ വരമുദ്രയോടെ ധ്യാനത്തിലിരിക്കുന്ന ശിവനും പാര്‍വ്വതിയും സുബ്രഹ്മണ്യനും ഒരു പീഠത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് . കേരളത്തിലെ അപൂർവ്വമായിട്ടുള്ള വിഗ്രഹരൂപത്തിലെ ശിവപ്രതിഷ്ഠകളിൽ ഒന്നാണ് ഇത്. നിലയില്ലാത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലാണ്.
ക്ഷേത്രത്തിൽ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെടുത്തിയ ധാരാളം ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്‍റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെ ഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ ഭരണകർത്താക്കളായിരുന്ന ഇല്ലക്കാർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.
ആദ്യകാലത്ത് വൃശ്ചികമാസത്തിലെ തിരുവാതിര കൊടികയറി ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ ഇന്ന് ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 8 ദിവസം മാത്രമേ ഉത്സവം കൊണ്ടാടുന്നുള്ളൂ. കൊടിമരമില്ലാത്തതിനാൽ താത്കാലികമായി അടയ്ക്കാമരം കൊണ്ട് അത് നിർമ്മിച്ചാണ് കൊടിയേറ്റം.
തന്ത്രി താമരശ്ശേരി മേയ്ക്കാടാണ്. ഗണപതിയും നാഗദൈവങ്ങളും ശാസ്താവും ഭഗവതിയും ഉപദേവതകൾ. മൂന്നുനേരം പൂജയുണ്ട്. ആദ്യം തെക്കേടത്തപ്പനാണ് പൂജ. അതിനുശേഷമേ മറ്റുള്ള ദേവന്മാർക്ക് പൂജയുള്ളൂ.
ഓം നമഃ ശിവായ
പാലൂർ മഹാദേവക്ഷേത്രം
*പാലൂർ മഹാദേവക്ഷേത്രം...*
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പനയൂർ എന്ന് അറിയപ്പെട്ടിരുന്ന പാലൂർ മഹാദേവക്ഷേത്രം...
പാലക്കാട് ജില്ലയില്‍ തത്തമംഗലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശോകനാശിനി പുഴയുടെ തീരത്തുള്ള ക്ഷേത്രത്തില്‍ എത്തിചേരാം ...
തമിഴ് നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച്, തമിഴ്നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന പുഴയാണ് ശോകനാശിനിപ്പുഴ. കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരത പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണ് ശോകനാശിനിപുഴ. ചിറ്റൂർ പുഴയെന്നും കണ്ണാടിപുഴയെന്നും ഇത് അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകി പാലൂർ ക്ഷേത്രത്തിനല്പം മാറി ഭാരതപ്പുഴയിൽ ചേരുന്നു.
കേരള വാസ്തുവിദ്യാനുശ്രിതമായാണ് ഇവിടെ ക്ഷേത്രം പണിതീർത്തിരിക്കുന്നത്.
കിഴക്ക് ദര്‍ശനമേകി ഭഗവാന്‍ ശോകനാശിനി പുഴയുടെ തീരത്ത് വാഴുന്നു.. ശോകനാശിനി പുഴ പോലെതന്നെ ഇവിടുത്തെ ക്ഷേത്രേശനും ശോകനാശകനാണന്ന് ഭക്തർ വിശ്വസിക്കുന്നു.
പാലൂർ മഹാദേവക്ഷേത്രത്തിനു സമീപം തന്നെ തകര്‍ന്ന മറ്റൊരു മഹാക്ഷേത്രം കാണാം . ഇപ്പോഴത്തെ ക്ഷേത്ര നിര്‍മ്മിതിക്ക് അതിപ്രാചീനതയൊന്നും അവകാശപ്പെടാന്‍ ഇല്ലാത്തത് കൊണ്ട് ഒരുപക്ഷെ തകര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രം ആയിരിക്കാം യഥാര്‍ത്ഥ പാലൂര്‍ ക്ഷേത്രം..ആറു ഏക്കറോളം വരുന്ന ക്ഷേത്ര പറമ്പ് മണ്മറഞ്ഞ പഴയ പ്രതാപത്തെ സൂചിപ്പിക്കുന്നു.
ആക്രമകാരിയായ ടിപ്പുവിന്‍റെ പടയോട്ട കാലത്ത് തകര്‍ത്തതാകാം ഈ ക്ഷേത്രമെന്നു ഗ്രാമവാസികള്‍ക്ക് അഭിപ്രായമുണ്ട് .അങ്ങനെയെങ്കില്‍ തൊട്ടപ്പുറത്ത് തന്നെ കൊച്ചി രാജാവ് പുതിയ ക്ഷേത്രം പണിതതാകാം .
ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം പണ്ട് ഒരു ചെട്ടിയാരുടെ വകയായിരുന്നു. ക്ഷേത്രപറമ്പ് പഴയ കൊച്ചിയിലും ചുറ്റുമുള്ള സ്ഥലങ്ങള്‍ ബ്രിട്ടീഷ് മലബാറിലുമായിരുന്ന സമയത്ത് കൊച്ചി രാജാവ്,ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പിടിച്ചെടുത്തതോ അതോ സ്ഥല ഉടമയായ ചെട്ടിയാര്‍ അത് വിട്ടുനല്‍കിയതോ ആവാം. കൊച്ചിയുടെ അതിരില്‍ ആയതിനാല്‍ കൊച്ചിന്‍ ദേവസ്വം ആണ് ഭരണം നടത്തുന്നത്.
ടിപ്പുവിന്‍റെ പിതാവ് ഹൈദരാലിക്ക് ക്ഷേത്രങ്ങള്‍ പൊളിച്ചു കോട്ടകള്‍ കെട്ടുന്ന സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. പഴയ പാലൂര്‍ ക്ഷേത്രം പൊളിച്ചു കൊണ്ടു കോട്ട കേട്ടിയതാണോ എന്നതിനെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ് . സമീപത്തു കുന്നിനുമുകളില്‍ പാലൂര്‍ കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയുടെ അവശിഷ്ടം ഇന്നും കാണാം.പ്രസ്തുത പ്രദേശത്തെ പാലൂര്‍ കോട്ട എന്നാണ് ഇന്നും വിളിക്കുന്നത്.പാലക്കാട് കോട്ട കഴിഞ്ഞാല്‍ ടിപ്പുവിന്‍റെ കുതിരക്കുളമ്പടി ഏറെ പതിഞ്ഞ കുന്നിന്‍പ്രദേശമാണ് പാലൂര്‍ കോട്ടയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്നു പൂജകൾ ക്ഷേത്രത്തിൽ പതിവുണ്ട്
ഉപദേവന്മാരായി മഹാവിഷ്ണു, ഗണപതി എന്നിവരുണ്ട് ..
വിഷ്ണുവിന് പ്രത്യേക ക്ഷേത്രമുണ്ട് .
ഓം നമ:ശിവായ
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം.*
*പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം.*
പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ളോക്കിൽ കൊണ്ടാഴി ഗ്രാമത്തിലാണ് തൃതംതളി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ കൊണ്ടാഴി ഗ്രാമത്തിൽ നിളാനദിക്കു തെക്കായി കിഴക്കോട്ട് ദർശനം നൽകിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
പഴയകാലത്ത് കേരളത്തെ പതിനെട്ടര തളികളാക്കി വിഭജിച്ച്, ഓരോ തളിയേയും ഓരോ തളിയാതിരിമാരെ ഭരണ ഭാരമേൽപ്പിച്ചു. ഓരോ തളിയുടെ ആസ്ഥാനത്തും ഓരോ പ്രധാന തളിക്ഷേത്രവും (ശിവക്ഷേത്രവും) ഉണ്ടായിരുന്നു. ഈ പതിനെട്ടര തളികളിൽ അര തളിയുടെ കേന്ദ്രസഥാനം കൊണ്ടാഴിയിലായിരുന്നു. തൃത്തംതളി ശിവക്ഷേത്രം ഈ തളിയിലെ കേന്ദ്രക്ഷേത്രമാണ്...
അതിപുരാതനമായ ഈ ശിവക്ഷേത്രം ടിപ്പുവിന്‍റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിനുശേഷം ഏകദേശം ഇരുനൂറിൽപരം വർഷങ്ങൾ ഈ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിങ്കല്ലുകൊണ്ടുള്ള മനോഹരമായ കൊത്തളങ്ങളും അങ്ങനെതന്നെ കിടന്നിരുന്നു. അതിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷെത്രം നിർമ്മിച്ചത്.
കോട്ടയുടെ ചില അവശിഷ്ടങ്ങളും, പഴയ ക്ഷേത്രഭാഗങ്ങളും കാണുമ്പോൾ മനസ്സിലാവുന്നത് ഇവിടെ പണ്ട് വളരെ വലിയ ഒരുക്ഷേത്ര സമുച്ചയമുണ്ടായിരുന്നു എന്നാണ്.
മുഖമണ്ഡപത്തോട് കൂടിയ ചതുരശ്രീകോവിലിലാണ് പരശുരാമ പ്രാതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയുള്ളത്. ചതുര ശ്രീകോവിലിനു കിഴക്കുവശത്തായി നമസ്കാരമണ്ഡപവും അതിനുചുറ്റും മനോഹരമായ നാലമ്പലവും പണിതീർത്തിട്ടുണ്ട്. നാലമ്പലത്തിൽതന്നെ തിടപ്പള്ളിയും കിഴക്കുവശത്തായി ബലിക്കൽപ്പുരയും തനതുകേരളാശൈലിയിൽ നിർമ്മിച്ചിരിക്കുന്നു.
ശിവക്ഷേത്രത്തിനു വടക്കുമാറി ഭാരതപ്പുഴയുടെ അടുത്തായിട്ടാണ് പാർവ്വതീദേവിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ശിവക്ഷേത്രത്തിനകത്തുതന്നെ എതിർദിശയിലൊ, അല്ലെങ്കിൽ ഉപദേവതാ സ്ഥാനത്ത് ചെറിയക്ഷേത്രത്തിലൊ ആണ് പാർവ്വതീ സാന്നിധ്യം കാണാറുള്ളത്. പക്ഷേ തൃതംതളിയിൽ പാർവ്വതിദേവിക്ക് പ്രത്യേക സ്ഥനം നൽകി വേറെക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വട്ടശ്രീകോവിലും, നമസ്കാരമണ്ഡപവും, നാൽമ്പലവും, തിടപ്പള്ളിയും എല്ലാം നിർമ്മിച്ചിട്ടുണ്ട് ഇവിടെ.
മീനമാസത്തിൽ നടത്തപ്പെടുന്ന പത്തുദിനം നീണ്ടുനിൽക്കുന്ന ഉത്സവം, വളരെ ഗംഭീരമായി ആഘോഷിക്കുന്നു. ഈ ഉത്സവത്തിലെ മായന്നൂർകാവ് താലപ്പൊലിയാണ് ഏറ്റവും പ്രധാന ആഘോഷം.
മായന്നൂർ കൊണ്ടാഴി റൂട്ടിൽ കൊണ്ടാഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമഃ ശിവായ
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
*പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം..*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത് ...
തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.
ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...
ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.
തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം...
ഓം നമഃ ശിവായ
നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം.
*നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം...*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണിത്..
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവന്‍ കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ്....
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് നെടുമ്പുര മഹാദേവക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നുണ്ടങ്കിലും ഇവിടെ കുലശേഖരത്തപ്പന്റെ പ്രതിഷ്ഠ നടത്തിയത് ഖരമഹർഷിയാണാന്നാണ് മറ്റൊരു ഐതിഹ്യം.
ഭാരതപ്പുഴയുടെ തെക്കേക്കരയിൽ ചെറുതുരുത്തി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാണ് നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം. കുലശേഖരന്മാരുടെ പേരിനെ സൂചിപ്പിക്കാനാണോ ക്ഷേത്രത്തിനും ആ പേരു കൊടുത്തത് എന്നറിയില്ല.
ഗജ പൃഷ്ഠാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടാം കുലശേഖരന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട അതിമനോഹരമായ ഈ നിർമ്മിതി കാലത്തെ അതിജീവിച്ച് ഇവിടെ ഇന്നും നിലകൊള്ളുന്നു. ശ്രീകോവിലിന് ഏകദേശം 50 അടിയിലേറെ പൊക്കമുണ്ട്.കേരളത്തിലെ വലിപ്പമേറിയ ശ്രീകോവിലുകളിൽ കുലശേഖരനെല്ലൂർ ക്ഷേത്രം മുൻനിരയിൽ നിൽക്കുന്നു. മുഖമണ്ഡപത്തോടു കൂടിയ ഇവിടുത്തെ ശ്രീകോവിലിന്റെ ഇരു നിലകളും ചെമ്പു മേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്.ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല...വളരെ ദൂരെനിന്നു പോലും ക്ഷേത്ര ശ്രീകോവിൽ നമുക്ക് ദർശിക്കാനാവും, അത്ര വലിപ്പവും പൊക്കവും മേറിയതാണ് ഇവിടുത്തെ മഹാ ശ്രീകോവിലിന്റെ നിർമ്മിതി...
കിഴക്കു ദർശനമായിട്ടുള്ള ശിവലിംഗത്തിനു രണ്ടടിയോളം പൊക്കംവരും.
ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ മണ്ഡപം തുറന്നു കിടക്കുമ്പോൾ ഇവിടെ നാലുവശവും തടികൊണ്ടുള്ള അഴികളാൽ മറച്ചിരിക്കുന്നു. ബലിക്കൽപ്പുര ഇവിടെ നിർമ്മിച്ചിട്ടില്ല എന്നുള്ളതു എടുത്തു പറയാം.
മൈസൂർ, ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തെ അതിജീവിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണിത്.
എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടുത്തെ കിഴക്കേ ക്ഷേത്രക്കുളം വൃത്തിയാക്കാനായി വെള്ളം വറ്റിക്കുകയും കുളത്തിലെ വള്ളം താഴ്ന്നു വന്നപ്പോൾ കുളത്തിനു നടുക്കായി ഒരു വിഷ്ണുവിഗ്രഹം കണ്ടെന്നു ചരിത്രം. പക്ഷേ അന്ന് ഭാരതപ്പുഴയിൽ നിന്നും വെള്ളം ഇരച്ചു കയറി ക്ഷേത്രകുളം നിറഞ്ഞുവെന്നും വിഗ്രഹം പൂർണ്ണമായി കാണാനോ അത് അവിടെ നിന്നും എടുത്തു മാറ്റി പ്രതിഷ്ഠിക്കാനോ അന്നു കഴിഞ്ഞില്ലത്രേ.
2011-ൽ വീണ്ടും ക്ഷേത്രക്കുളം വറ്റിച്ചു മഹാവിഷ്ണു വിഗ്രഹം ഭക്തർക്ക് ദർശനമാക്കി കൊടുത്തു നാട്ടുകാരും ഊരാണ്മദേവസ്വവും ചേർന്ന്... മുൻപ് വിഗ്രഹത്തിന്റെ മുകൾഭാഗം കണ്ടചിലരെങ്കിലും ഇന്നും ക്ഷേത്ര പരിസരത്ത് ജീവിച്ചിരിപ്പുണ്ട്. നിൽക്കുന്ന രൂപത്തിൽ കാണപ്പെട്ട വിഷ്ണു ഭഗവാൻ നാലു കൈകളോടെ പാഞ്ചജന്യം (ശംഖ്), സുദർശനം (ചക്രം), കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്ന മനോഹര വിഗ്രഹമാണിത്.കിട്ടുമ്പോൾ കിഴക്ക് ദർശനമായാണ് കണ്ടത്.
ക്ഷേത്ര കുളത്തില്‍ തന്നെ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് ..
പണ്ട് പഞ്ചപൂജാവിധികൾ പടിത്തരമായിട്ടുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
മലയാള മാസം ഇടവത്തിലെ അത്തം നക്ഷത്രമാണ് നെടുമ്പുര ശിവക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. ചെറുതുരുത്തി ഗ്രാമത്തിലെ ആറു മനകൾ ചേർന്നുള്ള ഊരാണ്മ ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്ര താന്ത്രികവകാശം അയ്കാട്ടില്ലത്തിനു നിക്ഷിപ്തമാണ്..
ചെറുതുരുത്തി ടൗണിൽ നിന്നും നെടുമ്പുറം ക്ഷേത്ര റോഡിലൂടെ ഒന്നര കിലോമീറ്റർ പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ ക്ഷേത്ര കിഴക്കേ ഗോപുര നടയിൽ എത്തിച്ചേരാം...
ഓം നമഃ ശിവായ
കാട്ടകാമ്പൽ ശിവക്ഷേത്രം
*കാട്ടകാമ്പൽ ശിവക്ഷേത്രം...*
108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കാട്ടകാമ്പൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു...
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പലിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാട്ടകാമ്പൽ ശിവക്ഷേത്രം.
ക്ഷേത്രം സ്ഥിതിചെയുന്ന സ്ഥലം പണ്ടുക്കാലത്ത് നിബിഡവനമായിരുന്നു. വനമദ്ധ്യത്തിൽ ഒരു പാറക്കല്ലിൽ പശു തനിയെ പാൽ ചുരത്തുന്നത് ഒരു കാട്ടാളൻ കാണുവാനിടയായി. കാട്ടാളൻ ഈ വിവരം അന്നത്തെ നാടുവാഴിയെ ധരിപ്പിച്ചു. പശു പാൽ ചുരത്തിയ ശിലയിൽ ദേവ ചൈതന്യം ഉണ്ടെന്നറിഞ്ഞ ഭരണാധികാരി അവിടെ ക്ഷേത്രം പണിതു. കാട്ടകത്ത് പാല് ചുരത്തിയതിനാൽ "കാട്ടകം-പാൽ" എന്ന് സ്ഥലത്തിന്ന് പേരു വന്നു എന്നാണ് സ്ഥലപ്പെരുമ.
കാട്ടാകാമ്പാൽ ഗ്രാമം പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്നതും മൂന്നു ഭാഗവും ജലാശയങ്ങളാൽ ബന്ധിക്കപ്പെട്ട (പെനിസുല)തുമായ ഒരു പ്രദേശമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ അതിപുരാതനക്ഷേത്രങ്ങളിൽ ഒന്നായ ഈക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. പ്രധാനക്ഷേത്രം ശിവ ക്ഷേത്രമാണെങ്കിലും ഇവിടെയും ഭഗവതിക്ക് പ്രധാന്യമർഹിക്കുന്ന തരത്തിൽ പണ്ടു കാലം മുതൽക്കേ പല പടിത്തരങ്ങളും നടത്തിപോന്നിരുന്നു. ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേ മൂലയിലാണ് ദേവിക്ഷേത്രം പണിതീർത്തിരിക്കുന്നത്.
കൊടുങ്ങല്ലൂരിലും, തിരുമാന്ധാംകുന്നിലും, പനയന്നാർകാവിലേതും പോലെ കാട്ടകാമ്പാല ഭഗവതിയും പരമശിവനേക്കാളും പ്രസിദ്ധിനേടിയിട്ടുണ്ട്.ശിവക്ഷേത്ര നിർമ്മാണത്തിനും വളരെ ശേഷമാണ് ദേവീക്ഷേത്രം പണിതീർത്തിയിരിക്കുന്നത്.
കേരളാശൈലിയിൽ നാലമ്പലവും, ചതുര ശ്രീകോവിലും തിടപ്പള്ളിയും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. കിഴക്കു ദർശനമായി പരമശിവനും, ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തന്നെ കിഴക്കോട്ട് അഭിമുഖമായി തെക്കേമൂലയിൽ ഭഗവതിയും ദർശനം നൽകുന്നു.
കുന്നംകുളം റൂട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമഃ ശിവായ
അന്നമനട മഹാദേവക്ഷേത്രം
*അന്നമനട മഹാദേവക്ഷേത്രം...*
പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണിത്...
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്നമനടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രം.
പരമശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം നാലടി ഉയരമുണ്ട്. അർജുനന് പാശുപതാസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്.ശാസ്താവ്, ഗോശാല കൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിംഹത്തിലേറിയ ദുർഗ, നരസിംഹം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ..
ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന കാലത്ത് പറയിപെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തുനിന്നും ദർശനം കിട്ടുവാൻ വേണ്ടി ശ്രീമഹാദേവൻ തന്നെ ബലിക്കല്ല് താഴ്ത്തികൊടുത്തു എന്നു പറയപ്പെടുന്നു...അക്കാരണത്താൽ മറ്റൊരിടത്തും കാണാത്ത പ്രാധാന്യം ഈ ക്ഷേത്രത്തിൽ ബലിക്കല്ലിനു കൊടുക്കാറുണ്ട്.
കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടു..മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.
കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമനടയിലാണ് താമസിച്ചിരുന്നത്.
പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരിഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർ കുടുംബത്തോടൊപ്പം ചേർന്നു.ചെറിയ പരിഷ പരമേശ്വര ചാക്യാർ മന്ത്രകം കൂത്തിന്‍റെ സ്ഥാപകനാണ്
വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.
പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്.
എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്.അമ്പലത്തിലെ താന്ത്രികർ കുട്ടനക്കാട്ട് ഇല്ലം, ആവണപറമ്പ് ഇല്ലം എന്നിവടങ്ങളിൽ നിന്നാണ്.
ഓം നമഃ ശിവായ
മാത്തൂർ ശിവക്ഷേത്രം
*മാത്തൂർ ശിവക്ഷേത്രം...*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് തൃശൂർ ജില്ലയിലെ പന്നിതടം ഗ്രാമത്തിലാണ്.ഇവിടുത്തെ ശിവലിംഗം രുദ്രാക്ഷശിലയിൽ നിർമ്മിച്ചതാണ്.
സദാശിവനായ പ്രധാനമൂർത്തിയുടെ ദർശനം പടിഞ്ഞാറോട്ടും,
പാർവ്വതീദേവി അതേ ശ്രീകോവിലിൽ കിഴക്കോട്ടും ആയി കുടികൊള്ളുന്നു.
ഒരേ വട്ടശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി ശിവ-പാർവ്വതിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നു.
നൂറ്റാണ്ടുകൾ പഴക്കമേറിയതാണിവിടുത്തെ ശ്രീകോവിൽ. ചേരകാലത്തിന്‍റെ കഥകൾ പറയുന്നവയാണിവിടുത്തെ ക്ഷേത്ര നിർമ്മിതി.മുൻപ് ദേശാധിപത്യമുള്ള ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്ര നിർമ്മിതി അതിനുതകുംവിധം പ്രൗഢഗംഭീരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ വിശാലമാണ് ഇവിടുത്തെ ശ്രീകോവിൽ. വർത്തുളാകൃതിയിൽ നല്ല ഉയരത്തിൽ ഒറ്റ നിലയിൽ കിഴക്കും പടിഞ്ഞാറും ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി.
ശ്രീകോവിലിനു പടിഞ്ഞാറു വശത്ത് ചെറിയ നമസ്കാര മണ്ഡപം നിർമ്മിച്ചിട്ടുണ്ട്. ഈ രണ്ടു നിർമ്മിതികളും വളരെ പഴക്കമേറിയതാണ്. എന്നാൽ നാലമ്പലവും മറ്റും അത്ര പഴക്കമുള്ളവയല്ല. പടിഞ്ഞാറു വശത്തുമാത്രമെ നാലമ്പലം പൂർണ്ണമായി നിർമ്മിച്ചിട്ടുള്ളു. നാലമ്പലത്തിനു പുറത്തായി വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ തന്നെ തിടപ്പള്ളിയും ക്ഷേത്രക്കിണറും കാണാം. ദ്രാവിഡീയ-കേരളാ ശില്പ വൈദഗ്ധ്യം ശ്രികോവിലിന്‍റെ നിർമ്മിതിയിൽ കാണാൻ സാധിക്കും. ഏകദേശം 1500 വർഷങ്ങളുടെ പഴക്കേറിയ ഈ ക്ഷേത്ര സമുച്ചയം രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ സംഭാവനയാവാം.
അർദ്ധനാരീശ്വര സങ്കല്‍പ്പമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.ക്ഷേത്രേശന്‍റെ രൗദ്രത കുറക്കാനാവാം പടിഞ്ഞാറു ഭാഗത്ത് കുളം നിർമ്മിച്ചിരിക്കുന്നത്. ഉപദേവന്മാരായി ദക്ഷിണാമൂർത്തിയും, ശാസ്താവും, ഗണപതിയും, നാഗയക്ഷിയും ഉണ്ട്.
തൃശൂരിൽ, കുന്നംകുളം- വടക്കാഞ്ചേരി റോഡിലായി പന്നിതടം ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഓം നമഃ ശിവായ
സ്വയംഭൂവായ ശിവന്‍🔥
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
*പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം..*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത് ...
തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.
ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...
ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.
തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം...
ഓം നമഃ ശിവായ