Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 22, 2020

അചലേശ്വർ മഹാദേവ ക്ഷേത്രം.

*ദിവസത്തിൽ മൂന്ന് നേരം നിറം മാറുന്ന ശിവലിംഗം*

രാജസ്ഥാനിലെ ധോലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന അചലേശ്വർ മഹാദേവ ക്ഷേത്രം. ദിവസത്തിൽ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അകൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശം നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്. അചലേശ്വറെന്നാൽ അനക്കമില്ലാത്ത, അല്ലെങ്കിൽ സ്ഥായീ ഭാവത്തിലുള്ള, ഇളക്കമില്ലാത്ത ദൈവം എന്നാണ് അർഥം. ശിവനെയാണ് ഇവിടെ അചലേശ്വരനായി ആരാധിക്കുന്നത്. രാജസ്ഥാന്‍റെയും മധ്യപ്രദേശിന്‍റെയും അതിർത്തിയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന‍്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.

ധാരാളം പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. ശിവൻരെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

ഇവിടുത്തെ ശിവലിംഗം ഭൂമിക്കടിയേക്ക് എത്ര ആഴത്തിൽ ഉണ്ട് എന്നറിയാനായി കുറേ ഗ്രാമീണർ ചേർന്നു കുഴിച്ചു. എന്നാൽ എത്ര കുഴിച്ചിട്ടും അവർക്ക് അതിന്റെ അറ്റം കണ്ടെത്താനായില്ലത്രെ. പിന്നീട് അവർ അത് നിർത്തിവെച്ചു എന്നാണ് ഇവിടുള്ളവർ പറയുന്നത്.

പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്.


കൊട്ടിയൂർ മാഹാത്മ്യം

*കൊട്ടിയൂർ മാഹാത്മ്യം* - *1*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമഃശിവായ

ദക്ഷിണഭാരതത്തിലെ പ്രശസ്തതീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ കൊട്ടിയൂർ ക്ഷേത്രം
ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു.
കണ്ണൂർജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം
നൂറ്റിയെട്ട് ശിവാലയങ്ങളിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്. പുണ്യനദിയായ ബാവലിപ്പുഴയ്ക്ക് ഇരുകരകളിലുമായി കാണപ്പെടുന്ന രണ്ടു ക്ഷേത്രസങ്കേതങ്ങളെയാണ് ഇക്കരെ കൊട്ടിയൂരെന്നും, അക്കരെ കൊട്ടിയൂരെന്നും അറിയപ്പെടുന്നത്.

തിരുവഞ്ചിറ ( രുധിരൻചിറ) എന്ന ജലാശയത്തിന്റെ മധ്യഭാഗത്തായിട്ടാണ് കാട്ടുകല്ലുകൾ കൊണ്ട് കെട്ടിയുയർത്തിയ മണിത്തറ
എന്ന പേരിലറിയപ്പെടുന്നതും, സാക്ഷാൽ മഹാദേവന്റെ 'സ്വയംഭൂ 'ലിംഗം സ്ഥിതി ചെയ്യുന്നതുമായ ചൈതന്യസ്ഥാനം. പിന്നെയുള്ളത് 'അമ്മാറക്കൽതറ' എന്ന ദേവീചൈതന്യ സ്ഥാനമാണ്.

ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കുന്ന പുണ്യഭൂമിയായ അക്കരെ ക്ഷേത്രസങ്കേതത്തിൽ, വർഷത്തിൽ 28 ദിവസം മാത്രമെ പൂജാദികർമ്മങ്ങൾ നടക്കാറുള്ളൂ. ഈ കാലയളവിനെയാണ് വൈശാഖമഹോത്സവം എന്ന് അറിയപ്പെടുന്നത്. ഉത്സവ വേളയല്ലാത്ത ബാക്കി പതിനൊന്ന് മാസവും ,അവിടെ ദേവപൂജ നടക്കുന്നുവെന്നാണ് സങ്കല്പം. ഉത്സവശേഷമുള്ള പതിനൊന്നു മാസക്കാലം അക്കരെ ക്ഷേത്രസന്നിധി കാടുമൂടിക്കിടക്കുകയും, അതു കൂടാതെ ആ സമയത്ത് മനുഷ്യപ്രവേശം നിഷിദ്ധവുമാണ്. അതുപോലെ തന്നെ അക്കരെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയത്ത് ഇക്കരെയുള്ള ബലിബിംബങ്ങളാണ് അവിടേക്ക് എഴുന്നള്ളിച്ച് പൂജ നടത്തുന്നത് - അതിനാൽ ഇക്കരെ ക്ഷേത്രത്തിൽ ആ സമയത്ത് പൂജ നടക്കാറില്ല. ഉത്സവം കഴിഞ്ഞുള്ള പതിനൊന്നു മാസം നിത്യപൂജകൾ നടക്കുന്നത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.

കൊട്ടിയൂരിൽ ഇന്ന് നടക്കുന്ന അനുഷ്ഠാനങ്ങളും, പൂജാവിധികളും ചിട്ടപ്പെടുത്തിയത് വ്യത്യസ്തഘട്ടങ്ങളിലായി പരശുരാമനും,
ശ്രീശങ്കരാചാര്യരും ആണെന്ന് പറയപ്പെടുന്നു.

മറ്റെങ്ങും കാണാനാവാത്തതും, വ്യത്യസ്ത ഉള്ളതുമായ ആചാരാനുഷ്ഠാനങ്ങളും, ഗൂഢപൂജാകർമ്മങ്ങളും, പ്രകൃതിയുടെ വന്യസൗന്ദര്യവും, തുള്ളിത്തിമിർക്കുന്ന മഴയും, ഓടപ്പൂ പ്രസാദവും, പ്രകൃതിയോടിണങ്ങിയ നിർമ്മാണ രീതികളും, വാവലിപ്പുഴയും, വിവിധ സമുദായക്കാരുടെ കൂട്ടായ്മയും ഈ യാഗഭൂമിയുടെ മാത്രം പ്രത്യേകതയാണ്.

☀☀☀☀☀☀☀☀