Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 29, 2020

സുരട്ടുപള്ളി

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* *സുരട്ടുപള്ളി*

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. 

ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. *ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്*.

ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. *ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്*. 

ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ '*പള്ളികൊണ്ടേശ്വര്‍*' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. 

ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്‌, അഭയം പ്രാപിച്ചു.
*അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി*. ഉടന്‍തന്നെ പാര്‍വ്വതി ശിവന്‍റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. *അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്‍റെ ശിരസ്സ് പിടിച്ച്‌ മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്‍റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു*. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

*ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു*. 

അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ '*സുരരര്‍പള്ളി*' എന്നും പിന്നീട് ഈ സ്ഥലം '*സുരട്ടുപള്ളി*' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. 

*ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്*.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. *ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു*. *വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു*.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. 

രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. *രാമേശ്വരം തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്*. *മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു*. 

വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. *മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്*.

അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്. 

*കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നു*.

സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. *ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു*. 

പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

*എത്തിച്ചേരുവാന്‍*

എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കും - ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.

അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്.

*ഓര്‍ക്കുക*
സുരട്ടുപള്ളി ഒരു ക്ഷേത്ര ഗ്രാമമാണ്. ഹോട്ടലുകള്‍/ലോഡ്ജുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

*താമസസൗകര്യം*.
ആര്‍ക്കോണം, ചെന്നൈ, തിരുപ്പതി.

*ക്ഷേത്ര സമയം*
രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

വിലാസം: ശ്രീപള്ളി കൊണ്ടേശ്വരം ക്ഷേത്രം, സുരട്ടുപള്ളി, ചിറ്റൂര്‍. 
പിന്‍: 517 589, ആന്ധ്ര. ഫോണ്‍: 08576- 278599