*ഗണപതിഹോമം വീടുകളില്‍ നടത്തുമ്ബോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം*
എല്ലാ മംഗള കര്‍മ്മങ്ങള്‍ക്ക് മുന്‍പും വിഘ്നേശ്വരനെയാണ് ഹൈന്ദവര്‍ ആദ്യം പൂജിക്കുന്നത്. തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാതെ ഇരിക്കാനാണ് വിഘ്നേശ്വരനെ ഭജിക്കുന്നത്. അതുകൊണ്ട് തന്നെ വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം എന്നിങ്ങനെയുള്ള ശുഭകാര്യങ്ങള്‍ മംഗളമായി തീരാന്‍ ഗണപതിഹോമം നടത്താറുണ്ട്. വീടുകളില്‍ ഗണപതിഹോമം നടത്തുമ്ബോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍. സാധാരണ സൂര്യോദയത്തിന് മുമ്ബാണ് ഹോമം ചെയ്യുക. സൂര്യോദയത്തോടെ സമാപിക്കയും ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളിലോ, പ്രത്യേക ഉദ്ദേശ്യത്തോടെയോ മറ്റുള്ള സമയങ്ങളിലും ഗണപതിഹോമം ചെയ്യാറുണ്ട്.
ഗണപതിഹോമം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു ഭക്തന് പൂജാരീതികളില്‍ അറിവുണ്ടാകുന്നത് നല്ലതാണ്.
പൂജകള്‍ സ്വയം ചെയ്യേണ്ടവയാണ്. അത് അറിയാത്തതുകൊണ്ടാണ് മറ്റൊരാളുടെ സഹായം തേടുന്നത്. പൂജകളില്‍ മനസ്സ് ഏകാഗ്രമാക്കി പ്രാര്‍ത്ഥനയോടെ പങ്കെടുക്കുക. ഗണപതിഹോമം നടത്താനുദ്ദേശിക്കുന്ന വീട്ടില്‍ മൂന്നു ദിവസം മുമ്ബും പിമ്ബും മത്സ്യമാംസാദികള്‍ കയറ്റരുത്. ചാണകം തളിച്ച് ശുദ്ധിവരുത്തിയിരിക്കണം. കൂടാതെ കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും പൂജ കര്‍മ്മങ്ങളില്‍ പങ്കെടുക്കണം. പൂജാരി ചൊല്ലിത്തരുന്നതോ, അല്ലെങ്കില്‍ ഗണപതി ഭഗവാന്റെ മൂലമന്ത്രമോ പൂജാ സമയം ചൊല്ലുന്നതും ഫലപ്രാപ്തിയ്ക്ക് ഉത്തമമാണ്.
വിശേഷാല്‍ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട് കദളിപ്പഴം, പതിനാറുപലം ശര്‍ക്കര, നാഴിതേന്‍, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങള്‍ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യന്‍ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.