*ശ്രീ കൊട്ടിയൂര്‍ ക്ഷേത്രമില്ലാക്ഷേത്രം*
🌼⚜️🔱⚜️🌼
ദക്ഷിണകാശി, തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കുംകാവ് തുടങ്ങിയ പേരുകളാല്‍ പ്രസിദ്ധമായ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവസന്നിധാനം. അശരണര്‍ക്ക് അഭയസ്‌ഥാനമാകുന്ന കാനനമദ്ധ്യത്തിലെ ക്ഷേത്രമില്ലാ ക്ഷേത്രം. ഓരോവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഭക്‌തജനബാഹുല്യം. ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ ഈശ്വരന്റെ കീര്‍ത്തിയും പ്രഭാവവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ദക്ഷിണ ഗംഗയായി വിശേഷിക്കപ്പെടുന്ന ബാവലിപ്പുഴയുടെ ഇരുകരകളിലുമായി നിലകൊളളുന്ന ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. ഇക്കരെ നിത്യപൂജകളോടുകൂടിയ ഇക്കരക്ഷേത്രം. അക്കരെ മഹാദേവന്‍ സ്വയംഭൂവായി കുടികൊളളുന്ന, ദക്ഷയാഗഭൂമികയെന്ന് വിശ്വസിക്കപ്പെടുന്ന യാഗോല്‍സവസന്നിധാനം. കാനന നടുവിലുള്ള യാഗോല്‍സവസന്നിധാനം. കാനന നടുവിലുളള മണിത്തറയിലെ സ്വയംഭൂ ശിവലിംഗമാണ് ആരാധനാ ബിന്ദു.
ഭാരതവര്‍ഷത്തിലെ അതി പൗരാണികമഹാക്ഷേത്രങ്ങളിലൊന്നാണ്‌ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ ദര്‍ശിക്കാം. ഹൈന്ദവവിഭാഗത്തിലെ മുഴുവന്‍ ജാതികളിലും ഉപജാതികളിലുംപ്പെട്ട 64 ജന്മസ്‌ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു. ഓരോ സ്‌ഥാനികനും തങ്ങളുടെ കര്‍മ്മവും അനുഷ്‌ഠാനവും മാത്രമേ നിശ്‌ചയമുളളൂ. സ്വാഭാവിക പ്രകൃതിയുടെ അനുഗ്രഹത്താല്‍ ചൈതന്യം തുടിക്കുന്ന യാഗോല്‍സവ സന്നിധാനം. ഉയര്‍ന്ന മലനിരകളും നിബിഢവനങ്ങളും കാട്ടുചോലകളും അരുവികളും കാവുകളും ബാവലിപ്പുഴയുടെ സാന്നിദ്ധ്യവും ഈ യാഗഭൂമിയെ വേറിട്ടു നിര്‍ത്തുന്നു. യാഗോല്‍സവ ചടങ്ങുകളിലെ രീതികളും, നിര്‍മ്മാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും, തനിമയും വെളിപ്പെടുത്തുന്നതാണ്.
സ്വയംഭൂസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന മണിത്തറ കാട്ടുകല്ലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂര നിര്‍മ്മിക്കുന്നത് മുളയും ഓടയും കാട്ടുപനയുടെ ഓലകളും കൊണ്ടാണ്. സ്‌ഥാനികര്‍ക്കുള്ള പര്‍ണ്ണശാലകളായ കൈയ്യാലകളുടെ നിര്‍മ്മാണവും ഇതേ വിധത്തില്‍ത്തന്നെ. വഴിവിളക്ക്, അമ്മാറക്കല്‍ മാലോം ദേവസ്‌ഥാനം എന്നിവിടങ്ങളിലെ മേല്‍ക്കൂരകള്‍ ഓലക്കുടകള്‍ മാത്രമാണ്.ചടങ്ങുകളിലും ആചാരരീതികളിലും മാത്രമല്ല, എല്ലാത്തിലും പ്രകൃതിയുമായി അഭേദ്യബന്ധം നിലനിര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവം. യാഗോല്‍സവ ചടങ്ങുകളാകട്ടെ, പ്രാചീന ഗോത്രചാരരീതിയിലുളള ആരാധനക്രമത്തിന്റെ തുടര്‍ച്ചയാണത്രേ.ആയില്ല്യാര്‍ കാവിലെ ഗൂഢപൂജ, അപ്പടനിവേദ്യം, പൂതാനാക്കൂല്‍യോഗിയൂട്ട്, ദൈവത്തെ കാണല്‍, ദൈവം വരവ്, മാലോം ദേവസ്‌ഥാനസങ്കല്‌പം, വാളുകളുടെ സങ്കല്‌പവും പ്രാധാന്യവും തുടങ്ങിയവയിലെല്ലാം അതിപൗരാണികത സ്‌പഷ്‌ടമാണ്. ഹിമാലയസാനുക്കളിലെ കനഖലത്തിലാണ് ദക്ഷയാഗം നടന്നതെന്ന് കരുതപ്പെടുന്നെങ്കിലും ദക്ഷയാഗഭൂമി കൊട്ടിയൂരാണെന്നാണ് കേരളീയരുടെ വിശ്വാസം. കൊട്ടിയൂര്‍ പരിസരത്തെ ഏറെ സ്‌ഥലനാമങ്ങളും അത്തരത്തില്‍ ശ്രദ്ധേയമാണുതാനും. ത്രിശിരസ്സ് ഇവിടെ തപസ്സു ചെയ്‌തിരുന്നതിനാല്‍ സ്‌ഥലത്തിന് ത്രിശിരാചനം എന്നപേരു ലഭിച്ചു. കാലാന്തരത്തില്‍ ഇത് തൃച്ചെറുമന്ന എന്നായിത്തീരുകയും ചെയ്‌തു.
ത്രിമൂര്‍ത്തികള്‍ ഒന്നിച്ചുകൂടിയസ്‌ഥലമായതിനാല്‍ ''കൂടിയഊര്'' പിന്നീട് കൊട്ടിയൂരായി രൂപപരിണാമം സംഭവിച്ചു.
മറ്റുമഹാക്ഷേത്രങ്ങളിലെപ്പോലെ മഹാക്ഷേത്രത്തിന്റെ ശില്‌പഗാംഭീര്യമോ, വാസ്‌തുവിദ്യയുടെ മാസ്‌മരിക പ്രപഞ്ചമോ, അംബരചുംബികളായ ഗോപുരങ്ങളോ, സ്‌ഥിരമായ ക്ഷേത്രമന്ദിരംപോലുമോ ഇവിടില്ല.
ശ്രീചക്രമദ്ധ്യത്തെ സൂചിപ്പിക്കുന്ന ഒരുമണിത്തറയും അമ്മാറക്കല്‍ തറയും, അതിനെ ചുറ്റി പുണ്യതീര്‍ത്ഥം വലംവയ്‌ക്കുന്ന തിരുവന്‍ചിറയും, അതിനു പിന്നിലായി യാഗശാലകളെ ഓര്‍മ്മപ്പെടുത്തുന്ന കയ്യാലകളും. ക്ഷേത്രമില്ലാ ക്ഷേത്രമെന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ യാഗഭൂമിയാണിത്.
ശൈവമോ, ശാക്‌തേയമോ, വൈഷ്‌ണവമോ ആയ സങ്കല്‌പത്തെയല്ല, മറിച്ച് പരബ്രഹ്‌മ സങ്കല്‌പത്തെയാണ് ശ്രീ കൊട്ടിയൂര്‍ പെരുമാളില്‍ ഭക്‌തര്‍ ദര്‍ശിക്കുന്നത്. അമ്മ മറഞ്ഞ സ്‌ഥലത്ത് ദേവീ സങ്കല്‌പമാണ്. പ്രത്യേകദേവതാ സങ്കല്‌പങ്ങളെ വേര്‍തിരിക്കാന്‍ സാധ്യമാകാത്തവിധം സങ്കീര്‍ണമായ ദേവതാ സങ്കല്‌പങ്ങള്‍ ഉളള ഒരു സംവിധാനമാണിവിടെ എന്നതാണ് പ്രത്യേകത. വ്യത്യസ്‌തമായ ഒരു മഹാക്ഷേത്രം. വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങള്‍. 27 നാളുകളിലായി നടക്കുന്ന വൈശാഖമഹോത്സവം. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്‍വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ബ്രഹ്‌മാ, വിഷ്‌ണു, മഹേശ്വരന്മാരുടെയും ശ്രീപാര്‍വ്വതിയുടെയും, ശ്രീ മഹാലക്ഷ്‌മിയുടെയും സംഗമവേദിയാകുന്നു മഹോത്സവനാളുകള്‍. ഭക്‌തലക്ഷങ്ങള്‍ പുണ്യം തേടി ഇവിടെയെത്തുന്നു. ഓരോവര്‍ഷവും ഭക്‌തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഭഗവല്‍ദര്‍ശന സൗഭാഗ്യശേഷം പുണ്യം നിറച്ച നിര്‍മ്മല മനസ്സുമായി ഭക്‌തര്‍ മടങ്ങുന്നു....
⚜️🙏⚜️