════════════════
*ശിവന്റെ ഭൂതഗണങ്ങൾ*
════════════════
ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ
--------------------------------- *വീരഭദ്രൻ*
---------------------------------
ഹിന്ദു വിശ്വാസപ്രകാരം, 'വീരഭദ്രൻ' ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
════════════════
വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
════════════════
പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.
════════════════
ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.
════════════════
സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
════════════════
വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : "ദക്ഷയാഗം മുടക്കുക!" തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി . —വായുപുരാണം
════════════════
ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : "എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്". ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി —സ്കന്ധപുരാണം,
════════════════
*കാലഭൈരവൻ*
----------------------------
ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം.
════════════════
രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്
════════════════
*ഭദ്രകാളി*
════════════════
ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .
════════════════
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി .
════════════════
ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ് . ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത് .
അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത്
════════════════
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.
════════════════
അതി വിസ്ഫോടനത്തോടെ ഉരുക്കൊണ്ട സകല പ്രപഞ്ചവും അങ്ങകലെ രൂപം കൊണ്ടിരിയ്ക്കുന്ന തമോ ഗർത്തമാകുന്ന മൂന്നാം കണ്ണിലൂടെ തകർന്ന് ചാമ്പലായി വീണ്ടും പൂർവ്വ സ്ഥിതിയായിരുന്ന ചെറുകണത്തിലേയ്ക്കു തന്നെ എത്തുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിവന്റെ അടഞ്ഞ മൂന്നാമത്തെ കണ്ണീലൂടെ കാണിച്ചു തരുന്നത്.
════════════════
സംഹാര ഭാവത്തിൽ ഭഗവാൻ ശിവൻ ക്രുദ്ധനായി ജട പറിച്ചെറിയുകയും അതിൽ നിന്നും ലക്ഷക്കണക്കിന് ഭൂത ഗണങ്ങൾ ബഹിർഗ്ഗമിയ്ക്കുകയും അവ സകലതും നശിപ്പിയ്ക്കുകയും ചെയ്യുന്നത് നമ്മൾ കണ്ട കാര്യമാണ്. നിത്യ ചൈതന്യം സംഹാര മൂഹൂർത്തത്തിൽ രൗദ്ര ഭാവം കൈക്കൊണ്ട് രുദ്രനായി മാറുന്നു. അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുന്നതെല്ലാം കത്തിച്ചാമ്പലാകുന്നു. ഏറിയ സമയവും യോഗ നിദ്രയിലിരുന്ന് ആകാശഗംഗയെ ഭൂയോഗ്യമാക്കി സംരക്ഷിയ്ക്കുന്ന ശിവൻ തന്നെയാണ് സംഹാരഭാവത്തിന്റെ തമോഗുണത്താൽ കോപാഗ്നിയിൽ തിളച്ച് മറിഞ്ഞ് സംഹാര താണ്ഡവം ആടുന്നതും.
════════════════
ഭാരത തുല്യമായ നമ്മുടെ ശരീരമെന്ന രാജ്യത്തിന്റെ ഉത്തംഗശൃംഖമായ സഹസ്രാരവമെന്ന കൈലാസവാസനായ അദ്ദേഹത്തിന്റെ ജടകൾ സഹസ്രാരത്തിന്റെ ആയിരം ഇതളുകൾക്ക് സമാനമായ ഊർജ്ജപ്രവാഹം തന്നെയാണ്. നിത്യനായകനായ പരബ്രഹ്മ ചൈതന്യം കോപത്താൽ ജടകൾ പറിച്ചെറിയുമ്പോൾ അതിൽ നിന്നും പ്രത്യേക ഭ്രമണ പഥത്തിൽ നിർവിഘ്നം ഭ്രമണം നടത്തിക്കൊണ്ടിരുന്ന ഒരോ ഇതളുകളിലും 16 വീതം കോശങ്ങളിലായി സംഭരിയ്ക്കപ്പെട്ട അത്യുജ്ജല പ്രഹര ശേഷിയുള്ള ഊർജ്ജം സ്വതന്ത്രമാവുകയും അത് അണുവിസ്ഫോടനത്തിലെയ്യ്ക്ക് നയിക്കപ്പെട്ട് സകലഭൂതങ്ങളേയും ദഹിപ്പിച്ച് ചാമ്പൽ ( കാർബൺ ) ആക്കി മാറ്റുകയും ചെയ്യുന്നു... അണു വിസ്ഫോടനം എന്ന പ്രക്രിയ രാജ്യാതിർത്തികൾ ഭേദിച്ച് ലോകത്ത് ബാക്കിയുള്ള അവസാന അണുവിനെ വരെ ദഹിപ്പിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് തിരിയുന്നു.
════════════════
ശിവനിൽ നിന്നും ജനിയ്ക്കുന്ന ഭദ്രകാളിയെന്ന ദേവീചൈതന്യം സംഹാരത്തിന്റെ മൂർത്തിമത്ഭാവം തന്നെയാണ്. തമോഗുണത്തിന്റെ അസുരമൂർത്തികൾ ഭൂമിയിലെ സാത്വിക ശക്തികളെ കടന്നാക്രമിയ്ക്കുമ്പോൾ ശിവനിൽ നിന്നും ഭദ്രകാളി പിറക്കുന്നു. കോപാന്ധയായി മാറുന്ന സർവ്വം സഹയായിരുന്ന ശിവ ചൈതന്യമായ പരാശക്തിയുടെ തന്നെ രൗദ്രഭാവം ശമിയ്ക്കുന്നതോ കോപശമനാർദ്ധം കാൽച്ചുവട്ടിലെത്തുന്ന സ്വപിതാവായ പരബ്രഹ്മത്തിന്റെ നെഞ്ചിലും. കോപാഗ്നിയെന്ന ശിവ പുത്രിയെ വരുതിയിലെത്തുവാൻ അന്തകന്റെയും അന്തകനായ ശിവനു പോലും കാൽച്ചുവട്ടിലെത്തേണ്ടിവരുമെന്ന മഹാ തത്വം.
════════════════
അതീവ ഭക്ത വത്സലനും ക്ഷിപ്ര പ്രസ്സാദിയും ക്ഷിപ്ര കോപിയുമായുള്ള സാക്ഷാൽ പരമശിവൻ ഭക്തനു കൊടുത്ത വാക്കു പാലിയ്ക്കുവാൻ ബാണാസുരന്റെ കൊട്ടാരത്തിനു കാവക്കരനായി പ്രിയ പത്നി ശ്രീ പാർവ്വതിക്കൊപ്പം താമസിയ്ക്കുന്നതും പരമാത്മചൈതന്യമായ ശ്രീകൃഷ്ണഭഗവാന്റെ പൗത്രനായ അനിരുദ്ധനെ ബാണാസുര പുത്രിയായ ഉഷയുടെ അന്തപ്പുരത്തിൽ ബന്ധിയാക്കി ശ്രീകൃഷ്ണനുമായിപ്പോലും യുദ്ധം ചെയ്ത കഥ നമ്മൾ മറന്നിട്ടില്ല. പരമാത്മാവും പരബ്രഹ്മവുമായി യുദ്ധം..!! ഒരേ ഒരു പരം ചൈതന്യത്തിന്റെ രണ്ടുഭാവങ്ങൾ തമ്മിലുള്ള ഘോരയുദ്ധം..
════════ ◖◍◗ ════════ *ദക്ഷയാഗം* ════════ ◖◍◗ ════════
(ദക്ഷയാഗം-മഹാഭാഗവതം)
ഒരിക്കല്‍ പ്രജാപതികള്‍ ചെയ്യുന്ന യാഗത്തില്‍ ത്രിമൂര്‍ത്തികള്‍ ആഗതരായിരിക്കുമ്പോള്‍ അവിടേയ്ക്ക്
ദക്ഷപ്രജാപതി കടന്നു ചെല്ലുന്നു. താന്‍ പ്രജാപതിയാണ്, പോരാത്തതിനു ഉമയുടെ പിതാവുമാണ് എന്നിട്ടും തന്നെ കണ്ടിട്ട് എഴുന്നേറ്റു വണങ്ങാഞ്ഞ പരമശിവനോട് ദക്ഷന് അതിയായ കോപം ഉണ്ടായി അദ്ദേഹത്തേ വളരെ നികൃഷ്ടമായി കളിയാക്കുന്നു..
ഇത് കേട്ട് ശിവന്‍ മൌനം പൂണ്ടിരുന്നെങ്കിലും ശിവന്റെ സന്തതസഹചാരിയായ നന്ദികേശന്‍ കോപം പൂണ്ട് ദക്ഷനെയും പരിവാരങ്ങളെയും ഒക്കെയും ശപിക്കുന്നു..
പിന്നീടൊരിക്കല്‍ ദക്ഷന്‍ ഒരു യാഗം നടത്തുന്നു. പഴയ പക മനസ്സില്‍ വച്ച്, ദക്ഷന്‍ ശിവനെ ഒഴികെ ബ്രഹ്മാവ്, മഹാവിഷ്ണു, ഇന്ദ്രന്‍, ബൃഹസ്പതി, മറ്റു മഹാമഹര്‍ഷിമാര്‍ തുടങ്ങി എല്ലാ ദേവന്മാരെയും മഹര്‍ഷിമാരെയും യാഗത്തിനു ക്ഷണിക്കുന്നു.
നാരദമുനിമുഖാന്തിരം യാഗത്തെപ്പറ്റി അറിഞ്ഞ് ഉമയ്ക്ക് അത് കേട്ട് വലിയ വിഷമം തോന്നി, ‘താന്‍ പിതാവിന്റെ അടുക്കല്‍ ഒന്നു പോയിട്ടു വരട്ടെ’ എന്ന് പരമശിവനോട് അനുവാദം ചോദിക്കുന്നു. നിന്റെ പിതാവ് തീര്‍ച്ചയായും എന്നോടുള്ള പകയാല്‍ നിന്നെ അപമാനിച്ചയക്കും, അപമാനവും പേറി തിരിച്ചുവരുന്നത് അതിലും വലിയ അപഹാസ്യമാകും എന്നൊക്കെ പറഞ്ഞെങ്കിലും പിതാവിനെ തെറ്റിധരിക്കാന്‍ മടിച്ച് ഉമ യാഗത്തിനു ക്ഷണിക്കാതെ തന്നെ പോകാന്‍ ഉരുമ്പെടുനു. ഉമ തനിയെ പോകുന്നത് കണ്ട് രക്ഷക്കായി ശിവന്റെ ഭൂതഗണങ്ങളും അനുഗമിക്കുന്നു.
════════════════
യാഗശാലയില്‍ ചെന്ന ശിവപത്നിയെ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഒക്കെ എഴുന്നേറ്റ് വണങ്ങിയെങ്കിലും ദക്ഷന്റെ സന്തതസഹചാരികള്‍ വളരെ നികൃഷ്ടമായി കളിയാക്കി. അച്ഛന്‍ രക്ഷിക്കുമെന്നു കരുതി അച്ഛാ എന്ന് അപേക്ഷയോടെ വിളിക്കുമ്പോള്‍ ദക്ഷനും താന്‍ നിന്റെ അച്ഛനല്ലെന്നും ഒക്കെ പറഞ്ഞ് ക്ഷണിക്കാത്തിടത്ത് കയറി വന്ന ഉമയെ ആക്ഷേപിക്കുന്നു. ഇത് കണ്ട് സഹോദരിമാര്‍ പരിഹസിച്ചു ചിരിക്കയും! ആകെപ്പാടെ നിരാലംബയും, ശിവന്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചല്ലൊ എന്ന ഖേദത്താല്‍ ശിവന്റെ വാക്ക് കേള്‍ക്കാതെ ഇറങ്ങിത്തിരിച്ച് ആകെ അപമാനം വരുത്തി വച്ചതില്‍ മനം നൊന്ത്, ഉമാദേവി അവിടെ വച്ചു തന്നെ ആത്മാഹൂതി ചെയ്യുന്നു.
തീയില്‍ വെന്തടങ്ങിയ പരമശിവപത്നിയുടെ അവസ്ഥ കണ്ട് കോപിച്ച്, ശിവഭൂതങ്ങള്‍ അവിടെ സംഹാരതാണ്ഡവം നടത്തുന്നു.
════════════════
യാഗാഗ്നിയും യാഗകുണ്ഡങ്ങളും ഒക്കെ അവര്‍ തല്ലിക്കെടുത്തി. ദക്ഷന്‍ ശിവഭൂന്തങ്ങളോട് നേരിട്ട് എതിര്‍ക്കാന്‍ തയ്യറെടുത്തു.. ഇതുകണ്ട് ഭൃഗുമുനി തന്റെ തപശ്ശക്തിയാല്‍ ഏതാനും ഭൂതഗണങ്ങളെ സൃഷ്ടിച്ചു. ശിവഭൂതങ്ങളും ഭൃഗുഭൂതങ്ങളും തമ്മില്‍ ഉഗ്രമായ പോരാട്ടം നടക്കുമ്പോള്‍, നാരദമുനി കൈലാസത്തുചെന്ന് ശിവനോട് വിശേഷങ്ങളെല്ലാം ഉണര്‍ത്തിക്കുന്നു!
തന്റെ പ്രിയതമയുടെ ദയനീയാന്ത്യം അറിഞ്ഞ് ഉഗ്രകോപം പൂണ്ട പരമശിവന്‍ കോപം അടക്കാനാവാതെ തന്റെ ജട പിടിച്ച് വലിച്ച് നിലത്തടിച്ചു! അതില്‍ നിന്നും ഉഗ്രകോപം പോണ്ട ഒരു സത്വം ജനിക്കുന്നു. വീരഭദ്രന്‍!
വീരഭദ്രനോട് ദക്ഷയാഗം മുടക്കി, ദക്ഷനെയും അനുചരന്മാരെയും വധിക്കാന്‍ കല്പിച്ചയച്ചിട്ടും ഉഗ്രമൂര്‍ത്തിയുടെ കോപം കത്തിജ്വലിച്ചു നിന്നു. ആ കോപത്താല്‍ അദ്ദേഹം ശിവതാണ്ഡവനൃത്തം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തിരുനെറ്റിയില്‍ നിന്നും മറ്റൊരു ഉഗ്രദേവത ഭൂജാതയാകുന്നു.. വീരഭദ്ര (ഭദ്രകാളി!).
════════════════
വീരഭദ്രയോടും വീരഭദ്രനെ അനുഗമിച്ച് ദക്ഷനിഗ്രഹം ചെയ്യാന്‍ അജ്ഞാപിക്കുന്നു സദാശിവന്‍.
വീരഭദ്രനും ഭദ്രകാളിയും ശിവഭൂതങ്ങളും ചേര്‍ന്ന് ദക്ഷന്റെ യാഗശാല താറുമാറാക്കി, എതിര്‍ത്തവരെയും പരിഹസിച്ചവരെയും ഒക്കെ വളരെ നികൃഷ്ടമായി നിഗ്രഹിച്ചു ചടുലനൃത്തമാടി. ഇതിനകം ഭ്രഹ്മാവും മഹാവിഷ്ണുവും ഒക്കെ അവിടെ നിന്നും മറഞ്ഞുകളഞ്ഞു.
പ്രാണര്‍ക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ നോക്കിയ ഭൃഗുമുനിയെയും ഭൂതഗണങ്ങള്‍ പിടികൂടി ജടപിടിച്ചു വലിച്ച് ഓരോന്നായി ഊരിയെടുത്തു. മുനിയുടെ മുഖം രക്താവൃതമായി. അതുകണ്ട് ഭൂതഗണങ്ങള്‍ പൊട്ടിച്ചിരിച്ചു! ‘ഞങ്ങള്‍ പാഷണ്ഡന്മാരായതുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത് ’എന്നും പരിഹാസരൂപേണ പറഞ്ഞു. കാരണം ഭൃഗുമുനിയാണ് പണ്ട് ശിവഭൂതങ്ങള്‍ പാഷണ്ഡന്മാരായി തീരട്ടെ എന്നു ശപിച്ചത്..
════════════════
ഇതയുമായപ്പോള്‍ ശിവപാര്‍ഷദനായ നന്ദീകേശന്‍ ഭൃഗുമിനിയെ കാണുന്നു. നന്ദീകേശന്‍ ഓടിചെന്ന് ഭൃഗുവിന്റെ രണ്ടുകണ്ണുകളും കുത്തിപ്പൊട്ടിച്ച്, പല്ലുകളും പറിച്ചുകളയുന്നു. (നന്ദീകേസനേയും ഭൃഗുമുനി പണ്ട് ശപിച്ചിട്ടുണ്ട്)
ഈ സമയം വീരഭദ്രനും ഭദ്രകാളിയും ചേര്‍ന്ന് ദക്ഷനോട് നേരിട്ട് ദക്ഷനെ പിടിച്ച് തല ശൂലത്താല്‍ അരുത്ത് ഹോമകുണ്ഡത്തില്‍ എറിയുന്നു..
ദക്ഷനെ നിഗ്രഹിച്ചിട്ടും വീരഭദ്രന്റെ കോപം ശമിക്കാഞ്ഞതുകണ്ട് ഭയന്ന് മുനികളും ദേവന്മാരും ഒക്കെ ഓടി ബ്രഹ്മാവിന്റെ അടുക്കല്‍ സങ്കടവുമായി ചെല്ലുന്നു. ബ്രഹ്മാവ് പറയുന്നു, സംഹാരമൂര്‍ത്തിയായ ശിവന്റെ കോപം ശമിപ്പിക്കാന്‍ ത്രിലോകങ്ങളിലും ആര്‍ക്കും സാധ്യമല്ല, എന്റെ പുത്രനായ ദക്ഷന്‍ വലിയ അഹങ്കാരിയും ശിവദ്വേക്ഷിയും ആയതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്, പരമശിവന്‍ വിചാരിച്ചാല്‍, മരണമില്ലാത്ത ദക്ഷനെ നിഗ്രഹിക്കാനും മരണമുള്ളവനു മരണമില്ലാത്ത അവസ്ഥയും സിദ്ധിക്കും, അതുകൊണ്ട്, നമുക്കെല്ലാവര്‍ക്കു ചേര്‍ന്ന് വൈകുണ്ഡത്തിലെത്തി, അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാനാവുമോ എന്ന് നോക്കാം. അദ്ദേഹത്തിന്റെ കോപം അടങ്ങിയാല്‍ എല്ലാം ശാന്തമാകും.
════════════════
ബ്രഹ്മാവും മറ്റ് ദേവന്മാരും കൂടി കൈലാസത്തിലെത്തി ശിവനെ വാഴ്ത്തി സ്തുതിക്കുമ്പോള്‍ മുക്കണ്ണന്‍ സമാധിയില്‍ നിന്നുണര്‍ന്ന് അവരെ നോക്കുന്നു. അപ്പോള്‍ ബ്രഹ്മാവു തന്നെ ശിവന്റെ പാദങ്ങളില്‍ വീണ് ദക്ഷന് ആയുസ്സു തിരിച്ചു നല്‍കാന്‍ അപേക്ഷിക്കുന്നു. പരമശിവന്‍ ശാന്തനായി, യാഗത്തിനു ബലിയര്‍പ്പിക്കാന്‍ നില്‍ക്കുന്ന അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ചാല്‍ അദ്ദേഹം ജീവിക്കും എന്നരുളുന്നു. ഭൃഗുവിന്റെ ദുരിതങ്ങളും ശമിപ്പിച്ചു.
ദേവന്മാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ നിന്നും യാത്രയായി. വീരഭദ്രനും ഭദ്രയും തിരിച്ചു ശിവനില്‍ തന്നെ ലയിക്കുന്നു. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ച് അദ്ദേഹത്ത് ജീവിപ്പിക്കുന്നു.
അജമുഖനായ ദക്ഷന്‍ അന്നുമുതല്‍ വലിയ ശിവഭക്തനായി തീരുന്നു.
════════════════
യോഗശാലയില്‍ ദഹിച്ച സതി വീണ്ടും പര്‍വ്വതപുത്രിയായ പാര്‍വ്വതിയായി ജനിച്ച്, ശിവന്റെ പത്നിയായി തീരുകയും ചെയ്യുന്നു. തന്റെ ശരീരത്തിന്റെ പകുതി പത്നിക്കായി നല്‍കി അദ്ദേഹം അര്‍ദ്ധനാരീശ്വരനായും തീരുന്നുണ്ട്. പാര്‍വ്വതീ ദേവിയെ ഉമയെന്നും അംബികയെന്നും മഹേശ്വരി എന്നും നാമങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.
(പ്രജാപതിയായ ദക്ഷന്റെ അഹങ്കാരം ശമിപ്പിക്കാനായിരുന്നു ദേവി അദ്ദേഹത്തിനെ മകള്‍ ഉമ യായി അവതരിച്ചത്)
════════════════
[കടപ്പാട്: ഡോ. പി. എസ്സ്. നായര്‍-മഹാഭാഗവതം ഗദ്യം)
╔═════ ▓▓ ࿇ ▓▓ ═════╗
*കാരിക്കോട് ദേവി ക്ഷേത്രം -01-12-19*
╔═════ ▓▓ ࿇ ▓▓ ═════╗