*ജയ് മാഹിഷ്മതി !*
ബാഹുബലി എന്ന സിനിമ വഴിയാകണം ഭൂരിഭാഗം മലയാളികളും / ദക്ഷിണേന്ത്യക്കാരും ഈ പേര് കേട്ടിട്ടുണ്ടാവുക. എന്നാൽ മാഹിഷ്മതി എന്നത് കേവലമൊരു സിനിമാ ഭാവനയല്ല. ഇൻഡോർ നഗരത്തിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന മഹേശ്വർ എന്ന ഇടമാണ് ചരിത്രത്തിലും, പുരാണങ്ങളിലും എല്ലാം മാഹിഷ്മതി എന്നറിയപ്പെട്ടിരുന്നത്.
സാമവേദത്തിനു മ്യൂസിക്കൽ നോട്സ് കുറിച്ചു എന്ന് പറയപ്പെടുന്ന, മഹാശിവഭക്തനായിരുന്ന, താണ്ഡവ സ്തോത്രം രചിച്ച; എന്നിങ്ങനെ മഹിമകൾ ഏറെയുണ്ടായിരുന്നു എങ്കിലും, സ്ത്രീലമ്പടത്വം മൂലം വില്ലനായി വിലയിരുത്തപ്പെട്ട ഇതിഹാസ കഥാപാത്രമാണ് രാവണൻ. വേദവതിയുടെ ശാപം മൂലം സീതയെ തൊടാൻ പോലും ഭയന്ന രാവണൻ, അക്കാരണം കൊണ്ട് തന്നെ ചിലർക്കെല്ലാം വിശുദ്ധനുമായി. ഇപ്പറഞ്ഞ കാര്യങ്ങൾക്കുമപ്പുറം രാവണൻ, ജംബു ദ്വീപത്തിലെ ഒന്നാംതരം തല്ലു കൊള്ളി കൂടിയായിരുന്നു.
ഒരിക്കൽ രാവണൻ നർമ്മദാ തീരത്ത് പൂജ ചെയ്തുകൊണ്ടിരുന്ന സമയം, നദിയിൽ ജലനിരപ്പുയരുകയും; രാവണൻ മണലിൽ തീർത്ത ശിവലിംഗം ഉടഞ്ഞു പോവുകയും ചെയ്തു. കാരണമന്വേഷിച്ച് ചെന്ന രാവണൻ കണ്ടത് ഒരാൾ കുറെ സ്ത്രീകളുമൊത്ത് നദിയിൽ ഉല്ലസിക്കുന്നതാണ്. ഈ ദൃശ്യം രസിക്കാതിരുന്ന രാവണൻ, അയാളെ യുദ്ധത്തിന് ക്ഷണിച്ചു. തീർത്തും ഏകപക്ഷീയമായ ആ പോരാട്ടത്തിൽ എതിരാളി രാവണനെ അതിവേഗം മർദ്ദിച്ചു വീഴ്ത്തുകയും, തടവിലാക്കുകയും ചെയ്തു.
രാവണന്റെ ചെകിടിൽ ചെമ്പട കൊട്ടിയ ആ എതിരാളിയുടെ പേരാണ് കാർത്യവീര്യാർജ്ജുനൻ. അവന്തിയിലെ രാജാവായിരുന്ന കാർത്യവീര്യാർജ്ജുനൻ താമസിച്ചിരുന്ന ഇടമാണ് മാഹിഷ്മതി.
കാർത്യവീര്യാർജ്ജുന പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇപ്പോഴും മഹേശ്വറിലുണ്ട്. രാവണനെ ഭൂമിയിൽ തറച്ചു വെച്ച കാർത്യവീര്യാർജ്ജുനൻ, എതിരാളിയുടെ പത്തു തലകളിലും ഓരോ വിളക്കുകൾ വീതവും, കയ്യിൽ ഒരു വിളക്കും വെച്ചു എന്ന ഐതിഹ്യത്തെ പിൻപറ്റി; കാർത്യവീര്യാർജ്ജുനൻ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്ന രാജരാജേശ്വര ശിവക്ഷേത്രത്തിൽ പതിനൊന്നു വിളക്കുകൾ തെളിയിക്കുന്ന പതിവുമുണ്ട്. എല്ലാ വർഷവും കാർത്യവീര്യാർജ്ജുന ജയന്തിയും ഇവിടെ ആഘോഷിക്കപ്പെടാറുണ്ട്. ശിവക്ഷേത്രങ്ങളുടെ എണ്ണം കൊണ്ടും, നർമ്മദയുടെ സാമിപ്യം കൊണ്ടും ഗുപ്‌ത കാശി എന്നൊരു വിളിപ്പേരും മഹേശ്വറിനുണ്ട്.
മഹേശ്വറിൽ നിന്നും ഏകദേശം അറുപതു കിലോമീറ്റർ സഞ്ചരിച്ചാൽ, കാർത്യവീര്യാർജ്ജുനനെ വധിച്ച പരശുരാമന്റെ ജന്മഭൂമി; ജാനാപാവിൽ എത്താം. ഹോൾക്കാർ രാജവംശത്തിനു കീഴിലായിരുന്ന അവന്തി പ്രദേശത്തിന്റെ തലസ്ഥാനം പിന്നീട് ഇൻഡോറിലേയ്ക്ക് മാറ്റപ്പെട്ടു.
കടപ്പാട്
സോഷ്യൽ മീഡിയ