Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, September 10, 2020

പഴനിയിലെ മുരുക വിഗ്രഹം

പഴനിമല മുരുകൻ
 

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.
ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.
നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.
ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.
എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും. ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു.  ആരശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്.  ആശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.
പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും.  ഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.
 ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ്  വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.
ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു.  ഈശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു. ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും,  അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.
പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു.  ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്.  ഈചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം.  ഈചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.  ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും.  ഈവെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്.  ഈതീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്.

 

നമ:ശിവായ എന്ന അത്ഭുതമന്ത്രം

⭕നമ:ശിവായ എന്ന അത്ഭുതമന്ത്രം⭕..

നമ:ശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ...

യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേ നമ:ശിവായ

ന/ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും

മ/ പ്രപഞ്ചത്തെയും കുറിക്കുന്നു.

ശി /ശിവനെ പ്രതിനിധീകരിക്കുന്നു

വ /എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം.

യ/ എന്നാൽ ആത്മാവ്.

ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്.

ന /എന്നാൽ ഭൂമി.

മ /എന്നാൽ ജലം.

ശി /എന്നാൽ അഗ്നി.

വ / വായു.

യ/ എന്നാൽ ആകാശം.
മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂർണ ഫലപ്രാപ്തിയുണ്ടാകും.

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).

മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്.

വ്രതങ്ങൾ_അനുഷ്ഠാനങ്ങള്‍

#വ്രതങ്ങൾ_അനുഷ്ഠാനങ്ങള്‍ - 03

തിങ്കളാഴ്ച വ്രതം

ഉമയോടുകൂടിയ ദേവനായ പരമശിവന്റെ ദിവസമാണ് സോമവാരം അഥവാ തിങ്കളാഴ്ച. അമാവാസി നാളില്‍ വരുന്ന സോമവാരവ്രതം അനുഷ്ഠിച്ചാല്‍ ഏറ്റവും കൂടുതല്‍ പുണ്യം ലഭിക്കും. വ്രതം ആരംഭിക്കുന്നതിന് ഏറ്റവും ഉത്തമമായ മാസങ്ങള്‍ വൃശ്ചികവും മകരവുമാണ്. തിങ്കളാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ശിവക്ഷേത്ര ദര്‍ശനം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളത്തില സമര്‍പ്പണം, ശിവകീര്‍ത്തനങ്ങള്‍, ഒം നമഃശിവായ എന്ന മന്ത്രം സദാസമയവും എന്നിവ തിങ്കളാഴ്ച നടത്തണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാം.

പരമശിവനേയും ദേവിയെയും പ്രാര്‍ത്ഥിക്കണം. ഭഗവാനെ 16 വയസ്സുള്ള ദേവനായി പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ ഭഗവാന്റെ ഇടതുവശത്ത് ദേവി ഉണ്ടെന്നുള്ള സങ്കല്‍പം വേണം. പ്രാര്‍ത്ഥന ആ ദിവസം മുഴുവന്‍ വേണം. ഏതു പ്രവൃത്തിയില്‍ മുഴുകിയിരുന്നാലും മഹാദേവനേയും ദേവിയേയും കുറിച്ചുള്ള സ്മരണ ഉണ്ടാവണം. തിങ്കളാഴ്ച വ്രതം ഉപവാസമായോ ഒരുനേരം ഭക്ഷണമായോ എങ്ങനെ വേണമെങ്കിലും അനുഷ്ഠിക്കാം.

പന്ത്രണ്ടോ പതിനാറോ സംഖ്യ വ്രതം എടുക്കണം. മംഗല്യഭാഗ്യം, ഭദ്രമായ കുടുംബജീവിതം, മോക്ഷം ഇവയൊക്കെ തിങ്കളാഴ്ച വ്രതത്തിന്റെ പുണ്യം. മഹാദേവനെ സംബന്ധിച്ചുള്ള എല്ലാ വ്രതത്തിനും ഭക്തിക്കു തുല്യം പ്രാധാന്യം ദാനത്തിനുണ്ട്. തിങ്കളാഴ്ച വ്രതംകൊണ്ട് തിങ്കള്‍ തലയില്‍ ചൂടുന്ന ഭഗവാന്‍ പ്രസാദിക്കും. ജാതകത്തിലെ ചന്ദ്രന്റെ ദോഷപരിഹാരം, വൈധവ്യദോഷ പരിഹാരം ഇവയ്‌ക്കൊക്കെ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. അവസാനമില്ലാത്ത ഫലങ്ങളെ പ്രദാനം ചെയ്യുന്ന ദിനമാണ് സോമവാരം.

ചൊവ്വാഴ്ച വ്രതം

ഭൂമി പുത്രനായ ചൊവ്വാ ഗ്രഹത്തിന്റെ അനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന വ്രതമാണ് ചൊവ്വാഴ്ച വ്രതം. മംഗളവാരം അഥവാ ചൊവ്വാഴ്ചവ്രതം ഒരിക്കല്‍ ആയി ആണ് അനുഷ്ഠിക്കുന്നത്. ചൊവ്വാഴ്ച ചോതി നക്ഷത്രം വരികയാണെങ്കില്‍ അന്ന് വ്രതമെടുക്കുന്നത് ഏറ്റവും ശ്രേഷ്ഠം. ചൊവ്വാ ദശാകാലമുള്ളവര്‍, ചൊവ്വാ ദോഷം മൂലം വിവാഹ തടസ്സം നേരിടുന്നര്‍, പാപസാമ്യം കൂടാതെ വിവാഹം നടത്തി ദോഷം അനുഭവിക്കുന്നവര്‍, കടബാധ്യത മൂലം ദുരിതം അനുഭവിക്കുന്നവര്‍ എന്നിവര്‍ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ച വ്രതം ഒരിക്കല്‍ ആയി ആണ് അനുഷ്ഠിക്കേണ്ടത്. സുബ്രഹ്മണ്യഭോജനം, ഭദ്രകാളീ ഭജനം ഇവ നടത്തണം.

ബുധനാഴ്ച വ്രതം

ബുധഗ്രഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടി അനുഷ്ഠിക്കുന്നത് ബുധനാഴ്ച വ്രതം. മംഗളകാരിയാണ് ബുധന്‍. വിദ്യയുടെ ദേവതയാണ് ബുധന്‍. വിദ്യാഭ്യാസത്തിന്റെ ഉന്നതിക്ക് ഈ വ്രതം എടുക്കുന്നത് ഉത്തമം. ഒരുനേരം ഭക്ഷണമാണ് വിധി. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം, ഭജനം, ദാനം ഇവ നടത്തണം. ബുധഗ്രഹത്തിന്റെ ദേവതയായ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കണം.

വ്യാഴാഴ്ച വ്രതം

വ്യാഴഗ്രഹത്തിന്റെ അനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന വ്രതമാണ് വ്യാഴാഴ്ച വ്രതം. ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. ബൃഹസ്പതി വിഷ്ണുവിന്റെ അംശമാണ്. വ്യാഴാഴ്ച വ്രതമെടുക്കുന്നവര്‍ വിഷ്ണുവിനെ പ്രത്യേകമായി പ്രാര്‍ത്ഥിക്കണം. വ്യാഴാഴ്ച വ്രതമെടുക്കുന്നവര്‍ സന്മാര്‍ഗചാരികളായിരിക്കും. ബ്രാഹ്മണര്‍ക്ക് അന്നദാനം പ്രധാനമായും നടത്തണം.

വെള്ളിയാഴ്ച വ്രതം

ശുക്രദശാകാലമുള്ളവര്‍ അനുഷ്ഠിക്കേണ്ട വ്രതമാണിത്. ഏറ്റവും സുഖം അനുഭവിക്കുന്ന ദശാകാലമാണ് ശുക്രദശ. ലോകജനങ്ങള്‍ക്ക് ഏറ്റവും അനുകൂലമാകുന്ന അനുഭവങ്ങള്‍ ശുക്രദശാകാലത്തുണ്ടാകും. ദേവിയോട് ബന്ധപ്പെട്ടു കിടക്കുന്ന ദിവസം ആണ് വെള്ളിയാഴ്ച. മഹാദേവഭജനം, ദേവീഭജനം, ദേവീക്ഷേത്രദര്‍ശനം ഇവ വെള്ളിയാഴ്ച വ്രതക്കാര്‍ തീര്‍ച്ചയായും നടത്തണം. കുടുംബഐശ്വര്യത്തിനായി സ്ത്രീകള്‍ പ്രത്യേകമായി അനുഷ്ഠിക്കേണ്ട വ്രതമാണ് വെള്ളിയാഴ്ച വ്രതം. ഒരു നേരം ഭക്ഷണമാണ് വിധി. മാസത്തിലൊന്നുവീതം വര്‍ഷം മുഴുവനുമായോ എല്ലാ വെള്ളിയാഴ്ചകളിലോ എടുക്കാം.

ശനിയാഴ്ച വ്രതം

ശനിദോഷ പരിഹാരത്തിനും ശനി ഗ്രഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണിത്. ശനി ദശാകാലം മുഴുവനായി വ്രതം അനുഷ്ഠിക്കണം. അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നതാണ് ശനിദശാകാലത്ത് ഉത്തമം. ഒരു നേരം ഭക്ഷണമാണ് ശനിയാഴ്ച വ്രതത്തിന്. ശാസ്താഭജനം, ശാസ്താ ക്ഷേത്രദര്‍ശനം ഇവ തീര്‍ച്ചയായും നടത്തണം.

വൈശാഖകാലം, മണ്ഡലകാലം, കര്‍ക്കടക മാസം എന്നീ പുണ്യകാലങ്ങളിലും വ്രതം ആചരിക്കുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും നാടിനും ശ്രേയസ്‌കരമാണ്.