Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, January 10, 2020

ശിവപഞ്ചാക്ഷരി

#ശിവപഞ്ചാക്ഷരി #സ്തോത്രം
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ "ന" കാരായ നമഃ ശിവായ || 1 ||

മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ "മ" കാരായ നമഃ ശിവായ || 2 ||

ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ "ശി" കാരായ നമഃ ശിവായ || 3 ||

വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ "വ" കാരായ നമഃ ശിവായ || 4 ||

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ "യ" കാരായ നമഃ ശിവായ || 5 ||

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

ശിവതത്വ ചിന്തനം

 ശിവതത്വ ചിന്തനം

ദേവതാ സങ്കൽപ്പങ്ങളിൽ വച്ച്‌ ഏറ്റവും അമൂർത്തമായതാണ് ശിവ സങ്കൽപ്പം. അത്‌ പരിപൂർണ്ണതയുടെ വൈകാരികഭാവമാണു. മഹാദേവന്റെ ശിരസിൽ നിന്ന് ഗംഗ പ്രവഹിക്കുന്നുവെന്ന സങ്കൽപ്പത്തോളം വന്യമായ സങ്കൽപ്പം മറ്റൊന്നുണ്ടോ..? ശക്തിയുടേയും, ഊർജ്ജത്തിന്റേയും പരമ കോടിയൊലുള്ള സങ്കൽപ്പമാണു ശിവൻ. ചന്ദ്രനെ ശിരസിൽ ധരിച്ചവൻ, ഗംഗയെ ശിരസിൽ വഹിച്ചവൻ, സർപ്പ കുണ്ഡലങ്ങളും, സർപ്പ മാലകളും അണിഞ്ഞവൻ, വ്യാഘ്ര ചർമ്മത്തെ വസ്ത്രമാക്കിയവൻ, ചുടല ഭസ്മം പൂശിയവൻ. പക്ഷേ കേവലം ഇത്തരം ഉടയാടകളണിഞ്ഞ മൂർത്തീ സങ്കൽപ്പത്തിലൊതുങ്ങുന്ന സ്വരൂപമല്ല ശിവൻ. പ്രകൃതിയുടെ വൈവിദ്ധ്യമാർന്ന മഹാ സങ്കൽപ്പം ഒരു ദേവനിൽ സമ്മേളിക്കുകയാണവിടെ. പ്രകൃതിക്ക് പോലും നിദാനമായ മഹാതേജസാണ് ശിവൻ ഒരു മഹാ പ്രകൃതി പുരുഷ സങ്കൽപ്പം. 

തന്ത്രത്തിന്റെ ഭാഷയിൽ അനാദിയിൽ ഉണ്ടായ അതിശക്തമായ ഒരു ഊർജ്ജ പ്രവാഹം. ആ ഊർജ്ജ പ്രവാഹത്തെ തന്ത്രം വിളിക്കുന്നത് ശിവൻ എന്നാണ്.  തുടക്കമോ ഒക്കമോ ഇല്ലാത്ത, നിറവും, രുപ,രസ, ഗന്ധങ്ങളും ഒന്നുമില്ലാത്ത നിർഗുണ പരബ്രഹ്മമായ ശക്തമാർന്ന ഒരു ഊർജ്ജ പ്രവാഹമാണത്. ആ ഊർജ്ജത്തിൽ നിന്ന് ഉദ്ഭവിച്ച ദ്രവ്യത്തെ ശക്തി എന്ന് വിളിക്കുന്നു. ഈ ഊർജ്ജ പ്രവാഹവും, ദ്രവ്യവും അഥവാ ശിവനും ശക്തിയും ഒന്നായി ചേർന്നിരിക്കുന്ന അവസ്ഥയാണ് ഈ കാണുന്ന സമസ്ഥ ജഗത്തിന്റെയും കാരണ രഹസ്യം. ശിവനും ശക്തിയും പരസ്പരം കലർന്ന് ഒന്നായി ചേർന്നിരിക്കുമ്പോൾ മാത്രമാണ് പ്രപഞ്ചം എന്നത് അനുഭവഭേദ്യമാകുന്നത്. അവയെ സാംഖ്യത്തിന്റെ ഭാഷയിൽ പുരുഷനെന്നും പ്രകൃതിയെന്നും വിളിക്കാം. അവ പരസ്പരം സംയോഗാവസ്ഥയിൽ ലയിച്ചിരിക്കുമ്പോൾ ആണ് പ്രപഞ്ചം ഉൺമയാകുന്നത്. അവയെ ഒരിക്കലും വേർപിരിക്കാനുമാകില്ല. നമ്മൾ ഒരു ഗ്ലാസ് പാൽ എടുത്ത് നോക്കുക. പാൽ എന്നത് അതിന്റെ ഘടകങ്ങൾ ആയ പ്രോട്ടീൻസിന്റേയും, മൂലകങ്ങളുടേയും ഒപ്പം കൃത്യമായ അളവിൽ ജലാംശവും ചേർന്നതാണ്. അവ ഒന്നായിരിക്കുമ്പോൾ മാത്രമേ നമുക്കതിനെ പാൽ എന്ന് വിളിക്കാൻ സാധിക്കുകയുള്ളൂ. അതിൽത്തന്നെ ഈ ഘടകങ്ങളെയോരോന്നിനേയും വേർതിരിച്ചറിയാനും നമുക്ക് സാധിക്കുകയില്ല. അത് തന്നെയാണ് പ്രകൃതിയും പുരുഷനും തമ്മിലുള്ള സംയോഗവും അതിന്റെ ഫലമായ പ്രപഞ്ച സൃഷ്ടിയും. വേർതിരിച്ചറിയാനാകാത്ത വിധം ഒന്നായിച്ചേർന്നിരിക്കുന്ന പുരുഷനും, പ്രകൃതിയും അഥവാ ശിവനും ശക്തിയുമാണ് പ്രപഞ്ചം. ബോധമണ്ഡലം ചിത്തും അഥവാ ശിവനും അവിടെ അനുഭവഭേദ്യമാകുന്ന ആനന്ദം ശക്തിയുമാണ്. ആ ചിദാനന്ദ ഘന രൂപമാണ് ബ്രഹ്മം.

വ്യവസ്ഥാപിതമായ ദേവതാ സങ്കൽപ്പങ്ങളിൽ നിന്നു കൊണ്ട്‌ അപ്പോൾ ശിവസങ്കൽപ്പത്തെ രൂപകൽപ്പന ചെയ്യാൻ  നമുക്ക്‌ സാധിക്കില്ല. അത്രമേൽ ഉത്കൃഷ്ഠമായ സങ്കൽപ്പമാണു ശൈവ സങ്കൽപ്പം. ശക്തിയുടേയും ഊർജ്ജത്തിന്റേയും മഹാ സങ്കൽപ്പം കൂടിയാണു ശിവൻ. ഊർജ്ജത്തിന്റെ മഹാവിസ്ഫോടനത്തിനു പ്രാപ്തൻ. എന്നാൽ ശാന്തസ്വരൂപനായ സദാശിവനും ശിവനാണു. ലോക ഗുരുവായ ദക്ഷിണാമൂർത്തിയും ശിവൻ തന്നെ. പഞ്ചമുഖനാണു ശിവൻ. ഈശാനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദോജാതൻ ഇവയാണു ശിവന്റെ പഞ്ചമുഖങ്ങൾ. ഈ അഞ്ചും, ശിവ സങ്കൽപ്പത്തിലെ അഞ്ച്‌ ഭാവങ്ങളെ കൽപ്പിക്കുന്നു. അമൂർത്തതയുടെ അതീന്ദ്രിയ സങ്കൽപ്പം. സാമന്യ മനുഷ്യന്റെ ഭാവ കൽപ്പനകളിലൊന്നും ഒതുങ്ങാത്ത മഹാമൂർത്തി. 

നടരാജനാണ് ശിവൻ. ശിവ താണ്ഡവമാണ് നാട്യകൽപ്പനയുടെ ആദ്യ ചുവടുകൾ. രൗദ്രവും, വന്യവുമാണ് ആ ചുവടുകൾ. ഡമരുവിന്റെ നാദമാണ് അതിന് പിന്നണി. ഹൂങ്കാരമാണ് ധ്വനി. പ്രപഞ്ചതാളം തന്നെയാണ് അത്.  ആദി യോഗിയും ശിവൻ തന്നെ. ശക്തി ചക്രങ്ങളാൽ പൂരിതമായ ശരീരത്തെ യോഗമുറയിലുടെ കുണ്ഡലനീ ശക്തിയെ ഉദ്ദീപിപ്പിച്ച് പരമ പുരുഷനായി മാറിയ ആദിയോഗി. ഭൗതീകമായ ശരീരത്തന്റെ പരിമിതികൾ മനസിലാക്കി അതിനപ്പുറത്തേക്ക് കടക്കുവാൻ ശ്രമിക്കുന്നയാളാണ് ഒരു യോഗി. പഞ്ച ഭൂതങ്ങളേയും വരുതിയിലാക്കുവാനുള്ള സിദ്ധിയാണ് ഒരു യോഗിക്ക് വേണ്ടത്. 
സംഹാര രുദ്രനാണ് ശിവൻ. ചുടലയിൽ താമസിക്കുന്ന മഹാകാലൻ. കൗതുകമായ ഒരു കൽപ്പനയാണത്. ശ്മശാനം എന്നാൽ ജീവാന്തമല്ല. കായാന്തമാണ്. കായം എന്നാൽ ശരീരം. ശരീരം അവസാനിക്കുന്ന ഇടമാണ് ശ്മശാനം. ജീവൻ അവിടെ അവസാനിക്കുന്നില്ല. ശരീരം മാത്രം അവസാനിക്കുന്നു. അവിടെയാണ് ശിവന്റെ മഹാകാല സങ്കൽപ്പം അധിവസിക്കുന്നത്. ശിവൻ സംഹാര മൂർത്തിയാകുന്നതും അവിടെയാണ്. ജീവനെയല്ല സംഹരിക്കുന്നത്. ശരീരത്തെ മാത്രമാണ്. ജീവതത്തിലെ ഏറ്റവും അർത്ഥ പൂർണ്ണമായ ആ ഇടത്താണ് മഹാകാലൻ വസിക്കുന്നത്. ദേഹം ഉപേക്ഷിച്ച് ദേഹി തനിച്ചുള്ള യാത്ര തുടങ്ങുന്നത് അവിടം മുതലാണ്. ശിവ കൽപ്പന വന്യമാകുന്നത് അവിടെയാണ്. ശരീരം ഭൗതീകതയുടെയും ലൗകീകതയുടേയും പ്രതീകമാണു, അതായത്‌ ശിവൻ സംഹരിക്കുന്നത്‌ ഭൗതീക ബോധത്തെയാണു. ശിവകൽപ്പനയുടെ പൊരുൾ തന്നെ ഭൗതീകതയുടെ അന്ത്യമാണു. ആത്മീയതയാണു പരമമായ സത്യമെന്ന് കൂടി ഇത്‌ വെളിവാക്കുന്നു. അതിനാൽ തന്നെയാണ് ശിവ ഭക്തി ഭയം കലർന്ന ഭക്തയായി പരിണമിക്കുന്നത്. സാമാന്യ മനുഷ്യന്റെ ഭാവനാതലത്തിലൊന്നും ഒതുങ്ങാത്ത അത്രയും അത്യുന്നതമായ മഹാമൂർത്തി കൽപ്പന. 

ഈ പ്രപഞ്ചം മുഴുവൻ ഭസ്മമാക്കി കളയുവാൻ പ്രാപ്തമായ കാളകൂട വിഷത്തെ സംശയമേതുമില്ലാതെ കോരിക്കുടിച്ച് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു കാരണക്കാരനായ മഹാനീലകണ്ഠപ്പെരുമാളാണു ശിവൻ. സംഹാര മൂർത്തി കൽപനയ്ക്ക്‌ വിരുദ്ധമാണത്‌. നെടുമംഗല്യത്തിന് വേണ്ടി സ്ത്രീകൾ മഹാദേവനോട് പ്രാർത്ഥിക്കുന്ന തിരുവാതിരയുടെ ഐതിഹ്യവും നോക്കൂ; സംഹാരമൂർത്തിയെന്ന കൽപ്പനയ്ക്കപ്പുറമൊരു സങ്കൽപ്പം കാണാം അവിടെ. വിവാഹ നാളിൽ തന്നെ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി ശ്രീപാർവ്വതി നടത്തിയ കഠിന വ്രതമാണ് തിരുവാതിര ഐതിഹ്യത്തിന്റെ പിന്നിൽ. ശ്രീ പാർവ്വതിയുടെ കഠിന നിലപാടിനു മുന്നിൽ കീഴടങ്ങിയ മഹാദേവൻ, അകാലത്തിൽ മരിച്ച ഭർത്താവിന്റെ ജീവനും അത് വഴി ആ പെൺകുട്ടിയുടെ മംഗല്യത്തെ തന്നെയും തിരികെ നൽകിയതാണ് തിരുവാതിരയുടെ ഐതിഹ്യം. സംഹാര മുർത്തികൽപനയിൽ നിന്നുള്ള മാറ്റം. പക്ഷേ എന്നാൽ അതാണു ശിവ കൽപ്പന. അതാണു ശിവ തത്വം, സൃഷ്ടിയും, സ്ഥിതിയും, സംഹാരവും എല്ലാം ഒന്നിലേക്ക്‌ ലയിക്കുന്ന, മഹാ തത്വം. കാലത്തെ നിയന്ത്രിക്കുന്ന സൃഷ്ടിസ്ഥിത്യന്തകാരകത്വം സമ്മേളിക്കുന്ന മഹാകാല തത്വം. തിരുവാതിര വ്രതമാചരിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട തത്വം ഇത് തന്നെയാണ്.