Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, September 3, 2022

ശിവഭാഗവാന് ഈ വഴിപാടുകൾ പ്രിയങ്കരം

#ശിവഭാഗവാന് ഈ വഴിപാടുകൾ പ്രിയങ്കരം
ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം.

പിൻവിളക്ക് കത്തിച്ചാൽ ദാമ്പത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കും. ശിവക്ഷേത്ര ദർശനത്തിൻ്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണ് വിശ്വാസം. 21 ദിവസം തുടർച്ചയായി പിൻവിളക്ക് വഴിപാട് അത്യുത്തമം 

പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാര്‍ പറയാറുള്ളത്. ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ടഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്.

പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ അനുഷ്ടിക്കുകയാണെങ്കിൽ കുടുംബപരമായും ദാമ്പത്യപരമായുമുള്ള ദോഷങ്ങളെല്ലാം അകന്ന് പോകും.

ഐശ്വര്യത്തിനും ദാമ്പത്യ സൗഖ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും ഇഷ്ട മംഗല്യം ലഭിക്കുന്നതിനും തിങ്കളാഴ്ച ദിവസം വ്രതമെടുത്ത് ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ശനിദശയോ ഏഴരശനി, കണ്ടകശനി മുതലായവയോ അനുഭവിക്കുന്നവര്‍ പതിവായി ശനിയാഴ്ചകളിൽ ശിവക്ഷേത്ര ദര്‍ശനവും വഴിപാടുകളും നടത്തിയാൽ ദോഷ ശാന്തിയുണ്ടാകും.

നീലശംഖു പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത് ഏഴരശനി, കണ്ടകശനി, ശനിദശ മുതലായവ കൊണ്ടുള്ള ദോഷങ്ങൾ അകലുന്നതിന് ഉത്തമമാണ്.

ശ്രീപരമേശ്വരന് പ്രിയങ്കരമായ മറ്റൊരു വഴിപാടാണ് ധാര. ശിവലിംഗത്തിന് മുകളിൽ ഒരു പ്രത്യേക പാത്രം സ്ഥാപിച്ചിട്ടുണ്ടാകും. ഇതിനെ ധാരകീടാരം എന്ന് പറയുന്നു. ഇതിൽ നിന്നും ധാരാദ്രവ്യം ഇടമുറിയാതെ പ്രവഹിച്ച് ശിവലിംഗത്തിൽ പതിക്കുന്നതിനെയാണ് ധാരയെന്ന് പറയുന്നത്.

ശുദ്ധജലം, കരിക്ക് തുടങ്ങിയവ ധാരക്ക് ഉപയോഗിക്കുന്നു. ഗംഗ ശിവന്‍റെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഈ തത്വത്തെ ആധാരമാക്കിയാണ് ധാര നടത്തുന്നത്.

ധാരാ തീര്‍ത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീര്‍ത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. ശിവൻ്റെ ശിരസ്സ് എപ്പോഴും അഗ്നികൊണ്ട് ജ്വലിക്കുന്നതിനാൽ അത് ശീതീകരിക്കുന്നതിനാണ് ധാര ചെയ്യുന്നത് എന്ന് മറ്റൊരു വിശ്വാസവുമുണ്ട്.

കുടുംബപരമായി ശിവന്‍റെ അനുഗ്രഹം ലഭിക്കാത്തവര്‍ക്ക് ധാര കഴിക്കുന്നത് വളരെ നല്ലതാണ്. അഭിഷേകമാണ് ശിവക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്. പാൽ, ഇളനീര്‍, നെയ്യ്, എണ്ണ, ഭസ്മം, പനിനീര്‍ മുതലായവ അഭിഷേകത്തിനായി ഉപയോഗിക്കാം.

ശിവന് അഭിഷേകം ചെയ്ത പാൽ, ഇളനീര്‍ എന്നിവ പ്രഭാതത്തിൽ സേവിച്ചാൽ ഉദര രോഗങ്ങൾ ശമിക്കും. പാൽ അഭിഷേകം ചെയ്താൽ സന്താന ഭാഗ്യവും ഇളനീര്‍ അഭിഷേകം ചെയ്താൽ മനസുഖവുമാണ് ഫലം.

അഭിഷേകം ചെയ്ത നെയ്യ് സേവിച്ചാൽ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധി ഭ്രമം അകലുകയും ചെയ്യും. അപസ്മാരാധിരോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിന് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് സേവിക്കുന്നത് ഉത്തമമാണ്.

എണ്ണകൊണ്ട് അഭിഷേകം ചെയ്താൽ രോഗ ശാന്തിയുണ്ടാകും. പനിനീര്‍കൊണ്ടുള്ള അഭിഷേകത്തിന് ശരീര സൗഖ്യമാണ് ഫലം. ഭസ്മംകൊണ്ടുള്ള അഭിഷേകം പാപനാശവും ദുരിതമോചനവും സിദ്ധിക്കുന്നതിന് ഉത്തമമാണ്.

പാര്‍വ്വതീ പരമേശ്വരന്മാരെ സങ്കല്പ്പിച്ച് സ്വയംവരാര്‍ച്ചന നടത്തുന്നതും ഉമാമഹേശ്വര പൂജ നടത്തുന്നതും വിവാഹ തടസ്സം അകന്ന് ഉത്തമമായ ദാമ്പത്യ ബന്ധം സിദ്ധിക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്നതിനും നല്ലതാണ്.

Kdp