*പൊക്കുന്നി (പൊക്കുന്നിയപ്പൻ) മഹാദേവ ക്ഷേത്രം...*
പുരാതന കേരളത്തിലെ പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടവന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
പൊക്കുന്നി മഹാദേവക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്‍റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്...
ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.
പാലക്കാടന്‍ചുരം പരശുരാമന്‍ വെട്ടിമുറിച്ച് ഉണ്ടാക്കിയപ്പോള്‍ പരശുരാമനെ അനുഗ്രഹിക്കാനായാണ് ഭഗവാന്‍ ശ്രീ പരമേശ്വരന്‍ ജലത്തില്‍ നിന്നും സ്വയംഭൂവായി ഉയര്‍ന്നു വന്നതെന്നും ഐതിഹ്യമുണ്ട്.
ഈ പെരുംകുളത്തിൽ സ്വയംഭൂവായി ദേവൻ പ്രതിക്ഷ്യപ്പെടുകയും കൊല്ലംകോട് രാജാവ് ക്ഷേത്രം പണിതീർക്കുകയും ആണ് ഉണ്ടായത്.
ഏതാണ്ട് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കുളത്തിങ്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ക്ഷേത്രക്കുളത്തിനു നടുക്കായിരുന്ന ക്ഷേത്രത്തിലേക്ക് എത്തിചേരാനായി ക്ഷേത്രക്കുളത്തിന്‍റെ ഒരുവശം മണ്ണിട്ട് ഉയർത്തിയതാവാം.കുളത്തിലേക്ക് തള്ളി നിൽക്കുന്ന ക്ഷേത്രം കാണുമ്പോൾ അതു മനസ്സിലാക്കാവുന്നതാണ്.
കിഴക്കോട്ട് ദര്‍ശനമായുളള ഈ ക്ഷേത്രത്തില്‍ ഗണപതിയും നാഗരാജാവും ഉപദേവതകളായുണ്ട്. മീനമാസത്തിലെ അശ്വതിയാണ് പ്രതിഷ്‌ഠാദിനം. പക്ഷേ 12 കൊല്ലത്തില്‍ ഒരിക്കലെ പ്രതിഷ്‌ഠാദിനം ഉത്‌സവമായി കൊണ്ടാടാറുള്ളൂ.
ഇവിടെ വന്ന് ജലാധിവാസിയായ, മൃത്യുഞ്ജയനായ മഹാദേവനെ പ്രാര്‍ത്‌ഥിച്ചാല്‍ രോഗദുരിതങ്ങള്‍ നീങ്ങി ദീര്‍ഘായുസ്സാകുമെന്നാണ് വിശ്വാസം. തിങ്കളാഴ്‌ച്ചകളില്‍ ഇവിടെ അടിപ്രദക്ഷിണം നടത്താന്‍ കന്യകമാരുടെ തിരക്കാണ്. അടിപ്രദക്ഷിണത്തിനുശേഷം സ്വയംവര പുഷ്‌പാഞ്‌ജലി നടത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമെന്നാണ് അനുഭവമതം .
പാലക്കാട് കൊല്ലങ്കോട് രാജവംശമാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. കൊല്ലങ്കോടിന്‍റെ പഴയപേര് വെങ്ങന്നാട് എന്നാണ്. അഞ്ചുദേശങ്ങള്‍ ഉള്‍പ്പെടുന്ന വെങ്ങനാടിന്‍റെ അധിപനായിരുന്നു വെങ്ങനാട് നമ്പി അഥവാ കൊല്ലങ്കോട് രാജാവ്. ഈ പ്രദേശത്തെ അന്നത്തെ ആയിരത്തോളം വരുന്ന നായര്‍ കുടുംബങ്ങളുടെ നായകനുമായിരുന്നു. അദ്ദേഹം.
വെങ്ങുനാട് നമ്പിടികളായ കൊല്ലങ്കോട് സ്വരൂപവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് വടവന്നൂരിന്‍റെ ചരിത്ര പാശ്ചാതലം.
കൊല്ലങ്കോടിന്‍റെ പഴയ പേരാണ് വേങ്ങനാട്. പ്രാചീനകേരളത്തിലെ പതിനേഴുനാടുകളില്‍ പതിനാലാമത്തെ നാടാണ് വേങ്ങനാട്. കശ്യപക്ഷേത്ര മാഹാത്മ്യം എന്ന സംസ്കൃതകാവ്യത്തില്‍ നികുലപുരം രാജാവായ ധര്‍മ്മവര്‍മ്മന്‍ കുഷ്ഠരോഗബാധിതനായി പത്നീസമേതം ദേശാടനം ചെയ്യുന്നതിനിടയില്‍ ഹേമാംഗവര്‍മ്മന്‍ എന്നു പേരായ പുത്രന്‍ ജനിക്കുകയും ശിശുവായ ഹേമാംഗവര്‍മ്മന്‍ നദിയിലെ ഒഴുക്കില്‍പ്പെട്ട് പോവുകയും കരയ്ക്കടിഞ്ഞ ഹേമാംഗവര്‍മ്മനെ ഒരു കൊല്ലന്‍ വളര്‍ത്തുകയും ഹേമാംഗവര്‍മ്മന്‍ പ്രായപൂര്‍ത്തിയായ സമയത്ത് പരശുരാമന്‍ അവിടെ എത്തി കൊല്ലങ്കോട്, പയ്യലൂര്‍, വട്ടേക്കാട്, മുതലമട, വടവന്നൂര്‍ എന്നീ അഞ്ചു പ്രദേശങ്ങള്‍ ചേര്‍ത്ത് വേങ്ങനാടിലെ രാജാവായി വാഴിക്കുകയും കൊല്ലനായ വളര്‍ത്തച്ഛന്‍റെ ഓര്‍മ്മയ്ക്കായി ഹേമാംഗവര്‍മ്മന്‍ വേങ്ങനാടിനെ ‘അയസ്കാരപുരം’ എന്ന പേരിടുകയും ചെയ്തു. “അയസ്കാരന്‍” “കൊല്ലന്‍” ആയതുകൊണ്ട് “അയസ്കാരപുരം“ എന്ന സംസ്കൃതവാക്കിന്റെ മലയാളമാണ് കൊല്ലങ്കോട്. രാജധാനി എന്നര്‍ത്ഥമുള്ള കൊല്ലവും മുക്ക് എന്ന അര്‍ത്ഥത്തോടുചേര്‍ന്ന കോടും ചേര്‍ന്നാണ് കൊല്ലങ്കോട് എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് പുരാണത്തിലെ ഐതിഹ്യം..
യാഗകര്‍മ്മങ്ങള്‍ക്ക് അവശ്യം വേണ്ട സോമലത, കരിങ്ങാലി, കൃഷ്‌ണാജിനം എന്നിവ കൊടുത്തു വിടുന്നതിനുള്ള അധികാരം കൊല്ലങ്കോട് രാജാവിനായിരുന്നു.കൊല്ലങ്കോട്ട് രാജാവിന്‍റെ പരദേവത കാച്ചാംകുറിച്ചി ദേവനായിരുന്നു. എന്നാല്‍ വടവന്നൂര്‍ തേവര്‍ ഇഷ്ടദേവനുമായിരുന്നു.
ഓം നമ:ശിവായ ...