https://m.facebook.com/story.php?story_fbid=1834917616539153&id=100000627971892?sfnsn=wiwspwa&extid=NpxbRM3wZVaRuDZP
മഹാഗണപതി വാഴും മരാട്ട് മന ( മരനാട്ട് മന)
കേരളത്തിലെ ഏറ്റവും പ്രസിദ്ധിയേറിയ നമ്പൂതിരി തറവാടുകളിൽ ഒന്നാണു മരാട്ട് മന അഥവാ മരനാട്ട് മന ( മരനാട്ട് ലോപിച്ച് മരാട്ടായതാണു ) . കേരളത്തിൽ ഇന്നു ആകെ രണ്ടോ, മൂന്നോ, പതിനാറുകെട്ടുകളെ ഉള്ളൂ. അതിൽ ഒന്നാണു മരാട്ട് മന . നമ്പൂതിരി ഗൃഹങ്ങളിൽ പതിനാറു കെട്ടായുള്ള ഗൃഹം മരാട്ട് മന മാത്രേ ഞാൻ കേട്ടിട്ടുള്ളൂ. ( പണ്ട് ഒരുപാട് 16 കെട്ടുകൾ ഉണ്ടായിരുന്നു. നിലനിൽക്കുന്ന 16 കെട്ട് മരാട്ട് മന പോലെ ഒന്നു രണ്ടെണ്ണം മാത്രം ) പഴയ ജന്മി പരമ്പരയായിരുന്നു മരാട്ട് മനക്കാർ. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ ഗ്രാമമായ കരിക്കാട് ഗ്രാമത്തിലെ കൊടശ്ശേരി ദേശത്താണു മരാട്ട് മന സ്ഥിതി ചെയ്യുന്നത്.24 ഓളം നമ്പൂതിരി ഇല്ലങ്ങളാണു ഈ കരിക്കാട് ഗ്രാമത്തിലുള്ളത്.മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് വണ്ടൂർ റോഡിൽ മരാട്ട്പ്പടി എന്ന സ്ഥലത്താണു മരാട്ട് മന സ്ഥിതി ചെയ്യണത് . മനയുടെ പേരു തന്നെ സ്ഥലത്തിനു വന്നു ചേർന്നു. മരാട്ട് മനയിൽ വാഴും മഹാഗണപതി മനയ്ക്കും , കുടുംബാംഗങ്ങൾക്കും , നാട്ടുകാർക്കും , അഭീഷ്ടവരദായകനായി വാഴുന്നു .തന്ത്രികാ അവകാശമുള്ള പരമ്പരയാണു മരാട്ട് മനക്കാർ . ഏകദേശം 35 ഓളം ക്ഷേത്രങ്ങളിൽ തന്ത്രികളാണു മരാട്ട് മനക്കാർ. ഒരുപാട് ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉള്ള തറവാടാണു മരാട്ട് മന . നമുക്കു അതിലേക്ക് ഒന്നു കണ്ണോടിക്കാം .
എട്ട് തലമുറയുടെ പേരു വിവരങ്ങളും,പതിനാറാം നൂറ്റാണ്ടിലെ മുതൽ വിവരങ്ങൾ അടങ്ങിയ രേഖകൾ മനയിൽ ഉള്ളതിനാലും നാന്നൂറിലധികം വർഷം പഴക്കം എന്തായാലും മരാട്ട് മനക്കാർക്ക് ഉണ്ടെന്നു നമുക്കനുമാനിക്കാം.. വള്ളുവനാടൻ അതിർത്തിയായ ഏറനാടൻ പ്രദേശത്തിലാണു മരാട്ട് മന സ്ഥിതി ചെയ്യുന്നത്. പക്ഷെ വള്ളുവനാടൻ സംസ്കാരം പിന്തുടരുന്ന പരമ്പരയാണു മരാട്ട് മനക്കാർ .ധാരാളം ഭൂസ്വത്തിനു ഉടമയായിരുന്നിവർ. പതിനായിരക്കണക്കിനു പാട്ടം നെല്ല് കൃഷിയും മറ്റുമുണ്ടായിരുന്നു. കണ്ണേത്താ ദൂരത്തോളം ഭൂസ്വത്തുക്കളുണ്ടായിരുന്നവരായാ മരാട്ട് മനക്കാർ സാമൂഹിക പ്രതിബന്ധതയുള്ളവരായിരുന്നു.മരാട്ട് മനയിലെ ഒരു കാരണവരായ ദീർഘവീക്ഷ്ണത്തിനുടമയായ മരാട്ട് ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 1953 ഇൽ ഒരു എ.യു.പി.സ്കൂൾ സ്ഥാപിച്ചു . നാട്ടിലെ നിരവധി ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകാൻ ഇതൊരു കാരണമായി . ഇന്നും ഈ സ്കൂൾ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാലത്ത് ഒരുപാട് സാമൂഹിക മാറ്റങ്ങൾക്കും ,സമൂഹത്തിനു ഉപകാരപ്രദമായ അനവധി കാര്യങ്ങൾക്കും മരാട്ട് മനക്കാർ കാരണമായി. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്ന പുരോഗമന ചിന്താഗതിക്കാരാണു അന്നുമിന്നും മരാട്ട് മനക്കാർ. മരാട്ട് മനക്കാർക്ക് പുത്രകാമേഷ്ടി യാഗം നടത്തിയതിന്റെ ചരിത്രം വരെയുണ്ട്. നമ്മൾ സിനിമയിലും രാമായണത്തിലും വായിച്ചു കാണുമല്ലോ പുത്രകാമേഷ്ടിയെക്കുറിച്ചു.ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി നടത്തുന്ന യാഗമാണ് പുത്രകാമേഷ്ടി. പുത്രകാമേഷ്ടി കഴിഞ്ഞു ഗർഭം ധരിച്ചു കഴിഞ്ഞാൽ എന്നു ഗർഭം ധരിച്ചു തുടങ്ങിയോ അന്ന് മുതൽ പ്രസവം നടക്കും വരെ എല്ലാ ദിനവും മൂന്നു നേരവും അന്നദാനം നടത്തണമത്രെ. പുത്രകാമേഷ്ടി യാഗം കഴിഞ്ഞു , ഫലപ്രാപ്തി ലഭിച്ചു കഴിഞ്ഞും തറവാട്ടിലെ ഒരു കാരണവർ ( അദ്ദേഹത്തിന്റെ പേരും ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എന്നാണു മുത്തശ്ശന്മാരുടെ നാമം തറവാട്ടിലെ മൂത്ത ആൺകുട്ടികൾക്ക് വരുന്നത് കൊണ്ടാണു മനയിലെ ആൺകുട്ടികൾക്ക് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എന്ന നാമം ആവർത്തിക്കപ്പെടുന്നത്. ഇപ്പോഴത്തെ മരാട്ട് മന കാരണവരുടെ നാമവും ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് തന്നെ .) അദ്ദേഹത്തിന്റെ ജീവിതക്കാലം മുഴുവൻ മനുഷ്യ , പക്ഷി, മൃഗാദികൾക്ക് അടക്കം അന്നദാനം നടത്തിയിരുന്നുത്രെ. മഹാഗണപതിയുടെ അനുഗ്രഹത്താലും , മറ്റും എല്ലാം സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു മരാട്ട് മനയും അവിടുത്തെ അംഗങ്ങളും.
അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട് . 167 വർഷം പഴക്കമുണ്ട് ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത് മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട് കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട് ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട് ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട് . ഒരു നടുമുറ്റത്ത് പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത് അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട് ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട് ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക് എട്ടോളം പ്രവേശന കവാടവും ഉണ്ട്. ധാരാളം വാതിലുകളും ജനലുകളും മരാട്ടുമനയുടെ പ്രത്യേകതയാണു . മച്ചിൽ ആരാധിക്കുന്നത് മഹാഗണപതിയാണു . അത് പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട് കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരാട്ട് മന .മനയോട് മുൻ വശത്ത് ഗേയ്റ്റ് വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമ്മിതി.
മരാട്ട് മനയിലെ മൂന്നു നിലയുള്ള പത്തായപ്പുര കാണാൻ പ്രത്യേക ഭംഗിയാണു . മൂന്നോളം മുറികളും , രേഖകൾ സൂക്ഷിക്കുന്ന മുറിയും, നെല്ല് സൂക്ഷിക്കുന്ന പത്തായമുറിയും, അടങ്ങുന്നതാണീ പത്തായപ്പുര. അതി മനോഹരമായ കോണികളും , തണുപ്പു നിറഞ്ഞ തട്ടിട്ട മുറികളും പത്തായപ്പുരയ്ക്ക് അഴകേകുന്നു. പത്തായപ്പുരയുടെ തട്ടിൻപ്പുറം തന്നെ വളരെ വിത്യസ്തമാണു . ഇത്രയ്ക്ക് വൃത്തിയാക്കി വച്ചിരിക്കിണ തട്ടിൻപ്പുറം ഞാൻ വേറെ കണ്ടിട്ടില്ലാ. തട്ടിൻപ്പുറത്ത് ഒരു മുറിയും ഉണ്ട്, അത് പോലെ പഴയ ഒരു ആട്ടുകട്ടിലും , പുരാവസ്തുക്കളും, മനയിൽ ഉണ്ടായിരുന്ന ആനയുടെ നെറ്റിപ്പട്ടവുമെല്ലാം തട്ടിൻപ്പുറത്തിനു മാറ്റുകൂട്ടുന്നു. പത്തായപ്പുര ഒരു ഹോംസ്റ്റേ ആണു . മരാട്ട് മനയിലെ അംഗമായ ശ്രീ പ്രവീൺ മരാട്ട് അദ്ദേഹത്തിന്റെ ഐഡിയ ആണു ഹോ സ്റ്റേയും , പത്തായപ്പുരയുടെ ഭംഗിയ്ക്ക് മിഴിവേകിയതും. ധാരാളം പുരാവസ്തുക്കളും മറ്റും അടങ്ങിയ ഒരു സൗധമാണു മരാട്ട് മന പത്തായപ്പുര. മരാട്ട് മന സ്ഥിതി ചെയ്യുന്നത് തന്നെ മനോഹരമായ പ്രകൃതിയുടെ കൂടാരത്തിലാണു. ചുറ്റും മരങ്ങളും, തൊടിയും , നാഗലിംഗ മരവും, പക്ഷികളും,ഒക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം മനയെ ഒരു കാവ് സങ്കൽപ്പത്തിലേക്ക് എത്തിക്കുന്നു. വളരെ ശാന്തയുള്ള അന്തരീക്ഷമാണിവിടെ . അത് പോലെ ശുദ്ധവും. അവിടുത്തെ കാറ്റിനു പോലും നാഗലിംഗ പൂവിന്റെ മണമാണു . ഹാ ഇത്രയും വളരെ മനോഹരമായും, കൃത്യമായും, ആചരാനുഷ്ഠാനങ്ങൾ പാലിച്ചു പരിപാലിച്ച് വരുന്ന ഒരു മന കേരളത്തിൽ ഉണ്ടാകില്ല. അതും 16 കെട്ട്. കേരളത്തിനു ഒരു അഭിമാനം തന്നെയാണു മരാട്ട് മന.
മരാട്ട് മഹാഗണപതി മാഹാത്മ്യം- മരാട്ട് മനയിലെ മച്ചിൽ കുടികൊള്ളുന്ന തേവാര മൂർത്തിയാണു മഹാഗണപതി. പത്തുകൈകളോട് കൂടി, പത്നിസമേതനായാണു മഹാഗണപതി കുടികൊള്ളുന്നത്. മനയുടെ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കം കാണും മഹാഗണപതിക്കും . മരാട്ടെ മഹാഗണപതിയുടെ ശക്തി കാണിക്കുന്ന ഒരു ഐതിഹ്യം പറയാം. നൂറ്റാണ്ടുകൾക്ക് മുന്നെ ഉള്ള , മരാട്ടെ മനയിലെ കാരണവർ മഹാഗണപതി ഉപാസകൻ ആയിരുന്നു. മഹാഗണപതിയുടെ വിഗ്രഹം അദ്ദേഹം എവിടെ സഞ്ചരിക്കുമ്പോഴും കൊണ്ട് പോകുമായിരുന്നു. പൂജയും നടത്തുമായിരുന്നു. ഒരിക്കൽ അദ്ദേഹം സഞ്ചരിച്ചു സാമൂതിരിയുടെ നാടായ കോഴിക്കോട് എത്തി. ആ സമയത്ത് കച്ചവടക്കാരായ അറബികളുടെ കപ്പൽ നങ്കൂരം മണ്ണിൽ പൂന്തിപ്പോയി , കപ്പൽ കരയ്ക്കടുപ്പിക്കാൻ ആവാതെ, ആ വിഷമം അറബികൾ സാമൂതിരിയെ ബോധിപ്പിച്ച് , അതിനൊരു പരിഹാരം കൊടുക്കാനാകാതെ സാമൂതിരി വിഷണ്ണനായി ഇരിക്കണ സമയാണു. ആ സമയത്താണു സാമൂതിരി മരാട്ട് കാരണവർ ഇവിടെ ഉണ്ടെന്നും , അദ്ദേഹത്തിന്റെ ഉപാസനമൂർത്തിയായ മഹാഗണപതിയുടെ ശക്തിയെക്കുറിച്ച് കേട്ടതും. ഉടനെ സാമൂതിരി അദ്ദേഹത്തിനടുത്തേക്ക് പോയി കാര്യം പറയുകയും കപ്പലുകൾ കരയ്ക്കടുപ്പിക്കാനായി ഗണപതി ഭഗവാനോട് പ്രാർത്ഥിച്ചു പൂജ ചെയ്യാനായി ആവശ്യപ്പെടുകയും ചെയ്തു. അതിൻപ്രകാരം കാരണവർ പൂജ ചെയ്തു. ഭഗവാന്റെ ശക്തി കൊണ്ട് തന്നെ , നങ്കൂരം മണ്ണിൽ നിന്നിളകി വന്നു, കപ്പൽ അറബികൾക്ക് കരയ്ക്കടുപ്പിക്കാൻ കഴിച്ചു . ഇതിൽ പ്രീതിപ്പൂണ്ട സാമൂതിരി അനവധി പാരിതോഷികങ്ങൾ മരാട്ടെ കാരണവർക്ക് നൽകി. ഒടുവിൽ ആവശ്യവും വച്ചു സാമൂതിരി. കാരണവരുടെ കയ്യിലെ ഗണപതിയെ അദ്ദേഹത്തിനു വേണം എന്നു. വിശാലമനസ്ക്കനായ കാരണവർ ആ വിഗ്രഹം സാമൂതിരിക്കു നൽകി. ആ വിഗ്രഹമാണു കോഴിക്കോട് തളി ക്ഷേത്രത്തിൽ ഉള്ള തേവാരത്തിൽ ഗണപതി. അങ്ങനെ കാരണവർ തിരിച്ചു വീട്ടിൽ എത്തി മച്ചിൽ ചെറിയ ഗണപതി വിഗ്രഹം വച്ച്, ഭഗവാന്റെ ചൈതന്യത്തെ ആവാഹിക്കാൻ നോക്കി. നടക്കിണില്ല്യാ .പ്രശ്നം വച്ചു നോക്കിയപ്പോഴാണു മനസ്സിലായെ ഈ ചെറിയ വിഗ്രഹത്തിനു മഹാഗണപതിയുടെ ചൈതന്യത്തെ ഉൾക്കൊള്ളാനാവില്ലാ എന്നും, വിധി അനുസരിച്ചു അതിലും വല്ലിയ വിഗ്രഹം ( ഇപ്പോൾ കാണുന്നത്) വച്ചു ചൈതന്യം ആവാഹിച്ചു പൂജ നടത്തി വന്നു അദ്ദേഹം . ദിവസേന രണ്ട് നേരം പൂജയുണ്ട് മഹാഗണപതിക്ക്. മഹാഗണപതിക്ക് അപ്പവും ഒറ്റയും മുട്ടറുക്കലും പ്രാധാന്യം. അമ്പതോളം വർഷമായി മരാട്ടെ മഹാഗണപതിക്ക് പൂജ ചെയ്യുന്നതു ചേലപ്പറമ്പ് ഇല്ലത്തെ പരമേശ്വരൻ നമ്പൂതിരിപ്പാടാണു . അദ്ദേഹത്തിന്റെ മകൻ ഗിരീഷും കൂട്ടായുണ്ട്. മരാട്ട് ഗണപതിയുടെ അപ്പം കേമാണു . അപ്പം ഉണ്ടാക്കാൻ മരാട്ട് മനയ്ക്കലെ നെല്ല് കുത്തി ഉണങ്ങലരിയാക്കി പൊടിച്ചു,( 25 ഏക്കർ നെൽകൃഷി ഇപ്പോഴുമുണ്ട്. അത് കൊണ്ട് അപ്പത്തിനുള്ള അരി മരാട്ട് നിന്നു തന്നെയാണു , നെയ്യും ശർക്കരയും മാത്രേ പുറത്തു നിന്നുള്ളൂ,നെല്ല് കുത്താനും പൊടിക്കാനും, മറ്റുമായുള്ള എല്ലാ സൗകര്യവും മനയ്ക്കലുണ്ട്,)വിറകടുപ്പിൽ വച്ചു ഉണ്ടാക്കുന്നു. മഹാഗണപതിയാണു തറവാടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും കാരണമെന്ന് മനയിലുള്ളവർ അടിവരയിട്ട് പറയുന്നു. മരാട്ട് മനക്കാരുടെ പരദേവത തന്നെയാണു മഹാഗണപതി.
തെക്കിനിയിലെ പാട്ടുതറയിൽ
എല്ലാ വർഷം ഇടവമാസത്തിൽ മൂന്നു ദിവസം കളം പാട്ടുണ്ടാകാറുണ്ട് . ആദ്യത്തെ ദിവസത്തെ കളം പാട്ട് കരിക്കാട് അയ്യപ്പനും. രണ്ടാമതെ കളം പാട്ട് തിരുവളയനാട്ട് ഭഗവതിക്കും, മൂന്നാമത്തെ കളം പാട്ട് തിരുമാന്ധാംകുന്നിലമ്മയ്ക്കുമാണു . തിരുമാന്ധാകുന്നിലമ്മയ്ക്ക് എല്ലാ മാസവും മഹഗണപതിയ്ക്കരികിൽ കളം വരച്ചു പൂജയുണ്ട്. അത് പോലെ മച്ചിൽ മറ്റുപദേവന്മാരേ സങ്കൽപ്പിച്ച് സാളഗ്രാമപൂജയുമുണ്ട്. മനത്തൊടിയിൽ ഒരു ശിവക്ഷേത്രമുണ്ട്. അവിടെയും എന്നു വിളക്ക് തെളിയിക്കലുണ്ട്. അത് പോലെ നടുമുറ്റത്തുള്ള ഒരു ചിത്രക്കൂടക്കല്ലിൽ ഉള്ള സർപ്പങ്ങൾക്കും വിളക്ക് തെളിയിക്കലുണ്ട് എന്നും . മരാട്ട് മനയ്ക്കലിൽ നിന്നു കുറച്ചകലെയായി നാഗകന്യക പ്രതിഷ്ഠയുള്ള സർപ്പക്കാവ് ഉണ്ട് ഇവർക്ക്. നാഗകന്യക പ്രതിഷ്ഠ അധികവും എവിടെയും ഉണ്ടാവാറില്ലാ. പ്രാധാന്യം നാഗകന്യകയ്ക്കാണു കൂടെ നാഗരാജാവും , മറ്റുമുണ്ട്. രണ്ടരേക്കർ ഉള്ള കാവാണിത്. കാവ് എന്നാൽ എന്ത് എല്ലാർക്കുമറിയുമല്ലോ. വൃക്ഷലതാദികളും, പക്ഷിമൃഗാദി, സർപ്പങ്ങളും ഒക്കെയുള്ള പരിശുദ്ധി നിറഞ്ഞ ആവാസ വ്യവസ്ഥ. കാവുകൾ ഇന്നു അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ മരാട്ട് മനയിലെ കാവ് ഒരദ്ഭുതമാണു കാരണം രണ്ടേക്കറിൽ ഒരു കാവ് എന്നൊക്കെ പറഞ്ഞാൽ തീർച്ചയായും കാവിനെ പരിപാലിക്കുന്നവരെ അഭിനന്ദിക്കേണ്ട ഒന്നാണു . എല്ലാം മാസം ആയില്ല്യത്തിനും ഇവിടെ പൂജയുണ്ട്. വൃശ്ചികത്തിലെ ആയില്ല്യ പൂജയ്ക്ക് മാത്രം പുറത്തുള്ളവർക്ക് പ്രവേശനം. അതു പോലെ പുതുക്കൊള്ളി ശിവക്ഷേത്രം മരാട്ട് മനയുടെതായി ഉണ്ട്. രണ്ട് ശിവപ്രതിഷ്ഠയുണ്ട് ഈ ക്ഷേത്രത്തിൽ . ഒന്നു കിഴക്കോട്ടഭിമുഖമായും, പടിഞ്ഞാറോട്ടഭിമുഖമായും ഇരിക്കുന്നു.ഒരു ശിവൻ സ്വയംഭൂ ആണു . ജലത്തിൽ മുങ്ങിയിരിക്കുന്നതാണീ പ്രതിഷ്ഠ. വെള്ളം കുറയുന്ന സമയത്ത് മാത്രെ ആ പ്രതിഷ്ഠയെ ദർശ്ശിക്കുവാൻ സാധിക്കൂ.ശക്തിയുള്ള പ്രതിഷ്ഠയാണു . രണ്ട് നേരം പൂജയുമുണ്ട് ക്ഷേത്രത്തിൽ. അത് പോലെ ഇരവിമംഗലം വിഷ്ണു ക്ഷേത്രം , കൊടശ്ശേരി വിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാർ കൂടിയാണു മരാട്ട് മനക്കാർ.എല്ലാം ആചാരങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്നുണ്ട് മരാട്ട് മനയിലെ അംഗങ്ങൾ.
ഭാവികണ്ടറിഞ്ഞു പ്രവർത്തിക്കാൻ കഴിവുള്ളവരും , ദീർഘവീക്ഷണമുള്ളവരും ,വിദഗ്ദ്ധവിദ്യാഭ്യാസം നേടിയവരും അനവധിയുണ്ട് മരാട്ട് മനയിൽ. ഏകദേശം അമ്പത് വർഷത്തോളമായി ഇവിടെ ബയോഗ്യാസ് പ്ലാന്റ് ഉണ്ട് എന്നു പറയുമ്പോൾ ആലോചിച്ചു നോക്കൂ അവരുടെ പുരോഗമന ചിന്ത. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറുമല്ലാ ഇവർ. ഇന്നും പഴയ ആചാരാനുഷ്ഠനങ്ങൾ പാലിച്ചു വരുന്ന വിരലിലെണ്ണാവുന്ന പരമ്പരയിൽ മുൻപന്തിയിലാണിവർ . ഒരു സംശയുവിമില്ലാ അതിൽ. സർഗ്ഗം , 1921 എന്നീ സിനിമകൾ ഷൂട്ട് ചെയ്തത് ഈ മനയിലാണു . സാമൂഹിക നവോത്ഥാന നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു മരാട്ട് മനക്കാർ.ഇന്നു അഞ്ചു താവഴികളിലായി അറുപതോളം അംഗങ്ങളുണ്ട് ഈ മരാട്ട് മന പരമ്പരയിൽ.ഓരോ വർഷം ഓരോ താവഴിയ്ക്കാണു തറവാട്ടിൽ താമസിക്കാൻ അവകാശം . അതു ലോകത്തിന്റെ ഏത് മൂലയിൽ താമസിക്കുന്നവരാണെലും ആ ഊഴമാകുമ്പോൾ മനയിൽ എത്തും.വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാഗണപതി കൂട്ടിനുള്ള മരാട്ട് മനക്കാരുടെ ആഢ്യത്വവും , പ്രൗഢിയും എന്നും നിലനിൽക്കും അതിൽ യാതൊരു സംശയവുമില്ലാ. ഒന്നുറപ്പാണു ഇങ്ങനെ ഒരു ചരിത്രമുള്ള ബ്രാഹ്മണ പരമ്പര ഇന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്നവരായി കേരളത്തിലുണ്ടൊ എന്ന് എനിക്കറിയില്ലാ. മരാട്ട് മനക്കാർക്ക് ന്റെ കൂപ്പു കൈ . മഹാഗണപതിയെ തൊഴാൻ കഴിഞ്ഞതും, മരാട്ട് മനയുടെ ചരിത്രമറിയാൻ കഴിഞ്ഞതും മഹാ ഭാഗ്യായി ഞാൻ കരുതണു.
ഇപ്പോൾ മനയിൽ താമസിക്കുന്ന കുട്ടൻ അദ്ദേഹം( അജിത് കൃഷ്ണൻ മരാട്ട്- അധ്യാപകൻ -A.U.P school chembrassery)ആണു ഞങ്ങളെ മനയൊക്കെ കാണിച്ചു തന്നതും, കുറെ കാര്യങ്ങൾ പറഞ്ഞു തന്നതും, ഗണപതിയുടെ പ്രസാദം അപ്പം തന്നതുമെല്ലാം . അദ്ദേഹത്തിനു ഒരായിരം നന്ദി. അത് പോലെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്ന പ്രവീൺ മരാട്ട് അദ്ദേഹത്തിനോടും ഞാൻ ന്റെ നന്ദി രേഖപ്പെടുത്തുന്നു. മരാട്ട് മന കാണാൻ അവസരം ഒരുക്കി തന്ന വസന്തോപ്പോളോട് ന്റെ ഹൃദയം നിറഞ്ഞ നന്ദി
വള്ളുവനാടൻ(സായിനാഥ് മേനോൻ)
NB: മരാട്ട് മന ഒരു പുണ്ണ്യക്ഷേത്രം പോലെ ശുദ്ധിയോടെയും പവിത്രതയോടുമാണു കുടുംബാംഗങ്ങൾ കാത്തുസൂക്ഷിക്കുന്നത് . ഈ പോസ്റ്റ് നമ്മുടെ നാടിനു ഇത്രയും പുണ്ണ്യമായ സംസ്കാരത്തിൻ പാരമ്പര്യമുണ്ട് എന്ന് നിങ്ങൾക്ക് കാണിച്ചു തരുവാൻ വേണ്ടി മാത്രമാണു