Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, July 27, 2022

ഒരിക്കലൂണ്

ഒരിക്കലൂണ് എങ്ങനെ ?
♥️♥️♥️♥️♥️♥️❣️❣️❣️
കാശിയിലും ഗയയിലും രാമേശ്വരത്തും പിതൃതർപ്പണം ചെയ്താൽ പിന്നെ ഒരിക്കലും പിതൃക്കൾക്ക് ശ്രാദ്ധം ഊട്ടണ്ട  എന്ന ചിന്ത തെറ്റ്...!
🙏💛🙏🙏🙏🙏💛💛💛💛
ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വിധിപ്രകാരം വളര ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പലരീതിയില്‍ ശ്രാദ്ധം നടത്താറുണ്ട്‌. ആളുകള്‍ക്ക് ആഹാരം മാത്രം കൊടുത്ത് നടത്തുന്നതാണ് അന്നശ്രാദ്ധം. സങ്കല്‍പ്പൂര്‍വ്വം ആചാര്യന് ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നതാണ് ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള് എന്നിവയില്‍ നനച്ച് ബലിയിടുന്നതാണ് ആമശ്രാദ്ധം. ഒരു ആത്മാവിനെ മാത്രം ഉദ്ദേശിച്ചു നടത്തുന്നത് ഏകോദ്ദിഷ്ട ശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃ, പിതാമഹ, പ്രപിതാമഹ, വൃദ്ധപ്രമാതാമഹ എന്നീ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്നതാണ് പര്‍വ്വണ ശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത് സപിണ്ഢീകരണ ശ്രാദ്ധം. തിഥി നോക്കിയും, നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്. ഇവ അസ്തമനത്തിനുമുമ്പ് ആറു നാഴികയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പ്രമാണം.

മരിച്ച തിഥിയോ നക്ഷത്രമോ ആണ് പ്രധാനമായി വര്‍ഷംതോറും ശ്രാദ്ധം നടത്തുന്നതിന് ഉത്തമം. കൃഷ്ണപക്ഷത്തിലെ അമാവാസി, അഷ്ടമി തിഥികളും പൂയ്യം നക്ഷത്രവും ശ്രാദ്ധത്തിന് വിശിഷ്ടമാണ്. ഒരു മാസത്തില്‍ രണ്ടു തവണ ശ്രാദ്ധ നക്ഷത്രം വന്നാല്‍ ആദ്യത്തേത് എടുക്കുക. അയനാരംഭദിനങ്ങള്‍, സംക്രാന്തി, ഗ്രഹണം തുടങ്ങിയവയും വിശിഷ്ടദിനങ്ങളാണ്. കൃഷ്ണചതുര്‍ദ്ദശി ദിനത്തില്‍ ശ്രാദ്ധമുള്‍പ്പെടെ യാതൊരു പ്രേതകാര്യങ്ങളും ചെയ്യരുത്.

തൃക്കേട്ട, തിരുവോണം, പൂയം, അവിട്ടം, പൂരം, പൂരാടം, പൂരോരുട്ടാതി, ചതയം, ചിത്തിര. അനിഴം, ഭരണി, അശ്വതി, ചോതി, മകം, അത്തം എന്നീ നക്ഷത്രങ്ങളും, തിങ്കള്‍, ശനി എന്നീ ആഴ്ചകളും ശ്രാദ്ധത്തിന് ഉത്തമമാണ്. ചൊവ്വ, വെള്ളി ദിവസങ്ങളും ഇടവം, തുലാം രാശികളും ശ്രാദ്ധം നടത്തുന്നതിന് നല്ലതല്ല.

പിതൃക്കളുടെ ഒരു ദിവസമാണ് മനുഷ്യരുടെ ഒരു വര്‍ഷം. തന്മൂലം വര്‍ഷത്തിലൊരു ശ്രാദ്ധമെന്നു വരുന്നു. ശ്രാദ്ധത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തെ കര്‍മ്മം. ഇതുപോലെ ആചരണമെന്നും വര്‍ജ്ജ്യമെന്നും രണ്ടു വിഭാഗം വിധികള്‍ രണ്ടു ദിവസവുമുണ്ട്. ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്‌. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, പാത്രശുദ്ധി, ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. പിതൃകര്‍മ്മത്തിന് തയ്യാറെടുക്കാലാണ് തലേന്ന്, അന്നത്തെ വ്രതദീക്ഷ, ശ്രാദ്ധം സ്വീകരിക്കാന്‍ പിതൃക്കളെ ക്ഷണിച്ചുവരുത്തല്‍ കൂടിയാണ്.

ശ്രാദ്ധമൂട്ടുന്നവര്‍  തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. അടുത്ത ബന്ധുക്കളേയും നേരത്തെ ക്ഷണിച്ചുവരുത്തണം.  അന്ന് മറ്റെങ്ങും പോകാന്‍ പാടില്ല. മറ്റുള്ളവരെ സ്പര്‍ശിക്കല്‍, പുറത്തുനിന്നുള്ള ഭക്ഷണം ഇവ ഒഴിവാക്കണം. വീടും പരിസരവും അടിച്ചുതളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കുക. കുളി മുങ്ങിക്കുളിയായിരിക്കണം. ഉടുത്ത വസ്ത്രങ്ങള്‍ വെള്ളത്തില്‍ മുക്കിയിരിക്കണം. തലേന്നത്തെ കുളിക്ക് എണ്ണതേയ്പ്പാവാം, രണ്ടു നേരം കുളിക്കണം. മത്സ്യമാംസാദികള്‍, കടച്ചക്ക, ഉഴുന്നുപരിപ്പ്, പപ്പടം, കായം, പെരിഞ്ചീരകം, മുരിങ്ങയ്ക്ക, മസാല, ഉള്ളി, കോളിഫ്ലവര്‍, കാബേജ്, കൂണ്‍, പപ്പായ ഇവ ഉപയോഗിക്കരുത്. തലേന്നത്തെ വെള്ളമുപയോഗിക്കരുത്. അന്ന് കോരിയെടുത്തതാവണം.

ഉഴുന്ന് ചേര്‍ത്തതായ ഇഡ്ഡലി, ദോശ, ഇവയും ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും ഉപയോഗിക്കാന്‍ പാടില്ല. തലേന്ന് അരച്ചും കുഴച്ചും വച്ച ഭക്ഷണം തലേന്ന് അടിച്ചുവച്ച പഴസത്ത് തുടങ്ങിയവയും ഉപയോഗിക്കരുത്. ഒരു നേരമേ ഭക്ഷണം കഴിക്കാവു. രാത്രി ഭക്ഷണമില്ല. പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം. പുകയില, മുറുക്ക്, പുകവലി ഇവ നിഷിദ്ധമാണ്.

അതിരാവിലെ എഴുന്നേറ്റ് പരിസരം ശുദ്ധിവരുത്തിയിരിക്കണം. ബലിയിടാനുള്ള സ്ഥലത്ത് ചാണകം മെഴുകിയോ, ചാണകവെള്ളം തളിച്ചോ ശുദ്ധിവരുത്തണം.

ശ്രാദ്ധ കര്‍മ്മത്തിന് ആചാര്യനുണ്ടാവണം. ആചാര്യന്‍റെ മേല്‍നോട്ടത്തില്‍ ശുദ്ധമായി തയ്യാറാക്കിയ അന്നമാണ് പിണ്ഡമായി ഉപയോഗിക്കേണ്ടത്. ബ്രാഹ്മണര്‍ക്ക് ആചാര്യന്‍ വേണമെന്നില്ല. പുരുഷന്മാര്‍ തെക്കോട്ടും, സ്ത്രീകള്‍ കിഴക്കോട്ടും തിരിഞ്ഞിരുന്ന് ബലിയിടണം. പുരുഷന്മാര്‍ എള്ള്, കറുക അഥവാ ദര്‍ഭ, ശ്രാദ്ധപുഷ്പമായ ചെറുള എന്നിവ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ എള്ള്, ചീന്തില, തുളസിപ്പൂ അഥവാ അക്ഷതം ഇവ ഉപയോഗിക്കുന്നു. പുരുഷന്മാരുടെ ശ്രാദ്ധകര്‍മ്മത്തില്‍ തേന്‍, നെയ്യ്, പാല്, തൈര്, എള്ളെണ്ണ തുടങ്ങിയ ദ്രവ്യങ്ങള്‍ ഉപയോഗിക്കും. വടക്കിനിയാണ് ശ്രാദ്ധമൂട്ട്‌.

ശ്രാദ്ധദിവസം നാലുകൂട്ടം വിഭവങ്ങളോടെ സദ്യയുണ്ടാവണം. പുളിശ്ശേരി (മോരോഴിച്ച കറി), നേന്ത്രക്കായും ചേനയുംകൂടി തേങ്ങയരച്ചുണ്ടാക്കിയ ഓലന്‍, ഇഞ്ചിതൈര് എന്നിവ നിര്‍ബന്ധമായും വേണം. തൊലി നീക്കാത്ത ഏത്തക്കായ വറുത്ത ഉപ്പേരി, അടപ്രഥമന്‍ ഇവയും വേണം. കുമ്പളങ്ങ നീളത്തിലെ മുറിക്കാവു വട്ടത്തില്‍ മുറിക്കരുതെന്ന് പറയും. വിഭവങ്ങളില്‍ ഉഴുന്നുപരിപ്പ് വറുത്തിടല്‍, ഉള്ളി മൂപ്പിച്ചു ചേര്‍ത്തകറികള്‍ ഇവയരുത്. ശ്രാദ്ധശേഷം ദ്രവ്യം (ശേഷിച്ച അന്നം) കഴിച്ചശേഷം വസ്ത്രം മാറ്റുകയോ, ജലപാനമോ ആകാവു.

ശ്രാദ്ധപിണ്ഡം കിഴക്കുവശത്ത്‌ തെക്കോട്ട്‌ നീക്കി പ്രത്യേകം ചാണകം മെഴുകിവച്ച സ്ഥലത്ത് കാക്കയ്ക്ക് ബലിയായി സമര്‍പ്പിക്കണം. കാക്ക പിണ്ഡം കൊത്തിത്തിന്നശേഷം കര്‍മ്മം ചെയ്യുന്നവര്‍ കാവ്യം കഴിക്കാവൂ.

ആചാര്യന് തൃപ്തിയാകുംവിധം ദക്ഷിണ, വസ്ത്രം ഇവ നല്‍കണം. ചിലര്‍ അന്നേ ദിവസം ആചാര്യന്‍റെ വീട്ടില്‍ സദ്യ നടത്താനുള്ള വിഭവങ്ങള്‍ നല്കാറുണ്ട്. അന്നേദിവസം ശ്രാദ്ധമൂട്ടിയ വീട്ടില്‍ത്തന്നെ എല്ലാവരും താമസിക്കണം.

പിതൃവിന്‍റെ മക്കള്‍ നിര്‍ബന്ധമായി ശ്രാദ്ധകര്‍മ്മം ചെയ്യണം. ഇളയ സഹോദരങ്ങള്‍ക്ക്‌ ശ്രാദ്ധമൂട്ടാം. മക്കള്‍ ദായക്കാരാണെങ്കില്‍ പിതൃവിന്‍റെ ഭാര്യക്ക് ശ്രാദ്ധകര്‍മ്മം ചെയ്യാം. മക്കളുടെ മക്കള്‍ ശ്രാദ്ധമൂട്ടുന്നത് അതിവിശേഷമാണ്. മരുമക്കള്‍ ദായക്കാരാണെങ്കില്‍ സഹോദരിമാരുടെ മക്കള്‍ക്ക്‌ (മരുമക്കള്‍) ശ്രാദ്ധമൂട്ടാം. മുഖ്യമായി ശ്രാദ്ധമൂട്ടുന്ന ഒരാളും മറ്റുള്ളവര്‍ കൂടെ ഊട്ടുന്നവരുമായിരിക്കണം. പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധികള്‍ പറഞ്ഞുകൊടുക്കാന്‍ ഒരു ആചാര്യന്‍ വേണമെന്നുണ്ട്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കടപ്പാട്🙏