Followers(ഭഗവാന്‍റെ ഭക്തര്‍ )
Sunday, November 3, 2019
ശൃംഗപുരം മഹാദേവക്ഷേത്രം
നാഗരാജാവ് 25
മമ്മിയൂർ മഹാദേവക്ഷേത്രം
*മമ്മിയൂർ മഹാദേവക്ഷേത്രം...*
കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്..
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'മമ്മിയൂരപ്പന്‍റെ സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം..
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മമ്മിയൂര്‍ ക്ഷേത്രത്തിനു കലിയുഗാരംഭത്തോളം പഴക്കമുണ്ട് . ഗുരുവായൂരിൽ ദര്‍ശനം നടത്തുന്നവര്‍ ഇവിടെയും പോകണം എന്നാണ് ആചാരം..
മമ്മിയൂര്‍ ദര്‍ശനത്തോടെ മാത്രമേ ഗുരുവായൂര്‍ ദര്‍ശനപുണ്യം പൂര്‍ണമാകൂ എന്നാണ് വിശ്വാസം.ഇപ്പോഴും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ മമ്മിയൂര്‍ ദര്‍ശനം നിര്‍ബന്ധമായും നടത്തുന്നു.
ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ, ശ്രീ പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ഭഗവാന്‍റെ ശ്രീകോവിലിന്‍റെ പിന്നിൽ പാർവതിദേവി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തിൽ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ്.
സ്വയംഭൂവാണ് ശിവലിംഗം. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണെങ്കിലും മഹാദേവന്‍ ക്ഷിപ്രകോപിയും അതോടൊപ്പം തന്നെ ദയാലുവുമാണെന്ന അനുഭവം ഭക്തര്‍ക്ക് ഏറെ ഉണ്ട്. രൗദ്രഭാവം ഒഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയിട്ടുണ്ട് . പ്രധാന മൂർത്തി ഗൃഹസ്ഥാശ്രമിയാണെന്നാണ് വിശ്വാസം. വാമാംഗത്തിൽ പാർവതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന സങ്കല്‍പ്പമാണ് ഇവിടെയുള്ളത് .
മമ്മിയൂര്‍ ക്ഷേത്രവും ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കഥ ഇങ്ങനെയാണ് :-
പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ ശിവൻ ആരാധിച്ചിരുന്നു എന്നാണ് ഐതിഹ്യം. ബ്രഹ്മാവിന് ശിവൻ ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്‍റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സംപ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും നാലുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു നാലുജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ നാലുജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.
സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്‍റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിയുടെ ഗർഭത്തിൽ പിറന്നവനെന്നാണ് ആ പേരിന്‍റെ അർത്ഥം തന്നെ. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്‍റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.
ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും യഥാക്രമം കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമന'നായി ജനിച്ചു. വാമനൻ മഹാബലിയുടെ ഗർവ്വ് ഒഴിവാക്കി പാദംകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് പാതാളത്തിലെത്തിച്ചു.
ത്രേതായുഗത്തിൽത്തന്നെ സുതപനും പ്രശ്നിയും യഥാക്രമം ദശരഥനും കൗസല്യയുമായി ജനിച്ചു. മഹാവിഷ്ണു മൂന്നാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീരാമനായി ജനിച്ചു. ശ്രീരാമൻ മനുഷ്യനായി ജീവിച്ചുകാണിച്ചു.
ദ്വാപരയുഗത്തിൽ സുതപനും പ്രശ്നിയും യഥാക്രമം വസുദേവരും ദേവകിയുമായി ജനിച്ചു. മഹാവിഷ്ണു നാലാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീകൃഷ്ണനായി ജനിച്ചു. ശ്രീകൃഷ്ണൻ ഉപദേശങ്ങൾ ചെയ്തുപോന്നു.
ധൗമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്‍റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായു ദേവന്‍റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്.
ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതിഹ്യം.
ക്ഷേത്രത്തിൽ മൂന്ന് പൂജയുണ്ട്. പുഴക്കര ചേന്നാസ്സ് നമ്പൂതിരിയാണ് ഈ ക്ഷേത്രത്തിലെയും തന്ത്രി. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വിഷ്ണുവിന് അഷ്ടമിരോഹിണി വിശേഷാൽ പൂജയും ആഘോഷങ്ങളും ഉണ്ട്. ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവർ അന്യം വന്നപ്പോൾ സാമൂതിരിയുടേതായിത്തീർന്നു എന്നും പറയുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
ക്ഷേത്രത്തിലെ
*ഉപദേവതകൾ*
ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ്.
ഓം നമഃ ശിവായ
പുള്ളുവൻപാട്ട്
കന്യാകുമാരി ക്ഷേത്രം*
*കന്യാകുമാരി ക്ഷേത്രം*
ഭാരതത്തിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശക്തി പീഠമാണ് കന്യാകുമാരി ക്ഷേത്രം. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. ആദിപരാശക്തിയാണ് കന്യാകുമാരി. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്.
മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് ശുചീന്ദ്രം.
സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിൻ്റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയിൽ തിരുവള്ളുവരുടെ പ്രതിമയും കാണാം.
ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരൻ്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ദുർഗ്ഗാരൂപം പൂണ്ട് ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.
യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിൻ്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കൊടുങ്ങല്ലൂർ ശ്രീകുരുംബ (ലോകാംബിക), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.
51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണൻ്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ അവിവാഹിതയായ ഈ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.
രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.
മെയ് മാസത്തിലെ ചിത്രാപൗർണമി ഉത്സവമാണ്.
സെപ്തംബർ – ഒക്ടോബറിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയും കൊണ്ടാടുന്നു.
മെയ് – ജൂൺ മാസത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ദേവിയെ തോണിയിൽ ഒമ്പതാം ദിവസം വെള്ളത്തിലൂടെ എഴുന്നള്ളിക്കും.
ജൂലൈ – ആഗസ്റ്റിൽ കർക്കടകമാസത്തിലെ അവസാന വെള്ളിയാഴ്ച വിഗ്രഹത്തിന് ചന്ദനം ചാർത്തലും നടത്തുന്നു.
ജ്വാലാമുഖി
*ജ്വാലാമുഖി*
🔥🌹🔥🌹🔥🌹🔥🌹🔥 A0031
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
*ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു*
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.*അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി*
നല്ല നീല നിറത്തില്‍ " S " ന്റെ ആക്രിതിയിൽ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്.
മഹാവിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ "*ധോളിധര്‍*" എന്ന പർവ്വത പ്രദേശത്താണ്.നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം.
*ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്*. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത്.
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ്, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട്.
*ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല*
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
🔥🌹🔥🌹🔥🌹🔥🌹🔥 ബാലേട്ടൻ ijk
കവിയൂർ മഹാദേവക്ഷേത്രം
*കവിയൂർ മഹാദേവക്ഷേത്രം...*
പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം..പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ..
കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ് അറിയപ്പെടുന്നത്.
അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്...
'കവിയൂര്‍ ഹനുമാന്‍' പ്രസിദ്ധിയാര്‍ജ്ജിച്ച ഉപാസനാമൂര്‍ത്തിയാണ്. കപിയൂര്‍ എന്ന പേരാണ് കവിയൂര്‍ എന്നായി മാറിയതെന്ന് ഒരഭിപ്രായമുണ്ട്.
ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു
നിലകൊള്ളുന്ന ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ് കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കവിയൂർ ശ്രീ മഹാദേവക്ഷേത്രം.
പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത.
ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം.
എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്‍റെ അടിത്തറയിലാണ് ഉള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്.ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു
അതില്‍ നാരായണന്‍ കേശവനും മംഗലത്ത് നാരായണന്‍ കിരിട്ടനും ക്ഷേത്രത്തില്‍ വിളക്കു കത്തിക്കാന്‍ എട്ടിക്കരയിലെ ഭൂമി ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 950-ലെ ശാസനത്തില്‍ മകിളഞ്ചേരി (മകിഴഞ്ചേരി) തേവന്‍ സേത്തന്‍ (ദേവന്‍ ചേത്തന്‍) ഭൂമി ദാനം ചെയ്യുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങ്ങള്‍ ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്.
ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്‍റെ ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്‍റെ വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്‍റെ ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം.
ശ്രീകോവി ലിന്‍റെ ചുവരുകളിലുള്ള 14 ശില്പങ്ങളില്‍ ഓരോന്നിനും ആയിരം തച്ചുവീതം വേണ്ടിവന്നു എന്നാണ് ഐതിഹ്യം
കവിയൂർ ഗ്രാമത്തിലെ കാരാണ്മശാന്തി 'പടിമഹായോഗത്തിലെ പത്ത് ഇല്ലക്കാര്‍'ക്കായിരുന്നു ഈ മഹാക്ഷേത്രത്തിന്‍റെ ഊരാളന്മാർ. 18-ആം നൂറ്റാണ്ടിന്‍റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.
ചുറ്റുമതിലിന് പടിഞ്ഞാറുഭാഗത്ത് വിഷ്ണുവിഗ്രഹം സ്ഥിതി ചെയ്യുന്നു. ഈ വിഗ്രഹത്തിന് അഞ്ചടിയോളം പൊക്കമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഐതിഹ്യപ്രകാരം ഹനുമാനെ വില്വമംഗ ലവും, ശിവനെ ശ്രീരാമനും, വിഷ്ണുവിനെ പരശുരാമനും ആണ് പ്രതിഷ്ഠിച്ചത്. ഹനുമാന് നിവേദ്യമായി അര്‍പ്പിക്കുന്നത് അവില്‍ ആണ്.
മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകർഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.
ഉത്സവത്തിന് കൊടിയേറുന്നത് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ്.
*യത്രയത്ര രഘുനാഥകീർത്തനം*
*തത്രതത്ര കൄതമസ്തകാഞ്ജലീം*
*ബാഷ്പവാരിപരിപൂർണലോചനം*
*മാരുതീം നമതരാക്ഷസാന്തകം:*
ഓം നമഃ ശിവായ
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
*ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം...*
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം...
പുരാതന കേരളത്തിലെ ,തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം.
നാഗർകോവിൽ - കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ത്രിമൂർത്തികളായ ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം.
ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതിൽ പ്രധാനം.
ദേവൻമാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.
അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോൽപ്പത്തിയ്ക്ക് കാരണമായി പറയുന്നത്.
ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിന്‍റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തിൽ ഒറ്റയ്ക്കാണെന്ന ചിന്ത മഹർഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാൽ മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തിൽ പോകാൻ അപേക്ഷിച്ചു. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്‍റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിന്‍റെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു.
ഭർത്താവിന്‍റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹർഷി നാരദൻ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാർവ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി...
സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ. ഇതുകേട്ട അനസൂയ ഒരു നിമിഷം തന്‍റെ ഭർത്താവിന്‍റെ പാദ പൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.
ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാർ ഭർത്താക്കാന്മാരെ പഴയ രൂപത്തിൽ തിരിച്ചു നൽകണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവർത്തിയിൽ അവർ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചു നൽകി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം.
ദേവേന്ദ്രൻ നിർമ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹർഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തിൽ ഇന്ദ്രൻ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹർഷിയുടെ പർണ്ണശാലയിലെത്തിയ ഇന്ദ്രൻ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണർന്ന ഗൗതമമഹർഷി നേരം പുലർന്നെന്നു കരുതി പൂജകൾക്കായി തൊട്ടടുത്തുള്ള നദിക്കരയിൽ പോയി. തുടർന്ന് ഗൗതമമഹർഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രൻ അഹല്യയെ സമീപിക്കുന്നു.
സ്നാദി-പൂജകൾക്കായി പോയ ഗൗതമഹർഷി ഇരുട്ടു മാറിയില്ലെന്നു മനസിലാക്കി പർണ്ണശാലയിൽ തിരികെയെത്തുന്നു. അപ്പോൾ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹർഷി കാണുന്നത്. രോക്ഷാകുലനായ മഹർഷി ശിലയായി പോകട്ടൈയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടൈയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രൻ ത്രിമൂർത്തികളെ തപസു ചെയ്തെന്നും അവർ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നൽകിയെന്നുമാണ് വിശ്വാസം. തുടർന്ന് ഇന്ദ്രൻ ത്രിമൂർത്തികൾക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ...
ശീകോവിലിനുള്ളില്‍ ത്രിമൂര്‍ത്തികളെ ആവാഹിച്ച പ്രതിഷ്ഠയില്‍ ശിവനെ മുഖ്യമായും ആരാധിക്കുന്നു. നീലകണ്ഠഗണപതി, കാലഭൈരവന്‍, സാക്ഷിഗണപതി ,ഇന്ദ്രവിനായകന്‍ ,ഹനുമാന്‍ എന്നീ ഉപദേവതാ പ്രതിഷ്ഠകളും വിശിഷ്ഠമാണ്. ...
സത്യാസത്യങ്ങൾ തെളിയിക്കുന്നതിന് പ്രാചീനകാലത്തു സ്വീകരിച്ചിരുന്ന കടുത്ത പരീക്ഷകളിൽ ഒന്ന്. കുറ്റവാളിയെന്നു കരുതപ്പെടുന്ന ആൾ തീയിൽചാടിയോ തിളയ്ക്കുന്ന എണ്ണ, നെയ്യ് എന്നിവയിൽ കൈമുക്കിയോ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പരീക്ഷണമാണിത്.
മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പലതരം കുറ്റങ്ങളെയും അവയെ വിചാരണ ചെയ്യേണ്ട രീതികളെയും കുറ്റം ചെയ്തവന് നൽകേണ്ടതായ ശിക്ഷകളെയും കുറിച്ചു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കുറ്റപത്രം മുതലായ പ്രമാണങ്ങൾ, സാക്ഷികൾ, ശപഥം ചെയ്യിക്കൽ എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാൻ ആദ്യം നോക്കുന്നു. എന്നാൽ അത്തരം രീതികൾ ഫലപ്രദമല്ലാതെവരുമ്പോൾ തുലാസ്സ്, അഗ്നി, ജലം, വിഷം, കോശം, തണ്ഡുലം, സപ്തമാഷകം എന്നീ ഏഴുവിധം ദ്രവ്യപരീക്ഷകളെ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.
13-ം ശതകത്തിലാണ് ശുചീന്ദ്രത്ത് കൈമുക്ക് പരീക്ഷ തുടങ്ങിയത്. ശുചീന്ദ്രത്ത് താമസം തുടങ്ങിയ നമ്പൂതിരിമാരാണ് കൈമുക്ക് അവിടെ ഏർപ്പെടുത്തിയത്. സ്മാർത്ത വിചാരത്തിന്‍റെ തുടർച്ചപോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു ശുചീന്ദ്രം രേഖകളിൽ പറയുന്നു. സ്വാതിതിരുനാളിന്‍റെ കാലത്താണ് ശുചീന്ദ്രം കൈമുക്ക് നിർത്തൽ ചെയ്തത്...,..
നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്‍റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവർചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ശിൽപികളുടെ കരവിരുത് ഏതോരു സന്ദർശകനും നല്ലൊരു അനുഭവമാണ്.
134 അടി ഉയരമുള്ള ക്ഷേത്രഗോപുരം വളരെ അകലെ നിന്നുതന്നെ കണ്ടു തുടങ്ങും. ഹിന്ദു ദേവൻമാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകർഷിക്കുന്നതാണ്.
ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ശിൽപകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്.
18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാർത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.
1874ൽ ശുചീന്ദ്രം ക്ഷേത്രത്തിന്‍റെ പുനർ നിർമാണത്തിനു പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തിൽ (തിരുവിതാംകൂർ) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിർമാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം. ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാൾ മഹാരാജാവ് അനുമതി നൽകി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്. പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ഗോപുര നിർമ്മാണത്തിനായി കണ്ടെത്തിയിരുന്നു.
ടിപ്പുവിന്‍റെതുള്‍പ്പെടെ സ്വദേശികളുടേയും വിദേശികളുടേയും അക്രമണങ്ങള്‍ ഏറ്റ ഈ ക്ഷേത്രം നിരവധി തവണ പ്രകൃതി ക്ഷോഭങ്ങളെയും അതിജീവിച്ചു.
പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്.
മാർകഴിയും ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രിൽ / മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.
ശുചീന്ദ്രത്തെ അന്തരീക്ഷത്തിലെത്തിയാല്‍ പഞ്ചേന്ദ്രിയശുദ്ധി കൈവരുമെന്ന് വിശ്വാസം. ഹിമാലയ സാനുക്കളുടെ ഒരു ഭാഗമായ മരുത്വാമല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്..,.. സകലവിധ രോഗശാന്തിക്കുമുള്ള ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്. ..,..ഇന്നും ധാരാളം ആളുകള്‍ ഔഷധങ്ങള്‍ക്കായി വന്നുപോകുന്നു.
ശൈവ, വൈഷ്ണവ ഭക്തരെ ആകർഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളിൽ മുപ്പതോളം ദേവി-ദേവൻമാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.
ഓം നമഃ ശിവായ
വെട്ടിക്കോട് ക്ഷേത്രം
പുലിപ്പാണി സിദ്ധര്‍
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
*തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം...*
എറണാക്കുളം ജില്ലയിൽ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്ക് ഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു...
വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് .ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു. ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു...
ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്‍റെ വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സർവ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടർന്ന് ഭക്തന്‍റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു..
ഭഗവതിയുടെ തോഴി ആയി ഒരു പുഷ്പിണി ഉണ്ടായിരുന്നുവെന്നും ആ തോഴി പറഞ്ഞാലേ നടതുറക്കാവൂ എന്ന് ദേവിയുടെ അരുളപ്പാടുണ്ടായിരുന്നതുകൊണ്ട് ഇപ്പോഴും പുഷ്പിണി അവകാശമുള്ള സ്തീ ക്ഷേത്രത്തിലെത്തിയാലേ നടതുറക്കാറുള്ളു.
പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിൽ നിത്യവും കുളിച്ചു തൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്‍റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു.. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം...
ക്ഷേത്രത്തിലെ താലമെടുപ്പും, വഴിപാടുകളില്‍ ഭൂരിപക്ഷവും സ്ത്രീകളോടു ബന്ധപ്പെട്ടതും മംഗല്യസൗഭാഗ്യത്തിനു വേണ്ടിയുള്ളതുമായതിനാല്‍ സ്ത്രീകളാണ് നടതുറപ്പു മഹോത്സവസമയത്ത് കൂടുതലെത്തുന്നത്. എറണാകുളം ജില്ലയില്‍ ആലുവയ്ക്കും കാലടിയ്ക്കും മധ്യേ പെരിയാറിന്‍റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കു ഭാഗത്താണ് തിരുവൈരാണിക്കുളം ക്ഷേത്രം.
ഓം നമഃ ശിവായ
തിരുമാന്ധാംകുന്ന് ക്ഷേത്രം.
*തിരുമാന്ധാംകുന്ന് ക്ഷേത്രം..*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഈ ക്ഷേത്രം നിർമ്മിച്ചത് വള്ളുവനാട്ടിലെ രാജാക്കന്മാരാണ്. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്.
അങ്ങാടിപ്പുറത്തു തന്നെയാണ് പൂന്താനം ഇല്ലം. ജീർണ്ണാവസ്ഥയിലയിരുന്നുവെങ്കിലും ഇപ്പോള്‍ സർക്കാർ ഏറ്റെടൂത്ത് പുനരുദ്ധാണം നടത്തി വരുന്നു.പൂന്താനം നമ്പൂതിരി തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസകനായിരുന്നു
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപോരുന്നു..
സൂര്യവംശത്തിലെ രാജാവായിരുന്ന മന്ധത രാജാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മന്ധത മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി...
ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതിദേവി അറിയാതെ ഈ ശിവലിംഗം ശിവൻ മന്ധത മഹർഷിക്കു സമ്മാനിച്ചു...
പിറ്റേന്ന് തന്‍റെ ശിവലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളിൽ വീണത്. ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു.
ഒടുവിൽ ഭദ്രകാളി വന്ന് ബലമായി തന്‍റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി.
മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ശിവലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത് വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു.
വിഷ്ണുവും ബ്രഹ്മാവും ശിവനും മഹർഷിയുടെ ഭക്തിയിൽ സംപ്രീതരായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. പൊട്ടിയ ശിവലിംഗം ഇന്നും ഈ ക്ഷേത്രത്തിൽ ഉണ്ട്. മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ശിവലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ ദുർഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി.കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇവിടുത്തേത്..
*തിരുമാന്ധാംകുന്ന് പൂരം:-*
മാമാങ്കംപോലെ 12 വർഷത്തിലൊരിക്കലായിരുന്നു തിരുമാന്ധാംകുന്നു പൂരം. കൊല്ലവർഷം 1058ൽ തീപ്പെട്ട മങ്കടയിലെ വള്ളൂവക്കോനാതിരിയുടെ കാലം മുതൽ പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങി എന്ന് ചരിത്രം.
ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർത്തു ചരിത്രമായി മാറിയ ധീര ദേശാഭിമാനികളുടെ വീരസ്മരണകൾ പൂരത്തെ ചരിത്രത്തിന്‍റെ ഭാഗാമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തിന് പുരാതനക്കാലം മുതൽ നടത്തിവന്ന ഉത്സവമാണ് പൂരമെന്ന് ഐതിഹ്യം. മാമാങ്കാവകാശം നഷ്ട്ടപ്പെട്ട വെള്ളാട്ടിരി ആ ഉത്സവത്തിനു കിടപിടിക്കത്തക്ക രീതിയിൽ തുടങ്ങിവെച്ച ഉത്സവമാണ് പൂരം..പണ്ട് മാമാങ്കത്തിനു ചാവേറുകൾ പുറപ്പെട്ടു പോയിരുന്ന കൽത്തറ ക്ഷേത്രത്തിനു സമീപം ഇപ്പോഴും കാണാം.
അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്.
ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക.
ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്‍റെയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്‍റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.
ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.
ഇവിടെ യുവതികളോ പുരുഷന്മാരോ മൂന്നു തവണ മംഗല്യ പൂജ നടത്തുമ്പൊഴേക്കും അവരുടെ വിവാഹം നടക്കും എന്നാണ് വിശ്വാസം.
മംഗല്യപൂജയ്ക്ക് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് അമ്പലത്തിലെ ഏറ്റവും വിശേഷപ്പെട്ട വഴിപാടാണ് ചാന്താട്ടം. വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് ചാന്താട്ടം വഴിപാട് നടത്തുന്നത്. ഭഗവതിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ വഴിപാടാണത്രേ. മിഥുനം, കര്‍ക്കടകം മാസങ്ങളിലാണ് ചാന്താട്ടം നടക്കുക.
തന്ത്രിയാണ് ചാന്താട്ടത്തിന്‍റെ കര്‍മങ്ങള്‍ ചെയ്യുന്നത്.
അഭീഷ്ട സിദ്ധിക്കായിട്ടാണ് ചാന്താട്ടം നേരുന്നത്. അതേസമയം ഭഗവതിയുടെ വിഗ്രഹത്തിന്‍റെ സംരക്ഷണത്തിനും കൂടിയുള്ളതാണ് ചാന്താട്ടം. ദാരുവിഗ്രഹമാണ് ഇവിടുത്തെ ഭഗവതിയുടേത്. ആറടിപൊക്കമുള്ള ഭദ്രകാളീ വിഗ്രഹം. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇവിടുത്തേത്. വിഗ്രഹത്തെ ചാന്തുകൊണ്ട് ആടിക്കുകയാണ് ചെയ്യുക. തേക്കുമരത്തിന്‍റെ കറയില്‍ നിന്നെടുക്കുന്ന ചാന്ത് തയാറാക്കുന്നതും വിശേഷപ്പെട്ട രീതിയിലാണ്. പാലക്കാട്ട് നെന്മാറയിലെ വിത്തനശേരി ഗ്രാമത്തിലെ ഒരു കുടുംബക്കാരാണ് പരമ്പരാഗതമായി ചാന്ത് തയാറാക്കുന്നത്.
ചാന്താട്ടസമയത്ത് ദേവീഭാവം മാറുംപോലെ അനുഭവപ്പെടും. വിഗ്രഹത്തിന്‍റെ എല്ലാ അലങ്കാരങ്ങളും അഴിച്ചുവച്ചാണ് ചാന്താടുക. പിന്നെ ഭഗവതിക്ക് ആഭരണങ്ങള്‍ ചാര്‍ത്തുന്നത് കന്നിമാസത്തിലെ ആയില്യം നാളിലാണ്. അതും ഒരു ആഘോഷച്ചടങ്ങാണ്. അന്ന് ഭഗവതിയുടെ പിറന്നാളായിട്ടാണ് പറയുക. ചാന്താട്ടത്തിന്‍റെ നേരത്ത് എല്ലായ്‌പ്പോഴും മഴ പെയ്യാറുണ്ട്. ആ പതിവ് തെറ്റാറില്ല. ഭഗവതിയുടെ മനസ്സ് ഭക്തവാല്‍സല്യം കൊണ്ട് കുളിര്‍ന്നതാവുന്നു എന്നാണ് ഇതിനെപ്പറ്റി പറയുക.
മാന്ധാതാവിന്‍റെ സമാധിസ്ഥാനവും ഇവിടെയാണെന്ന് വിശ്വസിക്കുന്നു. തിരുമാന്ധാംകുന്ന് എന്ന് പേരുണ്ടുവാന്‍ കാരണമിതാണെന്നും പറയപ്പെടുന്നു.
രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടത്തെ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം. ഇന്നും ക്ഷേത്രത്തിലെ ഉത്സവത്തിന് കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ഭൂതഗണങ്ങളെ തോൽപ്പിച്ചതിന്‍റെ ഓർമ്മയ്ക്കാണ് ഇത്..
ഓം നമഃ ശിവായ
വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം
*വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം...*
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ദക്ഷിണഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാദേവക്ഷേത്രം .
യമധർമ്മനെ നിഗ്രഹിച്ച് മാർക്കണ്ഡേയന് എന്നും പതിനാറുവയസ്സു കൊടുത്ത് ചിരഞ്ജീവിയാക്കി അനുഗ്രഹിച്ച് വാണരുളുന്ന സങ്കല്പരൂപത്തില്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ വാഴുന്നു. തലയിൽ ചന്ദ്രക്കല ചൂടിയും, ഇടംകയ്യിൽ മാനും വലംകൈയ്യിൽ മഴുവും ധരിച്ചും മൂന്നാമത്തെ കൈകൊണ്ട് ദുഃഖങ്ങൾ സ്വീകരിച്ചും നാലാമത്തെ കൈയ്യാൽ അനുഗ്രഹം ചൊരിഞ്ഞും "തിരുവാഴപ്പള്ളിലപ്പൻ" വാഴപ്പള്ളിയിൽ കുടികൊള്ളുന്നു.പടിഞ്ഞാറേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽ, രാജരാജേശ്വരീ സങ്കല്പത്തിൽ ശ്രീപാര്‍വ്വതി ദേവിയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പാർവ്വതീദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ് .
പണ്ട് ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്ന വാഴപ്പള്ളി ക്ഷേത്രം ,മഹോദയപുരം (ഇന്നത്തെ കൊടുംങ്ങല്ലൂർ) ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരസാമ്രാജ്യ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്ത് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയെന്നു അനുമാനിക്കുന്നു.
"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു. പഴയ ബുദ്ധമത കേന്ദ്രങ്ങളിൽ ഒന്നായിരുന്നു വാഴപ്പള്ളി ഗ്രാമം. പള്ളിയെന്ന് വാക്ക് വിവക്ഷിക്കുന്നത് ബുദ്ധവിഹാരം എന്നാണ്. പാലി ഭാഷയിലെ പദമാണ് പള്ളി. പിന്നീട് ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ പലതും തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി
.
എ.ഡി. 832-കളിലെ ചേരരാജാവായിരുന്ന രാജശേഖരന്‍റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചിട്ടുണ്ട്. "വാഴപ്പള്ളി ശാസനം" എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ്. അതിനു വളരെ മുൻപുതന്നെ ഇത് മഹാക്ഷേത്രമായി കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാം. എന്തെന്നാൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിലിരുന്നു മറ്റുക്ഷേത്രങ്ങളിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാദിക്കുന്നത്.
എ. ഡി. രണ്ടാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസിയായിരുന്ന മഹോദയപുരം തലസ്ഥാനമാക്കി വാണിരുന്ന ചേര രാജാ പള്ളിബാണ പെരുമാൾ തന്‍റെ അവസാന ദിവസങ്ങൾ ചെലവഴിക്കാനായി നീലംപേരൂർ ശിവക്ഷേത്രത്തിൽ എഴുന്നള്ളുകയുണ്ടായി.ഇതിനോടകം ഈ ശിവക്ഷേത്രം ശൈവ ഹിന്ദുക്കളുടേതായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ബുദ്ധമതം സ്വീകരിച്ചിരുന്നതിനാൽ ഹിന്ദുമത വിശ്വാസികൾ ക്ഷേത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ വരവിനെ എതിർത്തു.
ഇതിനൊരു അവസാനമുണ്ടാക്കാനായി ചേരമാൻ പെരുമാൾ ഹിന്ദുമത ആചാര്യന്മാരും ബുദ്ധമത ആചാര്യന്മാരും ആയി ഒരു മത്സര സംവാദം ഏർപ്പെടുത്തി. മത്സരത്തിൽ ഹിന്ദുമതക്കാർ വിജയിച്ചാൽ രാജാവ് കിരീടം വെച്ച് ഒഴിയണമെന്നും അഥവാ തോറ്റാൽ അവർ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കണമെന്നും ആയിരുന്നുവത്രെ തീരുമാനം.
ഹിന്ദുമതത്തിനുവേണ്ടി ദക്ഷിണഭാരതത്തിലെ ആറു പ്രഗല്ഭരാണ് പങ്കെടുത്തത്. രണ്ടു മതങ്ങളിലേയും പ്രഗല്ഭർ പങ്കെടുത്ത ഈ സംവാദത്തിൽ ഹിന്ദുമത വിശ്വാസികൾ വിജയിക്കുകയും രാജാവിന് അടിയറവു പറയേണ്ടതായും വന്നു. സംവാദത്തിൽ പരാജിതനായ പള്ളിബാണ പെരുമാൾ തന്‍റെ കിരീടവും, സിംഹാസനവും ഉപേക്ഷിച്ച് ഒരു ബുദ്ധസന്യാസിയായി കൊട്ടാരം വിട്ടിറങ്ങി. പിന്നീട്, ഇതിനു കാരണഭൂതമായ നീലംപേരൂർ ശിവക്ഷേത്രം ബുദ്ധവിഹാരമാക്കി മാറ്റാൻ തീരുമാനിച്ച് നീലംപേരൂർക്ക് തിരിച്ചു.
ഇതറിഞ്ഞ അവിടുത്തെ പത്തു ബ്രാഹ്മണകുടുംബങ്ങൾ (പിന്നീട് പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെട്ടു) ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഇളക്കിയെടുത്തുകൊണ്ട് വാഴപ്പള്ളിയിൽ വരുകയും പിന്നീട് അവിടെ മുൻപ് ഉണ്ടായിരുന്ന ക്ഷേത്രത്തിലേക്ക് ലയിപ്പിച്ച് കുടിയിരുത്തി എന്നു വിശ്വസിക്കുന്നു.
നീലംപേരൂരിൽനിന്നു കൊണ്ടുവന്ന ശിവലിംഗം ആദ്യം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്തു പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാൻ നോക്കിയെങ്കിലും പറ്റാതെ വന്നതിനാൽ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങൾക്ക് പരശുരാമൻ പ്രത്യക്ഷപ്പെട്ട് താൻ വെച്ചു പൂജിച്ചിരുന്ന ശിവലിംഗം നൽകുകയും, അർദ്ധനാരീശ്വര സങ്കല്പത്തിൽ ക്ഷേത്രം പണിയുവാൻ ഉപദേശിക്കുകയും ചെയ്തു.
ഈ പത്തു ബ്രാഹ്മണകുടുംബങ്ങളും ചേരരാജാവിനെ അനുനയിപ്പിച്ച് ഇന്നിരിക്കുന്ന സ്ഥലത്തു ക്ഷേത്രം പുതുക്കി പണിയിപ്പിച്ചു. ശിവലിംഗ പ്രതിഷ്ഠയ്ക്കും പാർവ്വതീ പ്രതിഷ്ഠയ്ക്കുമായി വലിയ വട്ട ശ്രീകോവിൽ പണിതു. വൃത്താകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്‍റെ മൂന്ന് ഭിത്തികൾക്കുള്ളിലായി കിഴക്കോട്ട് ശിവലിംഗ പ്രതിഷ്ഠയ്ക്കു വേണ്ടിയും, പടിഞ്ഞാറേയ്ക്ക് പാർവ്വതീ പ്രതിഷ്ഠയ്ക്കു വേണ്ടിയും ഗർഭഗൃഹം പണിതു. വട്ട ശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചു.
വാഴപ്പള്ളിയിലെ വട്ട ശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചൻ പണിതീർത്തതാണ് എന്നാണ് വിശ്വാസം. നാലമ്പലത്തിനകത്ത് തെക്കു കിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും നമസ്കാര മണ്ഡപങ്ങളും വലിയ ബലിക്കല്ലും പണികഴിപ്പിച്ചു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ശാസ്താവിനു വേണ്ടിയും ക്ഷേത്രം പണിതു. ക്ഷേത്രതന്ത്രിയായി തരണല്ലൂർ പരമ്പരക്കും (പിന്നീട് ക്ഷേത്ര തന്ത്രം മൂന്നില്ലങ്ങളിലായി പിരിഞ്ഞ് കുഴിക്കാട്ടില്ലം, പറമ്പൂരില്ലം, മേന്മനയില്ലം എന്നിങ്ങനെയായി) നിത്യശാന്തിക്കായി കാസർകോഡ് തുളു ബ്രാഹ്മണകുടുംബത്തേയും അധികാര സ്ഥാനം നൽകി അവരോധിച്ചു. മേൽശാന്തിയെ കുടശാന്തിയായി വാഴിച്ച് കുടശാന്തി മഠത്തിൽ താമസസൗകര്യവും ചെയ്തുകൊടുത്തു.
നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാക്കി.ക്ഷേത്ര ഊരാണ്മക്കാരായ ഇവരുടെ ക്ഷേത്രഭരണം പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തോളം നീണ്ടു നിന്നു. ഈ പത്തു ബ്രാഹ്മണ കുടുംബങ്ങൾ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കിഴക്കുംഭാഗത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്.
വിഖ്യാതമായ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് ഇതിലൊരു മഠമായ തലവനമഠത്തിൽ നിന്നാണ്.വിലക്കില്ലിമഠം എന്നാണ് ചങ്ങഴിമുറ്റത്തു മഠം അറിയപ്പെട്ടിരുന്നത്. ഈ ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിലെ പ്രധാനപൂജ നടത്തിയിരുന്നത്..
തരണല്ലൂർ നമ്പൂതിരി ശിവപ്രതിഷ്ഠക്കുവേണ്ടി തയ്യാറാക്കിവെച്ചിരുന്ന കലശമാണ് ഗണപതിക്ക് ആടിയതത്രേ. മൂത്രശങ്കമൂലം കലശസമയത്ത് ക്ഷേത്രത്തിനുള്ളിൽ തന്ത്രിക്ക് കടക്കാൻ പറ്റാതെ വരുകയും, ആ സമയം പരശുരാമൻ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം. ഉപയോഗിക്കാതെവന്ന ഈ കലശം ഇലവന്തി തീർത്ഥ സ്ഥാനത്ത് ഗണപതി സങ്കല്പത്തിൽ പ്രതിഷ്ഠനടത്തി അഭിഷേകം ചെയ്തുവത്രേ.
വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു..ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു.ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തുപോറ്റിമാർ രാജാവിനെ ആക്രമിച്ചു. എന്നിരുന്നാലും അദ്ദേഹം മരിച്ചില്ല. ഉണ്ണിയുടെ പ്രേതം രക്ഷസ്സായി ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ക്ഷേത്രപൂജകൾക്ക് വിഘ്നങ്ങളും പതിവായിരുന്നു. ഒടുവിൽ ആ ആത്മാവിനെ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചു.
ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്‍റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ഇതറിഞ്ഞ് ചെമ്പകശ്ശേരി രാജാവ് വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി..
എങ്കിലും ചെമ്പകശ്ശേരി രാജാവിന്‍റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുൻപു (എകദേശം നാല്‍പ്പതു വർഷങ്ങൾക്കു മുൻപ്; 1970-കളിൽ) മാത്രമാണ് കഴുമരവും പ്രതിരൂപവും തിരുവിതാകൂർ ദേവസ്വം അധികാരികൾ ബ്രഹ്മരക്ഷസ്സിന്റെ നടയിൽനിന്നും എടുത്തുമാറ്റിയത്. ചെമ്പകശ്ശേരി രാജാവ് തിരുവാഴപ്പള്ളിലപ്പനോട് മാപ്പുചൊല്ലി സാഷ്ടാംഗം നമസ്കരിച്ചതിന്റെ ഓർമക്കായി നമസ്കരിച്ചുകിടക്കുന്ന രൂപം വല്ല്യബലിക്കല്ലിനടുത്ത് കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.
പതിനാറാം ശതകത്തിന്‍റെ അവസാനമായപ്പോഴേക്കും സമ്പൽസമൃദ്ധിയിൽ ധാരാളിച്ച ക്ഷേത്ര ഊരാണ്മക്കാരായ പത്തില്ലത്തിൽ പോറ്റിമാർ നാലമ്പലം ഇരുനിലയിൽ വിമാനരീതിയിൽ പുതുക്കി പണിതു. ബലിക്കൽ പുരയും വിളക്കുമാടവും പണിയുവാനായി കരിങ്കൽ അടിത്തറയും കെട്ടി. തിരുവിതാംകൂർ രാജാ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തിൽ പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും ക്ഷേത്രനിർമ്മാണം നിർത്തിവെക്കേണ്ടിവരുകയും ചെയ്തു. പണിതീരാത്ത കരിങ്കൽ അടിത്തറ മാത്രമുള്ള ബലിക്കൽ പുരയും വിളക്കുമാടവും ഇന്നും ക്ഷേത്രത്തിൽ കാണാം.
കിഴക്കേ മണ്ഡപത്തിലുള്ള ആൽ വിളക്കിൽ 365 ദീപനാളങ്ങൾ ഉണ്ട്. മുന്നൂറ്റി അറുപത്തിഅഞ്ച് ദീപങ്ങൾ ഒരു വർഷത്തിലെ 365 ദിവസത്തെയാണ് കുറിക്കുന്നത്. ഒരു പ്രാവിശ്യം ആൽ വിളക്കു കത്തിച്ചാൽ ഒരു വർഷം മുഴുവനും തേവർക്ക് വിളക്കുതെളിയിച്ച പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു.
രണ്ടു ധ്വജസ്തംഭങ്ങൾ ഉള്ള ചുരുക്കം ചിലക്ഷേത്രങ്ങളിൽ ഒന്നാണ് വാഴപ്പള്ളി മഹാക്ഷേത്രം; മഹാദേവ ക്ഷേത്ര നടയിലും, മഹാഗണപതി ക്ഷേത്ര നടയിലും ആണ് കൊടിമരങ്ങൾ ഉള്ളത്. ചേരരാജ പെരുമാൾ രണ്ടു ക്ഷേത്രനടയിലും ധ്വജപ്രതിഷ്ഠകൾ നടത്തി മീനമാസത്തിൽ തിരുവാതിര (നാൾ) ആറാട്ട് ആകത്തക്കരീതിയിൽ പത്തു ദിവസത്തെ ഉത്സവം നിശ്ചയിച്ചു. ഗണപതി നടയിൽ കൊടിമര പ്രതിഷ്ഠ നടത്തി ഉച്ചനേദ്യം തിരിച്ചെടുത്തു എന്ന് ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യം എന്തായാലും ഗണപതിനടയിൽ ഉച്ചനേദ്യം പടിത്തരമായിട്ടില്ല. രാജഭരണം മാറി ദേവസ്വം ഭരണത്തിൽ വന്നപ്പോഴും ഇവിടെ ഗണപതിനടയിൽ (ഉച്ചപൂജ ഉണ്ടെങ്കിലും) ഇപ്പോഴും ദേവസ്വത്തിൽ നിന്ന് നേദ്യം ഇല്ല (സങ്കല്പം). ഇവിടെ ഗണപതി തന്‍റെ ഉച്ചനേദ്യം പുറത്തുനിന്ന് വരുത്തി കഴിക്കുന്നു എന്നാണ് വിശ്വാസം. പ്രസിദ്ധമായ വാഴപ്പള്ളി ഗണപതിയപ്പമാണ് ഉച്ചയ്ക്ക് നിവേദിക്കുന്നത്..
തിരുവാഴപ്പള്ളിയിലെ തീർത്ഥക്കുളം ഇലവന്തി തീർത്ഥം ആണ്, ഇത് ക്ഷേത്ര മതിൽക്കകത്ത് വടക്കു കിഴക്കു മൂലയിലാണ്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. അതിനാൽ ഗണപതിപ്രതിഷ്ഠ സ്വയംഭൂവാണ്.
ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമതിൽക്കെട്ട് പണിതീർത്തത് 18-ആം നൂറ്റാണ്ടിലാണ്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്‍റെ പടയോട്ടത്തെ ചെറുക്കാനും ക്ഷേത്രസംരക്ഷണത്തിനുമായി പത്തില്ലത്തിൽ പോറ്റിമാരുടെ നിർദ്ദേശത്താൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജായുടെ കാലത്ത് നിർമ്മിക്കപ്പെട്ടു. (ദളവ രാമയ്യന്‍റെ തെക്കുകൂറിലെ പടനീക്കത്തോടെ പത്തില്ലത്തിൽ പോറ്റിമാരുടെ പ്രതാപം ഇതിനോടകം അസ്തമിച്ചു കഴിഞ്ഞിരുന്നു.) ചുവന്ന കടുപ്പമേറിയ കല്ലിനാൽ നിർമ്മിച്ച മതിൽക്കെട്ടിനു സമചതുരാകൃതിയാണ്. ഏകദേശം 10-അടിയിലേറ പൊക്കത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.
ടിപ്പു സുൽത്താൻ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെട്ടത് 1789-ലാണ്.തിരുവിതാംകൂർ മഹാരാജാവ് കാർത്തികതിരുനാളിന്‍റെ മന്ത്രിയായിരുന്ന കുഞ്ചുകുട്ടിപിള്ളയുടെ നേതൃത്വത്തിൽ പെരിയാറ്റിലെ തടയണ പൊട്ടിച്ചു കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി. അതിനെത്തുടർന്നു ടിപ്പുവിനുണ്ടായ വൻനാശനഷ്ടങ്ങൾ കാരണം മൈസൂർ സൈന്യം തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.
വലിയ നാലമ്പലത്തിനകത്ത് തെക്കു-കിഴക്കേ മൂലയിലാണ് പരശുരാമപൂജ നടത്തുന്നത്. മഹാഗണപതിയെ തൊഴുത് കിഴക്കുവശത്തു കൂടി വലിയ നാലമ്പലത്തിനുള്ളിൽ കടക്കുമ്പോൾ, നമസ്കാരമണ്ഡപത്തിന്റെ കിഴക്കു വശത്തുള്ള ഋഷഭത്തിന്റെ കൊമ്പുകൾക്കിടയിലൂടെ തിരുവാഴപ്പള്ളിലപ്പനെ തൊഴുത്, തെക്കോട്ട് നോക്കി ശ്രീ പരശുരാമനെ തൊഴണം എന്ന് ആചാരം. അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്.
തിരുവുത്സവം മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം പത്ത് ദിവസം കൊണ്ടാടുന്നു.
വാഴപ്പള്ളി ഗ്രാമത്തിലെ പതിനെട്ട് ക്ഷേത്രങ്ങൾക്കുനാഥനാണ് തിരുവാഴപ്പള്ളി തേവർ. ഈ പതിനെട്ടു ക്ഷേത്രങ്ങളിൽ ഭഗവതിമാരാണ് എണ്ണത്തിലും സ്ഥാനത്തിലും മുന്നിൽ. ഒൻപത് ഭഗവതി ക്ഷേത്രങ്ങളും, മൂന്ന് വിഷ്ണു ക്ഷേത്രങ്ങളും, മൂന്ന് ശിവക്ഷേത്രങ്ങളും, ഒരോ ഗണപതി, ഹനുമാൻ, ശാസ്താക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഓം നമഃ ശിവായ
തിരുവാറ്റാ മഹാദേവക്ഷേത്രം
*തിരുവാറ്റാ മഹാദേവക്ഷേത്രം...*
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളക്കരയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴയ ശാസനമായ വാഴപ്പള്ളി ശാസനത്തിൽ ഈ ശിവക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ചേര രാജാക്കന്മാരുടെ കാലത്തു മുതൽക്കേ തിരുവാറ്റാ ക്ഷേത്രവും വാഴപ്പള്ളി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ക്ഷേത്ര ഊരാണ്മക്കാരും പത്തില്ലത്തിൽ പോറ്റിമാരും തമ്മിൽ നേരിട്ടോ അല്ലാതെയൊ ബന്ധമുണ്ടാവാം.
ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റാ മഹാദേവക്ഷേത്രം. മുഞ്ചിറ സ്വാമിയാർ തന്‍റെ തീർത്ഥാടവസാനകാലത്ത് ഇവിടെ വരികയും അദ്ദേഹത്തിന്‍റെ തപശ്ശക്തിയിൽ പരമശിവൻ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കുകയും അവിടെ സ്വയംഭൂവായി ലിംഗപ്രതിക്ഷ്ഠ ഉണ്ടാവുകയും ചെയ്തുവത്രേ. തന്‍റെ ജീവിതവസാനം വരെ മുഞ്ചിറസ്വാമിയാർ അവിടെ ശിവപുജ ചെയ്തുവത്രേ.
വളരെ നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വസിക്കുന്നു. മണിമലയാറിന്‍റെ തീരത്ത് അല്പം മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിനോട് ചേർന്നു തന്നെ തെക്കു കിഴക്കേ മൂലയിൽ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ശ്രീകോവിലിനുള്ളിൽ അല്പം താഴ്ചയിലായാണ് സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രേശന്‍റെ പ്രതിഷ്ഠ താഴെയായതിനാൽ വലിയബലിക്കല്ലും നിർമ്മാല്യധാരിയുടേയും സപ്തമാതൃ പ്രതിഷ്ഠകളും താഴ്ന്നുതന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചതുര ശ്രീകോവിൽ ചുവരുകൾ കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്നു, മുകളിൽ പ്ലാവിൻ തടിയാൽ മറച്ച് ചെമ്പു മേഞ്ഞിട്ടുണ്ട്.
നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകൾ ഉണ്ട്. പ്രധാന ശ്രീകോവിലിൽ സ്വയംഭൂ ശിവലിംഗവും അതിനു തെക്കുവശത്തായുള്ള വളരെ പൊക്കമേറിയ ചതുര ശ്രീകോവിലിൽ ഒന്നരടിയോളം പൊക്കമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു.
വർഷക്കാലത്ത് പ്രധാന ശ്രീകോവിൽ മഴവെള്ളം കേറി മുങ്ങുകയും തിരുവാറ്റാ തേവർക്ക് അന്ന് ആറാട്ടഭിഷേകം നടക്കുകയും ചെയ്യുന്നു. വെള്ളംകേറി പ്രധാന ശിവലിംഗം മുങ്ങുമ്പോൾ നിത്യപൂജ ചെയ്യുന്നത് തെക്കു വശത്തുള്ള ഈ ശ്രീകോവിലിൽ വെച്ചണ്. മറ്റു ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടെങ്കിലും പടിത്തരമായി ഒന്നും ഇവിടെ പതിവിൽ കൊള്ളിച്ചിട്ടില്ല.
തെക്കുവശത്തെ ഈ പ്രതിഷ്ഠ തെക്കും തേവർ എന്നറിയപ്പെടുന്നു.തെക്കുംതെവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് പണിതീർത്തിയിരിക്കുന്നത്. മുഴുവനായും കരിങ്കല്ലിൽ തന്നെയാണ് ഈ ശ്രീകോവിൽ പണിതിരിക്കുന്നത്. പ്രധാന ശ്രീകോവിലിനേക്കാള്ളും ആറടി പൊക്കത്തിലാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ശിവലിംഗത്തിൽ മഴക്കാലം മാറി വെള്ളമിറങ്ങി ക്കഴിയുന്നതുവരെ നിത്യപൂജാധികൾ തുടരുകയും ചെയ്യുന്നു. മുൻപ് വെള്ളപ്പൊക്ക ദിവസങ്ങളിൽ നിത്യശാന്തി വന്നിരുന്നത് കൊച്ചുവള്ളത്തുലായിരുന്നുവത്രേ. കൊച്ചു വള്ളം നാലമ്പലത്തിനറ്റുത്തു വരത്തക്ക വിധമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നതു പോലും.
കൊടിമരവും, കൊടിയേറ്റ് ഉത്സവവും ഇവിടെ പതിവില്ലാത്തതിനാൽ വാർഷിക ഉത്സവങ്ങളോ, ഇറക്കി എഴുന്നള്ളിപ്പുകളൊ ഇവിടെ നടത്താറില്ല. പക്ഷേ തേവർ മിക്കവാറും വർഷങ്ങളിൽ ആറാട്ട് നടത്താറുണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പുറത്തെഴുന്നള്ളാതെ തന്നെ ശ്രീകോവിലിനുള്ളിൽ തന്നെ തേവർ ആറാടുന്നു. പെരുമഴക്കാലത്ത് മണിമലയാറ് കരകവിഞ്ഞു ഒഴുകി ക്ഷേത്രത്തിൽ വെള്ളം നിറയുകയും, അന്നേദിവസം തേവർ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്ന് ആറാടുകയും ചെയ്യുന്നു.
കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ രാത്രിയിൽ പന്ത്രണ്ടു മണിവരെ നട അടയ്ക്കാറില്ല, രാത്രിയിലെ യാമ പൂജയും കലശാഭിഷേകവും കണ്ടു തൊഴാൻ ധാരാളം ഭക്തർ ക്ഷേത്രത്തിൽ തങ്ങാറുണ്ട്.
തിരുവല്ല എർത്തമശ്ശേരി മനക്ക് ഊരാണ്മയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഊരാണ്മാവകാശം അരയാൾക്കിഴ് മഠത്തിനു വെച്ചൊഴിയുകയും കൂട്ടത്തിൽ ക്ഷേത്ര തന്ത്രവും ക്ഷേത്ര നിത്യശാന്തിയും അവർക്കു വന്നുചേരുകയും ഉണ്ടായി. തന്മൂലം നിത്യേന തന്ത്രി കുടുംബം തന്നെ ശാന്തി കഴിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതിനു മുൻപ് കുഴിക്കാട്ട് മനയ്കായിരുന്നു ക്ഷേത്ര തന്ത്രം...
ഓം നമഃ ശിവായ
തവനൂർചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ...*
*തവനൂർചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ...*
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..
മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം.
ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം..
ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം.ശ്രീമഹാലക്ഷ്മിക്ക് തന്‍റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള വിഷ്ണു പ്രതിഷ്ഠകൾ അപൂർവ്വമത്രേ.. മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്.
പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.
ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.
പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്‍റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.
ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.
നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി.
"താപസ്സന്നൂരാണ്" തവനൂര്‍ ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠര്‍ തപസ്സനുഷ്ഠിച്ചിരുന്ന തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്നാണ് പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മണ്‍പാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗുരുവായൂര്‍ ഉള്‍പ്പെടെ പല ക്ഷേത്ര മാഹാത്മ്യങ്ങളുമായി പേരുചേര്‍ത്തു പറയപ്പെടുന്ന പ്രശസ്തനായ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയില്‍ നിന്നും സമീപകാലത്തു കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നു.
ദക്ഷിണാമൂര്‍ത്തീസ്തവം, ശ്രീകൃഷണാമൃതം തുടങ്ങി ഇരുപതോളം കൃതികള്‍ വില്വമംഗലത്തിന്‍റെതായി കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.
ഓം നമഃ ശിവായ
തിരുവാലൂർ മഹാദേവക്ഷേത്രം
*തിരുവാലൂർ മഹാദേവക്ഷേത്രം...*
വൈഷ്ണവാംശഭൂതനായ ശ്രീപരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാലൂർ മഹാദേവക്ഷേത്രം...
"ശാപം കിട്ടിയ തേവര്‍ " എന്ന വിളിപേര് വന്ന ഭഗവാനാണ് ഇവിടെയുള്ളത് എന്നാണു ഐതീഹ്യം ,ആ സംഭവകഥ ചുവടെ ചേര്‍ക്കുന്നു...
എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല.
ആദ്യകാലത്ത് ഉളിയന്നൂർ ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ.ക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.
അഗ്നിസ്വരൂപനായ തിരുവാലൂരപ്പന്‍റെ ശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതി പ്രതിഷ്ഠയൊഴിച്ച് വേറെ ഉപദേവതകൾ ഒന്നുമില്ല.
ഈ ക്ഷേത്രത്തിന്‍റെ കുളപ്പുരയിലാണ് മന്ത്രവാദിയായ സൂര്യകാലടി ദുര്‍മരണമടഞ്ഞതെന്നാണ് ഐതിഹ്യം.
ഒരു യക്ഷിയുടെ ഉഗ്രശാപം നിമിത്തമാണ് കാലടി ഭട്ടതിരി തിരുവാലൂരെത്തിയത്. തന്‍റെ പിതാവിനെ വശീകരിച്ച് ചോരയൂറ്റിക്കുടിച്ചു കൊന്നുതള്ളിയ യക്ഷിയെ ആവാഹന പ്രക്രിയയിലൂടെ ഹോമിച്ചു കൊല്ലാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി ഉറുമ്പുകളെ നെയ്യില്‍ ഹോമിച്ചുകൊണ്ട് അദ്ദേഹം തുടക്കമാരംഭിച്ചു. ഒടുവില്‍ പ്രത്യക്ഷരായ യക്ഷിയും ഗന്ധര്‍വനും കാലടി ഭട്ടതിരിയുടെ നേര്‍ക്ക് ഒരു ശാപമുതിര്‍ത്തു കൊണ്ട് ഹോമകുണ്ഡത്തിലേയ്ക്ക് ചാടി.
"ഭൂലോകവാസം കൊതിച്ച ഞങ്ങളെ ഹോമത്തിലൂടെ ഭസ്മീകരിക്കുന്ന അങ്ങയെ ഇതാ ഞാന്‍ ശപിക്കുന്നു, ഇന്നേയ്ക്കു നാല്‍പ്പത്തൊന്നു ദിവസം ചക്രശ്വാസം വലിച്ച് അങ്ങ് മൃതപ്പെടും. അതിദയനീയമായിരിക്കും അങ്ങയുടെ അന്ത്യം.''
"അതിനൊരു പരിഹാരമില്ലേ?''
"ഉണ്ട്, നാല്‍പ്പത്തൊന്നാം നാളിനകം തിരുവാലൂര്‍ ചെന്ന് ശിവനെ തൊഴണം. തിരുവാലൂര്‍ രണ്ടുണ്ട്. ഒന്ന് തമിഴ്നാട്ടിലും ഒന്നു കേരളത്തിലും. തമിഴ്നാട്ടിലാണെങ്കില്‍ താഴികക്കുടം കണ്ടു തൊഴുതാല്‍ മതി. കേരളത്തിലാണെങ്കില്‍ ബിംബം കണ്ടുതന്നെ തൊഴണം.''യക്ഷിയും ഗന്ധര്‍വ്വനും അതോടെ അഗ്നിയില്‍ ദഹിച്ചു ചാമ്പലായി...
തനിക്കു കിട്ടിയ ശാപത്തില്‍ ഭട്ടതിരി അതീവ ദു:ഖിതനായി. ഗ്രന്ഥത്തില്‍ കണ്ടത് മാത്രമല്ലെ ഞാന്‍ ചെയ്തത് എന്നൊരു ചോദ്യവും അദ്ദേഹത്തിന്‍റെ മനസ്സിലുയര്‍ന്നു. ഗ്രന്ഥത്തില്‍ കണ്ടത് പട്ടേരി ചെയ്യണമെന്നുണ്ടോ ? എന്നൊരു മറുചോദ്യവും അദ്ദേഹം കേട്ടു. ഏതായാലും വന്നതുവന്നു. ഏതിനും തിരുവാലൂര്‍ പോയി തൊഴാം എന്നദ്ദേഹം തീര്‍പ്പാക്കി.
തമിഴ്നാട്ടിലെ തിരുവാലൂരില്‍ ചെന്നു താഴികക്കുടം കാണാനുള്ള സമയപരിധി ഇനി ഒട്ടുമില്ല. പകരം കേരളത്തിലെ തിരുവാലൂരപ്പനെത്തന്നെ ശരണം പ്രാപിക്കാം. സ്ഥലവും ക്ഷേത്രസന്നിധാനവുമൊക്കെ തേടിയറിഞ്ഞ അദ്ദേഹം അത്യാവശ്യസാധനങ്ങളൊതുങ്ങുന്ന ഭാണ്ഡവുമായി തിരുവാലൂരിലേയ്ക്കു യാത്ര തിരിച്ചു.
നടന്നും അലഞ്ഞുമായിരുന്നു പട്ടേരിയുടെ യാത്ര. നാല്‍പ്പത്തൊന്നാം ദിവസംതന്നെ അദ്ദേഹം തിരുവാലൂരെത്തി. ഇനി ബിംബം കണ്ടു തൊഴണം. അതിനായുള്ള ദേഹശുദ്ധിക്കുവേണ്ടി അദ്ദേഹം ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്യാന്‍ തുടങ്ങി.
തിരുവാലൂര്‍ ക്ഷേത്രത്തില്‍ തലേദിവസം ഒരശരീരിയുണ്ടായി- "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും. അതിനാല്‍ മൂന്നേമുക്കാല്‍ നാഴിക പകലിനു മുമ്പ് അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പൊയ്ക്കൊള്ളണം.'' അശരീരി കേട്ടപ്രകാരം പിറ്റേന്ന് ക്രിയകളെല്ലാം തീര്‍ത്തിട്ട് പൂജാരി നടകളെല്ലാമടച്ച് ഗോപുരവും പൂട്ടി പലയിടങ്ങളിലേയ്ക്കായി പിരിഞ്ഞു.
ഭട്ടതിരിയെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരിക്കുന്നു. അന്ന് വൃശ്ചികമാസത്തില്‍ കറുത്ത അഷ്ടമി(വൈക്കത്തഷ്ടമി) ദിവസമായിരുന്നു.പട്ടേരി കുളി കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരവാതിലിലെത്തി,അപ്പോള്‍ കലാശലായ മൂത്ര ശങ്ക തോന്നി.അതു തീര്‍ത്ത് വീണ്ടും കുളിയായി. അങ്ങനെ പലതവണ. ഒടുവില്‍ മൂത്രം പോകാനുള്ള വിഷമതയായി. അതോടെ നടക്കാന്‍ വയ്യാതാവുകയും ഗോപുരവാതില്‍ക്കല്‍ വീഴുകയും ചെയ്തു. അപ്പോള്‍ പ്രാണപരാക്രമത്തോടുകൂടി എടുത്തുചാടി കട്ടിളയുടെമേല്‍ കടിച്ചുതൂങ്ങിയും വിഴുമ്പോള്‍ അടിപ്പടിയില്‍ മുട്ടുകുത്തുകയും പലതവണ തുടര്‍ന്നു. അവസാനം പടിഞ്ഞാറെ ഗോപുരത്തിന്‍റെ വടക്കുപുറത്തെ തിണ്ണയില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനിടയില്‍ വളരെ ദയനീയതയോടെ പട്ടേരി പലതും പുലമ്പി.
"അങ്ങയെ കാണാന്‍ വന്ന ബ്രാഹ്മണനായ എന്നെ ഈവിധമെന്തേ നിസഹായപ്പെടുത്തിയത്" എന്ന് പലതവണ ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ഒടുവില്‍ , "ഈ ക്ഷേത്രം ഇടിവെട്ടേറ്റു നശിക്കട്ടെ" എന്ന് പട്ടേരി ശപിച്ചു. "അതിനൊരു ശാപമോക്ഷം തരൂ ബ്രാഹ്മണാ" എന്നൊരശരീരി ഉടന്‍ മുഴങ്ങി. ഈ "ക്ഷേത്രത്തിന്‍റെ വടക്കെ മതിലിനകത്ത് വായൂകോണിലായി നില്‍ക്കുന്ന ചെമ്പകം ഉണങ്ങുന്ന കാലത്ത് ശാപമോക്ഷമുണ്ടാകും" എന്നു പട്ടേരി പുലമ്പി. അതോടെ അദ്ദേഹത്തിന്‍റെ അവസാന ശ്വാസവും നിലച്ചു....
പട്ടേരിയുടെ ശാപം അര്‍ത്ഥവത്തായി. കൊല്ലവര്‍ഷം 1000നും 1055നും ഇടയ്ക്ക് ഇടിവെട്ടി ശ്രീകോവിലിന്‍റെയും ഗര്‍ഭഗൃഹത്തിന്‍റെയും ഭിത്തി പിളര്‍ന്ന് ബിംബശിരസില്‍ ക്ഷതങ്ങളുണ്ടായി. അതിന്‍റെ അടയാളമായി ശിവലിംഗത്തിനു മുകളില്‍ വടക്കു പടിഞ്ഞാറു ഭാഗത്തായി ഒരു ചെറിയ കഷണം അടര്‍ന്നു കാണുന്നുണ്ട്. അത് ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്.
പട്ടേരിയുടെ ദുര്‍മരണത്തെത്തുടര്‍ത്ത് കുറേ വര്‍ഷങ്ങളോളം മഹാദേവന്‍ കഷ്ടസ്ഥിതിയിലായിരുന്നു. ശാപം കിട്ടിയ തേവര്‍ എന്നുപോലും ഭഗവാന് വിളിപ്പേരുണ്ടായി. തോഴാനെത്തുന്നവര്‍ അന്നു നന്നേ കഷ്ടിയായിരുന്നു. എന്നാല്‍ ചെമ്പകം ഉണങ്ങുകയും ശ്രീലകം പിളരുകയും ചെയ്തതോടെ ശ്രീപരമേശ്വരന്‍ ശാപമുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു.
കാലത്തിന്‍റെ തലോടലേറ്റ് പടിഞ്ഞാറെ നടയിലെ കട്ടിളപ്പടികള്‍ ജീര്‍ണ്ണിച്ചുനാശമായി. പട്ടേരിയുടെ ദന്തക്ഷതമേറ്റ പാടുകള്‍ അതോടെ ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ മരണവെപ്രാളത്തോടെ മുട്ടുകുത്തിവീണ പാടുകള്‍ പടിഞ്ഞാറെ നടവാതിലില്‍ ഇപ്പോഴുമുണ്ട്.
കാഴ്ചയില്‍ അത്ഭുതമുളവാക്കുന്ന ആ ഐതീഹ്യച്ചുവടുകള്‍ എന്നും അവിടെ നിലനില്‍ക്കട്ടെ. തിരുവാലൂരപ്പന്‍റെ ചൈതന്യമില്ലാതാക്കാന്‍ പോലും ആ ഉഗ്രന്ത്രവാദിയുടെ അന്ത്യനിമിഷങ്ങള്‍ക്കു കഴിവുണ്ടായി എന്നതാണ് പരമമായ സത്യം.
ഓം നമ ശിവായ ...
അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം
മണ്ണാറശാലക്ഷേത്രം
പെരുവനം മഹാദേവ ക്ഷേത്രം
*പെരുവനം മഹാദേവ ക്ഷേത്രം...*
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന മഹാശിവക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം...
തൃശ്ശൂർ ജില്ലയിലെ ചേര്‍പ്പില്‍,ഊരകം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം.
തെക്ക് ദുർഗ്ഗക്ഷേത്രം, പടിഞ്ഞാറ് ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, വടക്ക് ശാസ്താക്ഷേത്രം, കിഴക്ക് വിഷ്ണുക്ഷേത്രം എന്നിവയാൽ ചുറ്റപ്പട്ട് നിൽക്കുന്ന ക്ഷേത്രമാണ് പെരുവനം മഹാദേവക്ഷേത്രം. ഇവിടത്തെ പൂരം ക്രി.വ. 583-നു ആണ് ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചി ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്..
പരശുരാമന്‍റെ ഐതിഹ്യവുമായി ഈ ക്ഷേത്രത്തിന് ബന്ധം കാണുന്നു. പരശുരാമൻ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം എന്നാണ് വിശ്വാസം. വേദത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേദാരമായ ഈ ക്ഷേത്രം യതിവര്യനായ പുരു മഹർഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരു മഹർഷിയുടെ തപസ്സുകൊണ്ടു ധന്യമായ വനം പുരുവനം എന്നും കാലക്രമേണ പെരുവനം എന്ന പേരിലും പ്രസിദ്ധമായിത്തീർന്നത്രേ. പെരുമാൻ കുടികൊണ്ട സ്ഥലം പെരുമനം എന്ന് മറ്റൊരു വ്യാഖ്യാനമുണ്ടു. കേരളത്തിലേക്ക് വരാൻ സന്നദ്ധരായ ബ്രാഹ്മണർ അവരുടെ ആവാസകേന്ദ്രത്തിലെ ശിവസാന്നിദ്ധ്യം അഭ്യർത്ഥിച്ചു. ശിവൻ പാർവതിസമേതനായി പെരുവനത്തു സന്നിഹിതനായതിന്‍റെ കാരണം അതാണത്രെ.
പത്ത് ഏക്കറിൽ കുറയാത്ത വിസ്തീർണമുള്ള മതിൽക്കകം മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. കിഴക്കുദിശ ഒഴിച്ച് മൂന്ന് ദിക്കിലും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് ഗോപുരത്തറ മാത്രമേ കാണുന്നുള്ളു. അഗ്നിക്കിരയായതെന്ന് പറയപ്പെടുന്നു.
പെരുവനത്തെ ഉപാസനാമൂർത്തി ഇരട്ടയപ്പനാണ്. ശിവന്‍റെ ദ്വൈത ഭാവമാണിവിടെ കാണാൻ കഴിയുന്നത്.പീഠത്തിൽ വലിയ ശിവലിംഗം, അടുത്തത് ചെറിയത് മറ്റൊന്നും. ഇരട്ടയപ്പ സങ്കല്പം ഈ രണ്ട് പ്രതിഷ്ഠകളേയും കണക്കിലെടുത്താണ്. ശിവലിംഗത്തിൻ ആറടിയോളം ഉയരമുണ്ട്. മാടത്തിലപ്പൻ, ദക്ഷിണാമൂർത്തി, ശ്രീപാർവതി, പുരുമഹർഷി, ഗണപതി, രക്തേശ്വരി, അയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഉണ്ടിവിടെ.
മാടത്തിലപ്പൻ:-
ശ്രീകോവിലിന്‍റെ തെക്കുഭാഗത്ത് നൂറോളം അടി ഉയരത്തിൽ മാടത്തിലപ്പന്‍റെ ശ്രീകോവിൽ മൂന്നുനിലയിലായി കാണാം. നിലത്തുനിന്നും 30 അടി ഉയരത്തിലാണ് പ്രതിഷ്ഠ. അതിനു മുകളിൽ ഉള്ള മൂന്ന് നിലകളിൽ ആദ്യത്തെ രണ്ടുനില ചതുരം. മൂന്നാമത്തെ നില അഷ്ടകോണമാണ്. മൂന്നാമത്തെ നില ചെമ്പ് മേഞ്ഞതാണ്. ലിംഗ പ്രതിഷ്ഠയാണ്. ലിംഗത്തിൻ പീഠമുൾപ്പെടെ ഏഴടിയോളം പൊക്കമുണ്ട്. നല്ല വണ്ണവുമുണ്ട്. മഹാലിംഗമാണ്. ആനയെ ഉപയോഗിച്ചാണ് ലിംഗം ഉറപ്പിച്ചതത്രെ. മുകളിലത്തെ നിലയുടെ മൂന്ന് വശങ്ങളിലുള്ള ഭിത്തികളിൽ വിഷ്ണുവിന്‍റെ യും ശിവന്‍റെയും ബ്രഹ്മാവിന്‍റെയും പ്രതിമാശില്പങ്ങൾ ഉണ്ട്.
സാമുതിരി തൃക്കണാമതിലകം ക്ഷേത്രത്തിൻറെ മാതൃകയിൽ നിർമ്മിച്ചതാണ് മാടത്തിലപ്പൻ ക്ഷേത്രം എന്നാണ് പഴമ.
ക്ഷേത്രത്തിൽ നിരവധി ശില്പങ്ങളും പുരാണചിത്രങ്ങളും ഉണ്ട്. അവയ്ക്ക് പുരാവസ്തുവകുപ്പിൻറെ സംരക്ഷണം കിട്ടുന്നുണ്ട്. മേടമാസം പുണർതം നാൾ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.
ഇവിടെ തൊഴുന്നതിന് ഒരു പ്രത്യേക ചിട്ടയുണ്ട്. പെരുവനം ക്ഷേത്രത്തിൽ ഉഷപൂജയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പന്തീരടിപൂജയ്ക്ക് ഇരട്ടയപ്പന് ധാര, മാടത്തിലപ്പന് പൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ക്രമത്തിലാണ് പൂജാവിധി. മീനമാസം പൂയം നാൾ പെരുവനം പൂരം ആഘോഷിക്കുന്നു.
പെരുവനത്തംബലം വളരെ സ്വത്തുള്ള ക്ഷേത്രമാണ്. ഈ ക്ഷേത്രം വക സ്വത്തിന്‍റെ ആദായത്തിൽ ദേവന്‍റെ നിത്യനിദാന അടിയന്തരങ്ങൾക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കി മുഴുവനും ഗ്രാമജനങ്ങളുടെ യോഗക്ഷേമത്തിനായി ഉപയോഗിക്കണമെന്നായിരുന്ന് ഗ്രാമനിശ്ചയം.
ഗുരു മാണി മാധവ ചാക്യാർ ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നു
അംഗുലീയാങ്കം , രാമായണം പ്രബന്ധകൂത്ത് (ചാക്യാർ കൂത്ത്) തുടങ്ങിയ കൂത്തു-കൂടിയാട്ടങ്ങൾ ഇവിടെ കാലാകാലമായി "അടിയന്തരമായി" നടത്തിവരാറുണ്ട്. മാണി ചാക്യാർ കുടുംബക്കാർക്കാണിവിടെ ഇവ അവതരിപ്പിക്കുവാനുള്ള അവകാശം. കൂത്തു-കൂടിയാട്ട കുലപതി നാട്യാചാര്യൻ മാണി മാധവ ചാക്യാർ വളരെക്കാലം ഈ കലാരൂപങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
മേടമാസം പുണർതം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷപൂർവം നടന്നുവരുന്നു. ആറാട്ടുപുഴപൂരത്തോടനുബന്ധിച്ച് നടക്കുന്ന പെരുവനത്തെ പൂരം പ്രസിദ്ധമാണെങ്കിലും അത് യഥാർഥത്തിൽ പെരുവനത്തപ്പന്‍റെ ഉത്സവമല്ല. ഭഗവാനെ കണ്ട് വണങ്ങിപ്പോകാൻ പെരുവനം ഗ്രാമത്തിലെ ദേവിദേവന്മാർ എത്തുന്ന ചടങ്ങുമാത്രമാണ്. എന്നാൽ പണ്ട് ക്ഷേത്രത്തിൽ 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് 108 ദേവിദേവന്മാർ പങ്കെടുത്തതായും പറയുന്നു.
ഓം നമഃ ശിവായ