*വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം...*
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ദക്ഷിണഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാദേവക്ഷേത്രം .
യമധർമ്മനെ നിഗ്രഹിച്ച് മാർക്കണ്ഡേയന് എന്നും പതിനാറുവയസ്സു കൊടുത്ത് ചിരഞ്ജീവിയാക്കി അനുഗ്രഹിച്ച് വാണരുളുന്ന സങ്കല്പരൂപത്തില്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ വാഴുന്നു. തലയിൽ ചന്ദ്രക്കല ചൂടിയും, ഇടംകയ്യിൽ മാനും വലംകൈയ്യിൽ മഴുവും ധരിച്ചും മൂന്നാമത്തെ കൈകൊണ്ട് ദുഃഖങ്ങൾ സ്വീകരിച്ചും നാലാമത്തെ കൈയ്യാൽ അനുഗ്രഹം ചൊരിഞ്ഞും "തിരുവാഴപ്പള്ളിലപ്പൻ" വാഴപ്പള്ളിയിൽ കുടികൊള്ളുന്നു.പടിഞ്ഞാറേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽ, രാജരാജേശ്വരീ സങ്കല്പത്തിൽ ശ്രീപാര്‍വ്വതി ദേവിയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പാർവ്വതീദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ് .
പണ്ട് ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്ന വാഴപ്പള്ളി ക്ഷേത്രം ,മഹോദയപുരം (ഇന്നത്തെ കൊടുംങ്ങല്ലൂർ) ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരസാമ്രാജ്യ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്ത് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയെന്നു അനുമാനിക്കുന്നു.
"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു. പഴയ ബുദ്ധമത കേന്ദ്രങ്ങളിൽ ഒന്നായിരുന്നു വാഴപ്പള്ളി ഗ്രാമം. പള്ളിയെന്ന് വാക്ക് വിവക്ഷിക്കുന്നത് ബുദ്ധവിഹാരം എന്നാണ്. പാലി ഭാഷയിലെ പദമാണ് പള്ളി. പിന്നീട് ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ പലതും തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി
.
എ.ഡി. 832-കളിലെ ചേരരാജാവായിരുന്ന രാജശേഖരന്‍റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചിട്ടുണ്ട്. "വാഴപ്പള്ളി ശാസനം" എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ്. അതിനു വളരെ മുൻപുതന്നെ ഇത് മഹാക്ഷേത്രമായി കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാം. എന്തെന്നാൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിലിരുന്നു മറ്റുക്ഷേത്രങ്ങളിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാദിക്കുന്നത്.
എ. ഡി. രണ്ടാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസിയായിരുന്ന മഹോദയപുരം തലസ്ഥാനമാക്കി വാണിരുന്ന ചേര രാജാ പള്ളിബാണ പെരുമാൾ തന്‍റെ അവസാന ദിവസങ്ങൾ ചെലവഴിക്കാനായി നീലംപേരൂർ ശിവക്ഷേത്രത്തിൽ എഴുന്നള്ളുകയുണ്ടായി.ഇതിനോടകം ഈ ശിവക്ഷേത്രം ശൈവ ഹിന്ദുക്കളുടേതായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ബുദ്ധമതം സ്വീകരിച്ചിരുന്നതിനാൽ ഹിന്ദുമത വിശ്വാസികൾ ക്ഷേത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ വരവിനെ എതിർത്തു.
ഇതിനൊരു അവസാനമുണ്ടാക്കാനായി ചേരമാൻ പെരുമാൾ ഹിന്ദുമത ആചാര്യന്മാരും ബുദ്ധമത ആചാര്യന്മാരും ആയി ഒരു മത്സര സംവാദം ഏർപ്പെടുത്തി. മത്സരത്തിൽ ഹിന്ദുമതക്കാർ വിജയിച്ചാൽ രാജാവ് കിരീടം വെച്ച് ഒഴിയണമെന്നും അഥവാ തോറ്റാൽ അവർ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കണമെന്നും ആയിരുന്നുവത്രെ തീരുമാനം.
ഹിന്ദുമതത്തിനുവേണ്ടി ദക്ഷിണഭാരതത്തിലെ ആറു പ്രഗല്ഭരാണ് പങ്കെടുത്തത്. രണ്ടു മതങ്ങളിലേയും പ്രഗല്ഭർ പങ്കെടുത്ത ഈ സംവാദത്തിൽ ഹിന്ദുമത വിശ്വാസികൾ വിജയിക്കുകയും രാജാവിന് അടിയറവു പറയേണ്ടതായും വന്നു. സംവാദത്തിൽ പരാജിതനായ പള്ളിബാണ പെരുമാൾ തന്‍റെ കിരീടവും, സിംഹാസനവും ഉപേക്ഷിച്ച് ഒരു ബുദ്ധസന്യാസിയായി കൊട്ടാരം വിട്ടിറങ്ങി. പിന്നീട്, ഇതിനു കാരണഭൂതമായ നീലംപേരൂർ ശിവക്ഷേത്രം ബുദ്ധവിഹാരമാക്കി മാറ്റാൻ തീരുമാനിച്ച് നീലംപേരൂർക്ക് തിരിച്ചു.
ഇതറിഞ്ഞ അവിടുത്തെ പത്തു ബ്രാഹ്മണകുടുംബങ്ങൾ (പിന്നീട് പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെട്ടു) ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഇളക്കിയെടുത്തുകൊണ്ട് വാഴപ്പള്ളിയിൽ വരുകയും പിന്നീട് അവിടെ മുൻപ് ഉണ്ടായിരുന്ന ക്ഷേത്രത്തിലേക്ക് ലയിപ്പിച്ച് കുടിയിരുത്തി എന്നു വിശ്വസിക്കുന്നു.
നീലംപേരൂരിൽനിന്നു കൊണ്ടുവന്ന ശിവലിംഗം ആദ്യം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്തു പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ആ ശിവലിംഗം ഇളക്കാൻ നോക്കിയെങ്കിലും പറ്റാതെ വന്നതിനാൽ ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങൾക്ക് പരശുരാമൻ പ്രത്യക്ഷപ്പെട്ട് താൻ വെച്ചു പൂജിച്ചിരുന്ന ശിവലിംഗം നൽകുകയും, അർദ്ധനാരീശ്വര സങ്കല്പത്തിൽ ക്ഷേത്രം പണിയുവാൻ ഉപദേശിക്കുകയും ചെയ്തു.
ഈ പത്തു ബ്രാഹ്മണകുടുംബങ്ങളും ചേരരാജാവിനെ അനുനയിപ്പിച്ച് ഇന്നിരിക്കുന്ന സ്ഥലത്തു ക്ഷേത്രം പുതുക്കി പണിയിപ്പിച്ചു. ശിവലിംഗ പ്രതിഷ്ഠയ്ക്കും പാർവ്വതീ പ്രതിഷ്ഠയ്ക്കുമായി വലിയ വട്ട ശ്രീകോവിൽ പണിതു. വൃത്താകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്‍റെ മൂന്ന് ഭിത്തികൾക്കുള്ളിലായി കിഴക്കോട്ട് ശിവലിംഗ പ്രതിഷ്ഠയ്ക്കു വേണ്ടിയും, പടിഞ്ഞാറേയ്ക്ക് പാർവ്വതീ പ്രതിഷ്ഠയ്ക്കു വേണ്ടിയും ഗർഭഗൃഹം പണിതു. വട്ട ശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചു.
വാഴപ്പള്ളിയിലെ വട്ട ശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചൻ പണിതീർത്തതാണ് എന്നാണ് വിശ്വാസം. നാലമ്പലത്തിനകത്ത് തെക്കു കിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും നമസ്കാര മണ്ഡപങ്ങളും വലിയ ബലിക്കല്ലും പണികഴിപ്പിച്ചു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ശാസ്താവിനു വേണ്ടിയും ക്ഷേത്രം പണിതു. ക്ഷേത്രതന്ത്രിയായി തരണല്ലൂർ പരമ്പരക്കും (പിന്നീട് ക്ഷേത്ര തന്ത്രം മൂന്നില്ലങ്ങളിലായി പിരിഞ്ഞ് കുഴിക്കാട്ടില്ലം, പറമ്പൂരില്ലം, മേന്മനയില്ലം എന്നിങ്ങനെയായി) നിത്യശാന്തിക്കായി കാസർകോഡ് തുളു ബ്രാഹ്മണകുടുംബത്തേയും അധികാര സ്ഥാനം നൽകി അവരോധിച്ചു. മേൽശാന്തിയെ കുടശാന്തിയായി വാഴിച്ച് കുടശാന്തി മഠത്തിൽ താമസസൗകര്യവും ചെയ്തുകൊടുത്തു.
നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാക്കി.ക്ഷേത്ര ഊരാണ്മക്കാരായ ഇവരുടെ ക്ഷേത്രഭരണം പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തോളം നീണ്ടു നിന്നു. ഈ പത്തു ബ്രാഹ്മണ കുടുംബങ്ങൾ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കിഴക്കുംഭാഗത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്.
വിഖ്യാതമായ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് ഇതിലൊരു മഠമായ തലവനമഠത്തിൽ നിന്നാണ്.വിലക്കില്ലിമഠം എന്നാണ് ചങ്ങഴിമുറ്റത്തു മഠം അറിയപ്പെട്ടിരുന്നത്. ഈ ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിലെ പ്രധാനപൂജ നടത്തിയിരുന്നത്..
തരണല്ലൂർ നമ്പൂതിരി ശിവപ്രതിഷ്ഠക്കുവേണ്ടി തയ്യാറാക്കിവെച്ചിരുന്ന കലശമാണ് ഗണപതിക്ക് ആടിയതത്രേ. മൂത്രശങ്കമൂലം കലശസമയത്ത് ക്ഷേത്രത്തിനുള്ളിൽ തന്ത്രിക്ക് കടക്കാൻ പറ്റാതെ വരുകയും, ആ സമയം പരശുരാമൻ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം. ഉപയോഗിക്കാതെവന്ന ഈ കലശം ഇലവന്തി തീർത്ഥ സ്ഥാനത്ത് ഗണപതി സങ്കല്പത്തിൽ പ്രതിഷ്ഠനടത്തി അഭിഷേകം ചെയ്തുവത്രേ.
വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു..ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു.ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തുപോറ്റിമാർ രാജാവിനെ ആക്രമിച്ചു. എന്നിരുന്നാലും അദ്ദേഹം മരിച്ചില്ല. ഉണ്ണിയുടെ പ്രേതം രക്ഷസ്സായി ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ക്ഷേത്രപൂജകൾക്ക് വിഘ്നങ്ങളും പതിവായിരുന്നു. ഒടുവിൽ ആ ആത്മാവിനെ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചു.
ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്‍റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ഇതറിഞ്ഞ് ചെമ്പകശ്ശേരി രാജാവ് വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി..
എങ്കിലും ചെമ്പകശ്ശേരി രാജാവിന്‍റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുൻപു (എകദേശം നാല്‍പ്പതു വർഷങ്ങൾക്കു മുൻപ്; 1970-കളിൽ) മാത്രമാണ് കഴുമരവും പ്രതിരൂപവും തിരുവിതാകൂർ ദേവസ്വം അധികാരികൾ ബ്രഹ്മരക്ഷസ്സിന്റെ നടയിൽനിന്നും എടുത്തുമാറ്റിയത്. ചെമ്പകശ്ശേരി രാജാവ് തിരുവാഴപ്പള്ളിലപ്പനോട് മാപ്പുചൊല്ലി സാഷ്ടാംഗം നമസ്കരിച്ചതിന്റെ ഓർമക്കായി നമസ്കരിച്ചുകിടക്കുന്ന രൂപം വല്ല്യബലിക്കല്ലിനടുത്ത് കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.
പതിനാറാം ശതകത്തിന്‍റെ അവസാനമായപ്പോഴേക്കും സമ്പൽസമൃദ്ധിയിൽ ധാരാളിച്ച ക്ഷേത്ര ഊരാണ്മക്കാരായ പത്തില്ലത്തിൽ പോറ്റിമാർ നാലമ്പലം ഇരുനിലയിൽ വിമാനരീതിയിൽ പുതുക്കി പണിതു. ബലിക്കൽ പുരയും വിളക്കുമാടവും പണിയുവാനായി കരിങ്കൽ അടിത്തറയും കെട്ടി. തിരുവിതാംകൂർ രാജാ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തിൽ പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും ക്ഷേത്രനിർമ്മാണം നിർത്തിവെക്കേണ്ടിവരുകയും ചെയ്തു. പണിതീരാത്ത കരിങ്കൽ അടിത്തറ മാത്രമുള്ള ബലിക്കൽ പുരയും വിളക്കുമാടവും ഇന്നും ക്ഷേത്രത്തിൽ കാണാം.
കിഴക്കേ മണ്ഡപത്തിലുള്ള ആൽ വിളക്കിൽ 365 ദീപനാളങ്ങൾ ഉണ്ട്. മുന്നൂറ്റി അറുപത്തിഅഞ്ച് ദീപങ്ങൾ ഒരു വർഷത്തിലെ 365 ദിവസത്തെയാണ് കുറിക്കുന്നത്. ഒരു പ്രാവിശ്യം ആൽ വിളക്കു കത്തിച്ചാൽ ഒരു വർഷം മുഴുവനും തേവർക്ക് വിളക്കുതെളിയിച്ച പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു.
രണ്ടു ധ്വജസ്തംഭങ്ങൾ ഉള്ള ചുരുക്കം ചിലക്ഷേത്രങ്ങളിൽ ഒന്നാണ് വാഴപ്പള്ളി മഹാക്ഷേത്രം; മഹാദേവ ക്ഷേത്ര നടയിലും, മഹാഗണപതി ക്ഷേത്ര നടയിലും ആണ് കൊടിമരങ്ങൾ ഉള്ളത്. ചേരരാജ പെരുമാൾ രണ്ടു ക്ഷേത്രനടയിലും ധ്വജപ്രതിഷ്ഠകൾ നടത്തി മീനമാസത്തിൽ തിരുവാതിര (നാൾ) ആറാട്ട് ആകത്തക്കരീതിയിൽ പത്തു ദിവസത്തെ ഉത്സവം നിശ്ചയിച്ചു. ഗണപതി നടയിൽ കൊടിമര പ്രതിഷ്ഠ നടത്തി ഉച്ചനേദ്യം തിരിച്ചെടുത്തു എന്ന് ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യം എന്തായാലും ഗണപതിനടയിൽ ഉച്ചനേദ്യം പടിത്തരമായിട്ടില്ല. രാജഭരണം മാറി ദേവസ്വം ഭരണത്തിൽ വന്നപ്പോഴും ഇവിടെ ഗണപതിനടയിൽ (ഉച്ചപൂജ ഉണ്ടെങ്കിലും) ഇപ്പോഴും ദേവസ്വത്തിൽ നിന്ന് നേദ്യം ഇല്ല (സങ്കല്പം). ഇവിടെ ഗണപതി തന്‍റെ ഉച്ചനേദ്യം പുറത്തുനിന്ന് വരുത്തി കഴിക്കുന്നു എന്നാണ് വിശ്വാസം. പ്രസിദ്ധമായ വാഴപ്പള്ളി ഗണപതിയപ്പമാണ് ഉച്ചയ്ക്ക് നിവേദിക്കുന്നത്..
തിരുവാഴപ്പള്ളിയിലെ തീർത്ഥക്കുളം ഇലവന്തി തീർത്ഥം ആണ്, ഇത് ക്ഷേത്ര മതിൽക്കകത്ത് വടക്കു കിഴക്കു മൂലയിലാണ്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. അതിനാൽ ഗണപതിപ്രതിഷ്ഠ സ്വയംഭൂവാണ്.
ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമതിൽക്കെട്ട് പണിതീർത്തത് 18-ആം നൂറ്റാണ്ടിലാണ്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്‍റെ പടയോട്ടത്തെ ചെറുക്കാനും ക്ഷേത്രസംരക്ഷണത്തിനുമായി പത്തില്ലത്തിൽ പോറ്റിമാരുടെ നിർദ്ദേശത്താൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജായുടെ കാലത്ത് നിർമ്മിക്കപ്പെട്ടു. (ദളവ രാമയ്യന്‍റെ തെക്കുകൂറിലെ പടനീക്കത്തോടെ പത്തില്ലത്തിൽ പോറ്റിമാരുടെ പ്രതാപം ഇതിനോടകം അസ്തമിച്ചു കഴിഞ്ഞിരുന്നു.) ചുവന്ന കടുപ്പമേറിയ കല്ലിനാൽ നിർമ്മിച്ച മതിൽക്കെട്ടിനു സമചതുരാകൃതിയാണ്. ഏകദേശം 10-അടിയിലേറ പൊക്കത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.
ടിപ്പു സുൽത്താൻ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെട്ടത് 1789-ലാണ്.തിരുവിതാംകൂർ മഹാരാജാവ് കാർത്തികതിരുനാളിന്‍റെ മന്ത്രിയായിരുന്ന കുഞ്ചുകുട്ടിപിള്ളയുടെ നേതൃത്വത്തിൽ പെരിയാറ്റിലെ തടയണ പൊട്ടിച്ചു കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി. അതിനെത്തുടർന്നു ടിപ്പുവിനുണ്ടായ വൻനാശനഷ്ടങ്ങൾ കാരണം മൈസൂർ സൈന്യം തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങിപ്പോവുകയായിരുന്നു.
വലിയ നാലമ്പലത്തിനകത്ത് തെക്കു-കിഴക്കേ മൂലയിലാണ് പരശുരാമപൂജ നടത്തുന്നത്. മഹാഗണപതിയെ തൊഴുത് കിഴക്കുവശത്തു കൂടി വലിയ നാലമ്പലത്തിനുള്ളിൽ കടക്കുമ്പോൾ, നമസ്കാരമണ്ഡപത്തിന്റെ കിഴക്കു വശത്തുള്ള ഋഷഭത്തിന്റെ കൊമ്പുകൾക്കിടയിലൂടെ തിരുവാഴപ്പള്ളിലപ്പനെ തൊഴുത്, തെക്കോട്ട് നോക്കി ശ്രീ പരശുരാമനെ തൊഴണം എന്ന് ആചാരം. അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്.
തിരുവുത്സവം മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം പത്ത് ദിവസം കൊണ്ടാടുന്നു.
വാഴപ്പള്ളി ഗ്രാമത്തിലെ പതിനെട്ട് ക്ഷേത്രങ്ങൾക്കുനാഥനാണ് തിരുവാഴപ്പള്ളി തേവർ. ഈ പതിനെട്ടു ക്ഷേത്രങ്ങളിൽ ഭഗവതിമാരാണ് എണ്ണത്തിലും സ്ഥാനത്തിലും മുന്നിൽ. ഒൻപത് ഭഗവതി ക്ഷേത്രങ്ങളും, മൂന്ന് വിഷ്ണു ക്ഷേത്രങ്ങളും, മൂന്ന് ശിവക്ഷേത്രങ്ങളും, ഒരോ ഗണപതി, ഹനുമാൻ, ശാസ്താക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഓം നമഃ ശിവായ
No comments:
Post a Comment