Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 3, 2019

പെരുവനം മഹാദേവ ക്ഷേത്രം

*പെരുവനം മഹാദേവ ക്ഷേത്രം...*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍  പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന മഹാശിവക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം...

തൃശ്ശൂർ ജില്ലയിലെ ചേര്‍പ്പില്‍,ഊരകം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന പുരാതന  ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം.

തെക്ക് ദുർഗ്ഗക്ഷേത്രം, പടിഞ്ഞാറ് ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, വടക്ക് ശാസ്താക്ഷേത്രം, കിഴക്ക് വിഷ്ണുക്ഷേത്രം എന്നിവയാൽ ചുറ്റപ്പട്ട് നിൽക്കുന്ന ക്ഷേത്രമാണ് പെരുവനം മഹാദേവക്ഷേത്രം. ഇവിടത്തെ പൂരം ക്രി.വ. 583-നു ആണ് ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചി ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്..

പരശുരാമന്‍റെ ഐതിഹ്യവുമായി ഈ ക്ഷേത്രത്തിന് ബന്ധം കാണുന്നു. പരശുരാമൻ കേരളത്തെ 64  ഗ്രാമങ്ങളായി വിഭജിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം എന്നാണ് വിശ്വാസം. വേദത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേദാരമായ ഈ ക്ഷേത്രം യതിവര്യനായ പുരു മഹർഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരു മഹർഷിയുടെ തപസ്സുകൊണ്ടു ധന്യമായ വനം പുരുവനം എന്നും കാലക്രമേണ പെരുവനം എന്ന പേരിലും പ്രസിദ്ധമായിത്തീർന്നത്രേ. പെരുമാൻ കുടികൊണ്ട സ്ഥലം പെരുമനം എന്ന് മറ്റൊരു വ്യാഖ്യാനമുണ്ടു. കേരളത്തിലേക്ക് വരാൻ സന്നദ്ധരായ ബ്രാഹ്മണർ അവരുടെ ആവാസകേന്ദ്രത്തിലെ ശിവസാന്നിദ്ധ്യം അഭ്യർത്ഥിച്ചു. ശിവൻ പാർവതിസമേതനായി പെരുവനത്തു സന്നിഹിതനായതിന്‍റെ കാരണം അതാണത്രെ.

പത്ത് ഏക്കറിൽ കുറയാത്ത വിസ്തീർണമുള്ള മതിൽക്കകം മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. കിഴക്കുദിശ ഒഴിച്ച് മൂന്ന് ദിക്കിലും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് ഗോപുരത്തറ മാത്രമേ കാണുന്നുള്ളു. അഗ്നിക്കിരയായതെന്ന് പറയപ്പെടുന്നു.

പെരുവനത്തെ ഉപാസനാമൂർത്തി ഇരട്ടയപ്പനാണ്. ശിവന്‍റെ  ദ്വൈത ഭാവമാണിവിടെ കാണാൻ കഴിയുന്നത്.പീഠത്തിൽ വലിയ ശിവലിംഗം, അടുത്തത് ചെറിയത് മറ്റൊന്നും. ഇരട്ടയപ്പ സങ്കല്പം ഈ രണ്ട് പ്രതിഷ്ഠകളേയും കണക്കിലെടുത്താണ്. ശിവലിംഗത്തിൻ ആറടിയോളം ഉയരമുണ്ട്. മാടത്തിലപ്പൻ, ദക്ഷിണാമൂർത്തി, ശ്രീപാർവതി, പുരുമഹർഷി, ഗണപതി, രക്തേശ്വരി, അയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഉണ്ടിവിടെ.

മാടത്തിലപ്പൻ:-
ശ്രീകോവിലിന്‍റെ  തെക്കുഭാഗത്ത് നൂറോളം അടി ഉയരത്തിൽ മാടത്തിലപ്പന്‍റെ  ശ്രീകോവിൽ മൂന്നുനിലയിലായി കാണാം. നിലത്തുനിന്നും 30 അടി ഉയരത്തിലാണ് പ്രതിഷ്ഠ. അതിനു മുകളിൽ ഉള്ള മൂന്ന് നിലകളിൽ ആദ്യത്തെ രണ്ടുനില ചതുരം. മൂന്നാമത്തെ നില അഷ്ടകോണമാണ്. മൂന്നാമത്തെ നില ചെമ്പ് മേഞ്ഞതാണ്‌‍. ലിംഗ പ്രതിഷ്ഠയാണ്. ലിംഗത്തിൻ പീഠമുൾപ്പെടെ ഏഴടിയോളം പൊക്കമുണ്ട്. നല്ല വണ്ണവുമുണ്ട്. മഹാലിംഗമാണ്. ആനയെ ഉപയോഗിച്ചാണ് ലിംഗം ഉറപ്പിച്ചതത്രെ. മുകളിലത്തെ നിലയുടെ മൂന്ന് വശങ്ങളിലുള്ള ഭിത്തികളിൽ വിഷ്ണുവിന്‍റെ യും ശിവന്‍റെയും ബ്രഹ്മാവിന്‍റെയും പ്രതിമാശില്പങ്ങൾ ഉണ്ട്.

സാമുതിരി തൃക്കണാമതിലകം ക്ഷേത്രത്തിൻറെ മാതൃകയിൽ നിർമ്മിച്ചതാണ് മാടത്തിലപ്പൻ ക്ഷേത്രം എന്നാണ് പഴമ.

ക്ഷേത്രത്തിൽ നിരവധി ശില്പങ്ങളും പുരാണചിത്രങ്ങളും ഉണ്ട്. അവയ്ക്ക് പുരാവസ്തുവകുപ്പിൻറെ സം‌രക്ഷണം കിട്ടുന്നുണ്ട്. മേടമാസം പുണർതം നാൾ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ഇവിടെ തൊഴുന്നതിന് ഒരു പ്രത്യേക ചിട്ടയുണ്ട്. പെരുവനം ക്ഷേത്രത്തിൽ ഉഷപൂജയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പന്തീരടിപൂജയ്ക്ക് ഇരട്ടയപ്പന് ധാര, മാടത്തിലപ്പന് പൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ക്രമത്തിലാണ് പൂജാവിധി. മീനമാസം പൂയം നാൾ പെരുവനം പൂരം ആഘോഷിക്കുന്നു.

പെരുവനത്തംബലം വളരെ സ്വത്തുള്ള ക്ഷേത്രമാണ്. ഈ ക്ഷേത്രം വക സ്വത്തിന്‍റെ  ആദായത്തിൽ ദേവന്‍റെ  നിത്യനിദാന അടിയന്തരങ്ങൾക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കി മുഴുവനും ഗ്രാമജനങ്ങളുടെ യോഗക്ഷേമത്തിനായി ഉപയോഗിക്കണമെന്നായിരുന്ന് ഗ്രാമനിശ്ചയം.

ഗുരു മാണി മാധവ ചാക്യാർ ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നു
അംഗുലീയാങ്കം , രാമായണം പ്രബന്ധകൂത്ത് (ചാക്യാർ കൂത്ത്) തുടങ്ങിയ കൂത്തു-കൂടിയാട്ടങ്ങൾ ഇവിടെ കാലാകാലമായി "അടിയന്തരമായി" നടത്തിവരാറുണ്ട്. മാണി ചാക്യാർ കുടുംബക്കാർക്കാണിവിടെ ഇവ അവതരിപ്പിക്കുവാനുള്ള അവകാശം. കൂത്തു-കൂടിയാട്ട കുലപതി നാട്യാചാര്യൻ മാണി മാധവ ചാക്യാർ വളരെക്കാലം ഈ കലാരൂപങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

മേടമാസം പുണർതം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷപൂർവം നടന്നുവരുന്നു. ആറാട്ടുപുഴപൂരത്തോടനുബന്ധിച്ച് നടക്കുന്ന പെരുവനത്തെ പൂരം പ്രസിദ്ധമാണെങ്കിലും അത് യഥാർഥത്തിൽ പെരുവനത്തപ്പന്‍റെ ഉത്സവമല്ല. ഭഗവാനെ കണ്ട് വണങ്ങിപ്പോകാൻ പെരുവനം ഗ്രാമത്തിലെ ദേവിദേവന്മാർ എത്തുന്ന ചടങ്ങുമാത്രമാണ്‌‍. എന്നാൽ പണ്ട് ക്ഷേത്രത്തിൽ 28  ദിവസത്തെ ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് 108 ദേവിദേവന്മാർ പങ്കെടുത്തതായും പറയുന്നു.

ഓം നമഃ ശിവായ

No comments:

Post a Comment