ശൈവിസം
ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രമുണ്ട്. സിന്ധുനദീതട പ്രദേശമായ മോഹൻജദാരോയിൽ നിന്നു കണ്ടെടുത്ത പശുപതി മുദ്ര വ്യക്തമാക്കുന്നത് ആര്യന്മാരുടെ ആഗമനത്തിനു മുൻപുതന്നെ ഇന്ത്യയിൽ ശൈവാരാധനയുണ്ടായിരുന്നുവെന്നാണ്. ഭക്തി പ്രസ്ഥാന കാലഘട്ടത്തിലാണു ശൈവ വിശ്വാസവും ശൈവവിഭാഗങ്ങളും ശക്തമാകുന്നത്. ശരീരം മുഴുവൻ ഭസ്മം പൂശി, രുദ്രാക്ഷം അണിഞ്ഞു ശിവ സ്തോത്രങ്ങളുമായി അലഞ്ഞുനടന്നിരുന്ന ശൈവസന്യാസിമാർ ശൈവഭക്തിയുടെ സന്ദേശം ഇന്ത്യ മുഴുവനുമെത്തിച്ചു. വിശ്വാസത്തിന്റെയും അചഞ്ചലമായ ഭക്തിയുടെയും സന്ദേശം സമൂഹം ഏറ്റെടുത്തു.
നായനാർമാർ
തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാനത്തിലെ ശൈവ സന്യാസിമാരിൽ പ്രമുഖരാണ് 63 നായനാർമാർ. ആറാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിലാണ് ഇവരുടെ കാലഘട്ടം.
പാശുപതർ
ശിവൻ മാത്രമാണ് ഏക ദൈവമെന്നും പ്രപഞ്ചത്തിന്റെ നാഥനെന്നും വിശ്വസിക്കുന്നവരാണു പാശുപതർ. ഇന്ത്യയിലെമ്പാടും ഇവർക്കു സ്വാധീനമുണ്ടായിരുന്നു. കർണാടകയിലെ സംഗമേശ്വരക്ഷേത്രം (കൂടലസംഗമം), ഗോകർണം, ശ്രീശൈലം എന്നിവയെല്ലാം പ്രധാന പാശുപത കേന്ദ്രങ്ങളായിരുന്നു. നേപ്പാളിലെ പശുപതിനാഥ ക്ഷേത്രവും പാശുപതർ നിർമിച്ചതാണ്.
കാപാലികർ
ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ പ്രദേശങ്ങളിലും നേപ്പാളിലും കാപാലികർ ശക്തമായിരുന്നു. ദേഹമാസകലം ഭസ്മം പൂശി, അസ്ഥിമാലകൾ ധരിച്ച് , മനുഷ്യന്റെ തലയോടു പാത്രമാക്കിയാണ് ഇവർ നടന്നിരുന്നത്. ഭവഭൂതിയുടെ 'മാലതീമാധവം', മഹേന്ദ്രവർമന്റെ 'മത്തവിലാസപ്രഹസനം' എന്നീ കൃതികളിൽ കാപാലികരെക്കുറിച്ചു പരാമർശങ്ങളുണ്ട്.
കാലമുഖർ
തമിഴ്നാട് , കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ശൈവാരാധനാവിഭാഗമാണ് കാലമുഖർ. നെറ്റിയിൽ കറുത്ത വരയിടുന്നതു കൊണ്ട് ഇവർ കാലമുഖർ എന്നു വിളിക്കപ്പെട്ടു. മനുഷ്യന്റെ തലയോട് പാത്രമായി ഉപയോഗിക്കൽ, ഭസ്മം പൂശൽ എന്നിങ്ങനെ കാപാലികരുടെ ആരാധനാരീതികൾ കാലമുഖരും പിന്തുടർന്നിരുന്നു. ചാലൂക്യ രാജാക്കന്മാർ കാലമുഖർക്കായി ശിവക്ഷേത്രങ്ങൾ പണിതുകൊടുത്തതായി ലിഖിതങ്ങൾ വ്യക്തമാക്കുന്നു.
ശൈവ സിദ്ധാന്തം
തമിഴ്നാട് കേന്ദ്രമാക്കി രൂപംകൊണ്ട ശൈവ വിഭാഗമാണിത്. ശൈവ ഭക്തി പ്രസ്ഥാനത്തിൽ നിന്നാണ് ശൈവ സിദ്ധാന്തം രൂപംകൊളളുന്നത്. ഏഴും എട്ടും നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ആഗമങ്ങളാണ് ശൈവ സിദ്ധാന്തികളുടെ ആശയസംഹിത. ശൈവസിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രമുഖനായ മെയ്ക്കണ്ട ദേവൻ രചിച്ച കൃതിയാണ് ശിവജ്ഞാനബോധം.
കശ്മീർ ശൈവിസം
പ്രാചീന- മധ്യകാലഘട്ടത്തിൽ വ്യത്യസ്ത ശൈവ വിഭാഗങ്ങൾ കശ്മീരിൽ ശക്തമായിരുന്നു. താന്ത്രിക ശൈവിസത്തിൽ നിന്നും പാശുപത-കാലമുഖ വിഭാഗങ്ങളിൽ നിന്നുമെല്ലാം ആശയങ്ങൾ സ്വീകരിച്ചാണ് കശ്മീർ ശൈവിസം രൂപംകൊള്ളുന്നത്.
'ശിവസൂത്രം ' ആണ് കശ്മീർ ശൈവിസത്തിന്റെ അടിസ്ഥാന ഗ്രന്ഥം. കശ്മീർ ശൈവിസത്തിന് ത്രിക എന്നും പേരുണ്ട്. ദാർശനികനായ അഭിനവഗുപ്തൻ ഈ സമ്പ്രദായത്തിലെ ആചാര്യനാണ്.
വീരശൈവിസം
ഒരു ദർശനം എന്നതിലുപരി ശക്തമായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു വീരശൈവ സിദ്ധാന്തം. ഏകദൈവ വിശ്വാസത്തിന്റെ പ്രചാരകരായിരുന്നു വീരശൈവർ. എന്നാൽ ദേവാലയ കേന്ദ്രീകൃതമായ വിഗ്രഹാരാധനയെയും സങ്കീർണമായ ആചാരാനുഷ്ഠാനങ്ങളെയും അവർ നിഷേധിക്കുന്നു. വീരശൈവരെ ലിംഗായത്തുകൾ എന്നും വിളിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകയിൽ ജീവിച്ചിരുന്ന ബസവണ്ണയാണ് ലിംഗായത്ത് പ്രസ്ഥാനത്തെ ജനകീയമാക്കുന്നത്.
തിരുമുറകൾ
അപ്പർ, സുന്ദരർ, സംബന്ധർ, മാണിക്കവാചകർ, ശെക്കിഴാർ തുടങ്ങിയവരുടെ ശിവസ്തുതികൾ 12 ഭാഗങ്ങളായി സമാഹരിച്ചതാണ് തിരുമുറകൾ. അതിൽ ആദ്യത്തെ എഴുഭാഗങ്ങളെ തേവാരം എന്നു പറയുന്നു.
നന്ദി
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1316906031995269/