Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 30, 2020

ബിജ്ലി മഹാദേവ

*പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഇടിമിന്നലിൽ തകരുന്ന ശിവലിംഗം*

വെണ്ണയും പച്ചമരുന്നുകൾ കൂട്ടിയ പശയും ചേർത്ത് പൂജാരിയത് പൂർവ്വസ്ഥിതിയിലാക്കുന്നു

പന്ത്രണ്ടു വർഷത്തേക്ക് പിന്നെ പൂജക്ക് തടസങ്ങളൊന്നുമില്ല.ഹിമാചലിൽ കുളു താഴ്വരയോട് ചേർന്നുള്ള കുന്നിൻ മുകളിലുള്ള ബിജ്ലി മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ്വ ശിവലിംഗമുള്ളത്. ക്ഷേത്രത്തിന് ബീജ്ലീ മഹാദേവ ക്ഷേത്രമെന്ന് പേരുവന്നതും അങ്ങനെയാണ്. കഷ്ണങ്ങൾ ഒട്ടിച്ചു ചേർത്തതിന്റെ കുഞ്ഞുപാടു പോലും ശിവലിഗത്തിൽ കാണാനാകില്ല. മിന്നലിന്റെ ശക്തിയത്രയും മഹാദേവൻ വലിച്ചെടുത്ത് ജനങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രമിരിക്കുന്ന ഗ്രാമത്തിന്റെ പേര് ബിജ്ലി മഹാദേവ്. താഴ്വരയിൽ നിന്ന് 14 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ക്ഷേത്രത്തിന്റെ ഐതിഹ്യം ഭീകരനായൊരു സർപ്പവുമായി ബന്ധപ്പെട്ടതാണ്. കുളു താഴ് വരയിൽ അതിഭീകരനായൊരു സർപ്പം വാണിരുന്നു. ജനങ്ങൾക്ക് അതിന്റെ ശല്യം സഹിക്കാതെ ആയപ്പോൾ മഹാദേവൻ അവതരിച്ച് സർപ്പത്തിന്റെ കഥ കഴിച്ചു. അവിടെ ഒരു കുന്ന് രൂപം കൊണ്ടു. അതിന് മീതെയാണ് ബീജ്ലി മഹാദേവ ക്ഷേത്രം. ഇടിമിന്നലിൽ തകരുന്ന ശിവലിംഗത്തിന്റെ കഷ്ണങ്ങളോരോന്നും തെറിച്ചു വീഴുന്നതെവിടെയെന്ന് ഭഗവാൻ പൂജാരിയെ സ്വപ്നത്തിലൂടെ അറിയിക്കുന്നുവെന്ന് പറയപെടുന്നു. ക്ഷേത്ര സംരക്ഷണത്തിൽ ജാഗരൂകരാണ് ഗ്രാമീണർ. ഇടിമിന്നലിൽ പാടെ തകരുന്ന ശിവലിംഗം പൂർവ്വസ്ഥിതിയിലാക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. ദേവതാരു വൃക്ഷം കൊണ്ടുണ്ടാക്കിയ ഒരു ധ്വജസ്തംഭമുണ്ട് ക്ഷേത്രത്തിന് മുന്നിൽ. ചില പ്രത്യേക അവസരങ്ങളിൽ അത് മാറ്റി പുതിയത് സ്ഥാപിക്കും. ഗ്രാമീണർ ഒന്നടങ്കം അടുത്തുള്ള വനത്തിൽ നിന്ന് ധ്വജത്തിനുയോജിച്ച ഒരു ദേവതാരു കണ്ടെത്തി അത് ചെത്തിമിനുക്കി പാകപ്പെടുത്തി ആഘോഷപൂർവ്വം ക്ഷേത്രത്തിലെത്തിക്കും. മഹാദേവനെ സേവിക്കുന്നതിന് തുല്യമായാണ് നാട്ടുകാർ ഈ ചടങ്ങിനെ കാണുന്നത്. ശിവരാത്രി നാളിലും ബിജ്ലി ഗ്രാമം ആഘോഷത്തിലാറാടും. ഏതൊരു ഹിമാലയൻ ഗ്രാമത്തെയും പോലെ സ്വർഗ്ഗീയമാണ് ഇവിടെ കാഴ്ചകൾ.

തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

*തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

🔵🌀🔵🌀🔵

തൃശ്ശൂർ നഗരത്തിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കു പോകുന്ന വഴിയിൽ നിന്നും ഉദ്ദേശം 11 കി.മീറ്റർ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ദേവാലയമാണ് "തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം.

പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടടുത്ത ഭൂപ്രദേശമാണ് ഗോകർണ്ണം മുതൽ കന്യാകുമാരി വരേയുള്ള സ്ഥലമാണെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ഈ നയന മനോഹരമാഭൂമിയെ 64 ഗ്രാമങ്ങളായി തിരിച്ചു.അതിൽ 32 ഗ്രാമങ്ങൾ ചന്ദ്രഗിരി പുഴക്ക് തെക്ക് ഭാഗത്തുള്ള കേരളത്തിലാണ്. കിഴക്ക് ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറ് സമുദ്രം വരെ ചരിഞ്ഞ് കിടക്കുന്ന കേരളം പ്രകൃതിയാൽ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശമാണ്.ഈ 32 ഗ്രാമങ്ങളും ഒരു കാലത്ത് പുരാതന സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു. അതിൽ പ്രധാനപ്പെട്ട ഗ്രാമമാണ് പെരുവനം.

പെരുവനം ഗ്രാമത്തിലെ ജനജീവിതം മഹത്തായ മഹാദേവ ക്ഷേത്രത്തേയും സുന്ദരമായ തിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തേയും കേന്ദ്രീകരിച്ചിട്ടുള്ളതായിരുന്നു. ഈ ഗ്രാമത്തിന് ഒരു പരിധി വരെ സ്വയം ഭരണാധികാരമുണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തിൽ വേദ പണ്ഡിതന്മാർ തങ്ങളുടെ വേദഘോഷം കൊണ്ട് ദേവദമ്പതികളായ ശിവനും പാർവ്വതിക്കും ആനന്ദ താണ്ഡവമാടാനുള്ള ഗാനനിർഝരി സൃഷ്ടിച്ചിരുന്നു. പക്ഷേ അവർ വേദമൂർത്തിയായ തിരുവുള്ളക്കാവ് ശാസ്താവിന് വേദാർച്ചന ചെയ്താണ് താങ്ങളുടെ പാണ്ഡിത്യം തികവുറ്റതാക്കിയിരുന്നത്.തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമാണ്. ഭക്തന്മാർക്ക് ബുദ്ധിയും ,അറിവും പാണ്ഡിത്യവും നൽകി ശാസ്താവ് അനുഗ്രഹിക്കുന്നു. മാത്രമല്ല എല്ലാ വിധ ലൗകിക സുഖങ്ങളും തികഞ്ഞ സാമ്പത്തിക ഭദ്രതയും പ്രദാനം ചെയ്യുന്നു.

തിരുവുള്ളക്കാവ് ശാസ്താവ് ദൈവിക വേടനാണ്. ദുഷ്ടനിഗ്രഹവും ശിഷ്ട സംരക്ഷണവും ചെയ്യുന്ന ഉഗ്രമൂർത്തിയാണ് ശാസ്താവ്. പെരുവനം ഗ്രാമക്കാർ തിരുവുള്ളക്കാവ് ശാസ്താവിനെ ജ്ഞാനമൂർത്തിയായും ഉപാസിക്കുന്നു.

ശാസ്താവ് ഒരു വേടനും വനദേവനുമാണ്.
"ദു:ഖം ദിനേശാത്മജ: " എന്ന് ജ്യോതിശാസ്ത്രം അനുശാസിക്കുന്നു. ജ്യോതിശാസ്ത്രത്തിൽ ശനിഗ്രഹം ശാസ്താവിനെ പ്രതിനിധാനം ചെയ്യുന്നു. ഒരാളുടെ ജാതകത്തിൽ ശനി പിഴച്ചാൽ അയാളുടെ ജീവിതം ദു:ഖ പൂർണ്ണമാകുന്നു. ആ ദോഷപരിഹാരത്തിന് ഏറ്റവും നല്ല മാർഗ്ഗം ശാസ്താവിനെ ഭജിക്കുകയാണ്.

തിരുവുള്ളക്കാവിൽ ഏറ്റവും പ്രധാനമായത് "അഗ്നേ നയ........' എന്ന് തുടങ്ങുന്ന മന്ത്രമാണ്. അതിന്റെ സാരം:-
അല്ലയോ തേജോ മൂർത്തിയായ ഭഗവാൻ ഞങ്ങളുടെ എല്ലാ പ്രവർത്തികളും അറിയുന്ന അങ്ങ് ഞങ്ങളിൽ നിന്നും ദുഷിച്ച ചിന്തകളെ അകറ്റി നേരായ പാര ലൗകികമായ മാർഗ്ഗം കാണിച്ചു തരുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.

തിരുവുള്ളക്കാവ് ശാസ്താവിന്റെ ചൈതന്യം കുറെക്കൂടി അസാധാരണമാണ്. സ്ഥിതി ,സംഹാരമൂർത്തികളുടെ പുത്രനായ അയ്യപ്പന്റേയും ത്രിമൂർത്തികളിൽ മൂന്നാമത്തെ ദേവനായ ബ്രഹ്മാവിന്റെ ഗുണവും സ്വീകരിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നി സരസ്വതിയാണല്ലൊ. അതു കൊണ്ട് തന്നെ തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂർത്തിയുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ തിരുവുള്ളക്കാവ് ശാസ്താവ് ബ്രഹ്മാ-വിഷ്ണു - മഹേശ്വരന്മാരുടെ ചൈതന്യ വിശേഷങ്ങൾ ഒത്തുചേർന്ന ശക്തിയാണ്.

പഴയ കാലത്ത് ശ്രീകോവിലിന് മേൽകൂര ഉണ്ടായിരുന്നില്ല .തിരുമുറ്റത്ത് കല്ല് വിരിച്ചിരുന്നുവെങ്കിലും വലിയ അമ്പലങ്ങളിലുള്ളതുപോലെ ചുമരോ തട്ടോ ഒന്നും ഇല്ലായിരുന്നു. ഘോരമായ കാലവർഷവും ചൂളം വിളിക്കുന്ന കാറ്റും തീക്ഷ്ണമായ ആദിത്യകിരണങ്ങളും ദേവനിൽ പതിച്ചിരുന്നു. നനയുന്ന ശാസ്താവിന് ശക്തി കൂടുതലാണ്. വന ദൈവമായത് കൊണ്ട് ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയിരുന്നു. തന്ത്രശാസ്ത്രത്തിലെ ഒരു വിരോധാഭാസമായി ഇത് കാണുന്നു. കാണാൻ ഭംഗിയും ഗാംഭീര്യവുമുള്ള അമ്പലങ്ങൾക്ക് ആത്മീയ പ്രാധാന്യം കൂടുകയില്ല എന്ന തത്ത്വത്തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രം .

തിരുവുള്ളക്കാവ് ക്ഷേത്രത്തിന് പുരാതന സംസ്ക്കാരത്തോളം തന്നെ പഴക്കമുണ്ടെന്നാണ് ഐതിഹ്യം. സുദീർഘമായ ഒരു കാലഘട്ടത്തോളം നിബിഡമായ വനത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം അധികം അറിയപ്പെടാതെ കിടക്കുകയും ശാസ്താവ് സ്വയംഭൂവായി വീണ്ടു പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കാം. വളരെ കാലം ക്ഷേത്രപരിസരം ഘോരവനമായിരുന്നു. ഗ്രാമ ക്ഷേത്രമായ പെരുവനം മഹാക്ഷേത്രത്തിന്റെ കിഴേടമായിരുന്നു തിരുവുള്ളക്കാവ് .ഒരിക്കൽ വില്വമംഗലം സ്വാമിമാർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ പെരുവനത്തെ ഇരട്ടയപ്പൻ ശാസ്താവിനെ തന്റെ വലം കയ്യിലെടുത്ത് താലോലിക്കുന്നത് കണ്ടുവത്രെ. അന്നു മുതൽ ഈ ക്ഷേത്രത്തിന് "തിരുവലം കയ്യൂർ " എന്ന നാമവും സിദ്ധിച്ചു.

പണ്ട് ഗ്രാമക്കാർക്ക് വേണ്ടി ചിറ്റൂർ അവണാവ്, കുറുവട്ടവണാവ്, വല്ലച്ചിറ അവണാവ് എന്നീ നമ്പൂതിരിമാരാണ് ഊരാളന്മാരെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഈ ക്ഷേത്രം കൊച്ചി രാജാവിന്റെ അധികാരത്തിൽ എത്തുകയും പിന്നീട് രാജാവ് ഈ ക്ഷേത്രത്തിന്റെ ഭരണം ചിറ്റൂർ നമ്പൂതിരിക്ക് കൈമാറുകയും ചെയ്തു

1970 മുതൽ ക്ഷേത്രഭരണം നടത്തുന്നത് നാട്ടുകാരുടെ ഒരു കമ്മറ്റിയാണ്. അവരുടെ ശ്രമഫലമായി ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.ഇവിടെ നവരാത്രി ആഘോഷം വളരെ പ്രധാനമാണ് വിജയദശമി ദിവസം മാത്രം ഇവിടെ 5000 ൽ ഏറെ കുട്ടികളെ ഓരോ വർഷവും എഴുത്തിനിരുത്തുന്നുണ്ട്.