Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 30, 2020

ബിജ്ലി മഹാദേവ

*പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഇടിമിന്നലിൽ തകരുന്ന ശിവലിംഗം*

വെണ്ണയും പച്ചമരുന്നുകൾ കൂട്ടിയ പശയും ചേർത്ത് പൂജാരിയത് പൂർവ്വസ്ഥിതിയിലാക്കുന്നു

പന്ത്രണ്ടു വർഷത്തേക്ക് പിന്നെ പൂജക്ക് തടസങ്ങളൊന്നുമില്ല.ഹിമാചലിൽ കുളു താഴ്വരയോട് ചേർന്നുള്ള കുന്നിൻ മുകളിലുള്ള ബിജ്ലി മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ്വ ശിവലിംഗമുള്ളത്. ക്ഷേത്രത്തിന് ബീജ്ലീ മഹാദേവ ക്ഷേത്രമെന്ന് പേരുവന്നതും അങ്ങനെയാണ്. കഷ്ണങ്ങൾ ഒട്ടിച്ചു ചേർത്തതിന്റെ കുഞ്ഞുപാടു പോലും ശിവലിഗത്തിൽ കാണാനാകില്ല. മിന്നലിന്റെ ശക്തിയത്രയും മഹാദേവൻ വലിച്ചെടുത്ത് ജനങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രമിരിക്കുന്ന ഗ്രാമത്തിന്റെ പേര് ബിജ്ലി മഹാദേവ്. താഴ്വരയിൽ നിന്ന് 14 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ക്ഷേത്രത്തിന്റെ ഐതിഹ്യം ഭീകരനായൊരു സർപ്പവുമായി ബന്ധപ്പെട്ടതാണ്. കുളു താഴ് വരയിൽ അതിഭീകരനായൊരു സർപ്പം വാണിരുന്നു. ജനങ്ങൾക്ക് അതിന്റെ ശല്യം സഹിക്കാതെ ആയപ്പോൾ മഹാദേവൻ അവതരിച്ച് സർപ്പത്തിന്റെ കഥ കഴിച്ചു. അവിടെ ഒരു കുന്ന് രൂപം കൊണ്ടു. അതിന് മീതെയാണ് ബീജ്ലി മഹാദേവ ക്ഷേത്രം. ഇടിമിന്നലിൽ തകരുന്ന ശിവലിംഗത്തിന്റെ കഷ്ണങ്ങളോരോന്നും തെറിച്ചു വീഴുന്നതെവിടെയെന്ന് ഭഗവാൻ പൂജാരിയെ സ്വപ്നത്തിലൂടെ അറിയിക്കുന്നുവെന്ന് പറയപെടുന്നു. ക്ഷേത്ര സംരക്ഷണത്തിൽ ജാഗരൂകരാണ് ഗ്രാമീണർ. ഇടിമിന്നലിൽ പാടെ തകരുന്ന ശിവലിംഗം പൂർവ്വസ്ഥിതിയിലാക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. ദേവതാരു വൃക്ഷം കൊണ്ടുണ്ടാക്കിയ ഒരു ധ്വജസ്തംഭമുണ്ട് ക്ഷേത്രത്തിന് മുന്നിൽ. ചില പ്രത്യേക അവസരങ്ങളിൽ അത് മാറ്റി പുതിയത് സ്ഥാപിക്കും. ഗ്രാമീണർ ഒന്നടങ്കം അടുത്തുള്ള വനത്തിൽ നിന്ന് ധ്വജത്തിനുയോജിച്ച ഒരു ദേവതാരു കണ്ടെത്തി അത് ചെത്തിമിനുക്കി പാകപ്പെടുത്തി ആഘോഷപൂർവ്വം ക്ഷേത്രത്തിലെത്തിക്കും. മഹാദേവനെ സേവിക്കുന്നതിന് തുല്യമായാണ് നാട്ടുകാർ ഈ ചടങ്ങിനെ കാണുന്നത്. ശിവരാത്രി നാളിലും ബിജ്ലി ഗ്രാമം ആഘോഷത്തിലാറാടും. ഏതൊരു ഹിമാലയൻ ഗ്രാമത്തെയും പോലെ സ്വർഗ്ഗീയമാണ് ഇവിടെ കാഴ്ചകൾ.

No comments:

Post a Comment