Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, November 8, 2019

വൈക്കം മഹാദേവക്ഷേത്രം

*വൈക്കം മഹാദേവക്ഷേത്രം...*

പുരാതന കേരളത്തിലെ പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്.
എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുണ്ടെങ്കിലും ,ഖരമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത് എന്ന് വിശ്വസിക്കുന്നു . മറ്റു രണ്ടെണ്ണം പ്രതിഷ്ഠിച്ച കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു.
കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്.എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന് പറയുന്നത് പോലെ ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതമുണ്ട്.. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗത്തില്‍ "വൈക്കത്തപ്പന്‍" കിഴക്കോട്ടു ദർശനത്തില്‍ വാഴുന്നു.
മൂന്ന് ഭാവത്തില്‍ ആണ് ഭഗവാന്‍ കുടികൊള്ളുന്നത്.രാവിലെ ദക്ഷിണാമൂര്‍ത്തി ,വിദ്യാഭ്യാസത്തില്‍ ഉല്‍കൃഷ്ടത കൈവരാന്‍ ഈ സമയത്തെ ദര്‍ശനം നന്ന്‌. ഉച്ചയ്ക്ക്‌ കിരാതമൂര്‍ത്തി, ശത്രുദോഷം നീങ്ങികിട്ടാനും കാര്യസാധ്യത്തിനും വൈകുന്നേരം പാര്‍വ്വതിയോടും ഗണപതിയോടും സുബ്രഹ്മണ്യനോടും കൂടിയുള്ള വൈക്കത്തപ്പനെ ദര്‍ശനം നടത്തുന്നത്‌ അതീവ ശ്രേയസ്കരമാണ്‌. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും.
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് "ഘട്ടിയം ചൊല്ലൽ". ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്‍റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് 1039 മാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടത്..
പന്ത്രണ്ടുവർഷത്തിലൊരിക്കൽ കൊടുങ്ങല്ലൂർ ശ്രീ കരുംബക്കാവ് ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രീതിയ്ക്കായി വൈക്കത്തമ്പലത്തിലെ വടക്കെ തിരുമുറ്റത്ത് നെടുമ്പുര കെട്ടി നടത്തിവരുന്ന മഹോത്സവമാണ് വടക്കുപുറത്തുപാട്ട്. ഇതേ മട്ടിൽ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്‍റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്.ചുറ്റമ്പലത്തിന്‍റെ കിഴക്കേ അറ്റത്താണ്‌ മാന്യസ്ഥാനം. പണ്ട്‌ വൈക്കത്തപ്പന്‍ ബ്രാഹ്മണവേഷത്തില്‍ വന്നിരുന്നു ഭോജനം നടത്തുന്നത്‌ വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നു മുതല്‍ക്കാണ്‌ മാന്യസ്ഥാനം എന്നപേര്‌ വന്നതെന്നും പറയപ്പെടുന്നു. ആ സ്ഥലത്ത്‌ ഒരു കരിങ്കല്ല്‌ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ ഒരു ഭദ്രദീപം കൊളുത്തിവച്ചാണ്‌ ഇന്നും പ്രാതലിന്‌ ഇലവയ്ക്കുന്നത്‌. വൈക്കത്തെ പ്രാതല്‍  പ്രസിദ്ധമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.
ക്ഷേത്രാങ്കണത്തിന്‌ തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതി. പടര്‍ന്നു പന്തലിച്ച മരങ്ങള്‍ അവിടെ കാട്‌ സൃഷ്ടിക്കുന്നു. അഗസ്ത്യമുനി വൈക്കത്തപ്പനെ വന്ദിച്ചു മടങ്ങവെ പരിഹസിച്ച ഗന്ധര്‍വ്വ കന്യക മഹര്‍ഷിയുടെ ശാപം മൂലം രാക്ഷസിയായി. പിന്നീട്‌ ശാപമോക്ഷത്താല്‍ പനച്ചിക്കല്‍ ഭഗവതിയായി.
തെക്കുവശത്ത്‌ ആല്‍ത്തറയ്ക്ക്‌ സര്‍പ്പദൈവങ്ങള്‍. പടിഞ്ഞാറുഭാഗത്ത്‌ വരണുന്‍റെ പ്രതിഷ്ഠ. ഭഗവാന്‍റെ ജടയില്‍ നിന്നും ഗംഗ പ്രതാപ തീര്‍ത്ഥമായി. ഇതാണ്‌ വടക്കുവശത്ത്‌ വലിയ ചിറ. കിണറായി മാറിയ ശിവാനന്ദതീര്‍ത്ഥവും ആര്‍ത്തി വിനാശക തീര്‍ത്ഥമെന്ന കുളവും ഉള്‍പ്പെടെ മൂന്ന്‌ തീര്‍ത്ഥങ്ങളുണ്ട്‌. അടുത്ത്‌ ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്‌.
പണ്ട്‌ നൂറ്റിയെട്ട്‌ ഊരാഴ്മ കുടുംബക്കാരുടേതായിരുന്നു ക്ഷേത്രം. അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ അതിലൊരു നമ്പൂതിരി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി. പടിഞ്ഞാറേ നടയിലൂടെ വന്ന അയാള്‍ രണ്ടാംമുണ്ട്‌ ചുറ്റമ്പലത്തിന്‍റെ വാതില്‍പ്പടിമേല്‍ വച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ രണ്ടാം മുണ്ടെടുക്കാന്‍ തുനിയവൈ സര്‍പ്പദംശനമേല്‍ക്കുകയും പടിഞ്ഞാറേ ഗോപുരം കടന്നപ്പോള്‍ അവിടെ വീണുമരിക്കുകയും ,വാതില്‍ താനെ അടയുകയും ചെയ്തുവത്രേ . അന്ന്‌ അടഞ്ഞുപോയ വാതില്‍ ഇന്നും തുറക്കാതെ കിടക്കുന്നു.

വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാൻ, ജഗദ് ജനനിയായ പാർവ്വതിദേവിയുമൊത്ത് ദർശനം നൽകിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്‍റെ അഷ്ടമി ദർശനത്തിനും ചടങ്ങുകൾക്കും പങ്കെടുക്കാൻ വേണ്ടി ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.വൃശ്ചികമാസത്തില്‍ പന്ത്രണ്ടാം ദിവസം അഷ്ടമി വരത്തക്കവണ്ണം കൊടിയേറും. "വ്യാഘ്രപാദപുരം" എന്നും ഈ സ്ഥലം പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്ന് പറയപ്പെടുന്നു.
ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാൻ മകൻ, സുബ്രഹ്മണ്യൻ പുറപ്പെടുമ്പൊൾ പുത്രവിജയത്തിന് വേണ്ടി ശിവൻ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവൻ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു. കിഴക്കേ ആനപന്തലിൽ മകനെ കാത്തിരിക്കുന്ന ശ്രീപരമശിവൻ,വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു.കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.
കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്‍റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "കൂടിപ്പിരിയൽ" എന്നാണ് പറയുക.അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടു പോലും പുത്രനായ സുബ്രഹ്മണ്യനെ പ്പറ്റിയോർത്ത് ദുഃഖിതനായാണ് ഭഗവാന്‍റെ മടക്കം. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകൾ. പിറ്റേ ദിവസം ക്ഷേത്രത്തിൽ ആറാട്ടാണ്.ഉദയനാപുരത്തപ്പന്‍ തിരിച്ചുപോകുമ്പോള്‍ വൈക്കത്തപ്പന്‍ ഗോപുരവാതില്‍ വരെപോയി യാത്രപറയുന്ന രംഗം കണ്ട്‌ നെടുവീര്‍പ്പോടെ കൈകൂപ്പുന്ന ഭക്തരുടെ ചിത്രം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയുകയില്ല.
അഷ്ടമിദിവസം അരുണോദയത്തിനുമുന്‍പ്‌ വൈക്കത്തപ്പനെ വന്ദിക്കുന്നത്‌ മഹാവ്യാധികളില്‍ നിന്ന് മുക്തിയും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്വര്‍ണ പ്രഭാമണ്ഡലവും പട്ടുയാടകളും സ്വര്‍ണ അങ്കിയും ചന്ദ്രക്കലയും തങ്ക നിര്‍മ്മിതമായ ഉദരബന്ധവും ചാര്‍ച്ചി അലങ്കരിച്ച വൈക്കത്തപ്പനെ കണ്ട് വണങ്ങി പ്രാര്‍ത്ഥിക്കാന്‍ ഭക്തജന സഹസ്രങ്ങള്‍ എത്തിച്ചേരുന്നു.

ആറാട്ടിന്‍റെ പിറ്റേദിവസം, അഷ്ടവൈദ്യരിൽ പെട്ട വെള്ളാട്ടില്ലത്തെ മൂസത് നമ്പൂരി ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് "മുക്കുടി നിവേദ്യം" എന്നറിയപ്പെടുന്നത്. ഇത് ഉദരരോഗങ്ങൾക്ക് നല്ല ഔഷധമാണെന്നാണ് വിശ്വാസം.

ഓം നമ:ശിവായ..
വൈക്കത്തപ്പാ ശരണം ...

No comments:

Post a Comment