#വ്രതങ്ങൾ_അനുഷ്ഠാനങ്ങള്‍ - 03
തിങ്കളാഴ്ച വ്രതം
ഉമയോടുകൂടിയ ദേവനായ പരമശിവന്റെ ദിവസമാണ് സോമവാരം അഥവാ തിങ്കളാഴ്ച. അമാവാസി നാളില്‍ വരുന്ന സോമവാരവ്രതം അനുഷ്ഠിച്ചാല്‍ ഏറ്റവും കൂടുതല്‍ പുണ്യം ലഭിക്കും. വ്രതം ആരംഭിക്കുന്നതിന് ഏറ്റവും ഉത്തമമായ മാസങ്ങള്‍ വൃശ്ചികവും മകരവുമാണ്. തിങ്കളാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ശിവക്ഷേത്ര ദര്‍ശനം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളത്തില സമര്‍പ്പണം, ശിവകീര്‍ത്തനങ്ങള്‍, ഒം നമഃശിവായ എന്ന മന്ത്രം സദാസമയവും എന്നിവ തിങ്കളാഴ്ച നടത്തണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാം.
പരമശിവനേയും ദേവിയെയും പ്രാര്‍ത്ഥിക്കണം. ഭഗവാനെ 16 വയസ്സുള്ള ദേവനായി പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ ഭഗവാന്റെ ഇടതുവശത്ത് ദേവി ഉണ്ടെന്നുള്ള സങ്കല്‍പം വേണം. പ്രാര്‍ത്ഥന ആ ദിവസം മുഴുവന്‍ വേണം. ഏതു പ്രവൃത്തിയില്‍ മുഴുകിയിരുന്നാലും മഹാദേവനേയും ദേവിയേയും കുറിച്ചുള്ള സ്മരണ ഉണ്ടാവണം. തിങ്കളാഴ്ച വ്രതം ഉപവാസമായോ ഒരുനേരം ഭക്ഷണമായോ എങ്ങനെ വേണമെങ്കിലും അനുഷ്ഠിക്കാം.
പന്ത്രണ്ടോ പതിനാറോ സംഖ്യ വ്രതം എടുക്കണം. മംഗല്യഭാഗ്യം, ഭദ്രമായ കുടുംബജീവിതം, മോക്ഷം ഇവയൊക്കെ തിങ്കളാഴ്ച വ്രതത്തിന്റെ പുണ്യം. മഹാദേവനെ സംബന്ധിച്ചുള്ള എല്ലാ വ്രതത്തിനും ഭക്തിക്കു തുല്യം പ്രാധാന്യം ദാനത്തിനുണ്ട്. തിങ്കളാഴ്ച വ്രതംകൊണ്ട് തിങ്കള്‍ തലയില്‍ ചൂടുന്ന ഭഗവാന്‍ പ്രസാദിക്കും. ജാതകത്തിലെ ചന്ദ്രന്റെ ദോഷപരിഹാരം, വൈധവ്യദോഷ പരിഹാരം ഇവയ്‌ക്കൊക്കെ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. അവസാനമില്ലാത്ത ഫലങ്ങളെ പ്രദാനം ചെയ്യുന്ന ദിനമാണ് സോമവാരം.
ചൊവ്വാഴ്ച വ്രതം
ഭൂമി പുത്രനായ ചൊവ്വാ ഗ്രഹത്തിന്റെ അനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന വ്രതമാണ് ചൊവ്വാഴ്ച വ്രതം. മംഗളവാരം അഥവാ ചൊവ്വാഴ്ചവ്രതം ഒരിക്കല്‍ ആയി ആണ് അനുഷ്ഠിക്കുന്നത്. ചൊവ്വാഴ്ച ചോതി നക്ഷത്രം വരികയാണെങ്കില്‍ അന്ന് വ്രതമെടുക്കുന്നത് ഏറ്റവും ശ്രേഷ്ഠം. ചൊവ്വാ ദശാകാലമുള്ളവര്‍, ചൊവ്വാ ദോഷം മൂലം വിവാഹ തടസ്സം നേരിടുന്നര്‍, പാപസാമ്യം കൂടാതെ വിവാഹം നടത്തി ദോഷം അനുഭവിക്കുന്നവര്‍, കടബാധ്യത മൂലം ദുരിതം അനുഭവിക്കുന്നവര്‍ എന്നിവര്‍ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ച വ്രതം ഒരിക്കല്‍ ആയി ആണ് അനുഷ്ഠിക്കേണ്ടത്. സുബ്രഹ്മണ്യഭോജനം, ഭദ്രകാളീ ഭജനം ഇവ നടത്തണം.
ബുധനാഴ്ച വ്രതം
ബുധഗ്രഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടി അനുഷ്ഠിക്കുന്നത് ബുധനാഴ്ച വ്രതം. മംഗളകാരിയാണ് ബുധന്‍. വിദ്യയുടെ ദേവതയാണ് ബുധന്‍. വിദ്യാഭ്യാസത്തിന്റെ ഉന്നതിക്ക് ഈ വ്രതം എടുക്കുന്നത് ഉത്തമം. ഒരുനേരം ഭക്ഷണമാണ് വിധി. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം, ഭജനം, ദാനം ഇവ നടത്തണം. ബുധഗ്രഹത്തിന്റെ ദേവതയായ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കണം.
വ്യാഴാഴ്ച വ്രതം
വ്യാഴഗ്രഹത്തിന്റെ അനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന വ്രതമാണ് വ്യാഴാഴ്ച വ്രതം. ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. ബൃഹസ്പതി വിഷ്ണുവിന്റെ അംശമാണ്. വ്യാഴാഴ്ച വ്രതമെടുക്കുന്നവര്‍ വിഷ്ണുവിനെ പ്രത്യേകമായി പ്രാര്‍ത്ഥിക്കണം. വ്യാഴാഴ്ച വ്രതമെടുക്കുന്നവര്‍ സന്മാര്‍ഗചാരികളായിരിക്കും. ബ്രാഹ്മണര്‍ക്ക് അന്നദാനം പ്രധാനമായും നടത്തണം.
വെള്ളിയാഴ്ച വ്രതം
ശുക്രദശാകാലമുള്ളവര്‍ അനുഷ്ഠിക്കേണ്ട വ്രതമാണിത്. ഏറ്റവും സുഖം അനുഭവിക്കുന്ന ദശാകാലമാണ് ശുക്രദശ. ലോകജനങ്ങള്‍ക്ക് ഏറ്റവും അനുകൂലമാകുന്ന അനുഭവങ്ങള്‍ ശുക്രദശാകാലത്തുണ്ടാകും. ദേവിയോട് ബന്ധപ്പെട്ടു കിടക്കുന്ന ദിവസം ആണ് വെള്ളിയാഴ്ച. മഹാദേവഭജനം, ദേവീഭജനം, ദേവീക്ഷേത്രദര്‍ശനം ഇവ വെള്ളിയാഴ്ച വ്രതക്കാര്‍ തീര്‍ച്ചയായും നടത്തണം. കുടുംബഐശ്വര്യത്തിനായി സ്ത്രീകള്‍ പ്രത്യേകമായി അനുഷ്ഠിക്കേണ്ട വ്രതമാണ് വെള്ളിയാഴ്ച വ്രതം. ഒരു നേരം ഭക്ഷണമാണ് വിധി. മാസത്തിലൊന്നുവീതം വര്‍ഷം മുഴുവനുമായോ എല്ലാ വെള്ളിയാഴ്ചകളിലോ എടുക്കാം.
ശനിയാഴ്ച വ്രതം
ശനിദോഷ പരിഹാരത്തിനും ശനി ഗ്രഹത്തിന്റെ അനുഗ്രഹത്തിനുവേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണിത്. ശനി ദശാകാലം മുഴുവനായി വ്രതം അനുഷ്ഠിക്കണം. അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നതാണ് ശനിദശാകാലത്ത് ഉത്തമം. ഒരു നേരം ഭക്ഷണമാണ് ശനിയാഴ്ച വ്രതത്തിന്. ശാസ്താഭജനം, ശാസ്താ ക്ഷേത്രദര്‍ശനം ഇവ തീര്‍ച്ചയായും നടത്തണം.
വൈശാഖകാലം, മണ്ഡലകാലം, കര്‍ക്കടക മാസം എന്നീ പുണ്യകാലങ്ങളിലും വ്രതം ആചരിക്കുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും നാടിനും ശ്രേയസ്‌കരമാണ്.
No comments:
Post a Comment