Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 22, 2020

കൊട്ടിയൂർ മാഹാത്മ്യം

*കൊട്ടിയൂർ മാഹാത്മ്യം* - *1*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമഃശിവായ

ദക്ഷിണഭാരതത്തിലെ പ്രശസ്തതീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ കൊട്ടിയൂർ ക്ഷേത്രം
ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു.
കണ്ണൂർജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം
നൂറ്റിയെട്ട് ശിവാലയങ്ങളിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്. പുണ്യനദിയായ ബാവലിപ്പുഴയ്ക്ക് ഇരുകരകളിലുമായി കാണപ്പെടുന്ന രണ്ടു ക്ഷേത്രസങ്കേതങ്ങളെയാണ് ഇക്കരെ കൊട്ടിയൂരെന്നും, അക്കരെ കൊട്ടിയൂരെന്നും അറിയപ്പെടുന്നത്.

തിരുവഞ്ചിറ ( രുധിരൻചിറ) എന്ന ജലാശയത്തിന്റെ മധ്യഭാഗത്തായിട്ടാണ് കാട്ടുകല്ലുകൾ കൊണ്ട് കെട്ടിയുയർത്തിയ മണിത്തറ
എന്ന പേരിലറിയപ്പെടുന്നതും, സാക്ഷാൽ മഹാദേവന്റെ 'സ്വയംഭൂ 'ലിംഗം സ്ഥിതി ചെയ്യുന്നതുമായ ചൈതന്യസ്ഥാനം. പിന്നെയുള്ളത് 'അമ്മാറക്കൽതറ' എന്ന ദേവീചൈതന്യ സ്ഥാനമാണ്.

ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കുന്ന പുണ്യഭൂമിയായ അക്കരെ ക്ഷേത്രസങ്കേതത്തിൽ, വർഷത്തിൽ 28 ദിവസം മാത്രമെ പൂജാദികർമ്മങ്ങൾ നടക്കാറുള്ളൂ. ഈ കാലയളവിനെയാണ് വൈശാഖമഹോത്സവം എന്ന് അറിയപ്പെടുന്നത്. ഉത്സവ വേളയല്ലാത്ത ബാക്കി പതിനൊന്ന് മാസവും ,അവിടെ ദേവപൂജ നടക്കുന്നുവെന്നാണ് സങ്കല്പം. ഉത്സവശേഷമുള്ള പതിനൊന്നു മാസക്കാലം അക്കരെ ക്ഷേത്രസന്നിധി കാടുമൂടിക്കിടക്കുകയും, അതു കൂടാതെ ആ സമയത്ത് മനുഷ്യപ്രവേശം നിഷിദ്ധവുമാണ്. അതുപോലെ തന്നെ അക്കരെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയത്ത് ഇക്കരെയുള്ള ബലിബിംബങ്ങളാണ് അവിടേക്ക് എഴുന്നള്ളിച്ച് പൂജ നടത്തുന്നത് - അതിനാൽ ഇക്കരെ ക്ഷേത്രത്തിൽ ആ സമയത്ത് പൂജ നടക്കാറില്ല. ഉത്സവം കഴിഞ്ഞുള്ള പതിനൊന്നു മാസം നിത്യപൂജകൾ നടക്കുന്നത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.

കൊട്ടിയൂരിൽ ഇന്ന് നടക്കുന്ന അനുഷ്ഠാനങ്ങളും, പൂജാവിധികളും ചിട്ടപ്പെടുത്തിയത് വ്യത്യസ്തഘട്ടങ്ങളിലായി പരശുരാമനും,
ശ്രീശങ്കരാചാര്യരും ആണെന്ന് പറയപ്പെടുന്നു.

മറ്റെങ്ങും കാണാനാവാത്തതും, വ്യത്യസ്ത ഉള്ളതുമായ ആചാരാനുഷ്ഠാനങ്ങളും, ഗൂഢപൂജാകർമ്മങ്ങളും, പ്രകൃതിയുടെ വന്യസൗന്ദര്യവും, തുള്ളിത്തിമിർക്കുന്ന മഴയും, ഓടപ്പൂ പ്രസാദവും, പ്രകൃതിയോടിണങ്ങിയ നിർമ്മാണ രീതികളും, വാവലിപ്പുഴയും, വിവിധ സമുദായക്കാരുടെ കൂട്ടായ്മയും ഈ യാഗഭൂമിയുടെ മാത്രം പ്രത്യേകതയാണ്.

☀☀☀☀☀☀☀☀

No comments:

Post a Comment