Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, November 6, 2019

പാലൂർ മഹാദേവക്ഷേത്രം

*പാലൂർ മഹാദേവക്ഷേത്രം...*

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പനയൂർ  എന്ന് അറിയപ്പെട്ടിരുന്ന പാലൂർ മഹാദേവക്ഷേത്രം...
പാലക്കാട് ജില്ലയില്‍ തത്തമംഗലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശോകനാശിനി പുഴയുടെ തീരത്തുള്ള ക്ഷേത്രത്തില്‍ എത്തിചേരാം ...
തമിഴ് നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച്, തമിഴ്നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന പുഴയാണ് ശോകനാശിനിപ്പുഴ. കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരത പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണ് ശോകനാശിനിപുഴ. ചിറ്റൂർ പുഴയെന്നും കണ്ണാടിപുഴയെന്നും ഇത് അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകി പാലൂർ ക്ഷേത്രത്തിനല്പം മാറി ഭാരതപ്പുഴയിൽ ചേരുന്നു.
കേരള വാസ്തുവിദ്യാനുശ്രിതമായാണ് ഇവിടെ ക്ഷേത്രം പണിതീർത്തിരിക്കുന്നത്.
കിഴക്ക് ദര്‍ശനമേകി ഭഗവാന്‍ ശോകനാശിനി പുഴയുടെ തീരത്ത് വാഴുന്നു.. ശോകനാശിനി പുഴ പോലെതന്നെ ഇവിടുത്തെ ക്ഷേത്രേശനും ശോകനാശകനാണന്ന് ഭക്തർ വിശ്വസിക്കുന്നു.
പാലൂർ മഹാദേവക്ഷേത്രത്തിനു സമീപം തന്നെ തകര്‍ന്ന മറ്റൊരു മഹാക്ഷേത്രം കാണാം . ഇപ്പോഴത്തെ ക്ഷേത്ര നിര്‍മ്മിതിക്ക് അതിപ്രാചീനതയൊന്നും അവകാശപ്പെടാന്‍ ഇല്ലാത്തത് കൊണ്ട് ഒരുപക്ഷെ തകര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രം ആയിരിക്കാം യഥാര്‍ത്ഥ പാലൂര്‍ ക്ഷേത്രം..ആറു ഏക്കറോളം വരുന്ന ക്ഷേത്ര പറമ്പ് മണ്മറഞ്ഞ പഴയ പ്രതാപത്തെ സൂചിപ്പിക്കുന്നു.
ആക്രമകാരിയായ ടിപ്പുവിന്‍റെ പടയോട്ട കാലത്ത് തകര്‍ത്തതാകാം ഈ ക്ഷേത്രമെന്നു ഗ്രാമവാസികള്‍ക്ക്‌ അഭിപ്രായമുണ്ട് .അങ്ങനെയെങ്കില്‍ തൊട്ടപ്പുറത്ത് തന്നെ കൊച്ചി രാജാവ് പുതിയ ക്ഷേത്രം പണിതതാകാം .
ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം പണ്ട് ഒരു ചെട്ടിയാരുടെ വകയായിരുന്നു. ക്ഷേത്രപറമ്പ് പഴയ കൊച്ചിയിലും ചുറ്റുമുള്ള സ്ഥലങ്ങള്‍ ബ്രിട്ടീഷ്‌ മലബാറിലുമായിരുന്ന സമയത്ത് കൊച്ചി രാജാവ്,ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പിടിച്ചെടുത്തതോ അതോ സ്ഥല ഉടമയായ ചെട്ടിയാര്‍ അത് വിട്ടുനല്‍കിയതോ ആവാം. കൊച്ചിയുടെ അതിരില്‍ ആയതിനാല്‍ കൊച്ചിന്‍ ദേവസ്വം ആണ് ഭരണം നടത്തുന്നത്.

ടിപ്പുവിന്‍റെ പിതാവ് ഹൈദരാലിക്ക് ക്ഷേത്രങ്ങള്‍ പൊളിച്ചു കോട്ടകള്‍ കെട്ടുന്ന സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. പഴയ പാലൂര്‍ ക്ഷേത്രം പൊളിച്ചു കൊണ്ടു കോട്ട കേട്ടിയതാണോ എന്നതിനെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്‌ . സമീപത്തു കുന്നിനുമുകളില്‍ പാലൂര്‍ കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയുടെ അവശിഷ്ടം ഇന്നും കാണാം.പ്രസ്തുത പ്രദേശത്തെ പാലൂര്‍ കോട്ട എന്നാണ് ഇന്നും വിളിക്കുന്നത്.പാലക്കാട് കോട്ട കഴിഞ്ഞാല്‍ ടിപ്പുവിന്‍റെ കുതിരക്കുളമ്പടി ഏറെ പതിഞ്ഞ കുന്നിന്‍പ്രദേശമാണ് പാലൂര്‍ കോട്ടയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്നു പൂജകൾ ക്ഷേത്രത്തിൽ പതിവുണ്ട്
ഉപദേവന്മാരായി മഹാവിഷ്ണു, ഗണപതി എന്നിവരുണ്ട് ..
വിഷ്ണുവിന് പ്രത്യേക ക്ഷേത്രമുണ്ട് .

ഓം നമ:ശിവായ

No comments:

Post a Comment