Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, November 15, 2019

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

*കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം...*

108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..കൊല്ലം രാമേശ്വരത്തെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.

കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം.

കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ആണ് കേരള ചരിത്രത്തിൽ ശിലാലിഖിതങ്ങളുടെ സംഭാവനയാൽ ഇടം നേടിയ ക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം.

പടിഞ്ഞാറേക്ക് ദർശനമുള്ള ശിവക്ഷേത്രമാണിത്. കേരള തനിമയിൽ പണിതീർത്തതാണ് ഇവിടുത്തെ ശ്രീകോവിലും നമസ്കാരമണ്ഡപവും, നാലമ്പലവും. പ്രധാന കവാടമായ പടിഞ്ഞാറു വശത്ത് ഗോപുരം പണിതീർത്തിട്ടുണ്ട്.

രാമേശ്വരം ക്ഷേത്രം ശിലാലിഖിതങ്ങളാൽ സമ്പന്നമാണ്. വട്ടെഴുത്ത് ലിപിയിൽ കൊത്തിയിട്ടുള്ള എല്ലാ ശിലാ ലിഖിതങ്ങളുടെയും ഭാഷ തമിഴ് ആണ്. ശ്രീ കോവിലിന് തെക്കുവശത്ത് നാട്ടിയിട്ടുള്ള കരിങ്കൽ സ്തംഭത്തിലെ രേഖ വളരെ പഴക്കം ചെന്നതാണ്. ഇത് കൊല്ലവർഷം 278-ാമാണ്ട് (എ.ഡി.1103) ചിങ്ങം ഒൻപതാം തീയതി നടന്ന ഒരു ആധാരരേഖ. അക്കാലത്ത് കൊല്ലത്തിന്‍റെ പേര് കുരക്കേണി കൊല്ലം എന്നായിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അന്ന് നാടുവാണ രാമവർമ്മ കുലശേഖര ചക്രവർത്തി പ്രായശ്ചിത്തമായി രാമേശ്വരം ക്ഷേത്രത്തിലേക്ക് കുറേ ഭൂമിയും സ്വത്തുകളും ദാനം ചെയ്തതായി രേഖയിൽ കാണുന്നു. ഈ ശിലാലിഖിതത്തിൽ കാണുന്ന രാമർ തിരുവടികളും രാമവർമ്മ കുലശേഖരനും ഒനാണന്നാണ് അനുമാനം. എന്നാൽ രേഖയിൽ പ്രതിപാദിച്ചിരിക്കുന്ന കുമാര ഉദയവർമ്മൻ ആരെന്ന് ചരിത്രകാരമാർക്കും അറിയില്ല.

കൊല്ലവർഷം 513-ാമാണ്ടത്തെ (എ.ഡി.1338) ഒരു രേഖ ശ്രീ കോവിലിന്‍റെ  അടിത്തറയുടെ വടക്കുവശം കാണാം. രാമേശ്വരം ക്ഷേത്രത്തിലെ രക്ഷാധികാരികൾ, കായലിൽ ചാത്തൻ മരുതപ്പിള്ളയുടെ ചെലവിൽ ബാദ്ധ്യതകൾ തീർത്ത് വീണ്ടെടുത്ത മൂന്നു പുരയിടങ്ങളെപ്പറ്റി ഈ രേഖ പ്രതിപാദിക്കുന്നു. കൊല്ലവർഷം 516 -ലെ (എ.ഡി. 1341) ക്ഷേത്രത്തിന്‍റെ മുൻവാതിലിന്‍റെ കരിങ്കൽ കട്ടിളയുടെ അടിഭാഗത്തു കാണുന്ന രേഖയിലും കറുത്ത ചായം അടിച്ചെങ്കിലും കൊത്തിയിരിക്കുന്നത് ആഴത്തിൽ ആയതിനാൽ ഇപ്പോഴും വായിച്ചെടുക്കാം. പ്രസ്തുത വാതിലും പടിയും പണിയിച്ചത് മയിലാടൻ തിരുവോത്തമ ചാമമഴകായാർ ആയിരുന്നുവെന്ന് രേഖയിൽ പറയുന്നു. ശ്രീ കോവിലിന്‍റെ വടക്കുവശത്തെ മുറ്റത്ത് നാട്ടിയിരിക്കുന്ന സ്തംഭത്തിലെ ആദ്യവശത്തിലെ അക്ഷരങ്ങൾ തേഞ്ഞുപോയി. അതിനാൽ ഈ രേഖയുടെ കാലഗണന സാദ്ധ്യമല്ലാതായിരിക്കുന്നു. കൊല്ലവർഷം 513-ാമാണ്ടിലെ രേഖയിൽ കാണുന്ന മൂന്നു പുരയിടങ്ങളെക്കുറിച്ച് ഈ രേഖയിലും പരാമർശമുണ്ട്. കൊല്ലവർഷം 513 നു ശേഷമുള്ള രേഖയാണിതെന്ന് കരുതാം. കൊല്ലവർഷം 278-ാമാണ്ടിൽ ക്ഷേത്രം നിലനിന്നിരുന്നുവെന്നും 516-ാമാണ്ടിൽ പുതുക്കിപ്പണിതുവെന്നും അനുമാനം.

ഒരിക്കൽ ഉത്സവത്തിന് ക്ഷേത്രം ചായം തേച്ച് മോടി പിടിപ്പിച്ചപ്പോൾ ശിലാലിഖിതങ്ങളുടെ പ്രാധാന്യം ആരും കണ്ടില്ല. സ്തംഭങ്ങളിലും ഭിത്തികളിലും കറുത്ത ചായം പൂശി. കൃഷ്ണശിലയിൽ കൊത്തിയെടുത്ത കൊല്ലത്തിന്‍റെ  ഈ ചരിത്ര ലിഖിതങ്ങളിൽ പൂശിയ കറുത്ത ചായം മായ്ക്കാനാവുന്നില്ല. അങ്ങനെ ശിലാലിഖിതങ്ങൾ അവ്യക്തമായതോടെ രാമേശ്വരം ക്ഷേത്രത്തിന്‍റെയും കൊല്ലത്തിന്‍റെയും ചരിത്ര അവശേഷിപ്പുകൾ മെല്ലെ മെല്ലെ വിസ്മൃതിയാലാഴുന്നു.

എങ്കിലും അതിനുമുൻപായി ക്ഷേത്രത്തിലെ നാല് ശിലാ ലിഖിതങ്ങൾ ട്രാവൻകൂർ എപ്പിഗ്രാഫി ശേഖരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രേഖകളുടെ തമിഴ് രൂപവും ഇംഗ്ലീഷിലുള്ള സംക്ഷിപ്ത വിവരണവും ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരിസിൽ കാണാം. കറുത്ത ചായം വീഴുന്നതിനു വളരെ വർഷങ്ങൾക്കു മുമ്പേ ശിലാലിഖിതങ്ങളെല്ലാം പുരാവസ്തു വകുപ്പ് രേഖപ്പെടുത്തിയിരുന്നു. 2000-ത്തിലും  പുരാവസ്തുവകുപ്പ് അധികൃതർ ഇവിടം സന്ദർശിച്ച് വിവരശേഖരണം നടത്തിട്ടുണ്ട്. പക്ഷേ നാലു രേഖകളിൽ കൂടുതലൊന്നും അവർക്ക് കണ്ടെത്താൽ കഴിഞ്ഞില്ല.

ഇവിടുത്തെ പ്രധാന പൂജയാണ് രുദ്രാഭിഷേകം.

*ഉപദേവന്മാർ:-*

ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ,നാഗദൈവങ്ങൾ,ബ്രഹ്മരക്ഷസ്സ്
നവഗ്രഹങ്ങൾ,ശ്രീകൃഷ്ണൻ.

ഓം നമഃ ശിവായ

No comments:

Post a Comment