ശിവരാത്രി മാഹാത്മ്യം
ശിവരാത്രി ശിവന്റെ രാത്രിയാണ്. പുരാണങ്ങള്‍ പ്രകാരം എല്ലാമാസത്തിലും ഓരോ ശിവരാത്രി വരുന്നുണ്ട്. ഇതുപ്രകാരം എല്ലാമാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയാണ് മാസ ശിവരാത്രി. എന്നാല്‍ മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശ്ശിയെയാണ് മഹാശിവരാത്രി എന്നു വിശേഷിപ്പിക്കുന്നതും ആഘോഷിക്കുന്നതും. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍വരുന്ന ദിവസമാണ് വ്രതം അനുഷ്ഠിക്കന്നത്. രണ്ടുരാത്രികളില്‍ ചതുര്‍ദ്ദശി വന്നാല്‍ ആദ്യത്തെ ചതുര്‍ദ്ദശിക്കാണ് ശിവരാത്രിയായി കണക്കാക്കുക.
ശ്രേയസ്കരം ശിവരാത്രി വ്രതം
മഹാശിവരാത്രി വ്രതമെടുക്കുന്നത് അത്യന്തം ശ്രേയസ്‌ക്കരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിട്ടയോടെയുളള വ്രതത്താലും ശിവപൂജയിലൂടെയും ഇതേ ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താനാവും. ശിവന്റെ അനുഗ്രഹം നേടിയെടുക്കാനുളള മാര്‍ഗ്ഗമാണ് ശിവരാത്രിവ്രതം. തമോ,രജോ ഗുണങ്ങളെ നിയന്ത്രിച്ച് സ്വാത്വികഭാവം നേടിയെടുക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന വ്രതം കൂടിയാണ് മഹാ ശിവരാത്രി വ്രതം. കൃഷ്ണപക്ഷ ചതുര്‍ദശിയുടെ തലേദിവസം ഒരിക്കലെടുത്ത് പഴവര്‍ഗ്ഗങ്ങള്‍ പോലുളള മിതമായ ഭക്ഷണം മാത്രം കഴിച്ചു വേണം വ്രതം തുടങ്ങാന്‍.
ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം
വ്രതം തുടങ്ങുന്നതിനും മൂന്നുനാള്‍ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും സ്വാത്വികഭക്ഷണവും ശീലമാക്കുന്നതാണ് പൊതുവെയുളളരീതി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന ശേഷം കുളിയും ദിനചര്യകളും കഴിച്ച് തൊടട്ടുത്തുളള ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്താം. ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുന്നതും ഉത്തമം. ശിവപഞ്ചാക്ഷരി മന്ത്രം, ഓംനമശിവായ ചൊല്ലി ക്ഷേത്രത്തില്‍ സമയം ചിലവഴിക്കുന്നതും നല്ലതാണ്.
ഉപവാസം പകൽസമയം
ശിവരാത്രിനാളില്‍ പകല്‍സമയം ഉപവാസമാണ് നിര്‍ബന്ധമായി പറഞ്ഞിട്ടുളളത്. ഒഴിവാക്കാതെ ഇത് പിന്തുടരുന്നതാണ് ഉചിതമായ രീതി. ശിവരാത്രി വ്രതത്തില്‍ പ്രാധാന്യമുളളതാണ് പകലത്തെ ഉപവാസം. തീരെപറ്റാത്ത സാഹചര്യത്തില്‍ ചിലര്‍ ക്ഷേത്രത്തില്‍ നിന്നും നേദിച്ചുവാങ്ങുന്ന ഇളനീരും പഴങ്ങളും കഴിക്കുന്നതും പതിവാണ്. എന്നാല്‍ പകലുളള ഉപവാസവും സാധനയുമാണ് ശിവരാത്രിയുടെ ചിട്ട എന്നതാണ് വാസ്തവം. ശിവപുരാണം വായിക്കുന്നത് വളരെ നല്ലതാണ്.. വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശ്ശനം നടത്തി കഴിവിനനുസരിച്ചുളള വഴിപാടുകള്‍ നടത്തുക.
അർച്ചനകൾ ഇങ്ങനെ
അഭിഷേകം, അര്‍ച്ചന, കൂവള മാല, ധാര തുടങ്ങിയവയാണ് പ്രധാനമായും നടത്തേണ്ടത്. പാല്‍, കരിക്ക്,ജലം എന്നിവകൊണ്ടുളള അഭിഷേകം വിശേഷപ്പെട്ടതാണ്. കൂവളമാല അര്‍പ്പിക്കുന്നതും ഇലകൊണ്ടുളള അര്‍ച്ചനയും ഭഗവാനെ പ്രീതിപ്പെടുത്താനും ഉത്തമമാണ്. ശിവക്ഷേത്രത്തില്‍ മൂന്നുതവണ വലം വെക്കുന്നതും നല്ലതാണ്. രാവിന്റെ അന്ത്യയാമത്തില്‍ ശിവ പൂജയും ആരാധനയും നടത്തുന്നത് കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പതിവാണ്. തേന്‍, പാല്‍, ഇളനീര്‍, ജലം എന്നിവയാല്‍ ഭക്തര്‍ നേരിട്ടുനടത്തുന്ന അഭിഷേകമാണ് വടക്കേ ഇന്ത്യയിലെ പ്രത്യേകത. ഇതുകൂടാതെ വ്യത്യസ്തങ്ങളായ പല ചടങ്ങുകളും രീതികളും വടക്കേ ഇന്ത്യയില്‍ ശിവരാത്രിയുടെ ഭാഗമായി നടത്തുന്നു.
രാത്രി ഉറക്കമൊഴിച്ചിൽ
രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതാണ് വ്രതത്തിന്റെ പ്രധാനഭാഗം. ശിവപഞ്ചാക്ഷരിക്കൊപ്പം ശിവസഹസ്രനാമം,ശിവാഷ്ടകം എന്നിവയും ജപിക്കാം.ശിവപുരാണം വായിക്കാം. ചിലര്‍ പൂര്‍ണ്ണശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അര ശിവരാത്രി അനുഷ്‌റിക്കുന്നതും പതിവാണ്. അര്‍ദ്ധരാത്രിവരെ വ്രതത്തോടെ ഉറക്കമൊഴിയുന്ന രീതിയാണിത്. ശിവരാത്രി വ്രതമെടുത്ത് പിതൃതര്‍പ്പണം നടത്തുന്നതിലൂടെ പൃതൃക്കള്‍ക്ക് ശിവരാത്രിയുടെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.
വ്രതം അവസാനിപ്പിക്കുന്നത് എങ്ങനെ?
ഉറക്കമില്ലാതെ ശിവപൂജയും പാരായണവും നടത്തി തൊടട്ടുത്ത ദിവസം ക്ഷേത്രത്തിലെത്തി വ്രതം അവസാനിപ്പിക്കാം. യഥാവിധി വ്രതം ആചരിക്കുന്നതിലൂടെ സര്‍വ്വപാപങ്ങളും അകലുന്നു. വ്രതം അവസാനിക്കുന്നുവെങ്കിലും അതേദിവസം പകലുറക്കം പാടില്ല. മഹാശിവരാത്രിയുടെ പുണ്യം നേടിയെടുത്ത ശേഷം ഒരാള്‍ പുരാണങ്ങള്‍ നിഷിദ്ധമെന്ന് അനുശാസിക്കുന്ന പകലുറക്കം നടത്തുന്നത് ശരിയല്ല എന്നതാണ് കാരണം. അതേദിവസം ചന്ദ്രോദയം കണ്ടിട്ടു വേണം വ്രതമെടുക്കുന്ന ആള്‍ ഉറങ്ങാന്‍ എന്നു പറയുന്നതിനു പിന്നിലും പകലുറക്കം പാടില്ല എന്ന കാരണമാണ്.
No comments:
Post a Comment