Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 11, 2019

എറണാകുളം ശിവക്ഷേത്രം

*എറണാകുളം ശിവക്ഷേത്രം...*

പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്..

എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചികായലിലേക്ക് ദർശനം ചെയ്തു എറണാകുളത്തപ്പന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ്‌ മുഖ്യ പ്രതിഷ്ഠ.

പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരും ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.

ശിവക്ഷേത്രത്തിന്‌ മുന്നിലായി ഹനുമാൻ കോവിലും, വടക്ക്‌ വശത്തായി സുബ്രഹ്മണ്യകോവിലും സ്ഥിതി ചെയ്യുന്നു.

ദ്വാപരയുഗത്തിൽ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്നു. ആശ്രമത്തിലേയ്ക്കാവശ്യമുള്ള ഹോമദ്രവ്യങ്ങൾ ശേഖരിക്കാൻ വനത്തിൽപ്പോയ മുനികുമാരനെ ഒരു കൃഷ്ണസർപ്പം ദംശിച്ചു. ദംശനമേറ്റ മുനികുമാരൻ സർപ്പത്തെ കുരുക്കിട്ടുപിടിച്ചു. കുരുക്കിലകപ്പെട്ട നാഗം ചത്തുപോയി. കുലമുനി ഇതറിഞ്ഞ്‌ വനത്തിൽ എത്തി. ഒരു ജീവനെ ഹിംസിച്ച നീ ഒരു ഘോരസർപ്പമായി മാറട്ടെ എന്ന്‌ ശപിച്ചു. മുനി കുമാരൻ നാഗർഷി എന്നുപേരായ ഒരു നാഗമായി മാറി. ശാപമോക്ഷവും കൊടുത്തു. ഇവിടെനിന്ന്‌ കിഴക്ക്‌ ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടിൽ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്‌. ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണ ദിക്കിലേക്ക്‌ പോകുക. ഒരു സ്ഥലത്ത്‌ വച്ച്‌ നീ പൂജ ചെയ്യുമ്പോൾ ആ വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച്‌ നീ ശാപമോചിതനാകും. നാഗർഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക്‌ യാത്രയായി...

നാഗർഷി എറണാകുളത്തെത്തി. വൃക്ഷത്തണലിൽ വിഗ്രഹത്തെ വച്ചിട്ട്‌ കുളത്തിലിറങ്ങി കുളിച്ച്‌ വന്ന്‌ പൂജ ചെയ്തു. രാവിലെ കുളക്കടവിൽ കുളിക്കാൻ എത്തിയവർ ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട്‌ ഭയന്ന്‌ ആളുകളെ വിളിച്ചുകൂട്ടി. അവർ എത്തി നാഗർഷിയേ ഉപദ്രവിക്കുവാൻ തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാൻ ശ്രമിച്ച നാഗർഷിക്ക്‌ ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന്‌ മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി നാഗർഷി ശാപമോചിതനായി.
ദേശാധിപനായ തൂശത്തുകൈമളെ ഈ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത്‌ ഒരു ക്ഷേത്രം പണിയിക്കുകയും ചെയ്തതായിട്ടാണ്‌ ഐതിഹ്യം.

*ഉപദേവന്മാർ:-*

ഗണപതി,ശാസ്താവ്,കിരാതമൂർത്തി (ശിവൻ),ദക്ഷിണാമൂർത്തി,സുബ്രഹ്മണ്യൻ,ശ്രീരാമൻ,ഹനുമാൻ,ശ്രീകൃഷ്ണൻ,നാഗരാജാവ്‌

രാവിലെ നാല് മണിക്ക്‌ നട തുറക്കും. നിർമാല്യദർശനത്തിനുശേഷം അഭിഷേകവും മലർനിവേദ്യവും നടക്കും. അഞ്ചു പൂജകൾ പതിവുണ്ട്. മൂന്നു ശീവേലിയുമുണ്ട്‌.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ആയിരത്തൊന്ന്‌ കുടം ജലാഭിഷേകവും കതിനവെടിയും എള്ളുകൊണ്ടുള്ള തുലാഭാരവുമാണ്. ശ്രീപാർവതി ചൈതന്യമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന കിഴക്കേനടയിൽ വിളക്ക്‌ വച്ചാൽ മംഗല്യഭാഗ്യമുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. ഏഴ്‌ ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.

ഓം നമഃ ശിവായ

No comments:

Post a Comment