*ചൊവ്വല്ലൂർ ശിവക്ഷേത്രം*
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
*തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ചൊവ്വല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രമാണ്. ചൊവ്വല്ലൂർ ശിവക്ഷേത്രം. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ശിവഭഗവാനും പാർവ്വതീദേവിയും പ്രധാന പ്രതിഷ്ഠകളായുള്ള ക്ഷേത്രത്തിൽ ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, സപ്തമാതൃക്കൾ, സിംഹോദരൻ എന്നീ ഉപപ്രതിഷ്ഠകളും സമീപം പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണനുമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.* *ഭക്തജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.*
*ചൊവ്വല്ലൂർ ശിവക്ഷേത്രം*
*ഐതിഹ്യം*
*എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം* *ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച്* *ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.*
➖➖➖➖➖➖➖➖➖➖➖
*അറിവാണ് ശക്തി*
No comments:
Post a Comment