Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 21, 2019

നിനക്കു ഞാൻ വസൂരി എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക

*⚜നിനക്കു ഞാൻ വസൂരി എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക⚜*
🎀♾♾♾♾❣♾♾♾♾🎀

ഭദ്രകാളി ദാരിക യുദ്ധത്തിൽ ദാരികന്റെ മരണം മുന്നിൽ കണ്ട ഭാര്യ മനോദരി ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്താൻ തപസ്സ് ചെയ്തു.അവൾ വളരെക്കാലം തപസ്സുചെയ്തിട്ടും ഭഗവാൻ പ്രസാദിക്കുകയോ അവൾക്കു വല്ല വരവും കൊടുക്കുകയോ ചെയ്തില്ല. അതിനാൽ ശ്രീപാർവ്വതി "അല്ലയോ ഭഗവാനേ! പ്രാണനാഥാ! ഈ സ്ത്രീ ഭഗവാനെക്കുറിച്ച് അവളുടെ അഭീഷ്ടങ്ങളെക്കൊടുത്തയയ്ക്കാത്തതെന്താണ്?" എന്നു ചോദിച്ചു. ശ്രീപരമേശ്വരൻ: " അല്ലയോ ഭദ്ര! പ്രാണപ്രിയേ! ഇവൾ ഏറ്റവും ദുഷ്ടയാണ്. ഇവളുടെ ഭർത്താവായ ദാരുകാസുരനു ബ്രഹ്മാവു വേണ്ടുന്ന വരങ്ങളെല്ലാം കൊടുക്കുക നിമിത്തം അവൻ തെലോക്യവാസികളെ എത്രമാത്രം ഉപദ്രവിച്ചു എന്നുള്ളത് ഭവതിക്കുമറിയാമല്ലോ. ഇവളുടെ ഇഷ്ടപ്രകാരമുള്ള വരം ഞാൻ കൊടുക്കുകയാണെങ്കിൽ ഇവളും ലോകോപദ്രവകാരിണിയായിത്തീരും. അതിനാലാണ് ഞാൻ ഇവൾക്കു വരമൊന്നും കൊടുക്കാതെയിരിക്കുന്നത്. ദാരുകനെ ഇപ്പോൾ നമ്മുടെ പുത്രിയായ ഭദ്രകാളി നിഗ്രഹിച്ചിരിക്കും.അവന്റെ ഉപദ്രവം തീർന്നപ്പോഴേക്കും മറ്റൊരു ഉപദ്രവം ഉണ്ടാക്കിവച്ചു എന്നു വരുതുന്നതു കഷ്ടമാണല്ലോ. ശ്രീപാർവതി, "അതൊക്കെ ശരിതന്നെ. എങ്കിലും ആശ്രയിക്കുന്നവരെ അനുഗ്രഹിക്കാതിരിക്കുന്നതും കഷ്ടമാണല്ലോ. ഇവളുടെ ഭർത്താവിനെ നമ്മുടെ പുത്രി നിഗ്രഹിച്ചുവെങ്കിൽ ഇവളിപ്പോൾ അനാഥയായ ഒരു വിധവയായി തീർന്നിരിക്കുന്നു. ഇവളെ അവിടുന്ന് അനുഗ്രഹിക്കാത്തപക്ഷം ഇവൾക്കു ഇനി ആരാണ് ഒരു ശരണം? അതിനാൽ എന്തെല്ലാമായാലും അവിടുന്നു ഇവളെ അനുഗ്രഹിച്ചയയ്ക്കണം" എന്നു പറഞ്ഞു. ഇപ്രകാരം ശ്രീ പാർവതിയുടെ നിർബന്ധം നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ദേഹത്തിലെ വിയർപ്പുതുള്ളികൾ വടിച്ചെടുത്തു കൊടുത്തിട്,  *"നീ ഇതു കൊണ്ടുപോയി മനു‌ഷ്യരുടെ ദേഹതിൽ തളിക്കുക. നിനക്കു വേണ്ടുന്നതെല്ലാം മനു‌ഷ്യർ തരും"*  എന്നരുളിച്ചെയ്തു ദാരിക പത്നിയായ മനോദരിയെ അയച്ചു.

മനോദരി ഇപ്രകാരം ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടു കൈലാസത്തിങ്കിൽ പുറപ്പെടു. മദ്ധ്യേമാർഗ്ഗം അവൾ ഭദ്രകാളിയെക്കണ്ടു. ഭദ്രകാളി ദാരുകനെ കൊന്ന് അവന്റെ ശിരസ്സു മുറിച്ചെടുത്ത് ഇടതുകൈയിൽ വഹിച്ചു കൊണ്ടും വേതാളിയുടെ കഴുത്തിൽ കയറി ശിവഭൂതഗണങ്ങളോടുകൂടി ജയഭേരി മുഴക്കിച്ചുകൊണ്ടും ആർത്തിവിളിച്ചുകൊണ്ടും കൈലാസത്തിങ്കലേക്കുള്ള വരവായിരുന്നു. ഈ ഘോ‌ഷയാത്ര കണ്ടിട്ട് മനോദരിക്ക് വളരെ കോപമുണ്ടാകുകയും ചെയ്തു. ഈ ദുഷ്ട എന്റെ ഭർത്താവിനെ കൊന്നുവല്ലോ. അതിനാൽ ഇത് ആദ്യം ഇവളിൽത്തന്നെ പ്രയോഗിക്കാം എന്നു വിചാരിച്ചു മനോദരി ശ്രീപരമേശ്വരൻ കൊടുത്ത വിയർപ്പുതുള്ളിയിൽ നിന്ന് സ്വല്പമെടുത്തു ഭദ്രകാളിയുടെ ദേഹത്തിൽ തളിച്ചു.

ഉടനെ ഭഗവതിയുടെ ദേഹത്തിലെല്ലാം വസൂരി കുരുക്കൾ പുറപ്പെട്ടു. പനി, തലവേദന തുടങ്ങിയ
സുഖക്കേടുകൾ കൊണ്ടു മഹാദേവി പരവശയായിത്തീർന്നു വഴിയിൽ ത്തന്നെ കിടപ്പായി. ഉടനെ ഭൂതഗണങ്ങളിൽ ചിലർ ഓടിച്ചെന്നു വിവരം മഹാദേവന്റെ അടുക്കൽ ഉണർത്തിച്ചു. അതുകേട്ടു
കോപാകുലനായ ഭഗവാന്റെ കണ്ഠത്തിൽ നിന്നും കർണം വഴി ഒരു ഭയങ്കരമൂർത്തി ഉത്ഭവിച്ചു. ഉടനെ ഭഗവാൻ ആ തനുജനെ അടുക്കൽ വിളിച്ചു. " ഞാൻ നിനക്കു *കണ്ഠാകർണ്ണൻ എന്നു പേരിട്ടിരിക്കുന്നു* നീ ക്ഷണത്തിൽ പോയി നിന്റെ സഹോദരിയുടെ അവശത തീർത്തു വരണം. അവൾ ഏറ്റവും പരവശയായി വഴിയിൽ കിടക്കുന്നു എന്നരുളിച്ചെയ്തു.

ഉടനെ ഘണ്ടാകർണ്ണൻ ശ്രീ പരമേശ്വരന്റെ പാദങ്ങളിൽ വീണു നമസ്കരിച്ച് അനുഗ്രഹവും വാങ്ങിക്കൊണ്ട് പുറപ്പെട്ടു. കുറെ ദൂരം ചെന്നപ്പോൾ പരവശയായി വഴിയിൽ കിടന്നിരുന്ന ഭദ്രകാളിയെ കണ്ടിട്ട് ആ ശിവപുത്രൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. ഒടുക്കും മുഖത്തു നക്കാനായി ഭാവിച്ചപ്പോൾ ഭദ്രകാളി മുഖം തിരിച്ചുകൊണ്ട് "നീ എന്റെ സഹോദരനാണല്ലോ. മുഖത്തോടുമുഖം ചേർക്കുക ശരിയായിട്ടുള്ളതല്ല. അതിനാൽ മുഖത്തുള്ള കുരുക്കൾ എന്നും എനിക്ക് ഭൂ‌ഷണമായിരിക്കട്ടെ. ശേ‌ഷമുണ്ടായിരുന്നതെല്ലാം പോയപ്പോൾത്തന്നെ എനിക്കു സുഖമായിക്കഴിഞ്ഞു." എന്നരുളിച്ചെയ്തു. ഉടനെ ഭഗവതി ചുറ്റും  നോക്കിയപ്പോൾ പേടിച്ചുവിറച്ചു ദൂരെ മാറി നോക്കിക്കൊണ്ടു നിന്നിരുന്ന മനോദരിയെ കണ്ടിട്ട് അവളെ പിടിചു കൊണ്ടുവരുന്നതിനു ഘണ്ടാകർണ്ണനോട് കല്പിച്ചു. ഘണ്ടാകർണ്ണൻ മനോദരിയെ പിടിച്ചു ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. പരാശക്തി തന്റെ വാൾ കൊണ്ട് അവളുടെ കണ്ണും ചെവിയും കാലും ചേദിച്ചിട്ട്, "നീ ഇനി കണ്ടും, കേട്ടും ഓടിയും ചെന്നു മനു‌ഷ്യരെ ഉപദ്രവിക്കരുത്.
പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി  നിന്റെ മനോദരിയെന്നുള്ള പേരിനെ മാറ്റി നിനക്കു ഞാൻ "വസൂരി" എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക" എന്നരുളിച്ചെയുകയും അവളെക്കൂടി തന്റെ ശിവഭൂതഗണങ്ങളുടെ കൂട്ടതിൽ കൈലാസത്തിങ്കലേക്ക് കൊണ്ടുപോവുകയും ചെയ്തു

വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് മഹാദേവി അയക്കുമെന്നാണ് വിശ്വാസം .

No comments:

Post a Comment