*കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.*
*എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?*
ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്"
എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.
വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.
രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?
നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.
ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.
പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ
No comments:
Post a Comment