Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, February 18, 2020

10 പാമ്പാട്ടി സിദ്ധർ

*പാമ്പാട്ടി സിദ്ധർ*

പഴയ പാണ്ഡ്യ രാജ്യത്തിൽ, ഉപജീവനത്തിനായി പാമ്പിനെ പിടിക്കുന്ന തൊഴിൽ ചെയ്തിരുന്ന  ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു.  ഒരു ദിവസം, അപൂർവമായ ഒരു നവരത്ന പാമ്പിനെ തിരയുന്നതിനിടയിൽ അദ്ദേഹം പ്രശസ്തനായ സട്ടൈ മുനി സിദ്ധനെകണ്ടുമുട്ടി. ഈ കൂടിക്കാഴ്ച ഈ യുവ പാമ്പുപിടുത്തക്കാരന്റെ  ജീവിതത്തിലെ ഒരു വഴിത്തിരിവായി.

സട്ടൈ മുനി സിദ്ധർ ചോദിച്ചു, "എന്താണ്  നിങ്ങൾ അന്വേഷിക്കുന്നത് ? "ഒരു നവരത്ന പാമ്പിനെയാണ് താൻ അന്വേഷിക്കുന്നതെന്ന് പാമ്പ് പിടുത്തക്കാരൻ  വെളിപ്പെടുത്തിയപ്പോൾ സിദ്ധർ  ഉറക്കെ ചിരിച്ചു." ഏറ്റവും മഹത്വവും ഗംഭീരവുമായ പാമ്പ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു!  എന്നിട്ടോ നിങ്ങൾ ഒരു വിഡിയെപ്പോലെ ആ പാമ്പിനെ പുറത്തു  തിരയുന്നു! " 

സിദ്ധന്റ വാക്കുകൾ പാമ്പാട്ടിയുടെ ഉള്ളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. സട്ടൈ മുനി കാര്യങ്ങൾ കൂടുതലായി  വിശദീകരിച്ചു,

"എല്ലാ മനുഷ്യശരീരങ്ങളുടെ ഉള്ളിലും ഒരു പാമ്പുണ്ട്. ഈ പാമ്പിനെ കുണ്ഡലിനി എന്നാണ് അറിയപ്പെടുന്നത്. ഈ  പാമ്പിനെ പിടിച്ച് നിയന്ത്രിക്കുന്നവൻ ആണ് ഒരു യഥാർത്ഥ പാമ്പാട്ടി . "  ഈ പാമ്പിന്റെ തലയിൽ അതിവിശിഷ്ടമായ  രത്നം ഉണ്ട്.

"പാമ്പ് പിടിക്കുന്നയാൾ സട്ടൈ മുനിയെ തന്റെ ഗുരുവായി  സ്വീകരിച്ചു. ഗുരു ഉടനെ സ്ഥലം വിട്ടു. മഹാനായ ഗുരുവിന്റെ ഈ മഹാനായ ശിഷ്യൻ കുണ്ഡലിനിയുടെ നിയന്ത്രണം നേടി മഹത്തായ സിദ്ധികളെ നേടി  .

ഗുരു തിരിച്ചെത്തിയപ്പോൾ അദ്ദേഹം തന്റെ ശിഷ്യന്റ ആത്മീയ പുരോഗതി തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ ശിഷ്യനോട് ചോദിച്ചു, 'മകനേ, ഞാൻ നിങ്ങളെ ആത്മീയതയുടെ  പാതയിലേക്ക് നയിച്ചെങ്കിലും ഞാൻ നിങ്ങളുടെ പേര് പോലും ചോദിച്ചില്ല. കുറഞ്ഞത് എന്നോട് പറയൂ, നിങ്ങളുടെ പേര് എന്താണ്?  "  ശിഷ്യൻ  മറുപടി പറഞ്ഞു, 'സ്വാമി, പണത്തിനായി പാമ്പുകളെ പിടികൂടി നടന്നിരുന്ന ഒരു പാമ്പ് പിടിത്തക്കാരൻ മാത്രമായിരുന്നു ഞാൻ.  പക്ഷേ, നിങ്ങൾ എന്നെ കുണ്ഡലിനിയുടെ വഴി കാണിക്കുകയും അത് നിയന്ത്രിക്കാനുള്ള വഴി പറഞ്ഞു തരികയും എന്റെ ഉള്ളിൽ പരംപോരുളിന്റെ ദർശനം നടത്തുകയും ചെയ്തു.  എന്റെ പേര് എന്താണെന്ന് ഞാൻ എങ്ങനെ പറയും?  അന്നും ഇന്നും എന്റെ ജീവിതം പാമ്പിനെ ചുറ്റിപ്പറ്റിയാണ്.  അതിനാൽ എന്നെ പാമ്പാട്ടി എന്ന് വിളിക്കൂ! 

ഇതു കേട്ട് ഗുരു ചിരിച്ചുകൊണ്ട് അനുഗ്രഹിച്ചു, 'അങ്ങനെയാകട്ടെ.  ഇനി മുതൽ നിങ്ങളെ പാമ്പാട്ടി സിദ്ധർ എന്ന് ലോകം വിളിക്കും, അങ്ങിനെ  അദ്ദേഹം പാമ്പാട്ടി സിദ്ധർ എന്നറിയപ്പെട്ടു.  ജ്ഞാനോദയത്തിനുശേഷം പാമ്പാട്ടി സിദ്ധർ ഒരുപാട്  സിദ്ധികൾ നേടി, പ്രത്യേകിച്ചും സിദ്ധ മരുന്നുകൾ, സിദ്ധ യോഗ എന്നിവയിൽ വിദഗ്ധനായി.  മരുതമലൈയിൽ സിദ്ധ വൈദ്യനായി താമസിച്ചു . മരുതമല ക്ഷേത്രത്തിനടുത്തായി അദ്ദേഹം താമസിച്ച ഒരു ഗുഹ ഇന്നും ഉണ്ട്.  വാതിരായിരുപ്പ്, കൊല്ലിമലൈ, മധുര, പുളിയൂർ, ഭവാനി  മഹാലിംഗമലൈ തുടങ്ങി വിവിധ സ്ഥലങ്ങളിലും അദ്ദേഹം താമസിച്ചു.  ഒടുവിൽ, തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ശങ്കരൻകോയിലിൽ അദ്ദേഹം ജീവ സമാധി  നേടി.

പാമ്പാട്ടി സിദ്ധരുടെ  കവിതകളിൽ ചിലത് ഒരു പാമ്പിനെ അഭിസംബോധന ചെയ്യുന്നു.  പുറത്തുനിന്നുള്ള ഏതെങ്കിലും പാമ്പിനെയല്ല, മറിച്ച് നമ്മുടെ ഉള്ളിലുള്ള  പാമ്പിനെയാണ് ( കുണ്ഡലിനി ) ആ അഭിസംബോധനയിലൂടെ സിദ്ധർ ഉദ്ദേശിക്കുന്നത്.  ഉള്ളിൽ ഒരു ആത്മീയമായ ഉണർവ്വുണ്ടാകുമ്പോൾ, കുണ്ഡലിനി നമ്മുടെ ബോധത്തോടൊപ്പം അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് ഉയരുന്നു.  മഹത്തായ സിദ്ധരുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നവർ  കുണ്ഡലിനിയെക്കുറിച്ചറിയാൻ പാമ്പാട്ടി സിദ്ധറിന്റെ കൃതികൾ ആണ് തിരഞ്ഞെടുക്കാറുള്ളത്.

No comments:

Post a Comment