Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, February 23, 2020

ശീവന്റെ നൃത്തത്തിന് ചണ്ഡകന്റെ ഉടുക്ക്

🌼🌼🌼🌼🌼🕉🚩🕉🌼🌼🌼🌼       

 ശീവന്റെ നൃത്തത്തിന് 
   ചണ്ഡകന്റെ ഉടുക്ക്
  ➿➿➿➿➿➿➿➿

        
        ഒരു കൊടുംകാട്ടിൽ ചണ്ഡകൻ എന്ന കാട്ടാളനും ഭാര്യയായ പുളിന്ദിയും താമസിച്ചിരുന്നു . ഒരു ദിവസം അവർ വേട്ടയാടി നടക്കുമ്പോൾ ഇടിഞ്ഞുപൊളിഞ്ഞ ഒരമ്പലം കണ്ടു . അവിടെ മണ്ണിൽ പൂണ്ടുപോയ ഒരു ശിവലിംഗം കിടപ്പുണ്ടായിരുന്നു . കാട്ടാളന്മാരായ തങ്ങൾ വിഗ്രഹംതൊടാൻ പാടുണ്ടോ എന്നു ശങ്കിച്ച് അവരങ്ങനെ നിന്നു .

             അപ്പോൾ അവിടെ ഒരു മുനി പ്രത്യക്ഷപ്പെട്ടു . അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു : " ഹേ ചണ്ഡകാ ! എന്തിനാണ് ശങ്കിക്കുന്നത് ? ഭഗവാൻ - ശിവന് തന്റെ ഭക്തന്മാരെല്ലാം ഒന്നുപോലെയാണ് . ഒട്ടും മടിക്കാതെ ശിവപൂജ തുടങ്ങിക്കൊള്ളൂ ! '

           ഇതു കേട്ട് പുളിന്ദി മറുപടി നല്കി : “ അല്ലയോ മുനിവര്യാ , അങ്ങ് ക്ഷമിച്ചാലും . എങ്ങനെയാണ് ശിവപൂജ ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് - അറിയില്ലല്ലോ . '
    
              പുളിന്ദിയുടെ വിഷമം മനസ്സിലാക്കിയ മുനി പൂജാരീതികൾ പറഞ്ഞുകൊടുത്തു : " ആദ്യം ഈ ശിവലിംഗത്തെ ഒരു പാറപ്പുറത്ത് ഉറപ്പിക്കണം . - പിന്നീട് കുളിച്ചു വന്ന് ദേഹമാകെ ചുടലച്ചാരം പൂശണം . എന്നിട്ട് കാട്ടു പൂക്കളും കനികളുമൊക്കെ വിഗ്രഹത്തിനു മുന്നിൽ വെച്ച് പ്രാർഥിക്കൂ , ' ഇത്രയും പറഞ്ഞ് മുനി അപ്രത്യക്ഷനായി .

               ചണ്ഡകനും പുളിന്ദിയും മുനി പറഞ്ഞത് അതേപടി അനുസരിച്ചു . കാടിനടുത്തുള്ള ഒരു ചുടലപ്പറമ്പിൽനിന്നും അവർക്ക് ഇഷ്ടംപോലെ ചാരം കിട്ടിയിരുന്നു . ഒരു ദിവസം ചാരത്തിനായി ചുടലപ്പറമ്പിലേക്കു പോയ ചണ്ഡകൻ വെറുംകൈയോടെയാണ് തിരികെ വന്നത് . അയാൾ പുളിന്ദിയോടു പറഞ്ഞു : " ഇനി നമ്മൾ എന്തുചെയ്യും ? ഒരു തരി ചാരംപോലും അവിടെ ബാക്കിയില്ല . പൂജ മുടങ്ങിയാൽ ദേവൻ കോപിക്കുമെന്ന് ഉറപ്പാണ്.'

               പുളിന്ദി തന്റെ ഭർത്താവിനെ സമാധാനിപ്പിച്ചു : ' ഇതിനാണോ വിഷമം ? അങ്ങ് ചിതയൊരുക്കൂ . ഞാൻ അതിൽ ചാടാം . അങ്ങേയ്ക്ക് ആവശ്യത്തിന് ചാരം കിട്ടുമല്ലോ . ' ചണ്ഡകൻ ഇതുകേട്ട് ഞെട്ടി . പക്ഷേ , പൂജമുടങ്ങാതിരിക്കാൻ മറ്റു വഴികളൊന്നും കാണാഞ്ഞ് പുളിന്ദിക്കായി അയാൾ ചിതയൊരുക്കി . അവൾ അതിലേക്ക് ചാടിയതും സങ്കടം സഹിക്കാനാവാതെ ചണ്ഡകൻ പുലമ്പി : " എന്റെ പ്രിയപ്പെട്ട പുളിന്ദീ . . . ഞാനുമിതാ നിന്റെയടുത്തേക്ക് വരികയാണ് ! ' ഇങ്ങനെ പറഞ്ഞുകൊണ്ട് ചിതയിലേക്കു ചാടാനൊരുങ്ങിയ ചണ്ഡകനു മുൻപിൽ പുളിന്ദി ചിരിയോടെ പ്രത്യക്ഷപ്പെട്ടു . അവൾ പറഞ്ഞു : " നോക്കൂ . . . ഞാൻ അങ്ങയുടെ അരികിലുണ്ട് . ദേവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു . '

               ആ നേരത്ത് അവിടെ ശിവകിങ്കരന്മാർ എത്തി . ചണ്ഡകനെയും പുളിന്ദിയെയും അവർ കൈലാസത്തിലേക്ക് കൊണ്ടുപോയി . അവിടെ പത്നിയോടും പുത്രന്മാരോടുമൊപ്പം ഭൂതഗണങ്ങൾക്കു നടുവിലിരിക്കുന്ന ശിവഭഗവാനെ കണ്ട് അവർ വന്ദിച്ചു . ശിവന്റെ അനുഗ്രഹം അവർക്കു കിട്ടുകയും സന്ധ്യാസമയത്ത് ശിവന്റെ നടരാജനൃത്തത്തിൽ ഉടുക്കു കൊട്ടാനുള്ള ഭാഗ്യം ചണ്ഡകന് കൈവരുകയും ചെയ്തു .....🙏🏻

ഹരി ഓം

കടപ്പാട് സുമംഗല

✍🏻 അജിത്ത് കഴുനാട്
കണ്ണനും കൂട്ടുകാരും 

🌼🌼🌼🌼🕉🚩🕉🌼🌼🌼🌼

No comments:

Post a Comment