ശിവക്ഷേത്ര ദർശനം.
ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്.
ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്.
നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കൽപ്പന പ്രകാരം ഭൂതഗണങ്ങൾ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദർശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതൽ തൊഴുത് മടങ്ങുമ്പോൾ തിരികെ കൊണ്ട് ചെന്ന് ആക്കണം.
ഇതാണ് ശിവഭഗവാൻ ഭൂതഗണങ്ങൾക്ക് കൊടുത്തിട്ടുള്ള കൽപ്പന.
അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാൻ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.
ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ.
അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്.
നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോൾ കൈകൂപ്പി ശിരസ്സിൽ നിന്നും അരയടിയിൽ അധികം കൃത്യമായി പറഞ്ഞാൽ 36 സെന്റീമീറ്റർ ഉയരത്തിൽ പിടിച്ചു വേണം തൊഴാൻ. അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.
നന്തി കേശനും, ഭഗവാനും തമ്മിലുള്ള ദർശനം മുറിച്ച് കടക്കുന്നത് ഭഗവാന്റെയും, നന്തികേശന്റയും കോപത്തിനു കാരണമാകും.
ഭഗവാന്റെ പുറകുവശത്തായി പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം.പുറക് ഭാഗത്തുള്ള പാർവ്വതീദേവിയെ സങ്കൽപ്പിച്ചാണ് പിൻവിളക്ക് വഴിപാട് നടത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ പാർവ്വതീദേവിക്ക് പിൻവിളക്ക് കൂടി ഭക്തർ നടത്തണം.
ഭഗവാന് ഏറ്റവും പ്രിയ പ്പെട്ട വഴിപാട് ജലധാരയാണ്.''ജലധാരാപ്രിയോ ശിവൻ'' എന്നാണ് പ്രമാണം.
നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ.
ഭഗവാന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും.ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി.
മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ ഭക്തന്റെ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും.
ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെയും, മറ്റു ശൈവ ശാക്തേയ ചൈതന്യങ്ങളെയും തുളസി കൊണ്ട് പൂജിക്കരുത്. ഇവർക്ക് തുളസിമാല ചാർത്തുകയും അരുത്.ദേവചൈതന്യത്തിന് ക്ഷതം സംഭവിക്കും. നന്തികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.അവിടം മുതൽ ശിവഭൂതഗണങ്ങൾ നമുക്കൊപ്പം യാത്രയാകും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തിറങ്ങിയാൽ അൽപ്പം വിശ്രമിക്കണം. ഭക്തൻ വിശ്രമിക്കുന്നത് കണ്ടാൽ ഭൂതഗണങ്ങൾ ശിവങ്കലേയ്ക്ക് മടങ്ങും. വിശ്രമിക്കുന്ന സ്ഥലം വരെ ഭക്തരെ അനുഗമിക്കാനെ ഭഗവാന്റെ നിർദ്ദേശമുള്ളൂ.
ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണ് ഭക്തർ അൽപ്പനേരം ഇരുന്ന് വിശ്രമിക്കണം എന്ന് പറയുന്നത്.
ദേവൻമാരിൽ ഏറ്റവും ശാന്തനും, സന്തോഷ വാനും, ഭക്തജനപ്രിയനും ശിവഭഗവാനാണ്.
എല്ലാ ദേവീ ദേവൻമാരും ഭഗവാനെ പൂജിച്ചിരുന്നുവെന്നും എല്ലാ ദേവൻമാരുടെയും ദേവനായതുകൊണ്ട് ദേവാദി ദേവൻ മഹാദേവനാകുന്നു എന്നു പുരാണം പറയുന്നു.
No comments:
Post a Comment