ഭഗവാൻ ശിവൻ
ശിവം എന്നാൽ മംഗളകരമായത് എന്നർത്ഥം .ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി.
ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു.
ശിവന് *കപർദ്ദം* എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്.
ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്.
ശിവൻ തന്റെ പ്രധാന ആയുധമായ *’വിജയം‘* *ത്രിശൂലം* സദാ വഹിയ്ക്കുന്നു.
നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ *മുണ്ഡമാല* കിടക്കുന്നു.
ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്.
ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു.
ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. *ഓരോ കല്പത്തിന്റെ അന്ത്യത്തിലും ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം*.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ.
ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.
ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ് എന്നിവർ പുത്രന്മാർ.
ശ്രീ അയ്യപ്പൻ, മണികണ്ഠൻ എന്നിവർ ധർമ്മശാസ്താവിന്റെ അവതാരങ്ങളാണെന്നാണ് സങ്കല്പം കടുംനീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്
*ഗുണങ്ങൾ*
*ശിവരൂപം*: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു.
കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം.
*തൃക്കണ്ണ്*: ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം.
തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു.
*ചന്ദ്രകല* : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം,അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
*ഭസ്മം* :ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. *ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ*.
*ജട* : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. *ജടാധാരി, വ്യോമകേശൻ* എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
*നീലകണ്ഠം* : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
*ഗംഗാനദി* : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു.
ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി.
പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.
ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
*നാഗങ്ങൾ*: നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. *വാസുകി* എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
*മാൻ* : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്.
മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
*തൃശൂലം* : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
*ഢമരു* : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം *നടരാജൻ* എന്നറിയപ്പെടുന്നു.
*നന്ദികേശ്വരൻ*
ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.
മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി.
*ഭാവങ്ങൾ* :
1)ശിവൻ( മംഗള മൂർത്തി ) = സ്വാതിക ഭാവം 2)തൃപുരാന്തകൻ (തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം 3)മഹാകാലേശ്വരൻ , അഘോര മൂർത്തി (സംഹാര മൂർത്തി , മൃതുഞ്ജയൻ )= താമസ ഭാവം
*കൈലാസം*
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
*കാശി*
കാശിയെ ശിവന്റെ നഗരം എന്നാണ് അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും.
ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ് *(ജ്ഞാനവാപി)* ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.
*ശിവലിംഗം*
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക.
കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം *വൈക്കം മഹാദേവക്ഷേത്രം* ആണ്.
*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*
പാദുകം
ജഗതി
കുമുദം
ഗളം
ഗളപ്പടി
ലിംഗം
ഓവ്
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് *ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം*
*ശൈവസമ്പ്രദായങ്ങൾ*
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം. വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ.
ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്
(കടപ്പാട് - ഹിന്ദു പുരാണം ബ്ലോഗ്)
No comments:
Post a Comment